ദുബായിലുള്ള പ്രവാസിമലയാളി സംഘടനകളും സാംസ്കാരിക പ്രവർത്തകരുമെല്ലാം ഒരുകാര്യം ഒരേസ്വരത്തിൽ സമ്മതിക്കുന്നു. ഇതുപോലൊരു പുസ്തകപ്രകാശനം ആരുടെയും ഓർമയിലുണ്ടായിരുന്നില്ലെന്ന്. മറ്റുചിലർ പറയുന്നു, ഇത്രയും ആവേശവും ഉത്സാഹവും നിറഞ്ഞ ഒരു സാംസ്കാരികപരിപാടിയും യു.എ.ഇ.യിൽത്തന്നെ ഉണ്ടായിരുന്നില്ലെന്ന്. അതെന്തായാലും ഈ ചടങ്ങിന് സാക്ഷികളായ ഓരോ മനുഷ്യനും ആ ചടങ്ങിന്റെ വികാരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മടങ്ങിയത്. കേവലം ഒരു പുസ്തകപ്രകാശനം എന്നതിനപ്പുറം മാനവികതയുടെയും സ്നേഹത്തിന്റെയും മഹത്തായ വിളംബരം കൂടിയായിരുന്നു ആ ചടങ്ങെന്ന് ഓരോ വ്യക്തിയും അവിടെ തിരിച്ചറിഞ്ഞിരുന്നു. അതുതന്നെയായിരുന്നു ആ ചടങ്ങിന്റെ സവിശേഷതയും.
വെള്ളിയാഴ്ച ദുബായിൽ സംഘടിപ്പിച്ച എഴുത്തുകാരി ബിന്ദു സന്തോഷിന്റെ പുസ്തകത്തിന്റെ പ്രകാശനം തന്നെയാണ് വിഷയം.
 പത്തൊമ്പതാം വയസ്സിൽ ചികിത്സക്കിടയിലെ പിഴവിനെത്തുടർന്ന് കാഴ്ചനഷ്ടപ്പെട്ട ബിന്ദുവിന്റെ ജീവിതം അതിജീവനത്തിന്റെതായിരുന്നു. എല്ലാ പ്രതിബന്ധങ്ങളോടും പൊരുതിക്കയറിയ ജീവിതം. ആദ്യം കാഴ്ചയും പിന്നെ വൃക്കകളും... ജീവിതം തളരാൻ ഇത്രയൊന്നും വേണ്ടതില്ല. പക്ഷേ, കൂടെനിന്ന് കൈത്താങ്ങായി മാറിയ ഭർത്താവിന്റെ കരുത്തിൽ, അക്ഷരസ്നേഹികളായ കുറേമനുഷ്യരുടെ തണലിൽ അവർ ജീവിതത്തോട് പൊരുതിക്കൊണ്ടേയിരുന്നു. പത്തൊമ്പതാം വയസ്സിൽ കാഴ്ചനഷ്ടപ്പെട്ട ബിന്ദു പിന്നെ ലോകംകണ്ടത് കൂട്ടുകാർ പറഞ്ഞുകൊടുത്ത, വായിച്ചുകൊടുത്ത കഥകളിലൂടെയും കവിതകളിലൂടെയുമായിരുന്നു. അവരുടെ എഴുത്തുകളും അവർ കറുപ്പിലും വെളുപ്പിലുമായി  രേഖപ്പെടുത്തി. അങ്ങനെ വർഷങ്ങളായി എഴുതിക്കൂട്ടിയ കഥകളും കവിതകളുമാണ് ‘വാക്‌സ്ഥലി-അതിജീവനത്തിന്റെ പുസ്തകം’ എന്ന പേരിൽ വെള്ളിയാഴ്ച ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ പ്രകാശിതമായത്. 
    പുസ്തകപ്രകാശനം ഇന്ന് എവിടെയും പുതിയ കാര്യമല്ല. ഷാർജ പുസ്തകോത്സവവേളയിൽ പുസ്തകശാലകളിൽവരെ പ്രകാശനം നടക്കുന്നത് പതിവാണ്. പ്രവാസലോകത്ത് ധാരാളംപേർ എഴുതുന്നു, അനവധി പ്രസാധകർ അവ ഏറ്റെടുക്കുന്നു. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സ്വന്തംപേരിൽ ഒരു പുസ്തകം പുറത്തിറങ്ങുകയെന്നത് ഏറെ ആഹ്ലാദവും അഭിമാനവും നൽകുന്ന കാര്യംതന്നെ. പക്ഷേ, ഇവിടെ ബിന്ദുവിന്റെ വാക്‌സ്ഥലി വ്യത്യസ്തമാവുന്നത് മറ്റുപല കാരണങ്ങളാലാണ്. സ്വമേധയാ പ്രസാധനം ഏറ്റെടുത്തവർമുതൽ  അത് പുറത്തിറക്കുന്നതുവരെ വിയർപ്പൊഴുക്കിയവർവരെ ആ സത്‌കൃത്യത്തിന്റെ കണ്ണികളാണ്. ആ ചടങ്ങിലേക്ക് ആരും ആരെയും പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെ  അറിഞ്ഞവരും സോഷ്യൽ മീഡിയയിലൂടെ ഈ പ്രകാശന ചടങ്ങ് തരംഗമാക്കിയവരുമെല്ലാം മുൻനിരക്കാരായി മുന്നിൽനിന്നു.
