ഈവാരാന്ത്യക്കുറിപ്പിന്റെ തലവാചകം മുഖപുസ്തകത്തില്‍നിന്ന് കടമെടുത്തതാണ്. ദുബായിലെ സാംസ്‌കാരികപ്രവര്‍ത്തകനായ ഇ.കെ. ദിനേശന്റെ വാക്കുകളാണത്. തലവാചകം മാത്രമല്ല, ഏതാനും വരികളും ഇതോടൊപ്പം ചേര്‍ക്കട്ടെ.'എഴുത്ത് എഴുത്തുകാരെ സംബന്ധിച്ച് ആത്മനിര്‍വൃതിയുടെ ഒരിടത്തെകൂടി പൂരിപ്പിക്കുന്നുണ്ട്. അത് വായനക്കാരന്റെ പ്രതികരണത്തിനുമപ്പുറം എഴുത്തുകാര്‍ സ്വയം അനുഭവിക്കുന്ന ആത്മനിര്‍വൃതി കൂടിയാണ്. അവിടെ അയാള്‍ തന്നിലേക്ക് ഒഴിച്ചെടുക്കുന്നത് എഴുത്തിന്റെ വൈകാരികതയാണ്. അതിന് മറ്റൊരാര്‍ഥത്തില്‍ ഭൗതികതയുടെ ഗന്ധമുണ്ട്. അവിടെ സര്‍ഗാത്മകതയുടെ ആഴമോ അതിലൂടെ ഒഴുകുന്ന ലാവണ്യമോ പ്രസക്തമല്ല. മറിച്ച് താന്‍ എഴുതിയത് മഷിപുരണ്ട്, അടുക്കും ചിട്ടയോടും പുതുപിറവിയറിയിക്കുന്ന എഴുത്തിന്റെ രണ്ടാംജന്മം. 
അത് പുസ്തകത്തിന്റെ രൂപത്തില്‍ തന്റെ കാഴ്ചയ്ക്ക് മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ കുടുംബത്തില്‍ പുതിയൊരു അംഗമായി മാറുന്നു. ഇതൊക്കെ കാഴ്ചനല്‍കുന്ന അഹങ്കാരമാണ്. എന്നാല്‍ എഴുതി, അവ മഷിയിലൂടെ വറുത്തെടുത്ത് പുസ്തകമായി വന്നിട്ട് അതിന് ജന്മംനല്‍കിയവര്‍ക്ക് അതിനെ കാഴ്ചകൊണ്ട് തൊട്ടറിയാന്‍ കഴിയാത്ത അവസ്ഥ നല്‍കുന്ന വേദന... അത് അനുഭവിക്കുന്നവരുടെ മാത്രം സ്വന്തമാണ്. 

എന്നാല്‍, നമുക്കിടയില്‍ ബിന്ദു സന്തോഷ് എന്ന എഴുത്തുകാരിക്ക് കാഴ്ചയുടെ കറുത്ത അഭാവം നല്‍കുന്ന നോവ് എന്നോ നമ്മുടെ വേദനയായി മാറിക്കഴിഞ്ഞു.'
