നാട്ടിലെ തിരഞ്ഞെടുപ്പിന്റെ ആവേശവും ആരവവുമെല്ലാം ഓർത്തെടുക്കാൻ പ്രവാസികൾക്ക് കിട്ടിയ ഒരവസരമായിരുന്നു ഷാർജയിൽ മലയാളി കൂട്ടായ്മകൾ ഒരുക്കിക്കൊടുത്തത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ അടുത്ത ഒരു വർഷത്തെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു വേദി. വെള്ളിയാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ നിലവിലുള്ള ഭാരവാഹികൾ ഉൾപ്പെടെയുള്ള ഔദ്യോഗിക പാനൽ തന്നെ ജയം കണ്ടു. പ്രസിഡന്റായി വീണ്ടും മത്സരിച്ച വൈ.എ.റഹിമിനും ട്രഷറർ നാരായണൻ നായർക്കും നല്ല ഭൂരിപക്ഷവും കിട്ടി. പേരിൽ ഇന്ത്യൻ അസോസിയേഷൻ എന്നാണെങ്കിലും സംഭവം മലയാളികളുടെ സൃഷ്ടിയാണ്... പടനിലവുമാണ്. 

കുറെ വർഷങ്ങളായി ഷാർജയിലെ ഈ തിരഞ്ഞെടുപ്പുകൾ പ്രവാസികൾക്ക് ചിലപ്പോൾ ആവേശത്തേക്കാൾ തമാശയാണ് നൽകാറുള്ളത്. ഓരോ വർഷവും വ്യക്തികളും  സംഘടനകളുമെല്ലാം ചേരി മാറിമാറി കളിക്കുന്നതാണ് ഷാർജയിലെ തമാശകളിൽ പ്രധാനം. ഒരു  തെരഞ്ഞെടുപ്പിൽ വൈ.എ.റഹിമിന്റെ പാനലിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായിരുന്നു ഇത്തവണ റഹിമിന് എതിരായ പാനലിന്റെ നേതാവ്. കഴിഞ്ഞ തവണ റഹിമിനെതിരെ മത്സരിച്ച പാനലിലെ ജനറൽ സെക്രട്ടറി സ്ഥാനാർഥി ഇത്തവണ റഹിമിനോടൊപ്പം തോളോടുതോൾ ചേർന്ന് വോട്ടു പിടിക്കുന്നതും കൗതുകമുള്ള കാഴ്ചയായിരുന്നു. 

രാഷ്ട്രീയമാണോ ഇതിന്റെ പിന്നിൽ എന്ന് ചോദിച്ചാൽ മത്സരരംഗത്തുള്ള ഒരാൾ പോലും അതേ എന്ന് ഉത്തരം പറയില്ല. പിന്നെ എന്താണ് കാരണം എന്നു ചോദിച്ചാൽ കണ്ടു രസിക്കുന്നവരെല്ലാം പറയുന്ന ഉത്തരം പക്ഷെ അത്ര സുഖമുള്ള കാര്യവുമല്ല. അസോസിയേഷനെയും  ഇന്ത്യൻ സ്കൂളിനെയും  നന്നാക്കിയെടുക്കാനാണ്  ഈ ത്യാഗമെല്ലാം എന്ന് എല്ലാവരും പറയും. പിന്നെ പതിയെ അഴിമതി നിർമാർജനത്തെ കുറിച്ചും പറയും. അഴിമതി നടത്തിയവരെന്ന് പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യും. ഇന്നലെ അവിടെ കണ്ടവരെ ഇന്ന് മറുപക്ഷത്ത് കണ്ടേക്കാം. അടുത്തവർഷം ഈ മുന്നണികളും വ്യക്തികളും ഇതേ രീതിയിൽ തന്നെയാവുമോ രംഗത്തുണ്ടാവുക എന്ന് ചോദിച്ചാൽ ഉത്തരം കണ്ടെത്താൻ ജ്ഞാനപ്പാനയിലെ വരികൾ തന്നെ വേണ്ടിവരും. ആ രീതിയിലാണ് ഷാർജയിലെ പോയ കാലത്തെ കാഴ്ചകൾ.

എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി എല്ലാം മറന്ന്  ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ജയിച്ചവരും തോറ്റവരുമെല്ലാം  പ്രഖ്യാപിക്കുന്നുണ്ട്. പക്ഷെ തിരഞ്ഞെടുപ്പിലെ ചില  പ്രചാരണങ്ങൾ ഏൽപ്പിച്ച മുറിവുകൾ അത്രവേഗം ഉണങ്ങില്ലെന്ന് പരിക്കേറ്റവർ പറയുന്നു.  അതെന്തായാലും ഭാവിയിലെ തിരഞ്ഞെടുപ്പുകൾ ഏത് വിധത്തിലായിരിക്കുമെന്ന കാര്യത്തിലെ അനിശ്ചിതത്വം കാരണം വലിയ ഗീർവാണങ്ങൾക്ക് ആരും തുനിയുന്നില്ല എന്നതാണ് ആശ്വാസകരമായ കാര്യം. 

