കഴിഞ്ഞ ദിവസങ്ങളിൽ ബജറ്റിനെക്കുറിച്ചായിരുന്നു എല്ലായിടത്തും ചർച്ച. കേന്ദ്രബജറ്റും കേരളബജറ്റും തൊട്ടടുത്ത ദിവസങ്ങളിലായതിനാൽ ചർച്ചയ്ക്കും താരതമ്യത്തിനും അവസരം ധാരാളമുണ്ടായിരുന്നു. 
 ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് വരാൻപോകുന്ന പ്രഖ്യാപനങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമെല്ലാം പ്രവാസലോകം സംസാരിച്ചുകൊണ്ടിരുന്നു. വന്നുകഴിഞ്ഞപ്പോൾ അതിന്റെ മേന്മയെക്കുറിച്ചും വീഴ്ചകളെക്കുറിച്ചുമായി സംസാരം. 
എല്ലാ ബജറ്റിന്റെ വേളകളിലും ഇത്തരത്തിൽ അതത് സർക്കാരിന്റെ രാഷ്ട്രീയം നോക്കിത്തന്നെയാണ് പ്രവാസിസംഘടനകളുടെ പ്രതികരണം ഏറെയും ഉണ്ടാവാറുള്ളത്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. 
അതേസമയം പ്രവാസികളുടെ വിഷയത്തിൽ കേന്ദ്രബജറ്റ് യാതൊരു സ്നേഹവും പരിഗണനയും കാണിച്ചില്ലെന്ന ആവലാതി എല്ലായിടത്തുനിന്നും ഉയർന്നു.
 അക്കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷവും ഐക്യമുന്നണിയുമെല്ലാം ഒരേസ്വരത്തിൽ സംസാരിച്ചപ്പോൾ കേന്ദ്രഭരണക്കാർ ആരും കാര്യമായി പ്രതികരിക്കാനോ പ്രതിരോധിക്കാനോ എത്തിയില്ല. അല്ലെങ്കിൽ അവർക്ക് അതിനുള്ള പടക്കോപ്പ് കിട്ടിയില്ലെന്നും പറയാം.
ഓരോ ബജറ്റ് വരുമ്പോഴും പ്രവാസികൾ പലതും മോഹിക്കാറുണ്ട്. ആഗ്രഹങ്ങൾ പറയാറുണ്ട്. വിമാനയാത്രാക്കൂലി മുതൽ തുടങ്ങും പരാതികളുടെ പട്ടിക. എന്നാൽ, ഇക്കാര്യത്തിലൊക്കെ  തീർത്തും മൗനമായിരുന്നു ഇത്തവണത്തെ കേന്ദ്രബജറ്റിൽ. 
പ്രവാസി എന്ന വാക്ക് അബദ്ധത്തിൽപ്പോലും അരുൺ ജെയ്റ്റ്‌ലിയുടെ വായിൽനിന്ന് പുറത്തുവന്നില്ല. പ്രവാസി ഒരു വോട്ടുബാങ്കായിമാറിയാൽ മാത്രമേ ഇതിനെല്ലാം പരിഹാരമാവൂ എന്ന പതിവ് പല്ലവി ആവർത്തിച്ച് പ്രവാസി അതങ്ങ് മറന്നു. എന്നാൽ, പിറ്റേദിവസം ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് വന്നപ്പോൾ പ്രവാസികൾക്ക് അൽപ്പം ഊർജ്ജം കിട്ടിയതുപോലെയായി. 
ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നവന് എന്തെങ്കിലും കിട്ടിയാൽ അതൊരു സദ്യതന്നെയാവുമെന്ന് എല്ലാവർക്കും അറിയാം. അക്കാര്യത്തിൽ കേരള സർക്കാരും തോമസ് ഐസക്കും കൈയടിനേടി എന്നുപറഞ്ഞൊലും തെറ്റാവില്ല. ഇതുവരെ  ഇല്ലാത്തവിധം എൺപത് കോടിയിലേറെ രൂപയാണ് പ്രവാസിക്ഷേമത്തിനായി പിണറായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. നാട്ടിൽ ചെലവുചുരുക്കിയും മുണ്ടുമുറുക്കിയും ഇടപാട് നടത്തിക്കൊണ്ടുപോകുന്നതിനിടയിൽ ലഭിച്ച ഈ കോടികൾ എന്തായാലും പ്രതീക്ഷയ്ക്ക് വകനൽകുന്നതുതന്നെയാണ്. എന്നാൽ, പ്രയോഗത്തിൽവരുമ്പോൾ ഇതെല്ലാം എങ്ങനെയായിരിക്കുമെന്നകാര്യത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
 അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയ എതിരാളികൾ സാങ്കൽപ്പികമായ സ്വപ്നബജറ്റായി ഇതിനെ ആക്ഷേപിച്ചത്. 
ഗൾഫ് നാടുകൾ ഇനി പഴയതുപോലെയാവില്ല എന്ന് ഇവിടെ ജീവിക്കുന്നവർ ആശങ്കപ്പെടുന്നുണ്ട്. സ്വദേശിവത്‌കരണവും സാമ്പത്തികരംഗത്തെ അസ്വസ്ഥതകളുമെല്ലാം പ്രവാസി മലയാളികൾക്കിടയിൽ ഏറെ ആശങ്കസൃഷ്ടിച്ചിട്ടുണ്ട്. 
