ഇത് പലരും പറഞ്ഞുകേട്ട കഥയാണ്. കഥയാണോ കാര്യമാണോ എന്നറിയില്ല. പത്തുമുപ്പത് വർഷം മുമ്പ് ദുബായ് സ്വന്തമായൊരു വിമാനക്കമ്പനി തുടങ്ങുന്ന ഘട്ടത്തിൽ എന്തായിരിക്കും ലക്ഷ്യമെന്ന് ഉത്തരവാദപ്പെട്ടവരോട് ആരോ  ചോദിച്ചുവത്രെ. എയർ ഇന്ത്യ ( ഇന്ത്യൻ എയർലൈൻസ്)  പോലെ ലോകം അറിയുന്ന വിമാനക്കമ്പനിയായി വളരുന്നതാണ് ദുബായ് സ്വപ്നം കാണുന്നത് എന്നായിരുന്നുവത്രെ ആ ചോദ്യത്തിനുള്ള മറുപടി. ആ സ്വപ്നത്തിലേക്കുള്ള കുതിപ്പിന് ഇപ്പോൾ മൂന്ന് പതിറ്റാണ്ടാവുന്നു. ഇപ്പോൾ എയർ ഇന്ത്യ എവിടെ, എമിറേറ്റ്‌സ് എയർലൈൻസ് എവിടെ നിൽക്കുന്നു എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല. ഇത്രയും ആമുഖമായി കുറിക്കാൻ കാരണം 29-ാം വർഷത്തെ എമിറേറ്റ്‌സിന്റെ വാർഷിക റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ്.

    ലോകത്തെ ഏറ്റവുംപ്രശസ്തമായ, വിശ്വസനീയമായ വിമാനക്കമ്പനികളിലൊന്നായി ഇതിനകം പടർന്ന് പന്തലിച്ചു കഴിഞ്ഞിരിക്കുന്നു എമിറേറ്റ്‌സ്. നിരവധി വിഭാഗങ്ങളുള്ള എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ അഭിമാന ചിഹ്നമാണ് ഇന്ന് എമിറേറ്റ്‌സ് എയർലൈൻസ്. ഏതാണ്ട് ഇതേ പ്രശസ്തിയോടെ തന്നെയാണ്  അബുദാബിയുടെ ഇത്തിഹാദിന്റെയും ഖത്തറിന്റെ സ്വന്തം വിമാനക്കമ്പനിയായ ഖത്തർ എയർവെയ്‌സിന്റെയും സ്ഥാനം.

നഷ്ടത്തിൽ നിന്ന്് ഓരോ വർഷവും നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയുടെ കഥയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വിമാനക്കമ്പനികളുടെ വിജയഗാഥ ശ്രദ്ധേയമാവുന്നത്. 
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 670 ദശലക്ഷം ഡോളറാണ് എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ മൊത്തം ലാഭം- ഏതാണ്ട് 4310 കോടി രൂപ. മുൻ വർഷത്തെ റിക്കാർഡ് ലാഭത്തേക്കാൾ 70 ശതമാനം കുറവാണ് ഇതെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഈ വരുമാനം ലോകത്തിലെ ഏറ്റവും മികച്ച റിപ്പോർട്ടാണെന്ന് തന്നെ വിശേഷിപ്പിക്കാം.

 പ്രവർത്തന ചെലവിലെ വർധനയും ലോകസഞ്ചാരഭൂപടത്തിൽ ചില മേഖലയിൽ ഉണ്ടായ പ്രശ്നങ്ങളുമെല്ലാം മറ്റെല്ലാവരെയും എന്നപോലെ എമിറേറ്റ്‌സിനെയും ബാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി അമേരിക്ക നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ വിസാനിയമങ്ങളും  ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമെല്ലാം എമിറേറ്റ്‌സിന്റെയും ഖത്തറിന്റെയും ഉൾപ്പെടെയുള്ള എല്ലാ വിമാനക്കമ്പനികളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇവയൊക്കെ എങ്ങനെ അതിജീവിക്കാമെന്നും മറികടക്കാമെന്നുമെല്ലാമുള്ള സജീവമായ ചിന്തകളിലാണ് അവയെല്ലാം. 

എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ മൊത്തം വരുമാനം 94.7 ബില്യൻ ദിർഹ(25.8 ബില്യൻ ഡോളർ) മാണ്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ശതമാനം കൂടുതലാണെങ്കിലും ഗ്രൂപ്പിന്റെ നീക്കിയിരിപ്പ് 19 ശതമാനം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.  ഇപ്പോഴത്തെ നീക്കിയിരുപ്പ് 19.1 ബില്യൻ ദിർഹം (5.2 ബില്യൻ ഡോളർ) ആണ്. രണ്ട് കടപ്പത്രങ്ങളുടെ തിരിച്ചടവും പുതുതായി വിമാനങ്ങൾ വാങ്ങാനായി നടത്തിയ നിക്ഷേപവുമാണ് ഈ കുറവിന് കാരണമെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രൂപ്പ് മൊത്തത്തിൽ 13.7 ബില്യൻ ദിർഹ(3.7 ബില്യൻ ഡോളർ)മാണ് നിക്ഷേപങ്ങൾക്കായി നീക്കിവെച്ചത്. പുതിയ വിമാനങ്ങൾ, ചില കമ്പനികളുടെ ഏറ്റെടുക്കൽ, സജ്ജീകരണങ്ങളുടെ നവീകരണം, പുതിയ  സാങ്കേതിക വിദ്യകൾ, ജീവനക്കാരുടെ ക്ഷേമപ്രവർത്തനം  എന്നിങ്ങനെയാണ്  ഗ്രൂപ്പ്  ഏറെ പണം ചെലവിട്ടത്. ഭാവിയിലേക്കുള്ള നിക്ഷേപമാണിത്.  160 രാജ്യങ്ങളിൽ നിന്നായി 1,05,000 ജീവനക്കാരാണ് ഇന്ന്  എമിറേറ്റ്‌സിലുള്ളത്. അതുകൊണ്ടുതന്നെ ഓരോ രാജ്യത്തിനും അത് അവരുടെ സ്വന്തമെന്ന തോന്നലും സൃഷ്ടിക്കുന്നു. 