 ആരും ആരെയും നയിച്ചില്ല, നിയന്ത്രിച്ചില്ല. എന്നാൽ, എല്ലാവരും എല്ലായിടത്തും ഉണ്ടായിരുന്നു. ഒരു ചടങ്ങ് താരപ്പൊലിമ ഇല്ലാതെയും വിജയിക്കുമെന്നതിന്റെ കൂടി തെളിവായിമാറി വാക്‌സ്ഥലിയുടെ പ്രകാശനച്ചടങ്ങ്. ആളെ സംഘടിപ്പിക്കാൻ മുഖ്യാതിഥിയെ കാത്തിരിക്കുന്നവരും അതിഥിയുടെ സമയമനുസരിച്ച് പരിപാടി നീട്ടുന്നതുമൊക്കെ നമുക്ക് ശീലമായി കഴിഞ്ഞ നടപടികളാണ്. എന്നാൽ, ഇവിടെ താരം എഴുത്തുകാരി തന്നെയായിരുന്നു. അവരോടുള്ള സ്നേഹവും ആദരവും രേഖപ്പെടുത്താനായാണ് എല്ലാവരും അവിടെ ഒത്തുകൂടിയത്. പക്ഷേ, അവർ ആരെയും കണ്ടില്ല. എന്നാൽ, അകക്കണ്ണാലെ അവർ അത് തിരിച്ചറിഞ്ഞു. അവിടെ തടിച്ചുകൂടിയ ആൾക്കൂട്ടത്തെ, അവർ പൊഴിച്ച സ്നേഹത്തെ, അവരുടെ പ്രാർഥനകളെ അവർ അറിഞ്ഞു. ഇപ്പോൾ കൂടുതൽ ജീവിക്കുമെന്ന ഉറപ്പും ആ ചടങ്ങ് നൽകിയെന്നാണ് ബിന്ദു സന്തോഷ് പ്രതികരിച്ചത്. കാരണം, ഇവിടെ തടിച്ചുകൂടിയ ഈ ജനക്കൂട്ടത്തിന്റെ പ്രാർഥന വ്യർഥമാവില്ലെന്ന വിശ്വാസമായിരുന്നു ആ ഉറപ്പിലേക്ക് ബിന്ദുവിനെ എത്തിച്ചത്.
  ഇവിടെയാണ് നിസ്വാർഥസേവനത്തിന്റെയും മാനവികതയുടെയും കറയില്ലാത്ത സ്നേഹത്തിന്റെയും വെള്ളിവെളിച്ചം പരന്നൊഴുകുന്നത്. രണ്ടോ മൂന്നോ ആഴ്ച നാലഞ്ചുപേരിൽ തുടങ്ങിയ ആശയമാണ് വലിയൊരു പ്രസ്ഥാനമായി രൂപപ്പെട്ടത്. അവിടെ അവർ എല്ലാം മറന്നു. പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയവും ജാതിയും മതവും വർണവുമെല്ലാം അപ്രസക്തമായി. എല്ലാവരുടെയും മനസ്സിൽ രൂപപ്പെട്ട ആശയം എഴുത്തുകാരിയുടെ സന്തോഷംമാത്രം. ശാരീരികമായും സാമ്പത്തികമായും തളർന്നുനിന്ന ഘട്ടത്തിൽ അവർക്കൊരു താങ്ങായി മാറിയ ഈ കൂട്ടായ്മയാണ് പ്രവാസലോകത്ത് ഇന്ന് ചർച്ച. എഴുത്തുകാരിക്കെന്നപോലെത്തന്നെ ആ കൂട്ടായ്മയ്ക്കുമുണ്ട് അനുമോദനത്തിന്റെ നൂറുനൂറുപൂക്കൾ.
കൂട്ടത്തിലൊരാൾക്ക് കാലിടറുമ്പോൾ, മനസ്സൊന്ന് വിങ്ങുമ്പോൾ ഓടിയെത്തുന്ന സുമനസ്സുകൾ ചുറ്റുമുണ്ട് എന്ന വിശ്വാസം ഊട്ടിയുറപ്പിച്ചു ഈ ചടങ്ങ്. ഇത് നൈമിഷികമായ ഒരാവേശം മാത്രമല്ലെന്ന് അവിടെ കൂടിയ ഓരോ ആളുടെയും ശരീരഭാഷ വിളിച്ചുപറഞ്ഞിരുന്നു. വഴിയിൽ വീണുപോകുന്നവർക്ക് കൈത്താങ്ങാവാൻ, ഒരു കുളിർകാറ്റായി മാറാൻ  എന്നും നമുക്കാവണം. അതാവട്ടെ ഇനിയുള്ള ദൗത്യം.