പാസ്‌പോർട്ടാണ് ഇപ്പോൾ പ്രവാസലോകത്തെ പ്രധാന ചർച്ചാവിഷയം. ഇന്ത്യൻ പാസ്പോർട്ടിന്റെ നിറങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശങ്ങളാണ് പരക്കെയുള്ള ആക്ഷേപത്തിന് വഴിവെച്ചിരിക്കുന്നത്. ഒരു പേരിലെന്തിരിക്കുന്നു, നിറത്തിൽ എന്തിരിക്കുന്നു എന്നൊക്കെ ആലങ്കാരികമായി ചോദിക്കുന്നവരുണ്ട്. നാട്ടിൽ വരുമാനമനുസരിച്ച് റേഷൻ കാർഡുകളുടെ നിറം മാറ്റിയപ്പോൾ ആർക്കും എതിർപ്പോ നാണക്കേടോ തോന്നിയില്ലല്ലോ എന്ന് ചോദിച്ച് നേരിയ പ്രതിരോധവുമായി ചില ഭക്തരും രംഗത്തുണ്ട്. എങ്കിലും പ്രവാസലോകം പൊതുവെ ഇത് വിവേചനമാണെന്ന് വിധിയെഴുതിക്കഴിഞ്ഞു. മിക്ക പ്രവാസി സംഘടനകളും ഇക്കാര്യത്തിൽ ഏകാഭിപ്രായത്തിലാണ്. നാട്ടിലുള്ള നേതാക്കളോടും പ്രസ്ഥാനങ്ങളോടും ശക്തമായ പ്രതിരോധം തീർക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നുമുണ്ട്.
വിദ്യാഭ്യാസം കുറഞ്ഞവർക്ക് ഇപ്പോൾ നൽകുന്ന പാസ്പോർട്ടിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യപ്പെടുന്ന സ്റ്റാമ്പ് പതിക്കുന്നുണ്ട്. അത്തരം പാസ്പോർട്ടുകൾ ഭാവിയിൽ ഓറഞ്ച് നിറത്തിൽ നൽകാനാണ് തീരുമാനം. ഇത്തരം പാസ്പോർട്ട് ഉടമകളെ വേഗത്തിൽ തിരിച്ചറിയാനും അവർക്ക് വിമാനത്താവളങ്ങളിൽ കൂടുതൽ ശ്രദ്ധലഭ്യമാക്കാനുമാണ് ഈ നീക്കമെന്നാണ്  ഔദ്യോഗികഭാഷ്യം. എന്നാൽ, ഇത് വലിയ വിവേചനമാണെന്നാണ് മിക്കവാറുംപേരുടെ വിലയിരുത്തൽ. 
ഭരണഘടന വിഭാവനംചെയ്യുന്ന സമത്വത്തിനെതിരായുള്ള നീക്കമാണെന്നും വിദേശരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യൻ പൗരന്മാരെ രണ്ടുതരത്തിലാക്കി വിഭജിക്കാനുള്ള നീക്കമായി ഇത് മാറുമെന്നും അവർ പറയുന്നു. ഇതിൽ വലിയൊരു ശരിയുണ്ടെന്ന് തന്നെയാണ് ഇതുസംബന്ധിച്ച പ്രതികരണങ്ങളും പറയുന്നത്. 
