കാലം കാത്തുവെച്ച ചില മറുപടികളുണ്ട് എന്നും ചരിത്രത്തിൽ. അത്തരമൊരു ചരിത്രത്തിനും ഓർമപ്പെടുത്തലിനും അബുദാബിയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെ ( ഒ.ഐ.സി.) അമ്പതാം സമ്മേളനം നിമിത്തമായി എന്നാണ് ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 1969-ൽ പാകിസ്താന്റെ കടുംപിടിത്തം കാരണം അതിഥിയായി എത്തിയ ഇന്ത്യക്ക് ഈ സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. ഇപ്പോഴിതാ അമ്പത് വർഷത്തിന് ശേഷം ഇതേസമ്മേളനത്തിൽ വീണ്ടും ഇന്ത്യ അതിഥിയായി എത്തിയപ്പോൾ പ്രതിഷേധസൂചകമായി വിട്ടുനിൽക്കേണ്ടി വന്നതാകട്ടെ പാക് വിദേശകാര്യ മന്ത്രിക്കും. ഇതാണ് കാലത്തിന്റെ കാവ്യനീതിയെന്നും പറയാം.

അങ്ങകലെ ഇന്ത്യാ-പാകിസ്താൻ അതിർത്തിയിൽ സംഘർഷം കനത്തുനിൽക്കെയാണ് അബുദാബി ആതിഥ്യംനൽകുന്ന ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലേക്ക് വിശിഷ്ടാതിഥിയായി ഇന്ത്യയെത്തിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചതാകട്ടെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും. അതിർത്തിയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് എന്താണോ ഇന്ത്യയ്ക്ക് പറയാനുണ്ടായിരുന്നത് അത് കൃത്യമായി അവർ 56 ഇസ്‌ലാമിക രാജ്യങ്ങളുടെ പ്രതിനിധികൾക്ക് മുന്നിൽ സുഷമ അവതരിപ്പിക്കുകയും ചെയ്തു. മതം, വിശ്വാസം, തീവ്രവാദം എന്നതിനെ ക്കുറിച്ചെല്ലാം അവർ വിശദീകരിക്കുമ്പോൾ ഉദ്ധരണികൾക്കായി ഖുർ ആനും ഋഗ്വേദവും എല്ലാം സുഷമാ സ്വരാജ് ആധാരമാക്കുകയും ചെയ്തു. 

ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാ മിക് കോ-ഓപ്പറേഷന്റെ ( ഒ.ഐ.സി.) അമ്പത് വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ അതിഥിയായി പങ്കെടുക്കുന്നത് എന്നാണ് ഔദ്യോഗികഭാഷ്യം. എന്നാൽ 1969-ൽ റബാത് സമ്മേളനത്തിലേക്ക് ഇന്ത്യയ്ക്ക് അതിഥിയായി ക്ഷണം ലഭിച്ചിരുന്നുവത്രെ. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന  ഫക്രുദ്ധീൻ അലി അഹമ്മദിനെയായിരുന്നു അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് റബാത്തിലെത്തിയത്. എന്നാൽ വിവരമറിഞ്ഞ പാകിസ്താൻ നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. അവരുടെ പ്രതിഷേധത്തെ മറികടക്കാനാവാതെ പ്രശ്ന പരിഹാരത്തിനായി സംഘാടകർ പലവഴികൾ ആലോചിച്ചു. അതിലൊരു നിർദേശം ഇന്ത്യ സ്വമേധയാ സമ്മേളനത്തിൽനിന്ന് പിൻമാറുകയെന്നതായിരുന്നു. അല്ലെങ്കിൽ സംഘത്തലവൻ അസുഖം അഭിനയിച്ച് സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്യുക എന്നതും പ്രതിവിധിയായി ഒരു മൊറോക്കൻ മന്ത്രി നിർദേശിച്ചു എന്നാണ് വിവരം. 

അതേസമയം തന്നെ ഇന്ത്യയെ നിരീക്ഷകരായി മാറ്റിയാലോ എന്നും ആലോചനയുണ്ടായി. തത്ത്വത്തിൽ ഇന്ത്യയെ തരം താഴ്‌ത്തുന്നതിന് തുല്യമായിരുന്നു ഇത്. പാകിസ്താൻ പ്രസിഡന്റ് യാഹ്യാഖാൻ തന്നെയായിരുന്നു അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

സമ്മേളനത്തിന് എത്തിയപ്പോൾ താമസിക്കുകയായിരുന്ന  മുറിയിൽ നിന്ന് പുറത്തിറങ്ങാതെയായിരുന്നു ഇന്ത്യയ്ക്ക്‌ എതിരായ പ്രതിഷേധവും ബഹിഷ്കരണഭീഷണിയും യാഹ്യാഖാൻ ഉയർത്തിയത്. ഇതിനെ മറികടക്കാൻ സംഘാടകർക്ക് കഴിഞ്ഞതുമില്ല. ജോർദ്ദാൻ, തുർക്കി, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യാഹ്യാഖാന് പിന്തുണയുമായി രംഗത്തെത്തിയതും രംഗം കടുപ്പിച്ചു. അഹമ്മദബാദിലെ കലാപം ചൂണ്ടിക്കാട്ടിയായിരുന്നു യാഹ്യാഖാൻ ഇന്ത്യയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധം ഉയർത്തിയത്. എന്തായാലും ഇന്ത്യ ഫലത്തിൽ സമ്മേളനത്തിൽ നിന്ന് പുറത്തായതു പോലെയായി. സമ്മേളനത്തിന്റെ ഒരു വിവരവും ഇന്ത്യൻ സംഘത്തെ അറിയിച്ചില്ല, എല്ലാം ഇന്ത്യ അറിയാതെ രഹസ്യമായി നടന്നു എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
അമ്പത് കൊല്ലത്തിന് ശേഷം സമ്മേളനം അബുദാബിയിലെത്തിയപ്പോൾ ഇസ്‌ലാമിക രാഷ്ട്രങ്ങൾക്ക് മുന്നിൽ  ഇതേ പാകിസ്താനെ ഒറ്റപ്പെടുത്തി നിർത്താൻ കഴിഞ്ഞു എന്നതാണ് ഇന്ത്യയുടെ അതിഥി വേഷത്തിന്റെ നേട്ടം. ഇതാകട്ടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയുടെ വലിയ നയതന്ത്ര വിജയവുമായി.

