പ്രധാനമന്ത്രിപദമേറ്റശേഷം മൂന്നാം തവണയും നരേന്ദ്രമോദി യു.എ.ഇ.യിലെത്തി. ഇത്തവണത്തെ സന്ദർശനം യു.എ.ഇ. യുടെ ആദരവ് ഏറ്റുവാങ്ങാനായിരുന്നു. തൊട്ടുപിന്നാലെ ബഹ്‌റൈനിലും അദ്ദേഹത്തിനായി അവിടത്തെ പുരസ്കാരവും കാത്തിരിപ്പുണ്ടായിരുന്നു. പ്രധാനമന്ത്രി പദത്തിലെ ആദ്യ ഘട്ടത്തിൽ രണ്ടുതവണയാണ് മോദി യു.എ.ഇ. യിലെത്തിയത്. ലോകത്തിൽ ഏറ്റവുമേറെ ഇന്ത്യക്കാർ പ്രവാസികളായി ജീവിക്കുന്ന ഈ മണ്ണിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നു എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. പ്രവാസി വിഷയങ്ങളായിരുന്നില്ല ഒരിക്കലും ഈ സന്ദർശനങ്ങളിലെ ചർച്ചകൾ. മറിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ യു.എ.ഇ. യുമായുള്ള ഇന്ത്യയുടെ വിവിധ തലങ്ങളിലെ ബന്ധങ്ങൾക്ക് കരുത്തുപകരാൻ മോദിയുടെ സന്ദർശനം വഴി സാധ്യമായിട്ടുണ്ട്. അതിൽ നയതന്ത്രബന്ധങ്ങളും ഉഭയകക്ഷി വ്യാപാരവും വിദേശ നിക്ഷേപവുമെല്ലാം ഉൾപ്പെടുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം യു.എ.ഇ. രാഷ്ട്രനേതാക്കളും വിവിധ സമയങ്ങളിലായി ഇന്ത്യയിലും എത്തിയിട്ടുണ്ട്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ രണ്ടുവർഷംമുമ്പ് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തി എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിലെ നിർണായക ഘട്ടമായിരുന്നു. എന്റെ സഹോദരൻ എന്നും എന്റെ പ്രിയ സുഹൃത്തെന്നും ഇരുവരും പരസ്പരം അഭിസംബോധന ചെയ്യുന്നത് ഇരുരാജ്യങ്ങളിലെയും പൗരൻമാർ തമ്മിലുള്ള ഇഴയടുപ്പം കൂട്ടുന്നുണ്ട്. 
മോദിയുടെ ആദ്യസന്ദർശനം അക്ഷരാർത്ഥത്തിൽ ചരിത്രസംഭവം തന്നെയായിരുന്നു. പരമ്പരാഗതമായി ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സൗഹൃദവും വാണിജ്യബന്ധങ്ങളും പരിപോഷിപ്പിക്കാൻ മോദിയുടെ ആ  സന്ദർശനം വഴിതുറന്നു. മുപ്പത്തിനാല് വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ.യിൽ അന്ന് എത്തിയത്.  ആ ഇടവേളയുടെ എല്ലാ കോട്ടവും നികത്തുന്നതായിരുന്നു മോദിക്ക് യു.എ.ഇ. രാജകുടുംബങ്ങളിൽ നിന്ന് ലഭിച്ച സ്വീകരണം. യു.എ.ഇ.യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഖബറിടത്തിൽ പ്രാർഥിച്ചുകൊണ്ട് പര്യടനം തുടങ്ങിയ നരേന്ദ്രമോദിയാകട്ടെ ആ സ്വീകരണത്തിന് വികാരപരമായ നന്ദിയും പ്രകടിപ്പിച്ചു.  ഖബറിടത്തിലെ ആ പ്രാർഥനപോലും ഏറെ ശ്രദ്ധേയമായി. തിരക്കുപിടിച്ച നയതന്ത്ര ചർച്ചകളും ബിസിനസ് മീറ്റുകളുമായിരുന്നു പിന്നീട്. എന്നാൽ ലോകമാകെ ശ്രദ്ധിച്ച പ്രാധാനകാര്യം ഇന്ത്യയും യു.എ.ഇ. യും തമ്മിലുണ്ടാക്കിയിട്ടുള്ള  ചില സൈനിക  ഉടമ്പടികളാണ്. 
