: ചിലപ്പോൾ വില കയറും ചിലപ്പോൾ കുത്തനെ ഇടിയും... രൂപയുടെ വിനിമയ മൂല്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പ്രവാസിയെ സംബന്ധിച്ചിടത്തോളം വിനിമയനിരക്കിൽ രൂപയുടെ നില താഴുമ്പോഴാണ് അവന് ആഹ്ളാദം. നാട്ടിലേക്ക് അയയ്ക്കുന്ന ദിർഹവും റിയാലുമെല്ലാം വേഷം മാറി  അക്കൗണ്ടിലെത്തുമ്പോൾ രൂപയുടെ എണ്ണം കൂടുന്നതാണ് സന്തോഷത്തിന്റെ അടിസ്ഥാനം. എന്നാൽ, നാട്ടിലെ വിലക്കയറ്റത്തിന് ഇതും ഇടയാക്കുന്നുണ്ടെന്ന കാര്യമൊന്നും ഇവിടെയിരിക്കുമ്പോൾ പ്രവാസിയുടെ വിഷയമാകുന്നില്ല. 
എന്തായാലും പ്രവാസഭൂമിയിൽ ഇപ്പോൾ രൂപയ്ക്ക് നല്ല കാലമാണ്.  18 മാസത്തോളമായി ദിർഹം ഒന്നിന് 16 രൂപയിൽ കറങ്ങിനിന്ന രൂപ ഇപ്പോൾ  ഏറെ മുന്നോട്ട്  പോയിട്ടുണ്ട്. കഴിഞ്ഞ  ദിവസം  അത് പതിനെട്ട് രൂപ അറുപത് പൈസ വരെയെത്തി. ഇപ്പോഴും അത്  18 രൂപയ്ക്ക് മുകളിലാണ്. ചിലപ്പോൾ പത്തൊമ്പത് രൂപ വരെ എത്തിക്കൂടെന്നില്ലെന്ന ചില സാമ്പത്തിക വിദഗ്‌ധരുടെ പ്രവചനവും നിലനിൽക്കുന്നു.  പ്രവാസികളെ സംബന്ധിച്ചിടത്തോളം രൂപയുടെ ഈ മാറ്റം സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ, അത് നാട്ടിൽ കാര്യമായി ഗുണം ചെയ്യുന്നില്ലെന്ന് പലരും അത് അറിയുകയോ മുഖവിലയ്ക്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രം. 
ഗൾഫ് രാജ്യങ്ങൾക്കും ഇപ്പോൾ പൊതുവേ നല്ല കാലമാണ്. കുത്തനെ ഇടിഞ്ഞുപോയിരുന്ന ക്രൂഡ് ഓയിൽ വില സാമാന്യം മോശമല്ലാത്ത നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ബാരലിന് 40 ഡോളർ വരെയായി നിലംപതിച്ചു പോയ എണ്ണ വില ഞെട്ടിച്ചത് ഗൾഫ് രാജ്യങ്ങളെ മാത്രമല്ല, ലക്ഷക്കണക്കിന് പ്രവാസികളെ കൂടിയായിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ചകളിൽ അത് 75 ഡോളറും കടന്ന് ഒരു ഘട്ടത്തിൽ എൺപതിലെത്തി. വീണ്ടും അത് എഴുപത്തിയാറിലേക്ക് താണിട്ടുണ്ടെങ്കിലും എണ്ണ വിപണിയിലെ ഈ മാറ്റങ്ങൾ എല്ലാ രാജ്യങ്ങളെയും സന്തുഷ്ടരാക്കുന്നുണ്ട്. 
എണ്ണയിൽ അധിഷ്ഠിതമായി രൂപപ്പെടുത്തിയിരുന്ന സാമ്പത്തിക വ്യവസ്ഥകൾ ഇതിനിടയിൽ തന്നെ മിക്ക ഗൾഫ് രാജ്യങ്ങളും പൊളിച്ചെഴുതിയിരുന്നു. അതിന് പകരമായി വിവര വിജ്ഞാന മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള സാമ്പത്തികവ്യവസ്ഥിതിക്കാണ് യു.എ.ഇ. പോലുള്ള രാജ്യങ്ങൾ ഊന്നൽ നൽകിയത്. അതിനനുസരിച്ചുള്ള  സാമ്പത്തിക പരിഷ്കരണങ്ങളും സാമ്പത്തിക അച്ചടക്ക നടപടികളും കാര്യമായി സ്വീകരിക്കുകയും ചെയ്തു.  
 പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരുന്നു ഈ മാറ്റങ്ങളെല്ലാം. ചുരുങ്ങിയ വിലയ്ക്ക് പെട്രോളും ഡീസലും നൽകിയിരുന്ന ഗൾഫ് നാടുകളെല്ലാം ആ രീതി ഉപേക്ഷിച്ചുകഴിഞ്ഞു. ചിലർ സബ്ഡിഡി പിൻവലിച്ചു. എണ്ണയ്ക്ക്  വിലയിടിഞ്ഞതോടെ സബ്‌സിഡി ഒഴിവാക്കിയ രാജ്യങ്ങളിൽ മുപ്പത് മുതൽ അമ്പത് വരെ ശതമാനമാണ്  എണ്ണയുടെ വില വർധന ഉണ്ടായത്. ഈ വർഷം ആരംഭിച്ച മൂല്യവർധിത നികുതിയും വിപണിയിൽ വിലക്കയറ്റത്തിനുള്ള കാരണമായി. ഇതും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിച്ചിട്ടുണ്ട്. 
