മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന സ്ഥിതിയിലുള്ള പൊതിയാത്തേങ്ങയാണ് ഇപ്പോള്‍ പ്രവാസിക്ക് ആധാര്‍ കാര്‍ഡ്. 182 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍ കഴിയുന്നവര്‍ക്കു മാത്രമേ ആധാര്‍കാര്‍ഡിന് അവകാശമുള്ളൂവെന്നാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേധാവി തന്നെ പ്രഖ്യാപിച്ചത്. പക്ഷേ, എല്ലാം ആധാറുമായി ലിങ്ക് ചെയ്യണമെന്നും സര്‍ക്കാര്‍ പറയുന്നു. 
ഏറ്റവും ഒടുവില്‍ ഡ്രൈവിങ് ലൈസന്‍സിലാണ് ആധാറിന്റെ ലിങ്കിങ് എത്തി നില്‍ക്കുന്നത്. ഇതിനിടയില്‍ പ്രവാസികളുടെ വിവാഹത്തിനും ആധാര്‍ നിര്‍ബന്ധമാണെന്ന പ്രഖ്യാപനവും വന്നു. അങ്ങനെ ആധാറിന്റെ കാര്യത്തില്‍ പ്രവാസിക്ക് മൊത്തം കണ്‍ഫ്യൂഷനാണ്. ഇതൊന്ന് തീര്‍ത്തുതരണേ എന്ന് ആരോടാണ് പറയേണ്ടതെന്നതിലും ആര്‍ക്കും ഒരു നിശ്ചയവുമില്ല.

സംഗതി അങ്ങനെയൊക്കെയാണെങ്കിലും നാട്ടില്‍ അവധിക്ക് പോയ പലരും ആധാറിന് കൈയും മുഖവും കണ്ണുമൊക്കെ കാണിച്ച് ആധാര്‍ കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കി തിരിച്ചെത്തിയിട്ടുണ്ട്. വരുമ്പോള്‍ വരട്ടെ എന്ന മട്ടില്‍ അവരുടെ വീട്ടുകാര്‍ അങ്ങേരെ കാത്തുനില്‍പ്പാണ്. എന്തിനും ഏതിനും നാട്ടില്‍ ആധാര്‍ കാര്‍ഡ് ചോദിക്കുമ്പോള്‍ ഇതൊന്നുമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് പ്രവാസിക്ക് അറിയാം. 
എന്നാല്‍, യു.ഐ.ഡി.എ.മേധാവി അജയ് ഭൂഷണ്‍ പാണ്ഡെ സാര്‍ അതിന്റെ പേരില്‍ വാളോങ്ങുമോ എന്ന ഭീതി പങ്കുവെക്കുന്നവരും ധാരാളമുണ്ട്. നാട്ടില്‍ ഒരു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാന്‍വരെ ഇപ്പോള്‍ ആധാറാണ് ആദ്യം ചോദിക്കുന്നത്. അപ്പോള്‍പ്പിന്നെ ആധാറില്ലാതെന്തു ചെയ്യും എന്ന് അന്തിച്ചു നില്‍ക്കുകയാണ് പ്രവാസികള്‍.