ബിന്ദു സന്തോഷ് എന്ന എഴുത്തുകാരിയുടെ രചനകളുടെ സമാഹാരമായ 'വാക്സ്ഥലി- അതിജീവനത്തിന്റെ പുസ്തകം' എന്ന കൃതിയെക്കുറിച്ചാണ് ഈ വരികള്‍. വാക്സ്ഥലി വെള്ളിയാഴ്ച പ്രകാശനം ചെയ്യപ്പെടും. ഒരു കൂട്ടായ്മയുടെ വിജയഗാഥ എന്നുപറഞ്ഞാലും ഈ പുസ്തകത്തിനും വരാന്‍പോകുന്ന ചടങ്ങിനും ചേരും. അത്രമാത്രം തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് എഴുത്തുകാരിയും അവര്‍ക്കുവേണ്ടി ഈ പുസ്തകം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ചവരും കടന്നുവന്നത്. ബിന്ദു സന്തോഷ് എന്ന എഴുത്തുകാരി പ്രവാസലോകത്ത് ഏറെ പരിചിതയാണ്. ചികിത്സയിലെ പിഴവുമൂലം എന്നന്നേക്കുമായി ഈ ലോകത്തിന്റെ എല്ലാ കാഴ്ചകളും നിഷേധിക്കപ്പെട്ട ജീവിതം. ഇരുപത് വര്‍ഷത്തിലേറെയായി അതിനോട് അവര്‍ പൊരുത്തപ്പെട്ടിരിക്കുന്നു. അതിനോടൊപ്പം വൃക്കരോഗവും കൂടിയായതോടെ ജീവിതം ചുവരുകള്‍ക്കുള്ളിലായി. പക്ഷേ, അക്ഷരങ്ങളിലൂടെ അവര്‍ ലോകത്തോട് പലതും പറഞ്ഞു. കാഴ്ചയുണ്ടായിരുന്നപ്പോള്‍ ഓര്‍മകളില്‍ പതിഞ്ഞ കാഴ്ചകളുണ്ടായിരുന്നു അതില്‍. അകക്കണ്ണുകൊണ്ട് അവര്‍ കണ്ടതും അക്ഷരങ്ങളായി രൂപമെടുത്തു. ചുറ്റുമുള്ള ഇരുട്ടിലേക്കുനോക്കി അവര്‍ സ്വപ്‌നങ്ങള്‍ തുന്നിയെടുത്തിട്ടുണ്ട്. കഥകളും കവിതകളും ഒരുക്കി. അതില്‍ ഏറെയും രമേശ് പെരുമ്പിലാവ് എന്ന സുഹൃത്തിന്റെ വിരലുകളിലൂടെ വെളിച്ചം കണ്ടു. വാക്സ്ഥലി എന്ന ബ്ലോഗില്‍ വന്ന എഴുത്തുകളുടെ സമാഹാരമാണ് ഇപ്പോള്‍ അക്ഷരക്കൂട്ടം എന്ന സുഹൃദ്‌സംഘത്തിന്റെ ആവേശത്തില്‍ പുസ്തകമായി മാറുന്നത്. ഈ പ്രകാശനത്തിനുമുണ്ട് വലിയ ആവേശത്തിന്റെ, സ്‌നേഹവായ്പിന്റെ സ്പര്‍ശം. ഒരു ബുധനാഴ്ച വാട്‌സാപ്പ് കൂട്ടായ്മയിലൂടെ സുഹൃത്തുക്കള്‍ രൂപപ്പെടുത്തിയെടുത്ത ആശയമാണ് വെള്ളിയാഴ്ച സാക്ഷാത്കരിക്കപ്പെടുന്നത്. വലിയ ഒരുക്കങ്ങളൊന്നുമില്ലാതെയുള്ള ഒരു കുതിപ്പായിരുന്നു അത്. ഇപ്പോള്‍ ലക്ഷ്യത്തോടടുക്കുമ്പോള്‍ ആവേശം എല്ലാവരിലും നിറഞ്ഞുനില്‍ക്കുന്നു.

പത്തൊമ്പതാം വയസ്സില്‍ അതുവരെ കണ്ടുകൊണ്ടിരുന്ന ലോകം പെട്ടെന്ന് അപ്രത്യക്ഷമാവുമ്പോള്‍ ആരും ഒന്നുപതറും. ബിന്ദുവിനും അത് പരീക്ഷണകാലമായിരുന്നു. ഭര്‍ത്താവ് സന്തോഷ് എന്ന ഉണ്ണിയേട്ടനായിരുന്നു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് അവര്‍ പറയും. അഞ്ച് ഇന്ദ്രിയങ്ങളിലൊന്ന് ഇല്ലാതായാല്‍ ആറാമതൊരു ഇന്ദ്രിയം രൂപപ്പെടുമെന്ന് കണ്ടെത്തുകയായിരുന്നു എഴുത്തുകാരി. കവിതയോ കഥയോ ഒന്നും മനസ്സിലില്ലാതിരുന്ന ആ നാളുകള്‍ പിന്നിട്ട് രോഗപീഢകളിലൂടെയുള്ള ജീവിതത്തിനിടയില്‍ ഹൃദയത്തില്‍ വാക്കുകള്‍ പൂത്തലഞ്ഞു. അതാണ് വാക്സ്ഥലിയായി രൂപമെടുക്കുന്നത്. 21 വര്‍ഷമായി ഈ പ്രവാസഭൂമിയിലുണ്ട് എഴുത്തുകാരി. ചുറ്റുമുള്ളത് കാണാന്‍ കണ്ണുകള്‍ വേണമെന്ന് ആരാണ് പറഞ്ഞതെന്ന് ഒരിക്കല്‍ അവര്‍ ചോദിച്ചു. കണ്ണുള്ളവരല്ലേ അങ്ങനെ ചോദിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കും. അതാണ് ശരി. കണ്ണില്ലാതെയും കാണാം, അനുഭവിക്കാം എന്ന് ലോകത്തോട് വിളിച്ചുപറയുന്നുണ്ട് എഴുത്തുകാരി. പത്തൊമ്പതാം വയസ്സില്‍ മനസ്സില്‍ പതിഞ്ഞതാണ് കൊച്ചുമകന്റെ നേരിയ ചിത്രം. ഇപ്പോള്‍ അവന്‍ യുവാവായിരിക്കുന്നു. ഇനിയൊരിക്കല്‍ കാഴ്ച കിട്ടിയെങ്കില്‍ ആദ്യം കാണണമെന്ന് അവര്‍ ആഗ്രഹിക്കുന്ന മുഖവും അതുതന്നെ.
ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടുപോയ ഒരു ജീവീതത്തിന് എഴുത്തിലൂടെ ലഭിച്ചത് ആസ്വാദകലോകത്തിന്റെ അംഗീകാരവും എണ്ണമറ്റ സൗഹൃദങ്ങളുമാണ്. ആ സൗഹൃദങ്ങളിലെ കൂട്ടായ്മയാണ് ഇപ്പോള്‍ പുസ്തകത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സ്വന്തം പുസ്തകങ്ങള്‍ക്ക് പോലും ഇത്രയും ആവേശവും തിടുക്കവും ഇതിന് മുന്നിട്ടിറങ്ങിയവര്‍ പ്രകടിപ്പിച്ചിട്ടുണ്ടാവില്ല. സമയബന്ധിതമായി എല്ലാം തീര്‍ക്കണമെന്ന വാശിയോടെ, അതിലേറെ ആത്മാര്‍ഥതയോടെ അക്ഷരസ്‌നേഹികളുടെ കൂട്ടം ഓടിനടക്കുമ്പോള്‍ അവര്‍ക്കുമുന്നില്‍ പ്രതിബന്ധങ്ങളെല്ലാം വഴിമാറുന്നു. വെള്ളിയാഴ്ച നടക്കുന്ന പ്രകാശനച്ചടങ്ങ് ആ അര്‍ഥത്തിലാണ് വ്യത്യസ്തതപുലര്‍ത്തുന്നത്. സ്‌നേഹത്തിന്റെ, വികാരവായ്പിന്റെ, ആത്മാര്‍ഥതയുടെ വിളംബരംകൂടിയാണ് ആ ചടങ്ങ്. കൂട്ടായ്മ എന്തെന്ന് ലോകത്തോട് വിളിച്ചുപറയുന്ന ആ ചടങ്ങ് പുതിയ പാഠങ്ങള്‍കൂടിയാണ് നല്‍കുന്നത്. കേവലമായൊരു പുസ്തകപ്രകാശനം മാത്രമല്ല അത്, എഴുത്തുകാരിയുടെ ജീവിതത്തിനോടുള്ള ഐക്യപ്പെടല്‍ കൂടിയാവുന്നു ആ യജ്ഞം. പണത്തിന്റെ കിലുക്കത്തിനും ജീവിതത്തിന്റെ സമ്മര്‍ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമൊക്കെ ഇടയില്‍ ഇത്തരത്തിലുള്ള കൂട്ടായ്മകളാണ് പ്രകാശരേഖകളായി അവശേഷിക്കാന്‍ പോകുന്നത്. അതിന്റെ ശില്‍പ്പികള്‍ക്ക്, മുന്നിലും പിന്നിലുമായി നടന്ന, നടന്നുകൊണ്ടിരിക്കുന്ന എല്ലാവരെയും പ്രവാസലോകം എന്നും ഓര്‍ത്തെടുക്കും. ലാഭേച്ഛയൊന്നുമില്ലാതെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരുംനാളുകളിലേക്കൊരു മാതൃക കൂടിയാണ്. എക്കാലത്തും ഓര്‍മിക്കപ്പെടാവുന്ന, അനുകരിക്കാവുന്ന മാതൃകയാണത്. അവര്‍ക്കായി ഒരു ബിഗ് സല്യൂട്ട്.