പാസ്പോർട്ട് എന്നത് വിദേശരാജ്യങ്ങളിൽ ഒരു പൗരന്റെ ദേശീയതയുടെയും പൗരത്വത്തിന്റെയും അടയാളമാണ്. പാശ്ചാത്യരാജ്യങ്ങളിൽ പലതിലും പാസ്പോർട്ടാണ് അവരുടെ തിരിച്ചറിയൽരേഖപോലും. പക്ഷേ, ഇന്ത്യക്കാരൻ പാസ്പോർട്ട് എടുക്കുമ്പോൾ അത് വിദേശയാത്രയ്ക്ക് വേണ്ടിയാണെന്നാണ് പൊതുനിഗമനം. വിദേശയാത്ര നടത്തുന്നില്ലെങ്കിലും പാസ്പോർട്ട് അവന്റെ പൗരത്വം സംബന്ധിച്ച രേഖ തന്നെയാണ്. നിറംമാറ്റത്തോടൊപ്പം മേൽവിലാസവും ബന്ധുത്വങ്ങളും വിശദമാക്കുന്ന അവസാനപേജും പാസ്പോർട്ടിൽനിന്ന് നീക്കാനാണ് പുതിയനീക്കം. കുട്ടികളുടെ അച്ഛനെ സംബന്ധിച്ച വിവരങ്ങൾ നൽകുമ്പോൾ ചില അപേക്ഷകർക്ക് പ്രയാസമുണ്ടെന്ന പരാതികൾ മുൻനിർത്തിയാണ് ഈ പരിഷ്കാരമെന്നാണ് വിിശദീകരണം. സിംഗിൾ പാരന്റിങ്ങ് പോലുള്ള അപേക്ഷകർക്കാണ് ഈ പ്രയാസം. മേൽവിലാസം രേഖപ്പെടുത്തിയ പേജാണ് പ്രവാസികൾക്ക് സ്വന്തംനാട്ടിലെ വലിയ രേഖയായി ഇന്നും കണക്കാക്കുന്നത്. 
ആ പേജ് വിദേശത്തും പങ്കാളിയുടെ രക്തബന്ധങ്ങൾ തെളിയിക്കാൻ സഹായിക്കുന്നുണ്ട്. പാസ്പോർട്ടിലെ ബാർകോഡ് പരിശോധിച്ചാൽ ഇതെല്ലാം വ്യക്തമാവുമെന്നതിനാൽ എമിഗ്രേഷൻ കൗണ്ടറുകളിൽ പ്രയാസമുണ്ടാവില്ല. എന്നാൽ, ബന്ധുക്കൾക്ക് വിസയ്ക്ക് അപേക്ഷിക്കാനും മറ്റും ഈ പേജ് ഏറെ സഹായകമാവുമെന്നാണ് എല്ലാവരും പറയുന്നത്. ഇനി ബന്ധുത്വം സ്ഥാപിക്കാൻ പുതിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടിവരും. അതിനാകട്ടെ അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആവശ്യമായി വരുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിലെല്ലാമുള്ള വിശദീകരണങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും, ഇപ്പോൾ തന്നെ ആശങ്കകളും ആശയക്കുഴപ്പവും വ്യാപകമാണ്.
വിദേശത്ത് ജോലി ലഭിക്കുന്നതിനിടയിൽ അപേക്ഷകർ ചൂഷണം ചെയ്യപ്പടാതിരിക്കാനാണ് വർഷങ്ങൾക്കുമുമ്പ് വിദ്യാഭ്യാസം കുറഞ്ഞവർക്ക് പ്രത്യേക എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമാണെന്ന നിബന്ധന കൊണ്ടുവന്നത്. പതിനാറോളം രാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് ഈ കടമ്പ. ചൂഷണം ഇല്ലാതാക്കാനായി കൊണ്ടുവന്ന പരിഷ്കാരത്തിന് പുതിയ മാറ്റത്തോടെ വിവേചനത്തിന്റെ കാലമാണ് വരുന്നതെന്നാണ് എല്ലാവരുടെയും ആശങ്ക. വിദ്യാഭ്യാസം കുറഞ്ഞവരെ രണ്ടാംകിട പൗരന്മാരാക്കി മാറ്റുന്നതിനും അവരിൽ അപകർഷബോധം സൃഷ്ടിക്കാനും ഇത് വഴിവെക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചില സ്ഥലങ്ങളിൽ ഇവർക്കായി ഭാവിയിൽ രണ്ടുതരം ക്യൂ വരെ രൂപപ്പെട്ടേക്കാം എന്നുവരെ സംശയിക്കുന്നവരുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവർ വിദേശത്ത്, വിശേഷിച്ചും ഗൾഫ് നാടുകളിൽ തൊഴിൽതേടി എത്തുന്നതിൽ ഏറെയും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. ഭാഷാപ്രശ്നമാണ് അവരെ ഏറെയും വിമാനത്താവളങ്ങളിൽ വലയ്ക്കാറുള്ളത്. 
