വിശുദ്ധമാസത്തിലെ ആദ്യവെള്ളി പിന്നിട്ടുകഴിഞ്ഞു. പുണ്യംപൂക്കുന്ന റംസാൻമാസം പ്രാർഥനകൾകൊണ്ടും ദാനധർമങ്ങൾകൊണ്ടും വിശ്വാസികൾ ധന്യമാക്കുകയാണ്. വൈകുന്നേരങ്ങളിലെ ഇഫ്താർ സംഗമങ്ങൾ സൗഹാർദത്തിന്റെയും കൂട്ടായ്മകളുടെയും പുതിയ അധ്യായങ്ങൾ രചിക്കുന്നു. ചെറിയ ഭക്ഷണപ്പൊതിമുതൽ  യമനിലേക്ക് ഉൾപ്പെടെ ട്രക്കുകളിലായി അയയ്ക്കുന്ന വലിയ ഭക്ഷ്യശേഖരങ്ങളുമെല്ലാം ദാനത്തിന്റെ പ്രതീകങ്ങളാണ്. 2017 ദാനത്തിന്റെ വർഷമായി ആചരിക്കുന്ന യു.എ.ഇ. യെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകതയുള്ള കാലവുമാണ്. വിവിധ സന്നദ്ധസംഘടനകളും ഗവർന്മെന്റ്‌ സംവിധാനങ്ങളുമെല്ലാം ദാനധർമങ്ങൾ പരിപോഷിപ്പിക്കാനുള്ള യത്നത്തിലാണ്. 

ഇതിനിടയിൽഗവർെന്മന്റും പോലീസുമൊക്കെ നൽകുന്ന മുന്നറിയിപ്പുകളും ഈ ദിവസങ്ങളിൽ ശ്രദ്ധേയമാണ്. വിശുദ്ധ മാസത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് നിരവധി കപട വേഷക്കാർ യാചകരൂപത്തിൽ എത്തുന്നു എന്നതാണ് മിക്ക സ്ഥലത്തും പോലീസ് നൽകുന്ന മുന്നറിയിപ്പുകളിലൊന്ന്. സക്കാത്ത് എന്ന ദാനധർമത്തിന്റെ പരിപാവനത കളഞ്ഞുകുളിക്കും വിധം വിവിധസംഘങ്ങൾ ഇത്തരത്തിൽ പലേടത്തും ഉണ്ടെന്നാണ് പോലീസിന്റെ അറിയിപ്പ്. വിദേശരാജ്യങ്ങളിൽ നിന്ന് സന്ദർശകവിസയിലെത്തി യാചകവൃത്തി നടത്തുന്നവരുണ്ട് എന്നാണ് ഒരുപരാതി. സ്വദേശികളുടെ വില്ലകളിലേക്കാണ് പലരുടെയുംയാത്ര. ഇത്തരത്തിൽ യാചകവൃത്തി നിരോധിച്ചതാണെന്നും ഇത്തരം സംഘങ്ങളെയോ വ്യക്തികളെയോ കണ്ടാൽ പോലീസിന് വിവരം നൽകണമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

റംസാൻ നാളുകളിൽ വാഹനങ്ങൾ ഓടിക്കുന്നവർക്കും പോലീസും ആർ.ടി.എ.യും നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.  നോമ്പ് തുറക്കാനായി കുതിക്കുന്നവരും ഉപവാസം കാരണം ക്ഷീണം അനുഭവപ്പെടുന്നവരുമെല്ലാം  അപകടത്തിന്  കാരണമാകുമെന്നതിനാലാണ് ഓരോ റംസാൻകാലത്തും ഇത്തരം മുന്നറിയിപ്പുകൾ വ്യാപകമായി എത്തിക്കുന്നത്. എന്നിട്ടും റംസാന്റെ ആദ്യദിവസംതന്നെ ദുബായിൽമാത്രം ആറോളം അപകടങ്ങളുണ്ടായി. പകൽ കടുത്തചൂടിൽ നീളുന്ന ഉപവാസത്തിനൊടുവിൽ നോമ്പ് തുറക്കാൻ വീടുകളിലോ പള്ളികളിലോ എത്തിച്ചേരാനായുള്ള തത്രപ്പാടിലായിരിക്കും എല്ലാവരും. ഇതിനിടയിൽ ട്രാക്കുമാറിയും അതിവേഗത്തിലുമെല്ലാം വണ്ടിയോടിക്കുന്നവർ മററുള്ളവർക്ക്കൂടി ഭീഷണിയാവുന്നു.  നേരത്തിന് എത്താൻ അൽപ്പം നേരത്തെ പുറപ്പെട്ടും ഗതാഗതനിയമങ്ങൾ കർശനമായിപാലിച്ചും നിയമ വിധേയമായി വണ്ടിഓടിക്കാനാണ് പോലീസ് എല്ലാവരെയും ബോധവത്‌കരിക്കുന്നത്.

