:വർഷങ്ങൾക്കുമുൻപ്‌ അന്നത്തെ ബോംബൈ വിമാനത്താവളം വഴിയായിരുന്നു കേരളത്തിലേക്കുള്ള ഗൾഫ് മലയാളികളുടെ യാത്ര. ദിവസങ്ങളോളം നീളുന്ന കഠിനമായ പ്രയാണം തന്നെയായിരുന്നു അത്. 
വിമാനടിക്കറ്റ് കിട്ടാനും ബോംബൈയിലെത്താനുമൊക്കെ വലിയ പ്രയാസം നേരിടേണ്ടി വന്ന നാളുകൾ. അക്കാലത്ത് കേരളത്തിൽനിന്ന് നിത്യേന  വന്നും പോയുമിരുന്ന ബോംെബ ബസുകൾ പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഗൾഫിൽനിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസിയുടെ കാര്യമായിരുന്നു ഏറെ കഷ്ടം. 
രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് അക്കാലത്ത് സാധാരണ ഗൾഫുകാരന്റെ വരവ്.  കസ്റ്റംസ് ഉൾപ്പെടെയുള്ള  വിമാനത്താവളത്തിലെ ജീവനക്കാരുടെ പീഡനങ്ങൾ കഴിഞ്ഞ്  പുറത്തെത്തിയാൽ അവിടെയുമുണ്ട് കൊള്ളക്കാരെ പോലെ നടക്കാറുള്ള അധോലോക സംഘം. ഇവരെയെല്ലാം അതിജീവിച്ചാണ് പാവം ഗൾഫുകാരൻ നാട് പിടിച്ചിരുന്നത്.
കേരളത്തിലെ വിമാനത്താവളങ്ങൾ, വിശേഷിച്ച് കരിപ്പൂർ വന്നതോടെ ഗൾഫിലേക്കുള്ള പ്രവാസികളുടെ യാത്രയ്ക്ക് മുംബൈയിലെ  പോലുള്ള പീഡനങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, നമ്മുടെ വിമാനത്താവളങ്ങളിൽ പ്രത്യേകിച്ച് കരിപ്പൂരിൽ ചെന്നിറങ്ങുന്ന യാത്രക്കാർ ഇടയ്ക്കിടെ ഉന്നയിക്കുന്ന പരാതികളിലൊന്ന് ബാഗുകളിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകുന്നതിനെ കുറിച്ചായിരുന്നു. കഴിഞ്ഞ ആഴ്ചയും ഇത്തരം പരാതി വ്യാപകമായുണ്ടായി.  ദുബായിൽനിന്ന് എത്തിയ എയർ ഇന്ത്യാ എക്സ്‌പ്രസിലെ  ഏതാനും യാത്രക്കാരായിരുന്നു പരാതിക്കാർ. ഇതിനിടയിൽ പ്രവാസിയുടെ ബാഗുകളിൽ നിന്ന് സാധനം കവരുന്ന ചില ജീവനക്കാരുടെ ദൃശ്യങ്ങളും പുറത്തിറങ്ങി.  ഏത് വിമാനത്താവളത്തിൽ നിന്നാണെന്ന കാര്യം  ഇത്തരം ചിത്രങ്ങൾ പറയുന്നില്ലെങ്കിലും കോഴിക്കോട്ടേക്കുള്ള യാത്രക്കാരാണ് പരാതികൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത്. ശനിയാഴ്ചയും ഉയർന്നു കരിപ്പൂരിൽ വന്നിറങ്ങിയ  അമേരിക്കയിൽ നിന്നെത്തിയ ഒരു യാത്രക്കാരന്റെ പരാതി. 
എന്നാൽ കരിപ്പൂരിലെ ഉദ്യോഗസ്ഥരെല്ലാം ഒരേസ്വരത്തിൽ  ഇത്തരം ആക്ഷേപങ്ങൾ നിഷേധിക്കുന്നു. വിമാനം പുറപ്പെടുന്ന സ്ഥലത്തുവെച്ചായിരിക്കാം ഇത്തരം മോഷണങ്ങൾ നടക്കുന്നതെന്നാണ് അവരുടെ വിശദീകരണം. യാത്രക്കാരൻ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഏൽപ്പിക്കുന്ന ബാഗേജുകൾ വിമാനത്തിൽ എത്തിക്കുന്നതിനിടയിലോ വിമാനത്തിൽ കയറ്റിവെക്കുന്നതിനിടയിലോ ആയിരിക്കാം ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നത് എന്നാണ് അവരുടെ വിശദീകരണം. അതെന്തായാലും കരിപ്പൂരിലെത്തുന്ന യാത്രക്കാരുടെ ആശങ്കയും പരാതികളും നിലയ്ക്കുന്നില്ല. വിമാനത്താവളത്തിലെ അസൗകര്യങ്ങളെ കുറിച്ചുള്ള പരാതികൾക്ക് പുറമേയാണ് ഇത്തരം മോഷണപ്പരാതികൾ. 
