അങ്ങിനെ കാത്തുകാത്തിരുന്ന കണ്ണൂർ  അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായി. പ്രവർത്തനം തുടങ്ങിയതുമുതൽ എല്ലാ വിമാനസർവീസുകളും മികച്ച രീതിയിൽ ത്തന്നെ മുന്നോട്ടുപോകുന്നു. കഴിഞ്ഞദിവസം കുവൈറ്റിലേക്കും നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചു. എയർ ഇന്ത്യാ എക്സ്‌പ്രസിന് പുറമെ ഗോ എയർ, ഇൻഡിഗോ തുടങ്ങിയ സ്വകാര്യ വിമാനകമ്പനികളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അധികം വൈകാതെ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്കും വിദേശ നാടുകളിലേക്കും സർവീസുകൾ ആരംഭിക്കാനാവുമെന്ന വിശ്വാസത്തിലാണ് കണ്ണൂർ വിമാനത്താവളത്തിന് നേതൃത്വം നൽകുന്ന കിയാൽ അധികൃതർ. കണ്ണൂരിനോടുള്ള പ്രണയം കാരണം കുറെ പ്രവാസികൾ ചാർജ് ഇരട്ടി വരെയായിട്ടും അവിടേക്ക് ഒന്ന് പറന്നുനോക്കി. ചിലരാകട്ടെ കോഴിക്കോട്ടേക്ക് പോയി കണ്ണൂരിൽനിന്ന് മടക്കയാത്ര നടത്തി. എല്ലാവരും കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് എ ക്ലാസ് എന്ന അഭിപ്രായവും രേഖപ്പെടുത്തുന്നു.
 സൗകര്യങ്ങളുടെയും സജ്ജീകരണങ്ങളുടെയും കാര്യത്തിലെല്ലാം ഒരുപടി മുന്നിലാണ് കണ്ണൂർ എന്ന്  എല്ലാവരും പറയുമ്പോൾത്തന്നെ വിമാനടിക്കറ്റിന്റെ നിരക്കിന്റെ കാര്യത്തിൽ എല്ലാവരും ഏറെ പ്രയാസം പങ്കുവെക്കുന്നു. തൊട്ടടുത്ത് കിടക്കുന്ന കോഴിക്കോട്ടും മംഗളൂരുവിലുമൊക്കെയുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോഴാകട്ടെ കണ്ണൂർ അമ്പത് ശതമാനം വരെ മുകളിലാണ് എന്നതാണ്  വ്യാപകമാവുന്ന ആക്ഷേപം. ഇതാകട്ടെ കഴമ്പില്ലാത്ത ആക്ഷേപമല്ല താനും. 
തുടക്കത്തിൽ ഈ ഉയർന്ന നിരക്കിനെപ്പറ്റി വലിയ പരാതി ആരും പറഞ്ഞില്ല. പുതിയ വിമാനത്താവളത്തിലേക്ക് സ്വാഭാവികമായും  തുടക്കത്തിൽ നല്ല തിരക്കുണ്ടാവുന്നതും യാഥാർഥ്യം. അങ്ങിനെ തിരക്കുവരുമ്പോൾ ടിക്കറ്റ് നിരക്കും ഉയർത്താൻ വിമാനക്കമ്പനികൾക്ക് സ്വാഭാവികമായും അവസരം ലഭിക്കും. പക്ഷേ എല്ലാ സമയത്തും ഇതേ മനോഭാവം തുടരുന്നതിന് പിന്നിൽ ശരിയായ കച്ചവടക്കണ്ണ് തന്നെ. ഇപ്പോഴിതാ വിമാനത്താവളത്തിലെ യൂസേർസ് ഫീസ് കൂട്ടാൻ കിയാലും തീരുമാനിച്ചു. ഇതോടെ ഫലത്തിൽ വലിയ തുക കൊടുത്ത് കണ്ണൂരിലേക്ക് പറക്കാൻ ഉത്തരമലബാറിലെ പ്രവാസികൾ നിർബന്ധിതരാവുന്നു. സാധാരണഗതിയിൽ സ്കൂൾ അവധിക്കാലത്തും പെരുന്നാൾ, ഓണം പോലുള്ള വിശേഷാവസരങ്ങളിലുമാണ് വിമാനടിക്കറ്റ് ഉയരാറുള്ളത്. എന്നാൽ ഇതൊന്നും ഇല്ലാതെത്തന്നെ കണ്ണൂരിൽ ഇപ്പോൾ നടക്കുന്നത് പിടിച്ചുപറിയാണെന്നതാണ് വാസ്തവം. ഇതിനെതിരേ വലിയ പ്രതിഷേധം പ്രവാസലോകത്തുണ്ട്. എന്നാൽ ഇതൊന്നും ആരോടും പറയാനുമാവാത്ത നിലയിലാണ് അവരുടെ അവസ്ഥ. നാട്ടിലെ രാഷ്ട്രീയക്കാരും ഭരണക്കാരുമെല്ലാം തിരഞ്ഞെടുപ്പിന്റെ തിരക്കിലാവുമ്പോൾ ഇതൊന്നും അവർക്കൊരു വിഷയം പോലുമാകുന്നില്ല. 
