ദേശീയദിനാഘോഷങ്ങളുടെ ലഹരിയിലാണ് യു.എ.ഇ. 45-ാം ദേശീയദിനം ആഘോഷിക്കുന്നതില്‍ സ്വദേശികളും പ്രവാസികളുമെല്ലാം ഒരേമനസ്സോടെയാണ് രംഗത്തുള്ളത്. ഈ രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാവരുടെയുമാണെന്ന ചിന്തയും സന്ദേശവും ആ ആഘോഷങ്ങളിലെല്ലാം പ്രകടമാണ്. അത്രയേറെ ആവേശത്തോടെയാണ് രാജ്യത്തെ ആബാലവൃദ്ധം ജനതയും ദേശീയദിനം ആഘോഷിക്കുന്നത്. രക്തസാക്ഷിദിനാചരണത്തിന് തൊട്ടുപിന്നാലെയാണ് ദേശീയദിനാഘോഷം കടന്നുവന്നത്.
രാജ്യത്തിന്റെ ധീരരക്തസാക്ഷികളായ സൈനികരെ സ്മരിച്ച ചടങ്ങുകളിലും രാജ്യസ്നേഹം പ്രകടമായിരുന്നു. ആ ദിനാചരണത്തിലും ഈ നാട്ടില്‍ ജീവിക്കുന്നവരെല്ലാം ഒരേമനസ്സോടെയാണ് പങ്കുചേര്‍ന്നതെന്നതും ശ്രദ്ധേയമായിരുന്നു. യമനില്‍ സമാധാനം പുനസ്ഥാപിക്കാനായി സഖ്യസേനയില്‍ അണിനിരന്ന യു.എ.ഇ. സൈനികരില്‍ രക്തസാക്ഷികളായവരോടുള്ള ആദരവ് രാജ്യം നെഞ്ചിലേറ്റിയ വികാരമായി മാറി . മറ്റൊരു രാജ്യത്തിന് വേണ്ടിയായിരുന്നു അവരുടെ ജീവത്യാഗം. അതേസമയം അത് സ്വന്തം രാജ്യം ഏല്‍പ്പിച്ച കര്ത്തവ്യനിര്വഹണമായിരുന്നു. അത്തരത്തില്‍ ജീവത്യാഗം ചെയ്ത ധീരസൈനികരെ യു.എ.ഇ.യിലെ ജനതയും സര്‍ക്കാരും അത്രയേറെ വിലമതിക്കുന്നു എന്നതായിരുന്നു രക്തസാക്ഷിദിനത്തിലെ കാഴ്ചകള്‍ തെളിയിച്ചത്. രാജ്യത്തിനും സമാധാനത്തിനും വേണ്ടി എന്തുത്യാഗത്തിനും സന്നദ്ധരാവാന്‍ എല്ലാവരും സ്വയം ആഹ്വാനം ചെയ്യുന്ന കാഴ്ച ആവേശകരമായിരുന്നു. പ്രവാസികളും അതേവികാരത്തോട് അണിചേരുകയായിരുന്നു.
ഒരു ദേശത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ 45 വര്‍ഷം എന്നത് അത്ര വലിയ കാലഘട്ടമല്ല. എന്നാല്‍ മരുഭൂമിയായിരുന്ന ഒരു ദേശത്തെ ഇന്ന് കാണുന്ന പുരോഗതിയിലും ആഹ്ലാദത്തിലും എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ചെറിയ ആ കാലത്തെ പോലും മഹത്തായ കാര്യമായി ലോകം കാണുന്നത്. യു.എ.ഇ.യുടെ ഓരോ ദേശീയദിനാഘോഷത്തിലും ഇവിടെയുള്ള ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളും അണിചേരുന്നത് ഈ രാജ്യം അവര്‍ക്ക് നല്കുന്ന സന്തോഷവും സമാധാനവും ഐശ്വര്യവും കണക്കിലെടുത്തുതന്നെയാണ്. പശ്ചിമേഷ്യയില്‍ പലേടത്തും അസ്വസ്ഥതകളും അപസ്വരങ്ങളും ഉയരുന്ന ഘട്ടത്തിലാണ് മികച്ച സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി യു.എ.ഇ. നിലകൊള്ളുന്നത്. ഇരുന്നൂറോളം രാജ്യങ്ങളിലുള്ളവരാണ് യു.എ.ഇ. യില്‍, വിശേഷിച്ച് ദുബായില്‍ അധിവസിക്കുന്നത്. അവരെല്ലാം സ്വന്തം രാജ്യത്തിന്റെ ദേശീയദിനം പോലെയാണ് യു.എ.ഇ. യുടെ ആഘോഷത്തെയും ഏറ്റുവാങ്ങിയത്. ഈ രാജ്യത്തോട് അവര്‍ക്കുള്ള മമതയും ആദരവുമാണ് ആ സന്തോഷത്തിന്റെ കാതല്‍.