കരിപ്പൂർ വിമാനത്താവളത്തെ ചൊല്ലി ആക്ഷേപങ്ങൾ ഉയരുന്നത് പതിവാണ്. നേരത്തേ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള സ്വർണക്കടത്തിനെ കുറിച്ചായിരുന്നു വലിയ വാർത്തകൾ. കള്ളക്കടത്തുകാരുമായും അവരുടെ കാരിയർമാരുമായുമൊക്കെ രഹസ്യബന്ധമുള്ള ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ട് വലിയ വാർത്തകളും വിവാദങ്ങളുമായപ്പോഴാണ് ശക്തമായ നടപടികൾ ഉണ്ടായത്. ഇതേസമയം തന്നെയാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള വിലക്കുകളും വന്നത്. റൺവേ വികസനം മുതൽ പല പ്രശ്നങ്ങളും മുന്നിൽ വന്നതോടെ കരിപ്പൂരിന്റെ ഭാവി തന്നെ വലിയ ചോദ്യമായി. വിമാനത്താവളത്തെ കൊല്ലരുതെന്ന ആവശ്യവുമായി  പ്രവാസികളുടെ കൂടി സഹകരണത്തോടെ കോഴിക്കോട് ഒരു സമരമുറ ഉടലെടുത്തതോടെയാണ് വിമാനത്താവളത്തിന്റെ കാര്യത്തിൽ ചില അനുകൂല നടപടികളുണ്ടായത്. എങ്കിലും വലിയ വിമാനം വീണ്ടും വന്നിറങ്ങുന്നത് ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു.
ഇപ്പോഴും കരിപ്പൂരിൽ വന്നിറങ്ങുന്നവരെയെല്ലാം കവർച്ചക്കാരെയെന്ന പോലെയാണ് പലപ്പോഴും ഉദ്യോഗസ്ഥർ നേരിടുന്നത്. ഷൂസും ബെൽട്ടും വാച്ചും വരെ അഴിപ്പിച്ചാണ് പരിശോധന. കേരളത്തിലെ മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലുള്ള കർശന പരിശോധന ഇല്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഒരു വിദേശി അതിഥിയായി നാട്ടിലെത്തുമ്പോൾ അവരെ സംശയത്തോടെ വീക്ഷിക്കുന്ന തരത്തിലുള്ള ഇത്തരം പരിശോധനകൾ നമ്മുടെ നാടിനെ കുറിച്ച് തെറ്റായ ചിത്രം നൽകുന്നതാണെന്ന് ടൂറിസം വ്യവസായരംഗത്തുള്ളവർ പറയുന്നു. എന്നാൽ സ്വർണക്കടത്തിന് പുതിയ പുതിയ മാർഗങ്ങൾ തേടുന്ന കള്ളക്കടത്തുസംഘങ്ങളെ നേരിടാൻ ഇതു മാത്രമേ വഴിയുള്ളു എന്നാണ് ഇതിനുള്ള ഉദ്യോഗസ്ഥരുടെ മറുപടി. സ്വർണം അനധികൃതമായി കടത്തുന്നത് കണ്ടെത്താൻ ഇപ്പോൾ ശാസ്ത്രീയ സംവിധാനങ്ങൾ എല്ലായിടത്തുമുണ്ട്. 
ആയിരക്കണക്കിനാളുകൾ വന്നിറങ്ങുന്ന ദുബായ് വിമാനത്താവളത്തിൽ പോലും സാധനങ്ങളും ബാഗുകളും സ്കാൻ ചെയ്ത് വിടുന്നതല്ലാതെ ദേഹപരിശോധന പതിവില്ല. യാത്രക്കാരൻ കടന്നുപോകുന്ന വഴിയിലുള്ള ഉപകരണങ്ങൾ തന്നെ അത്തരം പരിശോധനകൾ നിർവഹിക്കുന്നുണ്ട്. 
എന്തുകൊണ്ട് കരിപ്പൂരിലും ഇത്തരം സംവിധാനങ്ങൾ നടപ്പാക്കിക്കൂടാ എന്ന് ചോദിക്കുന്നവരാണ് ഏറെയും. സ്വർണത്തിന്റെ കള്ളക്കടത്ത് തടയാൻ ഉള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്താൻ എന്തുകൊണ്ട് ഇപ്പോഴും തയ്യാറാവുന്നില്ല എന്നതും വലിയ ചോദ്യമായി ഉയരേണ്ടതുണ്ട്‌. 
എന്തായാലും കരിപ്പൂരിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. 
കണ്ണൂർ വിമാനത്താവളം മാസങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാകുന്നതോടെ കരിപ്പൂരിന്റെ പ്രാധാന്യം കുറയും.  അതുകൊണ്ടുതന്നെ കരിപ്പൂർ കുറെക്കൂടി യാത്രക്കാരന് സൗഹൃദപൂർണമാവാനുള്ള നടപടികളാണ് ഇപ്പോൾ അത്യാവശ്യമായി വേണ്ടത്. 
ഗൾഫ് നാടുകളിൽനിന്ന് ഇപ്പോഴും ഏറെ യാത്രക്കാർ ആശ്രയിക്കുന്ന വിമാനത്താവളം തന്നെയാണ് കരിപ്പൂർ. അതിനെ കൊല്ലാക്കൊല ചെയ്യുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. അക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അതിനാവട്ടെ അവരുടെ ശ്രദ്ധ.