കണ്ണൂരിലൊരു വിമാനത്താവളത്തിനായി  അവിടത്തെജനത നടത്തിയ ശ്രമങ്ങൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.  പ്രവാസികൾക്കും അതിൽ വലിയൊരു പങ്കുണ്ടായിരുന്നു. എൺപതുകളുടെ അവസാനം ചെറിയ മട്ടിൽ ആരംഭിച്ച പ്രക്ഷോഭ, ബോധവത്‌കരണ പ്രവർത്തനങ്ങളുടെ ഫലമാണ് ഇപ്പോൾ മട്ടന്നൂർ മൂർഖൻപറമ്പിൽ തല ഉയർത്തിനിൽക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂരിൽ വിമാനത്താവളം  യാഥാർഥ്യമാവാനായി എത്രയോ കൂടിയാലോചനകൾക്കും സമ്മർദ തന്ത്രങ്ങൾക്കും വേദിയായത് ദുബായിയായിരുന്നു. നിരവധി സെമിനാറുകൾ, ചർച്ചകൾ, നിവേദനങ്ങൾ...കണ്ണൂരിൽനടന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും ഇന്ധനവും ഊർജവും നൽകിയത് ഗൾഫ് നാടുകളിലെ ഒട്ടേറെ സംഘടനകളും പ്രവർത്തകരുമായിരുന്നു. അവരൊക്കെ കണ്ണൂരിലെ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഏറെ നിരാശരാണ്. വീട്ടിനടുത്ത് വിമാനമിറങ്ങാം എന്ന് മോഹിച്ചവരിൽ ഏറെയും ഇപ്പോൾ കരിപ്പൂരിലിറങ്ങി പതിവ് പോലെ മൂന്നും നാലും മണിക്കൂർ റോഡിലൂടെ ഇഴയുന്നു. 
ഏറെ പ്രവാസികളുള്ള ദുബായിൽനിന്ന്  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് വേണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇവിടെ   താമസിക്കുന്നവരെ പോലെത്തന്നെ ആയിരക്കണക്കിന് വിനോദസഞ്ചാരികളും ഇപ്പോൾ യു.എ.ഇ.യിൽ സന്ദർശനത്തിനായി എത്തുന്നുണ്ട്. ഇവരിൽ ഏറെപ്പേർക്കും സൗകര്യം ദുബായിയാണെന്നിരിക്കെ അത് ഒഴിവായി പോകുന്നതിലാണ് എല്ലാവരുടെയും ആശങ്ക. കൂടുതൽ പ്രവാസികൾക്ക് ഉപകാരപ്പെടുന്ന വിധത്തിലായിരിക്കണം സർവീസുകൾ ക്രമീകരിക്കേണ്ടതെന്ന ആവശ്യം നേരത്തെത്തന്നെ മുന്നോട്ടുവെച്ച ആവശ്യമായിരുന്നു. ഈ ശബ്ദം ഇനിയും  ഉറക്കെ, ദൃഢമായി ഉയരേണ്ടതുണ്ട്. ദുബായ് ഇന്ന് വലിയ ടൂറിസ്‌റ്റ് കേന്ദ്രമായാണ് കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രവാസികൾക്കും സഞ്ചാരികൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ സർവീസുകളുടെ കാര്യത്തിൽ ദുബായിയെ കണ്ണൂരിലെ വിദേശ സർവീസുകളിൽ ഉൾപ്പെടുത്തണമെന്നതാണ് എല്ലാവരുടെയും ആവശ്യം. ആ ആവശ്യം കൂടുതൽ കരുത്തോടെ ഡൽഹിയിലും  കേൾപ്പിക്കാനാവണം. പ്രവാസിസംഘടനകൾ ത്തന്നെ ഇക്കാര്യത്തിലും മുന്നിട്ടിറങ്ങേണ്ടിവരുമോ എന്നതാണ് ഇവിടെ ഉയരുന്ന സംശയം. 
