തിരഞ്ഞെടുപ്പ്,അത് പഞ്ചായത്തിലേക്കായാലും  നിയമസഭയിലേക്കായാലും ലോക്‌സഭയിലേക്കായാലും പ്രവാസിക്ക് ഇരിപ്പുറക്കില്ല. അവിടെപ്പോയി പ്രചാരണത്തിനിറങ്ങാൻ കുറെപ്പേർ നേരത്തെതന്നെ ഒരുക്കം തുടങ്ങും. അതിന് കഴിയാത്തവർ ഇവിടെ ഇരുന്നുകൊണ്ടുതന്നെ തങ്ങളാലാവുന്നത് ചെയ്യും. വീട്ടുകാരെയും പരിചയക്കാരെയുമെല്ലാം വിളിച്ചും വോട്ട് ഉറപ്പിച്ചുമൊക്കെ അവർ ആവേശം തീർക്കും. മറ്റു ചിലർ സോഷ്യൽ മീഡിയയിലാണ് ആവേശം തീർക്കുന്നത്. അതിനുള്ള ഉപായങ്ങളും സൃഷ്ടികളുമെല്ലാം അവർ കണ്ടെത്തും.
ഇപ്പോൾ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് ഇക്കൂട്ടരെല്ലാം. മുസ്‌ലിംലീഗുകാരായ കെ.എം.സി.സി. പ്രവർത്തകർക്ക് അവരുടെ 'കുഞ്ഞാപ്പ' സ്ഥാനാർഥിയായതോടെ ആവേശം അതിന്റെ ഉച്ചസ്ഥായിലാണ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ വോട്ടുള്ള പ്രവാസികളെയെല്ലാം അവർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കഴിയുന്നത്രപേരെ വോട്ട് ചെയ്യിക്കാനായി നാട്ടിലെത്തിക്കാനുള്ള ശ്രമം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. കോൺഗ്രസ്സിന്റെ ഇൻകാസും ഇടതുപക്ഷത്തെ സാംസ്കാരിക സംഘടനകളുമെല്ലാം അവരുടെതായ വഴികളിൽ ഇതുപോലുള്ള പരിപാടികൾ നടത്തുന്നുണ്ട്. ഇൻകാസ് പ്രത്യേകമായിതന്നെ കുറെ കൺവെൻഷനുകൾ നടത്തിയിട്ടുണ്ട്. സി.പി.എമ്മും ബി.ജെ.പിയും പരസ്യമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെങ്കിലും നാട്ടിലെ സ്ഥാനാർഥിക്കായി ഇവിടെയും ചെയ്യുന്നുണ്ട്. 
പ്രവാസികൾക്ക് ഏറെ പരിചിതനായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് മലപ്പുറത്ത് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ  പി.കെ. കുഞ്ഞാലിക്കുട്ടിക്കായുള്ള വാതിലായാണ് മുസ്‌ലിംലീഗ് മലപ്പുറത്തെ ഇപ്പോൾ കാണുന്നത്. ഇ. അഹമ്മദ് ഏറെക്കാലം പ്രവാസികാര്യവും വിദേശകാര്യവകുപ്പുമൊക്കെയായി നിരന്തരം പ്രവാസലോകത്ത് എത്താറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രണ്ടഭിപ്രായങ്ങൾ ഉള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസലോകം അനുഭവിച്ചിരുന്നു എന്നത് യാഥാർഥ്യമാണ്. അതുകൊണ്ട് തന്നെ അവിടെ കുഞ്ഞാലിക്കുട്ടി സ്ഥാനാർഥിയായെത്തുമ്പോൾ മുസ്‌ലിംലീഗിനും യു.ഡി.എഫിനും ഉത്തരവാദിത്തമേറെയാണ്. പ്രവാസലോകത്തിരുന്നുകൊണ്ട് അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നു അവർ. അതോടൊപ്പം തന്നെ കുഞ്ഞാലിക്കുട്ടി എന്ന നേതാവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഇവിടെയുള്ള കെ.എം.സി.സി.യുടെയും യു.ഡി.എഫിന്റെയും പ്രവർത്തകർ കാണുന്നത്. ഇതുതന്നെയാണ് എതിർപക്ഷത്തുള്ളവരുടെയും തുരുപ്പുശീട്ട്. കുഞ്ഞാലിക്കുട്ടിക്ക് എതിരായ എല്ലാ അസ്ത്രങ്ങളും അവർ വിനിയോഗിക്കുന്നുണ്ട്. 
എന്തായാലും പ്രവാസലോകം ഈ തിരഞ്ഞെടുപ്പിനെ ഏറെ ഉത്സാഹത്തോടെയും ആകാംക്ഷയോടെയും തന്നെയാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കുമോ എന്നതാണ് യു.ഡി.എഫ്. പ്രവർത്തകരുടെ ആകാംക്ഷ. എന്നാൽ വി.എസ്. കഴിഞ്ഞദിവസം പരാമർശിച്ച പഴയ ഐസ്‌ക്രീം കഥകൾ മലപ്പുറത്ത് എന്തെങ്കിലും ചലനം ഉണ്ടാക്കുമോ എന്ന് കാത്തിരിക്കുന്നവരാണ് മറുപക്ഷത്ത്. അതേസമയം ജിഷ്ണുവിന്റെ മരണവും അതിന്റെ തുടർചലനങ്ങളുമെല്ലാം ഇടതുപക്ഷത്തിന്  ക്ഷീണം ഉണ്ടാക്കുമോ എന്ന് ആശങ്കപ്പെടുന്നവരും ആ ക്യാമ്പിൽ ധാരാളമുണ്ട്. ജിഷ്ണു വിഷയം കൈകാര്യം ചെയ്തതിലും പോലീസ് നടപടികളിലും വീഴ്ച ഉണ്ടായി എന്ന് കരുതുന്ന അനേകം പേർ ഇടതുക്യാമ്പിലുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെയും കേന്ദ്രഭരണത്തിന്റെയും ഉരകല്ലായിരിക്കുമെന്നത് ന്യായമായ കാര്യമാണ്. തുടക്കത്തിൽ തന്നെ ചില ഇടതുപക്ഷ നേതാക്കൾ ഇക്കാര്യം അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് വലിയ വെല്ലുവിളിയാണ്. അതേഅളവിൽ തന്നെ ആകാംക്ഷ മറുഭാഗത്തുമുണ്ട്. അതുതന്നെയാണ് പ്രവാസലോകത്തെ ഓരോ പ്രവർത്തകന്റെയും മനസ്സിലുമുള്ളത്. മലപ്പുറത്തെ പ്രചാരണത്തിന്റെയും ആവേശത്തിന്റെയും ഇടയിൽ ഇത്തരം ചില ആശങ്കകളോടെ തന്നെയാണ് ഓരോ പ്രവർത്തകനും വോട്ടെടുപ്പുദിനത്തെയും ഫലപ്രഖ്യാപനത്തെയും കാത്തിരിക്കുന്നത്.