തീവ്രവാദവും ഭീകരവാദവും പ്രതിരോധിക്കാൻ ഇരുരാജ്യങ്ങളും കൈകോർക്കുന്നു എന്നതായിരുന്നു അതിൽ പ്രധാനം. അറബ് മേഖലയിൽ  ഭീഷണിയുയർത്തുന്ന ഐ.എസ്.  ഭീകരതക്കെതിരേ യോജിച്ചുനിൽക്കാനുള്ള അന്നത്തെ  തീരുമാനം സുപ്രധാനമായ കാൽവെപ്പായിരുന്നു.  
രണ്ടാം തവണയും ഇക്കഴിഞ്ഞ ആഴ്ചയും വീണ്ടും മോദിയെത്തിയപ്പോൾ ഫലപ്രദമായ പല ചർച്ചകളും നടന്നു. യു.എ.ഇ.ക്ക് പുറമെ ബഹ്‌റൈനുംകൂടി സന്ദർശിച്ചാണ് മോദി മടങ്ങിയത്. കശ്മീർ പ്രശ്നത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിലായിരുന്നു രണ്ട് ഇസ്‌ലാമിക രാജ്യങ്ങളിലേക്കുള്ള മോദിയുടെ യാത്രകൾ. സൗദി നേതൃത്വം നൽകുന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സഖ്യത്തിലെ മുഖ്യ പങ്കാളികളാണ് യു.എ.ഇ.യും ബഹ്‌റൈനും.  കാശ്മീരിന്റെ കാര്യത്തിൽ ഇന്ത്യ എടുത്ത നിലപാടുകൾക്കെതിരേ പാകിസ്ഥാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണതേടി നടക്കുന്നതിനിടയിലായിരുന്നു രണ്ട് രാജ്യങ്ങളും അവരുടെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി മോദിയെ ആദരിച്ചത്. ഫലത്തിൽ ഇത് പാകിസ്ഥാന് വലിയ തിരിച്ചടിയായി മാറി. അതേസമയം ഇരുരാജ്യങ്ങളുമായി നടത്തിയ ചർച്ചകളിൽ ഭീകരവാദത്തിനെതിരായ പ്രതിരോധവും നടപടികളും ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനങ്ങളുമുണ്ടായി. തീവ്രവാദം കയറ്റിയയക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന ഇന്ത്യയുടെ ആരോപണത്തിനിടയിൽ തന്നെ ഇത്തരത്തിലുള്ള കരാറുകളിൽ എത്താൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്രവിജയം തന്നെയായി. 
അതെന്തായാലും പ്രധാനമന്ത്രി എന്ന നിലയിൽ മോദി നടത്തുന്ന ഈ നയതന്ത്ര യജ്ഞങ്ങളെ ചെറുതായി കാണാനാവില്ല. അതേസമയം ഇന്ത്യയിലെ ഭരണകക്ഷിയുടെ നിലപാടുകളെയും അവരുടെ പ്രവർത്തകരുടെ നടപടികളെയും ആശങ്കയോടെ കാണുന്ന ജനവിഭാഗം ഇന്ത്യയിലെന്നപോലെ  പ്രവാസികളിലുമുണ്ട്. ഇതര മതസ്ഥരോട് അസഹിഷ്ണുത കാട്ടുന്നു എന്നതാണ് അവരുടെ ആശങ്കയുടെ അടിസ്ഥാനം. സഹിഷ്ണുതാവർഷം ആഘോഷിക്കുന്ന യു.എ.ഇ.യിൽനിന്ന് മോദിയും ഭരണകക്ഷിയും ഏറെ പഠിക്കാനുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഭാഷയും സംസ്കാരവും വിഭിന്നമാണെങ്കിലും നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തി എന്ന് ബഹ്‌റൈനിലെ പൊതു സമ്മേളനത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. എക്കാലത്തും ഇന്ത്യയുടെ നിലനിൽപ്പും ചിന്തയും ഇതുതന്നെയായിരിക്കണം. എല്ലാ ശബ്ദങ്ങളും കേൾക്കുന്നതും അവ ഉയർത്താനുള്ള അന്തരീക്ഷവും നിലനിൽക്കുന്നതുമാണ് ഇന്ത്യയുടെ വിജയം.  
ഇരുനൂറോളം രാജ്യക്കാർ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന യു.എ.ഇ. ലോകത്തിന് ഒരു മാതൃകയാണ്. യു.എ.ഇ.യുടെ ഈ സമീപനം എല്ലാവരുടെയും നല്ല പാഠവുമാണ്.