കാത്തുകാത്തിരുന്ന വിമാനത്താവളം യാഥാർഥ്യമായിട്ടും ഉത്തരമലബാറിന്റെ ശാപമായിത്തുടരുന്ന റോഡുകളുടെ ശോച്യാവസ്ഥക്ക് ഇപ്പോഴും വലിയ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. വിമാനത്താവളത്തിനായിനടന്ന വികസന സെമിനാറുകളിലും ചർച്ചകളിലുമെല്ലാം ഏറ്റവും ശക്തമായി ഉന്നയിക്കപ്പെട്ട ഒരു വിഷയം വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ വികസനവും നവീകരണവുമായിരുന്നു. വിമാനത്താവളം യാഥാർഥ്യമാവുന്നതിന് മുമ്പുതന്നെ റോഡുകൾക്കായുള്ള പ്രവർത്തനങ്ങൾ മുഴുമിപ്പിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. പക്ഷേ ഇപ്പോഴും റോഡുകളുടെ കാര്യത്തിൽ കാര്യമായ  പുരോഗതി ഉണ്ടായിട്ടില്ല. സ്ഥലമെടുപ്പ് തന്നെ ഇപ്പോഴും തടസ്സമെന്നാണ് അവിടെനിന്നുള്ള വർത്തമാനങ്ങൾ. 
വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ വിമാനത്താവളം നിൽക്കുന്ന മട്ടന്നൂരിലേക്കുള്ള ഒട്ടേറെ റോഡുകൾ നേരത്തെത്തന്നെ വികസിപ്പിക്കാനായി സർക്കാർ കണ്ടെത്തിയിരുന്നു. പക്ഷെ വിമാനമിറങ്ങിയിട്ടും റോഡ് പദ്ധതികൾ പലതും ഇഴയുകയാണ്. ബൈപ്പാസ് റോഡായി വിഭാവനംചെയ്ത ഗ്രീൻഫീൽഡ് റോഡ് പദ്ധതിയോ ബദൽനിർദേശമോ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുപോലുമില്ല. കണ്ണൂർ ബൈപ്പാസിന്റെയും തലശ്ശേരി ബൈപ്പാസിന്റെയുമൊക്കെ സ്ഥലമെടുപ്പും നിർമാണവും ആരംഭിച്ചുകഴിഞ്ഞതും ചില ഭാഗങ്ങളിൽ കൃത്യമായി മുന്നോട്ടുപോകുന്നതുമാണ് ഇതിനിടയിൽ ആശ്വാസംപകരുന്ന കാര്യങ്ങൾ. എന്നാൽ വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണവും വേഗതയും ഇന്ന് അനിവാര്യമാണ്. എല്ലായിടത്തും പദ്ധതി യാഥാർഥ്യമാകുന്നതിന് മുമ്പുതന്നെ റോഡുകളാണ് ആദ്യം പൂർത്തിയാവാറുള്ളത്. അതുതന്നെയാണ് ശരിയായ ആസൂത്രണവും. എന്നാൽ കണ്ണൂരിൽ അതുണ്ടായില്ല എന്നതാണ് നിർഭാഗ്യകരമായ കാര്യം. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ നൂറുകണക്കിനാളുകൾക്ക് താമസസ്ഥലങ്ങളും ആവശ്യമാണ്. അതിന്റെ കാര്യത്തിലും വലിയ ആസൂത്രണം ഉണ്ടായില്ലെന്നതും യാഥാർഥ്യം. ഇപ്പോഴാകട്ടെ നല്ല ഹോട്ടലുകളുടെ അഭാവമാണ് മട്ടന്നൂരിലേക്ക്  സർവീസ് ആരംഭിക്കാതിരിക്കാൻ വിദേശ വിമാനക്കമ്പനികൾ ഉന്നയിക്കുന്ന ഒരു കാരണം എന്നാണ് കേൾക്കുന്നത്. അതെന്തായാലും റോഡുകളുടെ നവീകരണമാണ് പ്രവാസികൾ ഇപ്പോൾ ആവശ്യപ്പെടുന്ന പ്രധാനകാര്യം. അതിൽ ഇനിയും അലംഭാവം ഉണ്ടാവില്ലെന്ന് കരുതാം. 
ദുബായിൽനിന്ന് കരിപ്പൂരിലെത്താൻ മൂന്നര മണിക്കൂർ മതി. എന്നാൽ നൂറോ നൂറ്റിരുപതോ കിലോമീറ്റർ ദൂരമുള്ള കണ്ണൂർ ജില്ലയിലെ സ്ഥലങ്ങളിലേക്ക് റോഡ് മാർഗം എത്താനും അത്രതന്നെയോ അതിലേറെയോ  സമയം വേണ്ടിവരുന്നു എന്നത് ഏറെ പരിതാപകരമാണ്‌. ഒരു ബൈപ്പാസ് റോഡ് കോഴിക്കോടിന് ഉണ്ടായിട്ടുപോലും ഇതാണ് സ്ഥിതി. എന്നാൽ കണ്ണൂരിലാകട്ടെ അത്തരത്തിലുള്ള സൗകര്യങ്ങളായിട്ടുമില്ല.  തിരഞ്ഞെടുപ്പ് ബഹളങ്ങളും വിവാദങ്ങളും കഴിഞ്ഞാൽ കണ്ണൂരിലെ ജനപ്രതിനിധികൾക്ക്  ഇതിനെല്ലാം സമയം കിട്ടുമെന്ന് പ്രത്യാശിക്കാം.