പാകിസ്താന്റെ പേര് എടുത്തുപറയാതെ തന്നെ അവരുടെ ചെയ്തികളെ ഇസ്‌ലാമിക രാജ്യങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കാൻ സുഷമാ സ്വരാജിന് കഴിഞ്ഞു.  മതങ്ങളെല്ലാം ഉദ്ഘാഷിക്കുന്നത് സ്‌നേഹത്തിന്റെ സന്ദേശമാണെന്നും  എന്നാൽ മതത്തിന്റെ മറവിൽ പാകിസ്താൻ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുകയാണെന്നും സുഷമാ സ്വരാജ് പറയാതെ പറഞ്ഞുവെച്ചു. 

സമ്മേളനത്തിന് മുമ്പും ശേഷവുമായി നിരവധി ഇസ്‌ലാമിക രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്താനും സുഷമാ സ്വരാജിനായി. ഓ.ഐ.സി യിലെ സാന്നിധ്യവും സ്വീകരണവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായെന്ന് പിന്നീട് ഇന്ത്യൻ നയതന്ത്രജ്ഞർ വിലയിരുത്തിയതും ഈ പശ്ചാത്തലത്തിലാണ്. 
ഒരു മതത്തിനും എതിരെയല്ല, മറിച്ച് തീവ്രവാദത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ഭീകരവാദവും തീവ്രവാദവും വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലുമെല്ലാമായാണ് ഇന്ന് പ്രവർത്തിക്കുന്നത്.  അവയെല്ലാം മതത്തെ നശിപ്പിച്ചുകൊണ്ടും വിശ്വാസസംഹിതകളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുമാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. അതുപോലെ തന്നെ ലോകത്തിലെ എല്ലാ മതങ്ങളും സമാധാനത്തിനും സഹാനുഭൂതിക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്നവയാണ്. 

ദൈവം ഒന്നാണ്, പക്ഷെ ജ്ഞാനികൾ പല വഴികളിലൂടെ അതിനെ വ്യാഖ്യാനിക്കുന്നു. ഇത് തന്നെയാണ് ഇന്ത്യയുടെ എല്ലാ ചിന്തകളുടെയും  അടിസ്ഥാനമെന്നും ലോക മതങ്ങളുടെ തത്വമെന്നും മഹാനായ തത്വചിന്തകൻ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതെന്നും സുഷമാ സ്വരാജ് സമ്മേളനത്തെ ഓർമ്മിപ്പിച്ചു. 

വർദ്ധിച്ചുവരുന്ന ഭീകരവാദത്തിന്റെ പശ്ചാത്തലത്തിൽ അതിനെ ഒറ്റപ്പെടുത്താനുള്ള യോജിച്ച ശ്രമങ്ങൾ ലോക രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.  ഭീകരവാദികൾക്ക് വളം വെക്കുന്ന, പ്രവർത്തന സൗകര്യങ്ങൾ ഒരുക്കുന്നവരോട് അവർക്ക് നൽകുന്ന സഹായം നിർത്തലാക്കാൻ പറയണം.  

നമ്മുടെ കൈകളിലേക്ക് എത്തിയതിനേക്കാൾ മഹത്തരമായ സാമ്പത്തിക ശേഷിയും സാമൂഹ്യ നീതിയും ഉറപ്പാക്കുന്ന ഒരു ലോകം പകരം നൽകി വേണം നാം ഓരോരുത്തരും ഇവിടെ നിന്ന് മടങ്ങാൻ എന്ന് ആഹ്വാനം ചെയ്താണ് സുഷമ പ്രസംഗം അവസാനിപ്പിച്ചത്. നിറഞ്ഞ കൈയടികളോടെ സദസ്സ് പ്രസംഗം സ്വീകരിച്ചപ്പോൾ പാക് വിദേശകാര്യമന്ത്രിക്കായി ഒരുക്കിയ കസേല അപ്പോൾ ഒഴിഞ്ഞുകിടക്കുകയായാരുന്നു.

എന്തായാലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓ.ഐ.സിയിലെ സാന്നിധ്യം വലിയ നേട്ടം തന്നെയായി.  മുസ്ലീം ജനസംഖ്യയിൽ ലോകത്തിലെ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടം നടത്തുന്ന സൗദി , യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളോട് ഒരിക്കൽ കൂടി ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഇത് വേദിയായി. അതേസമയം ഇന്ത്യക്കാരും പാകിസ്താൻ പൗരന്മാരുമെല്ലാം സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഈ മണ്ണിൽ ആ സാഹോദര്യവും സ്‌നേഹവും തുടരാനും കൂടുതൽ ശക്തമാക്കാനും നമുക്ക് കഴിയണം. ഈ സ്‌നേഹ സന്ദേശം ഇരു രാജ്യങ്ങളിലേക്ക് പകർന്ന് നൽകാനും  ഈ സൗഹൃദം വഴിതുറക്കുമെന്ന് പ്രത്യാശിക്കാം.