വൻകിട കമ്പനികൾ പലതും അധികച്ചെലവുകൾക്ക്  നേരത്തേതന്നെ കടിഞ്ഞാണിട്ടു കഴിഞ്ഞു. നല്ല സാമ്പത്തിക ശേഖരം സ്വന്തമായുള്ളതാണ് മിക്ക ഗൾഫ് രാജ്യങ്ങളും എന്നതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും എണ്ണയുടെ വിലത്തകർച്ചയെ സംയമനത്തോടെയാണ് സമീപിച്ചത്. കാലപ്രയാണത്തിനനുസരിച്ചുള്ള സ്വാഭാവികമായ ഏറ്റക്കുറച്ചിലുകളാണിതെന്നും വിപണിയെ തിരുത്താൻ  ഇത് സഹായകമാവുമെന്ന് വിശ്വസിക്കുന്ന വൻകിട വ്യവസായികളും ധാരാളം.
എണ്ണയുടെ വിലയിടിവിനെത്തുടർന്ന്  ഗൾഫ് നാടുകളിലുണ്ടായ മാറ്റങ്ങൾ  കേരളത്തിലെ ഏറ്റവും കുഗ്രാമത്തിലെ ചെറിയ വീട്ടിലെ അടുക്കളയെപ്പോലും ബാധിക്കും എന്നതാണ്  യാഥാർഥ്യം. എണ്ണയുടെ വിലത്തകർച്ചയുടെ പ്രത്യാഘാതം പ്രവാസിയുടെ സമ്പാദ്യത്തിലും പ്രകടമായി  എന്ന് ചുരുക്കം.
 ഗൾഫുകാരന്റെ മോടി കാട്ടാനായി നാട്ടിൽ കാണിക്കുന്ന പ്രകടനങ്ങൾ ഇപ്പോൾ കുറേ അവസാനിച്ചിട്ടുണ്ട്. പക്ഷേ, അത് കുറെക്കൂടി നിയന്ത്രിക്കേണ്ടതുണ്ട് എന്നതാണ് എല്ലാവരും എടുത്തുപറയുന്ന കാര്യം.  കൂടുതൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്നതു തന്നെ ഇതിനർഥം. 
ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ രൂപയ്ക്ക് കിട്ടുന്ന മൂല്യം ഏറുമ്പോൾ ഇവിടെ നിന്ന്  ബാങ്കു വായ്പയെടുത്തും ബ്ലേഡുകാരിൽ നിന്നുവരെ പണം കടം വാങ്ങിയും നാട്ടിലേക്ക് പണം അയയ്ക്കുന്നത് പ്രവാസികളുടെ കുറെക്കാലമായുള്ള ശീലമാണ്. ഈ പണം ഉപയോഗിച്ച് നാട്ടിലെ കടം തീർക്കാനും സ്വത്തുക്കൾ വാങ്ങാനുമൊക്കെ താത്‌പര്യം കാട്ടുന്നവരും ധാരാളം. ഇതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പലരും പ്രലോഭനങ്ങളുമായി വിപണിയിലുണ്ട് താനും.  
ക്രഡിറ്റ് കാർഡുകളുമായി എത്തുന്ന ഓഫറുകൾ ധാരാളം. ആ സാഹചര്യം മുന്നിൽക്കണ്ട് പലരും പണം കാര്യമായി തന്നെ നാട്ടിലേക്ക് അയയ്ക്കുന്നു. പക്ഷേ, ഇവിടെ  വായ്പ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്രോതസ്സ് ഉള്ളവർ പോലും മുൻകരുതൽ എടുക്കേണ്ട ഘട്ടമാണിത്.
 ഗൾഫിലെ തൊഴിൽ മേഖലയിലായാലും വിപണിയിലായാലുമുള്ള ചലനങ്ങൾ കാണാതെ പോകരുതെന്ന് സാരം. അതുകൊണ്ടുതന്നെ ഇത്തരം കൈവിട്ട കളിക്ക് ഇറങ്ങാതിരിക്കുന്നതാണ്  നല്ലതെന്ന് പ്രവാസികൾ ഓർക്കേണ്ടതുണ്ട്.  സാമ്പത്തിക അച്ചടക്കം ഇവിടെ മാത്രമല്ല, നാട്ടിലുള്ള വേണ്ടപ്പെട്ടവരിലും ഉണ്ടാക്കിയെടുക്കാൻ  ശ്രദ്ധിക്കേണ്ടതുണ്ട്. 
രൂപയുടെ ഇപ്പോഴത്തെ തിളക്കം കണ്ട് പ്രവാസിയുടെ കണ്ണ് മഞ്ഞളിച്ച് പോകരുത്. ഇപ്പോൾ സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ ഭാവിയുടെ തിളക്കം കൂട്ടുകയേ ഉള്ളൂ എന്ന കാര്യം ഓർത്തിരുന്നാൽ എല്ലാവർക്കും നല്ലതെന്ന് സാമ്പത്തികവിദഗ്‌ധർ തന്നെ മുന്നറിയിപ്പ് നൽകുന്നു. പ്രവാസിയെ പോലെ തന്നെ അവന്റെ കുടുംബവും ചുറ്റുപാടുകളും ഈ സാഹചര്യം തിരിച്ചറി യേണ്ടതുണ്ട്. 
പലപ്പോഴും ഗൾഫുകാരനെക്കാൾ തിളക്കം അവന്റെ വീട്ടുകാരാണ് നാട്ടിൽ കാ
ണിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കെ ആ ശ്രദ്ധയും മുൻകരുതലും  അനിവാര്യമാണ് താനും.