തൊഴിൽ സുരക്ഷിതത്വം തന്നെയാണ് ഏവരെയും അലട്ടുന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും ഉയരാത്ത വരുമാനവും തൊഴിലിടത്തിലെ അനിശ്ചിതത്വവുമെല്ലാം അവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതുവരെയില്ലാത്തവിധം നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ആസന്നമായി എന്നൊരു തോന്നൽ എല്ലായിടത്തുമുണ്ട്. ഈ അവസ്ഥകളെ എങ്ങനെ നേരിടണമെന്നും തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം എത്രമാത്രം തയ്യാറായിട്ടുണ്ടാവും എന്നതുമാണ് ഇനി ആലോചിക്കേണ്ടകാര്യം. പ്രവാസിച്ചിട്ടിയിൽ ചേരുന്നവന് ഇൻഷുറൻസും പെൻഷനും എന്നൊക്കെയുള്ള പ്രഖ്യാപനം എത്രമാത്രം സ്വീകാര്യമാവും എന്നതും ചിന്തനീയം.
അതേസമയം പ്രവാസലോകത്തെക്കൂടി കണക്കിലെടുത്താണ് കിഫ്ബിയുടെപേരിൽ കേരളം സ്വപ്നങ്ങളും പദ്ധതികളും നെയ്തുകൂട്ടുന്നത്. പ്രവാസലോകത്തുനിന്ന് അതിനായി എത്രമാത്രം കിട്ടും എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.  
 പ്രവാസിക്ഷേമത്തിനും പ്രവാസം തേടുന്നവർക്കുമായി എൺപതു കോടി നീക്കിവെച്ചതും  രണ്ടാമത് ലോകകേരള സഭയുടെ നടത്തിപ്പിനും മറ്റുമായി 19 കോടി അനുവദിച്ചതും ഇതിനിടയിൽ ഏറെ ആശ്വാസംനൽകുന്ന പ്രഖ്യാപനങ്ങളാണ്.   വാർഷികവരുമാനം ഒരു ലക്ഷത്തിൽ താഴെയായവർക്ക് ആശ്വാസമെന്ന നിലയിലാണ് 16 കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. 
വിദേശനാടുകളിലെ തൊഴിലവസരങ്ങൾ അറിയിക്കുന്നതിനും അതുസംബന്ധിച്ച ചൂഷണങ്ങൾ തടയാനുമായി  പ്രത്യേകമായ ജോബ് പോർട്ടലാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായിരിക്കും എട്ടുകോടി വിനിയോഗിക്കുന്നത്.
 പ്രവാസികളുടെ പൂർണവിവരങ്ങൾ ക്രോഡീകരിച്ച് ഡാറ്റാ ബേസ് ഉണ്ടാക്കാൻ ഏഴുകോടി വകയിരുത്തിയിട്ടുണ്ട്. 
വിദേശത്തുൾപ്പെടെ പുതിയ തൊഴിൽസംരംഭങ്ങൾ നടത്താനാഗ്രഹിക്കുന്നവർക്ക് വേണ്ട ഉപദേശനിർദേശങ്ങൾ നൽകാനായി ബിസിനസ് ഫെലിസിറ്റേഷൻ സെന്ററുകൾ തുറക്കാനാണ് മറ്റൊരു നിർദേശം. ഇതിനായി 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതൊക്കെ വർഷങ്ങളായി പ്രവാസി സംഘടനകളും മാധ്യമങ്ങളുമെല്ലാം ഉന്നയിക്കുന്ന വിഷയങ്ങളാണ്. 
ജോബ് പോർട്ടലും ഉദ്യോഗാർഥികളെ മറുനാട്ടിലേക്ക് പോയി പണിയെടുക്കാൻ ഒരുക്കിനിർത്തുന്നതുമെല്ലാം എന്നോ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ്. ഇപ്പോഴെങ്കിലും അതിനെക്കുറിച്ചൊക്കെ നാം ആലോചിക്കുന്നു എന്നതാണ് ഈ ഘട്ടത്തിൽ ചെറിയ സന്തോഷം നൽകുന്നകാര്യം. 
 എന്നാൽ, കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്യാതെ അതിന്റെ ആവർത്തനമാണ്  തോമസ് ഐസക് ഇപ്പോഴും നടത്തിയിരിക്കുന്നതെന്ന് വിമർശനവും ഉയരുന്നുണ്ട്.  കോടികളുടെ കണക്ക് പറയുന്നവർ  കഴിഞ്ഞ ബജറ്റിൽ പറഞ്ഞ വർധിപ്പിച്ച പെൻഷൻ ഇന്നുവരെ നടപ്പാക്കിയിട്ടില്ലെന്നും ഓർമിപ്പിക്കുന്നു.  
മുഖ്യമന്ത്രിയായശേഷം ആദ്യമായി ദുബായിലെത്തിയപ്പോൾ  പിണറായി വിജയൻ ദുബായിൽ പറഞ്ഞ കാര്യങ്ങളും ലോക പ്രവാസി സഭയിൽ പറഞ്ഞതും  ബജറ്റിൽ കാണാനില്ലല്ലോ എന്ന് ചോദിക്കുന്നവരും ഉണ്ട്. 
എന്തായാലും ഒന്നും തരാതെയും മിണ്ടാതെയുംപോയ കേന്ദ്രത്തെക്കാൾ ഭേദമാണിതെന്നുകരുതി ആശ്വസിക്കുകയെങ്കിലുമാവാം ഇപ്പോൾ.