രു പാട് സങ്കടമുണ്ട്. പ്രത്യേകിച്ചും ഇത് എഴുതുമ്പോള്‍. സുഹൃത്തിന്റെ മകള്‍ ഇസ്രായേലിലാണ്. ഇന്നലെ മുതല്‍ ആ കുട്ടി വെന്റിലേറ്ററിലാണ്. കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ കണ്ടിരുന്നു. മിടുക്കിയായ ഒരു മകളുണ്ടവള്‍ക്ക്. പുതിയ ആശുപത്രിയിലെ വിശേഷങ്ങളും സാധ്യതകളും ഒക്കെ ഒരുപാട് സംസാരിച്ചു അന്ന്.

ഇറ്റലിയില്‍ മനുഷ്യര്‍ വീണു മായുകയാണ്. ആദ്യഘട്ടത്തിലെ അനാസ്ഥയ്ക്ക് കൊടുക്കേണ്ടി വന്ന വില. പല രാജ്യങ്ങളിലും സമാനമാണ് അവസ്ഥ. യുഎസിലും യൂറോപ്പിലും കാര്യങ്ങള്‍ ശുഭമല്ല ഇപ്പോഴും. നമ്മുടെ നാട്ടിലും പടരുകയാണ് വിനാശകാരിയായ വൈറസ്.

അപ്പോഴും കാണുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങിനടക്കുന്നത്. പലരും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നാടുവിടുന്നത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാന്‍ പോകുന്നത്. ഇവര്‍ ആരും നിരക്ഷരരല്ല. പക്ഷേ പറയാതെ വയ്യ. ഇവരെ പഠിപ്പിച്ച പണം പാഴായിപ്പോയിരിക്കുന്നു. വിദേശ വിദ്യാഭ്യാസം കിട്ടിയവര്‍, ഉന്നത വിദ്യാഭ്യാസം നേടിയവര്‍, സമ്പന്നര്‍ എല്ലാം എല്ലാം ആണിവര്‍. എന്തു കാര്യം. സമൂഹത്തിന് വൈറസിനേക്കാള്‍ വിപത്താവുകയാണ് ഇക്കൂട്ടര്‍.

പത്തനംതിട്ടയില്‍ നിന്ന് യുഎസിലുള്ള മകളാണ് ഇറങ്ങിപ്പോയത്. തിരുവനന്തപുരത്ത് നിന്ന് പോലീസുകാരന്‍. പറവൂരില്‍ നിന്ന് യുഎസിലേക്ക് എത്തിക്കഴിഞ്ഞു നിരീക്ഷണത്തിലിരുന്ന സഹോദരിമാര്‍. മലപ്പുറത്തു നിന്നുള്ള സ്ത്രീ. മാഹിക്കാരി വീട്ടമ്മ, കാസര്‍ഗോട്ടുകാരനായ വ്യാപാരി. എല്ലാവരും മിടുക്കരാവുകയാണ്. അധികൃതരെ കബളിപ്പിച്ച്. നമ്മെ എല്ലാവരേയും വഞ്ചിച്ച്. സ്വയം ദുരന്തമായി മാറിക്കൊണ്ട്. 

അവര്‍ക്ക് പലപല കാരണങ്ങളുണ്ടാകാം. വീസാ കാലാവധി കഴിയുന്നു. തിരക്കിട്ട് ജോലിയില്‍ തിരിച്ചെത്തണം. വിമാനസര്‍വീസ് നിര്‍ത്തും മുമ്പേ വാഗ്ദത്തഭൂമിയിലേക്ക് കടക്കണം തുടങ്ങി പലതും. പക്ഷേ ജനിച്ചു വളര്‍ന്ന നാടിനെ ഒറ്റു കൊടുത്താണ് ഇപ്പോള്‍ അവരുടെ യാത്ര.

റസൂലിന്റെ തന്നെ വാക്കുകളായി ഇസ്ലാമിക കഥകളില്‍ പറയുന്നുണ്ട്. പകര്‍ച്ചവ്യാധി ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുക. ഇനി അത്തരം മേഖലകളിലാണെങ്കില്‍ അവിടെ നിന്ന്  മാറിപ്പോകാതിരിക്കുക. അതിനും എത്രയോ നൂറ്റാണ്ട് മുമ്പ് ബുദ്ധന്‍ പറയുന്നുണ്ട് പാടലീപുത്രത്തിനോട്. നിന്റെ തെരുവുകളെ കഴുകി വയ്ക്കുക. നിന്റെ മനസ്സ് വൃത്തിയാക്കാന്‍ നിന്റെ അഴുക്കുചാലുകളും ഒഴുക്കിവിടുക. കൂട്ടമരണത്തിന്റെ വ്യാധികളില്‍ നിന്ന് രക്ഷ നേടുക. എന്നിട്ടും ബുദ്ധന്‍ പ്രവചിച്ച പോലെ തന്നെ നഗരം അഗ്നി കൊണ്ടു ജലം കൊണ്ടും പ്ലേഗ് കൊണ്ടും തുടച്ചു നീക്കപ്പെട്ടു എന്നും പറയുന്നുണ്ട് ചില ജാതകകഥകള്‍.

ഇവിടെ ഏറ്റവും ഫാസിസ്റ്റുകളായി വിമര്‍ശിക്കപ്പെടുന്നവരാണ് രാഷ്ട്രീയമായി നരേന്ദ്ര മോദിയും പിണറായി വിജയനും. ധാര്‍ഷ്ട്യത്തിന്റെ കാര്യത്തില്‍. കാര്‍ക്കശ്യത്തിന്റെ കാര്യത്തില്‍. ഇപ്പോള്‍ ദയവായി ആ ധാര്‍ഷ്ട്യം പുറത്തെടുക്കണം സര്‍. തുറുങ്കിലടയ്ക്കണം ഈ തെമ്മാടികളെ. ഇവര്‍ ഒരു ദയവും അര്‍ഹിക്കുന്നില്ല. മുഴുവന്‍ കരുതലുകളേയും ലംഘിച്ച് ആശുപത്രി ജീവനക്കാരെ ആക്ഷേപിക്കുന്നവരെ, ബെവ്കോ വരികളില്‍ ഉന്തിത്തള്ളി സംഘര്‍ഷപ്പെടുന്നവരെ, അനാവശ്യമായി തിരക്കുണ്ടാക്കുന്നവരെ കര്‍ശനമായി നേരിടണം സര്‍.

സാധാരണ നടപടികള്‍ മതിയാവാറില്ല ചില അസാധാരണ സന്ദര്‍ഭങ്ങളില്‍.

Content Highlights: Strick actions should be taken against law violators during coronavirus time Dr.M Sumithra