എന്തിന് ആധാര്‍ കാര്‍ഡ് എടുക്കുന്നതില്‍ നിന്ന് പ്രവാസികളെ വേര്‍തിരിച്ചു നിര്‍ത്തണം എന്ന് ചോദിച്ചുകൊണ്ട് പ്രവാസി ബന്ധു ചെയര്‍മാന്‍ കെ.വി. ഷംസുദ്ദീന്‍ ഉള്‍പ്പെടെുയള്ളവര്‍ പ്രധാനമന്ത്രിക്കും മറ്റും പലതവണ നിവേദനം നല്‍കിയിരുന്നു. എംബസ്സികളിലും കോണ്‍സുലേറ്റിലുമൊക്കെ ഇതിന് സംവിധാനം ഉണ്ടാക്കണമെന്നും അവര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതിനിടയിലാണ് ആധാറിന്റെ വ്യാപ്തി കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും.
ആധാര്‍ കാര്‍ഡ് നമ്മുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണെന്ന വിവാദം നാട്ടില്‍ കത്തിക്കയറുന്നുണ്ട്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി കൂടി വന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഭാവിയെക്കുറിച്ച് ചിലര്‍ ആശങ്കപ്പെടുന്നുമുണ്ട്. എങ്കിലും ഇന്ത്യയില്‍ മിക്ക ഇടപാടുകള്‍ക്കും ഇനി ആധാര്‍ കാര്‍ഡ് വേണ്ടിവരുമെന്ന സ്ഥിതി തന്നെയാണ് നിലവിലുള്ളത്. അപ്പോള്‍പ്പിന്നെ പ്രവാസിക്ക് ഈ 182 ദിവസത്തെ സ്ഥിരതാമസം എന്ന കടമ്പ എന്തിനാണ് എന്ന ചോദ്യം അവശേഷിക്കുന്നു. 

പാസ്‌പോര്‍ട്ടായിരുന്നു ഇതുവരെ പ്രവാസിയുടെ ഏറ്റവും വലിയ തിരിച്ചറിയല്‍ കാര്‍ഡ്. അതിന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍ പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ എന്തുചെയ്യണം എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പ്രവാസികള്‍.കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ഇനി പ്രവാസികളെയും നിയമപ്രകാരം തന്നെ ആധാറിന് അര്‍ഹരാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെ.വി. ഷംസുദ്ദീനെ പോലുള്ളവര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. റേഷന്‍ കാര്‍ഡിന് മുതല്‍ വിവാഹത്തിന് വരെ ആധാര്‍ ചോദിക്കുമ്പോള്‍ പ്രവാസിക്ക് ഇനിയും ഒളിച്ചുകളിക്കാനാവില്ല. നിയമം അനുവദിച്ചാലും ഇല്ലെങ്കിലും ധാരാളം പേര്‍ ആധാര്‍ കാര്‍ഡ് ഇതിനകം വാങ്ങിയിട്ടുണ്ട്. എങ്കിലും 182 ദിവസത്തെ ഇന്ത്യയിലെ താമസം എന്ന വ്യവസ്ഥ അവരുടെ കഴുത്തിന് മുകളില്‍ ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിനില്‍പ്പുണ്ട്. ഈ അനിശ്ചിതത്വം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ. അക്കാര്യത്തില്‍ ഇനിയും അമാന്തം ഉണ്ടായിക്കൂടാ. പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് പോലെയുള്ള സംവിധാനത്തിലൂടെ സമ്മതിദാനാവകാശവും വരാന്‍ പോവുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ആ അവകാശം പ്രവാസിക്ക് കിട്ടും എന്ന കാര്യത്തില്‍ ഇനി സംശയമൊന്നുമില്ല. അപ്പോഴും ആധാര്‍ കാര്‍ഡ് ഒരു വിശിഷ്ടാതിഥിയായി എത്തുമെന്ന് ശങ്കിക്കുന്നവരും ധാരാളം. അപ്പോള്‍ കാര്‍ഡിനായി പരക്കം പായുന്നതിന് പകരം ഇപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ഒരു വ്യവസ്ഥ ഉണ്ടാക്കുന്നതായിരിക്കുമല്ലോ നല്ലത്. അക്കാര്യത്തിന് വേണ്ടിയാവണം ഇനിയുള്ള ശ്രദ്ധ. ആധാര്‍ കാര്‍ഡില്ലെങ്കിലും കാര്യങ്ങള്‍ നടക്കുമോ എന്നതാണ് പ്രവാസികള്‍ക്ക് അറിയേണ്ടത്. ഇക്കാര്യത്തില്‍ അധികം വൈകാതെ തന്നെ തീരുമാനം ഉണ്ടാവണം. പ്രധാനമന്ത്രി മോദിക്കും കേന്ദ്രസര്‍ക്കാരിനും ജയ ജയ പാടുന്ന പ്രവാസി സംഘടനകളെങ്കിലും ഇക്കാര്യത്തില്‍ ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.