ഉപവാസനാളുകളിൽ ശരീരത്തിന് ക്ഷീണവും ആലസ്യവുമുണ്ടാവുക സ്വാഭാവികം. നേരത്തെ രോഗങ്ങളുള്ളവർക്ക് ഇതിന്റെ അസ്വസ്ഥത കൂടുകയും ചെയ്യും. വാഹനം ഓടിക്കുന്നതിനിടയിൽ അത്തരത്തിൽ അസ്വസ്ഥത അനുഭവപ്പെടുന്നവർ റോഡരികിലേക്ക് വണ്ടിമാറ്റിയിട്ട് നിർബന്ധമായും വിശ്രമം എടുക്കണമെന്നും പോലീസ് പറയുന്നു. മനഃപ്പൂർവമായല്ലെങ്കിലും ഒരാളുടെവീഴ്ച ചിലപ്പോൾ അനേകം പേരുടെ ജീവന് ഭീഷണിയായേക്കാമെന്ന അവസ്ഥ ഒഴിവാക്കാനായിട്ടാണ് ഈ മുൻകരുതലുകളെല്ലാം. 

ഇത്തരം മുൻകരുതൽ നിർദേശങ്ങൾക്കൊപ്പം തന്നെയാണ് ഭക്ഷണം വെറുതെ കളയുന്നതിനെതിരെയുള്ള ബോധവത്‌കരണവും. ഇഫ്താറിന്റെ പേരിൽ പല സ്ഥലത്തും ആവശ്യത്തിലേറെ വിഭവങ്ങൾ ഉണ്ടാക്കിയും അളവിലേറെ വിളമ്പിയും കോരിയെടുത്തുമെല്ലാം ഭക്ഷണം ഒടുവിൽ  കളയുന്നതരത്തിലേക്ക് പലസ്ഥലത്തും അനുഭവങ്ങളുണ്ട്. ഒരുപിടി വറ്റിന് വേണ്ടിയും ഒരിറക്ക് വെള്ളത്തിനു വേണ്ടിയുമെല്ലാം ലക്ഷക്കണക്കിനാളുകൾ ഈ ഭൂമുഖത്ത് വലയുമ്പോൾ ഇത്തരത്തിൽ ആഹാരം കളയുന്നത് കേവലം ധൂർത്ത് എന്നതിനേക്കാൾ വലിയ കുറ്റമായാണ് കാണേണ്ടത്.

ഇത്തരത്തിൽ ഭക്ഷണം കളയുന്നതിന് എതിരെ സ്വയം നിയന്ത്രണം പാലക്കണമെന്ന് അധികൃതരും നിരവധി സംഘടനകളും എല്ലാവരെയും ബോധവത്‌കരിച്ചുകൊണ്ടിരിക്കുകയാണ്. ധാരാളംആളുകൾ കൂടുന്ന ചടങ്ങ് എന്നതിനാൽ ഇഫ്താർ സംഗമങ്ങളിൽ പങ്കെടുക്കുന്നവരും ഇക്കാര്യത്തിൽ കർശനമായ ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ട്. അതും ഒരു ചിട്ടയായി ജീവിതത്തിൽ  സ്വീകരിച്ചാൽ എത്രയോപേർക്ക് പിന്നീട് ഇത് ഉപകരിക്കും.
അങ്ങിനെ വിശുദ്ധമാസത്തിലെ ഓരോ കർമവും സ്വയം നിയന്ത്രണത്തിന്റെയും കരുതലിന്റെയും പാഠങ്ങൾ കൂടിയാവണം. പ്രാർഥനകൾക്കും ഉപവാസത്തിനുമൊപ്പം ഭാവിയിലേക്കുള്ള ശേഷിപ്പുകളായി അവയും മാറേണ്ടതുണ്ട്.