തെഴുതുമ്പോള്‍ ആ എഫ് ഐ ആര്‍ വന്നു കഴിഞ്ഞു. 7.26 ന് ആവലാതിക്കാരന്‍ വന്ന് പരാതിപ്പെട്ട ശേഷമുള്ള കാര്യങ്ങള്‍. അതിനു മുമ്പുള്ളതെല്ലാം ഇരുട്ട്. ഒരു മണിയോടെ അപകടം. അറിഞ്ഞു ചെന്നുപോലീസ്.  രണ്ടു വണ്ടിയിലുള്ളവര്‍ക്കും പരിക്ക്. ഒന്ന് മോര്‍ച്ചറിയിലേക്ക്. രണ്ടാം വണ്ടിക്കാരെ ആശുപത്രിയിലേക്ക്. രാവിലെ 7.26 ന് പരാതി കിട്ടി. അതു പ്രകാരം എഫ്.ഐ.ആറില്‍ പരാതിക്കാരന്‍ സംശയം പ്രകടിപ്പിച്ചു. ഉടന്‍ വൈദ്യ പരിശോധന നടത്തി. പ്രതി മദ്യപിച്ചിട്ടുണ്ടോ എന്ന്. 

വഞ്ചനയുടെ പത്തുമുഖങ്ങളും പ്രകടമാക്കുന്നു ശ്രീറാം വെങ്കട്ടരാമന്‍. മണ്‍കാലുകളുള്ള മറ്റൊരു വിഗ്രഹം. ആ പതനത്തിന്റെ കാലദൈര്‍ഘ്യം സര്‍വീസില്‍ തിരിച്ചെത്തിയ നാള്‍ തന്നെ ആയത് ഈശ്വരേച്ഛ. തിരുവനന്തപുരത്ത് കെ എം ബഷീര്‍ എന്ന യുവപത്രപ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോര്‍ട്ടിനെപ്പറ്റിയാണ് മേല്‍പ്പറഞ്ഞത്. 

ഇനിയുമുണ്ട് അതില്‍ അപകടങ്ങള്‍. അപകടം നടക്കുമ്പോള്‍ മരിച്ചയാള്‍ അപകടകരമാംവിധം അശ്രദ്ധ കാണിച്ചെന്ന തെളിവു മാത്രമേ ഇനി പോലീസിന് കണ്ടെത്താനുള്ളൂ. കേരളാ പോലീസ് അതും ചെയ്‌തേക്കാം. ബഷീര്‍ സര്‍വേ ഡയറക്ടറെ അരിശത്തോടെ ആക്രമിക്കാന്‍ ചെന്നു എന്നു പോലും വന്നേക്കാം. എന്തെന്നാല്‍ കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നത്ര പഴുതുകള്‍ നിറഞ്ഞതാണ് പോലീസിന്റെ എഫ്‌ഐആര്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പ്രാര്‍ത്ഥിക്കാം, ബഷീറിന് നീതി കിട്ടാന്‍ വേണ്ടി. 

പക്ഷേ ചില വിചാരണകള്‍ നിര്‍ദയം അര്‍ഹിക്കുന്നു ശ്രീറാം വെങ്കട്ടരാമന്‍. മൂന്നാര്‍ വിഷയത്തിലാണ് ആദ്യമായി ശ്രീറാം വാര്‍ത്തകളില്‍ നിറയുന്നത്. ദേവികുളം സബ് കളക്ടര്‍ എന്ന നിലയില്‍. കയ്യേറ്റക്കാര്‍ക്ക് എതിരേ നിലപാടെടുത്ത് അയാള്‍ വന്നു. തനിക്ക് ആവുന്ന വിധം നിയമലംഘനങ്ങളെ ചെറുക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. കയ്യേറ്റക്കാര്‍ക്ക് വേണ്ടി സംസാരിച്ച ഉന്നതര്‍ അനഭിമതരായി. ശ്രീറാം പ്രിയങ്കരനായി. 

അന്ന് അയാള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചിലതുണ്ട്. ഭരണഘടനയും നിയമങ്ങളും ലംഘിക്കാന്‍ ആരേയും അനുവദിക്കില്ല. അതിന് വേണ്ടി പോരടിക്കാന്‍ തയ്യാര്‍. അപ്പോഴും സിപിഐയുടെ ഓഫീസ് അടക്കമുള്ള വിവാദ റിസോര്‍ട്ടുകളെ അയാള്‍ തൊട്ടില്ല. വന്‍പുലികള്‍ വിട്ടു കളഞ്ഞതല്ലേ. അണ്ണാറക്കണ്ണനും തന്നാലായത് എന്നേ കരുതിയുള്ളൂ പൊതുസമൂഹം. ഭരണഘടനയും നിയമങ്ങളും ലംഘിക്കുന്നതിനെ ഇഷ്ടപ്പെടാത്തവര്‍ അയാളെ പിന്‍പറ്റി. അന്ന് ഉയര്‍ത്തിപ്പിടിച്ചതെല്ലാം നിരാകരിക്കുന്നു ഇപ്പോള്‍ ശ്രീറാം. തെളിയുന്നു ആത്മവഞ്ചനയുടെ ആയിരം മുഖങ്ങള്‍. അധികാരത്താല്‍ പ്രമത്തമായ ആയിരം കൈകള്‍. 