പാസ്പോർട്ടിലുള്ള ഇ.സി.ആർ. സ്റ്റാമ്പ് കൊണ്ടുതന്നെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അവരെ തിരിച്ചറിയാമെന്നിരിക്കെ, പാസ്പോർട്ടിന്റെ പുറംചട്ടകളിലെ നിറവ്യത്യാസംകൊണ്ട് എന്താണ് മെച്ചമെന്ന് കേന്ദ്രസർക്കാർ തന്നെ വിശദീകരിക്കേണ്ടിവരും. ഇപ്പോഴത്തെ പാസ്പോർട്ട് സംബന്ധിച്ച് എവിടെയെങ്കിലും പരാതി ഉണ്ടായതായും അറിവില്ല. ഏതോ ഉദ്യോഗസ്ഥന്റെ വക്രബുദ്ധിയിൽ വിരിഞ്ഞ ഈ ആശയം ഒരിക്കലും പ്രവാസിയെ സംബന്ധിച്ചിടത്തോളം ഗുണപ്രദമല്ല. നാട്ടിൽപ്പോലും അവൻ വിവേചനത്തിന് വിധേയനാവും എന്നതും പരിഗണിക്കേണ്ടതുണ്ട്. 
പ്രവാസിയെന്നാൽ പണം പിഴിഞ്ഞെടുക്കാനുള്ളതാണെന്ന് കരുതുന്ന അനേകംപേർ ഇപ്പോഴും നമ്മുടെ സർക്കാർ ഓഫീസുകളിലുണ്ട്. ഈ പാസ്പോർട്ട്, അവഗണനയ്ക്കും വിലപേശലിനും കൂടി കാരണമാകുമെന്ന് നാട്ടിലെ കാര്യം മുൻകൂട്ടിക്കാണുന്ന ചിലർ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും ആരുടെ ബുദ്ധിയിൽ ഉദിച്ചതായാലും ശരി, നിറംമാറ്റത്തിലൂടെ പാവം പ്രവാസിയെ സഹായിച്ചുകളയാനുള്ള പരിഷ്കാരങ്ങൾ ആരും ആഗ്രഹിക്കുന്നില്ല. റേഷൻകാർഡിന്റെ കാര്യം പറഞ്ഞ് കാര്യങ്ങൾ ലഘൂകരിക്കാനുള്ള ചിലരുടെ ശ്രമവും ഒട്ടും ആശാസ്യമല്ല. നാട്ടിൽ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള ചില നടപടിക്രമങ്ങളാണ്. അത് നാട്ടിൽ വലിയ പ്രയാസമൊന്നും ആർക്കും ഉണ്ടാക്കില്ല. എന്നാൽ, വിദേശമണ്ണിൽ ഇന്ത്യൻ പൗരന്മാരെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും പേരിൽ വേർതിരിക്കുന്നത്
ഒരിക്കലും രാജ്യത്തിന് ഭൂഷണമല്ല. പ്രവാസലോകത്തെ വികാരങ്ങൾ കണക്കിലെടുത്ത് ഈ പരിഷ്കാരങ്ങൾ പിൻവലിക്കുകതന്നെവേണം. അതിനായി ജനനേതാക്കളുടെയും ജനപ്രതിനിധികളുടെയും ശബ്ദം ഉയരട്ടെ. ഇവിടെ ഉദ്ഘാടനംചെയ്തും സ്വീകരണം ഏറ്റുവാങ്ങിയും പോയ നേതാക്കളെങ്കിലും ഇക്കാര്യത്തിൽ പ്രവാസികളുടെ വികാരം ഉൾക്കൊള്ളണം. അതിനായി ഇവിടത്തെ സ്വീകരണക്കമ്മിറ്റിക്കാർ സമ്മർദം ചെലുത്തുകയും വേണം.