ഷാർജ വീണ്ടും ഒരു പുരസ്കാരത്തിന്റെ നിറവിലാണ്. 2019-ലെ ലോക പുസ്തക തലസ്ഥാനമായാണ് ഇത്തവണത്തെ പുരസ്കാരം. യുനെസ്കോയാണ് ഈ അംഗീകാരം പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ഈ നഗരത്തിന്റെ പെരുമ ലോകമെങ്ങും അറിയപ്പെടാനുള്ള വഴി കൂടിയായി. അക്ഷരങ്ങളുടെ നഗരമായ, പുസ്തകങ്ങളുടെ പൂരപ്പറമ്പായ ഷാർജയ്ക്ക് ഇത് എത്രയോമുമ്പേ ലഭിക്കേണ്ടിയിരുന്ന പുരസ്കാരമാണ്. എന്നാലും യു.എ.ഇ.യുടെ  വായനവർഷത്തിന് തൊട്ടുപിന്നാലെ  എത്തിയ ഈ പുരസ്കാരം ഷാർജ അക്ഷരാർഥത്തിൽ തന്നെ അർഹിക്കുന്നുണ്ട്. അക്ഷരങ്ങളെ പ്രണയിക്കുന്ന ഒരു ഭരണാധികാരിയുടെ പ്രവർത്തനങ്ങൾക്കുള്ള ലോകത്തിന്റെ അംഗീകാരം കൂടിയാണ് ഈ പുരസ്കാരമെന്ന് കേട്ടവരെല്ലാം വിധിയെഴുതുന്നു. 
ഷാർജയുടെ യാത്ര എക്കാലത്തും അക്ഷരങ്ങളുടെ വഴിയിലൂടെയായിരുന്നു. അംബരചുംബികളായ കെട്ടിടങ്ങളുടെ എണ്ണത്തിലോ  ആഢംബരങ്ങളുടെ അവസാന വാക്കുകളായ പദ്ധതികളിലോ ആയിരുന്നില്ല ഈ സാംസ്കാരിക നഗരം സഞ്ചരിച്ചത്. അതിനായി അവർ മത്സരിച്ചതുമില്ല. എന്നാൽ  പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശേഷിപ്പുകൾ സംരക്ഷിക്കുക ഒരു ദൗത്യമായി അവർ ഏറ്റെടുത്തു. അതിനായി നിരവധി പദ്ധതികളാണ് ഏതാനും വർഷങ്ങളായി അവർ യാഥാർഥ്യമാക്കിയത്. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വവും താത്പര്യവും തന്നെയായിരുന്നു ഈ യാത്രയിലുള്ള ഷാർജയുടെ കരുത്ത്. അത് ഫലപ്രദമായി നടപ്പാക്കിയ സർക്കാർ സംവിധാനങ്ങളും ഏറെ അനുമോദനം അർഹിക്കുന്നു. 
സംസ്കാരത്തിനും പുസ്തകങ്ങൾക്കുമായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ഷാർജയ്ക്ക് പുതുമയല്ല. പോയ വർഷങ്ങളിൽ ഷാർജയെ തേടിയെത്തിയ ലോക പുരസ്കാരങ്ങൾ തന്നെ അത് വിളിച്ചുപറയും. 1998-ൽ അറബ് സംസ്കാരത്തിന്റെ തലസ്ഥാനം, 2014-ൽ ഇസ്ലാമിക സംസ്കാരത്തിന്റെ തലസ്ഥാനം, 2015-ൽ അറബ് ടൂറിസത്തിന്റെ തലസ്ഥാനം എന്നിവ അതിൽ ചിലത് മാത്രം. ലോകമാകെ ശ്രദ്ധിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവമാണ് മറ്റൊന്ന്. ചെറിയ തോതിൽ തുടങ്ങിയ ആ പുസ്തകമേള ഇന്ന് ലോകത്തിലെതന്നെ മൂന്നാമത്തെയോ നാലാമത്തെയോ മേളയായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഒട്ടുമിക്ക പ്രസാധകരും എത്തിച്ചേരുന്ന ഷാർജ പുസ്തകോത്സവത്തിന്റെ മികവും വലുപ്പവും അറിയാത്ത മലയാളി വായനക്കാരൻ ഇന്നുണ്ടാവില്ല. അത്രയേറെ അതുമായി  ലയിച്ചുചേർന്നിട്ടുണ്ട് യു.എ.ഇ.യിലെ മലയാളികൾ. അയൽ രാജ്യങ്ങളിൽ നിന്നുപോലും ഈ മേളയിൽ പുസ്തകങ്ങൾ തേടി എത്തുന്നവർ നിരവധിയാണ്. അവിടെയും ഷാർജ ഭരണാധികാരിയുടെ സാന്നിധ്യവും താത്പര്യവും ലോകം ആദരത്തോടെ നോക്കിക്കാണുന്നുണ്ട്. 