എമിറേറ്റ്‌സ്  കഴിഞ്ഞവർഷം  35 പുതിയ വിമാനങ്ങളാണ്  ആകാശത്തേക്ക് പറത്തിവിട്ടത്.  ഒരു സാമ്പത്തിക വർഷം ഇത്രയും വിമാനങ്ങൾ പുതുതായി കൊണ്ടുവരുന്നത് സർവകാല റിക്കാർഡാണ്.  ലോകത്തിലെ മറ്റൊരു  വിമാനക്കമ്പനിക്കും ഇല്ലാത്ത നേട്ടമാണത്. ഇതിൽ 19 എയർബസ് 380 ഉം 16 ബോയിങ് 777 ഉം ഉൾപ്പെടുന്നു. ഇത്തരം വിമാനങ്ങളുടെ ഏറ്റവും വലിയ ശ്രേണിയുള്ള ലോകത്തിലെ ഒന്നാമത്തെ കമ്പനിയും എമിറേറ്റ്‌സ് തന്നെയെന്നത് ദുബായിയുടെ പ്രശസ്തികൂട്ടുന്നു. ഇപ്പോൾ എമിറേറ്റിസിന്  മൊത്തം  259 വിമാനങ്ങൾ സ്വന്തമായുണ്ട്. ഇപ്പോൾ എമിറേറ്റ്‌സിന്റെ വിമാനങ്ങളുടെ ശരാശരി കാലപ്പഴക്കം 63 മാസമാണ്. നേരത്തെ ഈ ശരാശരി 74 മാസമായിരുന്നു. ഈ മേഖലയിലെ അന്താരാഷ്ട്ര ശരാശരി 140 മാസമാണ് എന്നറിയുമ്പോഴാണ് വിമാനം മാറ്റിയതിന് പിന്നിലെ ദീർഘവീക്ഷണം ബോധ്യമാവുന്നത്. കാലപ്പഴക്കം വന്ന 27 വിമാനങ്ങൾ മാറ്റിയാണ് പുത്തൻ താരങ്ങളെ എമിറേറ്റ്‌സ് കൂടാരത്തിലെത്തിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ എമിറേറ്റ്‌സിന് എട്ട് ശതമാനം വർധനയുണ്ടായതും ഈ കാലഘട്ടത്തിൽ ശ്രദ്ധേയമാണ്.  561 ലക്ഷം പേരാണ് കഴിഞ്ഞ വർഷം എമിറേറ്റ്‌സിൽ യാത്രചെയ്തത്. 75.1 ശതമാനമാണ് വിമാനത്തിലെ സീറ്റ് കപ്പാസിറ്റി. മുൻ വർഷം ഇത് 76.5 ശതമാനമായിരുന്നു. 

ഇന്ത്യയുടെ വിമാനക്കമ്പനികളുമായി നടത്തിപ്പിലോ തീരുമാനം എടുക്കുന്നതിനെ ചൊല്ലിയോ താരതമ്യം ചെയ്യാനാവില്ല. പക്ഷെ കാലാനുസൃതമായി മാറാനും പുതിയ കാലത്തിനനുസരിച്ച് സ്വയം അവതരിപ്പിക്കാനും നാം എത്രമാത്രം പിന്നിലായിപ്പോയി എന്നത് പരിശോധിക്കാനുള്ള അവസരമായെങ്കിലും ഇത്തരം റിപ്പോർട്ടുകൾ വഴിതുറക്കണം.

 രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമാണിമാരുടെയുമെല്ലാം ഇഷ്ടാനിഷ്ടങ്ങൾക്കാണ്  പലപ്പോഴും അവിടെ മുൻഗണന. യാത്രക്കാരന്റെ സമയത്തിന് പലപ്പോഴും വില നൽകാറുമില്ല. ഇന്ത്യൻ ദേശീയവിമാനക്കമ്പനികളാണ് ഇക്കാര്യത്തിൽ മിക്കവാറും പ്രതിസ്ഥാനത്ത് എന്നത് ഇത്തരം ആക്ഷേപങ്ങളെ സാധൂകരിക്കുന്നു. കൃത്യസമയം പാലിക്കാതെയും ജീവനക്കാരുടെ കൃത്യവിലോപം കാരണമായുമൊക്കെ സർവീസ് മുടങ്ങുകയോ നീണ്ടുപോവുകയോ ചെയ്ത എത്രയോ അനുഭവങ്ങൾ ഓരോ പ്രവാസിയും ഓർത്തെടുത്ത് പറയും. 
  അതൊന്നും പക്ഷേ, സ്വയം നവീകരിക്കാനോ എന്തിന് ആത്മപരിശോധനയ്ക്ക് പോലുമോ കാരണമാവുന്നില്ല എന്നിടത്താണ് നമ്മുടെ പരാജയം എന്നതും നാം തിരിച്ചറിയാതെ പോകുന്നു. എന്നാൽ ഇത്തരം വിജയഗാഥകൾ പഠിക്കാൻ നാം തയ്യാറാവുന്നുമില്ല.