രണ്ടായിരത്തിഅഞ്ഞൂറിലേറെ അംഗങ്ങൾ അസോസിയേഷനിലുണ്ടെന്നാണ് കണക്ക്. എന്നാൽ ഒരു തിരഞ്ഞെടുപ്പിലും 1500-ൽ കൂടുതൽ പേർ വോട്ട് ചെയ്യാനെത്താറില്ല. അസോസിയേഷന് താങ്ങാൻ പറ്റാത്തതിനാലാണത്രെ ഇപ്പോൾ പുതുതായി ആർക്കും അംഗത്വം നൽകുന്നില്ല.  അതേസമയം നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾ പതിനായിരം ദിർഹത്തിന് മേലെ വാങ്ങി അംഗത്വം വിൽക്കുകയും അവരിൽനിന്ന് പലരും വാങ്ങുകയും ചെയ്യുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും നാട്ടുനടപ്പ് അതാണ്. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും വിട്ടുനിൽക്കുന്ന ഈ  ആയിരത്തിലേറെ പേർ അസോസിയേഷന്റെ സൗകര്യങ്ങളും സൗജന്യങ്ങളുമൊക്കെ പറ്റുന്നുണ്ടോ? നാട്ടുകാർക്ക് അറിയാനാഗ്രഹമുണ്ടാകുമല്ലോ. എന്തായാലും അജ്ഞാതവാസത്തിലുള്ള ഈ അംഗങ്ങൾ ആരെല്ലാമാണെന്നെങ്കിലും അറിയാൻ പറ്റുമോ എന്ന് ചോദിക്കുന്നവരും ഷാർജയ്ക്ക് ചുറ്റുമുണ്ട്. 

അതേസമയം യു.എ.ഇയിലെ കോൺഗ്രസ്സുകാരുടെ കാര്യത്തിലാണ് തമാശയത്രയും. ഇരു പാനലുകളിലും മുന്നിൽ നിന്നത് കോൺഗ്രസ്സുകാർ തന്നെ. പോരാട്ടം നടത്തിയതും പ്രധാനമായും അവർ തമ്മിൽ തന്നെ. പ്രശ്നപരിഹാരത്തിനായിട്ടല്ലെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇവിടെയെത്തിയ കോൺഗ്രസ്സ് നേതാക്കൾക്ക് മുമ്പിൽ ഇരുപക്ഷവും അവരുടെ ന്യായങ്ങൾ നിരത്തിയിരുന്നു. ഇതിനിടയിൽ ഒരു യു.എസ്.ബിയായിരുന്നു ഒരു പക്ഷം  വജ്രായുധമായി പ്രയോഗിച്ചത്. അതുകണ്ട കെ.പി.സി.സി.  പ്രസിഡന്റ് നിങ്ങൾ എന്തു ചെയ്താലും പ്രശ്നമില്ലെന്നാണത്രെ പറഞ്ഞത്. 

അത് പല നേതാക്കൾക്കും കൈമാറിയെന്നാണ് യു.എസ്.ബിയുടെ വക്താക്കളുടെ വാദം.  എന്തായാലും പരസ്പരം പോർ വിളിച്ചും െചളി വാരിയെറിഞ്ഞുമായിരുന്നു കോൺഗ്രസ്സുകാരുടെ തമ്മിൽ തല്ല്. ഇതിനിടയിൽ താളം പിടിക്കാനായി മറ്റുകക്ഷികൾ ഓരോ ചേരിയിലായി അണിനിരന്നു. 

ഇതാണ് ഷാർജയുടെ തെരഞ്ഞെടുപ്പ് ചിത്രമായി കോൺഗ്രസ്സ് പ്രവർത്തകർ തന്നെ അവതരിപ്പിക്കുന്നത്. കോൺഗ്രസ്സുകാർ തമ്മിലുള്ള ഈ പോരിനിടയിൽ ചിലർ നേട്ടം കൊയ്യുന്നു എന്നാണ് മാറിനിൽക്കുന്നവരുടെ കണ്ടെത്തൽ. എന്തായാലും കോൺഗ്രസ്സുകാരായതിനാൽ ഈ പോര്  ഒരിക്കലും അവസാനിക്കില്ലെന്ന് കരുതാം. അല്ലെങ്കിൽ അവർ കോൺഗ്രസ്സുകാർ ആവില്ലല്ലോ. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ലെന്ന് പറഞ്ഞത് പണ്ട് ഏതോ കോൺഗ്രസ്സുകാരനായിരിക്കണം. അവൻ  ഗൾഫിലായാലും സ്വഭാവം മാറില്ലല്ലോ.