ഇത്തവണ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് പുറപ്പെടുവിച്ച പ്രഖ്യാപനം പുരോഗതിയിലേക്ക് അതിവേഗം കുതിക്കുന്ന രാജ്യത്തിന്റെ ആത്മവിശ്വാസം തന്നെയായിരുന്നു. 2021 ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച യു.എ.ഇ. വിഷന്‍ 2021 നയപരിപാടിയുടെ ഭാഗമായുള്ള ലക്ഷ്യങ്ങളിലേക്ക് രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുന്നതായാണ് പ്രസിഡന്റ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യം വന്നപ്പോഴും അറബ് മേഖലയില്‍ ഒന്നാമതും ലോകത്തില്‍ പതിനാറാമതായും എത്താന്‍ യു.എ.ഇ.ക്ക് സാധിച്ചകാര്യം അദ്ദേഹം പ്രഖ്യാപനത്തില്‍ എടുത്തുപറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം അദ്ദേഹം പുറപ്പെടുവിച്ച പത്ത് പദ്ധതികളുടെ അവലോകനം പോലെയായിരുന്നു ഈ വര്‍ഷത്തെ പ്രഖ്യാപനം. ഏത് പ്രഖ്യാപനത്തിന്റെയും കാതല്‍ ജനങ്ങളുടെ സന്തോഷമാണ് എന്നതാണ് അതില്‍ പ്രധാനം. എണ്ണയുടെ അടിസ്ഥാനത്തില്‍ സാമ്പത്തികാസൂത്രണം നടത്തിയിരുന്ന രാജ്യം അതില്‍ നിന്ന് മാറി പുതിയ സമ്പ്രദായങ്ങളിലേക്ക് നീങ്ങിയിട്ട് ഒരു വര്‍ഷമാവുന്നു. ആ മാറ്റവും രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥക്ക് അനിവാര്യമായിരുന്നു. അതിലേക്ക് രാജ്യം സ്മാര്‍ട്ടായി നീങ്ങുകയാണ്. രാജ്യം അമ്പതാം ദേശീയദിനം ആഘോഷിക്കാന്‍ ഇനി അധികകാലം ഇല്ല. അമ്പതാംവാര്‍ഷികത്തില്‍ ബഹിരാകാശദൗത്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. നൂതനമായ ശാസ്ത്രസാങ്കേതിക സങ്കേതങ്ങളിലൂന്നിയുള്ള സാമ്പത്തികവ്യവസ്ഥയാണ് രാജ്യം വിഭാവനം ചെയ്തിരിക്കുന്നത്. 2020-ല്‍ ദുബായ് ആതിഥേയ നഗരമാവുന്ന എക്സ്പോ 2020- ന്റെ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. എല്ലാം സൂചിപ്പിക്കുന്നത് ഇനിയുള്ള വര്‍ഷങ്ങള്‍ യു.എ.ഇ.യെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാവുന്നു എന്ന് തന്നെ. എക്സ്പോ നഗരിയിലേക്ക് പുതിയ മെട്രോലൈന്‍, ദുബായ് സൗത്ത് എന്ന പുതിയനഗരത്തിന്റെ വികസനം, പുതിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം എന്നിവയൊക്കെ ഏറെ മുന്നിലെത്തിയിട്ടുണ്ട്.
എണ്ണയുടെ വിലയിടിവ് ആസൂത്രണത്തിലും പ്രയോഗത്തിലും ചില പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിനെ അതിജീവിക്കാനുള്ള കരുത്താണ് യു.എ.ഇ. പ്രകടിപ്പിക്കുന്നത്. ജനങ്ങളുടെ സന്തോഷം ലക്ഷ്യമിട്ട് വേറെയും പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നു. മേഖലയിലെ സമാധാനത്തിനായി യു.എ.ഇ. പ്രയത്നിക്കുന്നതും കാണാതിരുന്നുകൂടാ. തിളക്കമാര്‍ന്ന ദേശീയവികാരത്തോടെ രാജ്യം മുന്നോട്ടുകുതിക്കുമ്പോള്‍ പ്രവാസിസമൂഹവും അവരോടൊപ്പം തോളോട് തോള് ചേര്‍ന്ന് നില്ക്കുന്നു. ദേശീയദിനത്തിലെ ഒരോ ആഘോഷവും കൂട്ടായ്മയുടെ ആ കരുത്താണ് പ്രദര്‍ശിപ്പിച്ചത്. പോറ്റമ്മനാടായി എല്ലാ ഇന്ത്യക്കാരും ഈ നാടിന്റെ വികാരം ഉള്‍ക്കൊള്ളുന്നത് ഇവിടെ ലഭിച്ച സൗഭാഗ്യങ്ങളുടെയും സുരക്ഷിതത്വത്തിന്റെയും മറുപടി കൂടിയായും കാണാം. അത് കൂടുതല്‍ തിളക്കത്തോടെ നിലനില്‍ക്കുമെന്നും പ്രത്യാശിക്കാം.