സംസ്കാരവും പൈതൃകവും പാരമ്പര്യവുമെല്ലാം സംരക്ഷിക്കുന്നതിലും അത് പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിലും ഷാർജ ഭരണാധികാരിയും സർക്കാരും കാണിക്കുന്ന താത്പര്യമാണ് ഈ അംഗീകാരത്തിന് പിന്നിലെ രഹസ്യം.  2019-ലെ പുസ്തകങ്ങളുടെ ലോക തലസ്ഥാനമെന്ന പുതിയ പുരസ്കാരം ഈ രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്താനുള്ള അവസരം കൂടിയാണ്. പുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനും നാട്ടുകാരെ വായനയിലേക്ക് ആകർഷിക്കുന്നതിനുമുള്ളതാണ് ആ പ്രവർത്തനങ്ങൾ. വർഷങ്ങളായി ഷാർജ ഈ രംഗത്ത് അതേവഴിയിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് വരുന്നുണ്ട്. 45,000 കുടുംബങ്ങളിൽ സ്വന്തമായി പുസ്തകശേഖരമൊരുക്കിയുള്ള ലൈബ്രറി ഷാർജ ഉറപ്പുവരുത്തിയത് രണ്ടുവർഷം മുമ്പാണ്. ‘എന്റെ ആദ്യ പുസ്തകം’ എന്ന പദ്ധതിയിലൂടെ ഗർഭിണികൾക്ക് മികച്ച പുസ്തക ശേഖരം നൽകി പുതുതലമുറയെ പുസ്തകങ്ങളിലേക്ക് ആകർഷിക്കുന്ന പദ്ധതിയും നടന്നുവരുന്നു. സ്വദേശികളിലും വിദേശികളിലുമെല്ലാം അക്ഷരങ്ങളോടും പുസ്തകങ്ങളോടുമുള്ള ആഭിമുഖ്യം വളർത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. ഷാർജ പുസ്തകോത്സവത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടക്കുന്ന പരിപാടികളും ഏറെ ശ്ലാഘനീയമാണ്. 
കുട്ടികൾക്കായി ഷാർജയിൽ നടക്കുന്ന പുസ്തകോത്സവവും ഏറെ ശ്രദ്ധേയമായ പരിപാടിയാണ്.  ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ എന്ന പേരിലുള്ള പരിപാടിയിൽ ഇത്തവണ 1500-ൽ ഏറെ പ്രസാധകരാണ് പങ്കെടുത്തത്. കുട്ടികൾക്കായി രണ്ടായിരത്തിലേറെ പരിപാടികളും ഈ മേളയിൽ അരങ്ങേറി. 
ലോക പുസ്തക തലസ്ഥാനമായി യുനെസ്‌കോ  തിരഞ്ഞെടുക്കുന്ന പത്തൊമ്പതാം  നഗരമാണ്  ഷാർജ. 2001-ൽ മാഡ്രിഡിൽനിന്ന് തുടങ്ങിയ ആ പട്ടികയിൽ 2003-ൽ ന്യൂഡൽഹിയും ഉൾപ്പെടുന്നു എന്നത് ഇന്ത്യക്കാർക്ക് ഏറെ  അഭിമാനകരമാണ്.  അക്ഷരങ്ങളുടെയും സംസ്കാരത്തിന്റെയും പേരിൽ ഷാർജ നടത്തുന്ന പ്രവർത്തനങ്ങൾ ലോകം ഏറെ താത്പര്യത്തോടെയും ആദരത്തോടെയും വീക്ഷിക്കുന്നു എന്നതാണ് ലോക പുസ്തക തലസ്ഥാനമായുള്ള പുതിയ അംഗീകാരം പ്രഖ്യാപിക്കുന്നത്. ഇക്കാര്യത്തിൽ ശൈഖ് സുൽത്താന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. പ്രാദേശിക സമൂഹങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങൾ പരസ്പരം മനസ്സിലാക്കാനും സഹിഷ്ണുതയുള്ള പുതിയ സമൂഹത്തെ കെട്ടിപ്പടുക്കാനും ഉപകരിക്കും എന്ന ശൈഖ് സുൽത്താന്റെ വിശ്വാസത്തിനുള്ള അംഗീകാരമാണിതെന്ന് എമിറേറ്റ്‌സ് പബ്ലിഷേർസ് അസോസിയേഷൻ പ്രസിഡന്റ് ശൈഖ ബോദോർ ബിന്റ് സുൽത്താൻ അൽ ഖാസിമി എടുത്തുപറയുന്നതും ഈ വേളയിൽ ഏറെ പ്രസക്തമാണ്.
ആശയസംവാദങ്ങളും പാരമ്പര്യത്തെ കുറിച്ചുള്ള അവബോധവുമാണ് മികച്ച സമൂഹസൃഷ്ടിക്ക് ആധാരം. ഷാർജ വർഷങ്ങളായി നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട് ഇത്തരം പ്രവർത്തനങ്ങൾ. 2019-ലെ പുരസ്കാരലബ്ധിയിലേക്ക് ഇനിയും ദിവസങ്ങളുണ്ട്. എങ്കിലും കൂടുതൽ  ആവേശത്തോടെ നിലവിലുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും കൂടുതൽ ഉയരങ്ങളിലെത്താനും ഈ പുസ്കാരം വഴിതുറക്കുമെന്ന് പ്രത്യാശിക്കാം.