നോക്കൂ, നിശാപാര്‍ട്ടി നടന്നത് എവിടെയെന്നു പോലും സമര്‍ത്ഥം ഒളിപ്പിയ്ക്കുന്നു ഐഎഎസും പോലീസും. അബ്കാരി നിയമം ലംഘിക്കാന്‍ ഉന്നതര്‍ കൂട്ട്. ഏത് ക്ലബ്ബായാലും തലസ്ഥാനത്തിന്റ ഭരണ സിരാകേന്ദ്രത്തിന് മണം കിട്ടുന്നത്ര അരികെ. രാത്രി അയാള്‍ക്ക് ആരേയും വിളിക്കാം. വിശ്വാസമുള്ള  സ്ത്രീയേയോ പുരുഷനേയോ. അവര്‍ക്ക് അതില്‍ പരാതി ഇല്ലാത്തിടത്തോളം പൊതുസമൂഹം വേവലാതിപ്പെടേണ്ട. പക്ഷേ മുഴുക്കുടിയനായി സ്റ്റിയറിംഗില്‍ തൊട്ട നിമിഷം ശ്രീറാം, നിങ്ങള്‍ നിയമലംഘകന്‍. എല്ലാ അനുബന്ധ ഐപിസി ശിക്ഷകള്‍ക്കും അര്‍ഹന്‍. 
 
തീരുന്നില്ല. വണ്ടി ഇടിച്ച ശേഷം നിങ്ങള്‍ ആദ്യം ശ്രമിച്ചത് ഡ്രൈവര്‍ സീറ്റില്‍ നിന്ന് മാറാനാണ്. ക്ഷണിച്ചു വരുത്തിയ വ്യക്തിയെ കൊലപാതകിയാക്കാനാണ്. ഏതു ക്രിമിനലിനേയും പോലെ. അതും അധികാരപൂര്‍വം. മകന്റെ യൗവനം ജരാനരകള്‍ക്ക് പകരം ചോദിച്ചു വാങ്ങിയ പുരാണത്തിലെ രാജാവിന്റെ അതേ ആസക്തി. 
 
ബോധമറ്റവന്റെ ചെയ്തികളില്‍ അതിനകം ഒരു പ്രാണന്‍ പറന്നു പോയി. പോലീസിനെ വിളിക്കാനുള്ള മര്യാദ പോലും നീ ചെയ്തില്ല. 100 ഡയല്‍ ചെയ്തത് ദൃക്‌സാക്ഷി.  നീയോ? സ്റ്റേഷനില്‍ ചെന്ന നേരം വീണ്ടും അധികാരത്തിന്റെ തലപ്പാവെടുത്തു. കവടിയാര്‍ മേല്‍വിലാസം. രാജാവിന്റെ തെറ്റിന് ശിക്ഷയോ. ഭടന്മാര്‍ പിന്മാറി. നിനക്ക് സുരക്ഷ. കാവല്‍. എത്ര ഭീകരമാണ് നിന്റെ വഞ്ചന? ആകാശങ്ങളിലും ശിരസ്സു കുനിക്കാത്തവനെന്ന് വരുത്തിത്തീര്‍ക്കാന്‍ നീ ചെയ്തതെല്ലാം ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നുണ്ടാവണം. മദ്യവിരുദ്ധപ്രസംഗങ്ങള്‍. ട്രാഫിക് ബോധവല്‍ക്കരണങ്ങള്‍. റോഡ് സുരക്ഷാ വാരാഘോഷങ്ങള്‍. നീതിസാരങ്ങള്‍. 

നീ വഞ്ചിച്ചത് വലിയൊരു സമൂഹത്തെയാണ്. നിന്നെ മാതൃകയാക്കി ഐഎഎസ് നേടാന്‍ ഇരമ്പിയ എണ്ണമറ്റ കുട്ടികളെയാണ്. നിന്റെ ഉന്മാദമാര്‍ന്ന നിശാഘോഷങ്ങളിലെ രഹസ്യബാന്ധവങ്ങള്‍ ഇനി എന്തൊക്കെയാണ്? അതിനുള്ള ചൂണ്ടിപ്പണയങ്ങള്‍ ഏതേതെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണ്? കാലം വലിച്ച് പുറത്തെറിയട്ടെ.  

രമണ മഹര്‍ഷിയോട് പണ്ട് ഒരമ്മ പറഞ്ഞു. മകനെ ഒന്നുപദേശിക്കണം. അവന് ശര്‍ക്കര തിന്നുന്ന ദുശ്ശീലമുണ്ട്. പിന്നെ വരാന്‍ പറഞ്ഞു മഹര്‍ഷി. കാരണം ചോദിച്ചവരോട് പറഞ്ഞു. അതേ ദുശ്ശീലം എനിക്കുള്ളത് തീര്‍ക്കാതെ ഉപദേശിക്കാന്‍ അര്‍ഹതയില്ലല്ലോ. അറിയുക, നിന്റെ കെട്ട ശീലങ്ങളിലൂടെ നീ ഉയിരു കൊടുത്തത് ഒരുപാട് നിയമലംഘനങ്ങള്‍ക്കാണ്. ആത്മാര്‍ത്ഥയില്ലാതെ ആണെങ്കിലും നീ പറഞ്ഞ ശരികള്‍ തെറ്റെന്ന് ബോധ്യപ്പെടുത്താന്‍ കാത്തു നിന്നവര്‍ക്കാണ്. റവന്യൂ റെക്കോര്‍ഡിലെ തെറ്റായ വരകള്‍ ഒരിക്കലും നേരെയാകരുത് എന്ന് ആഗ്രഹിച്ചവര്‍ക്കാണ്.

ഒന്ന് മാപ്പ് പറയാനുള്ള ആര്‍ജവം പോലുമില്ലാതെ പഞ്ചനക്ഷത്ര ചികിത്സയിലേക്ക് പകര്‍ന്നാടുമ്പോള്‍ ശ്രീറാം അറിയുക. നീ വേദന അറിയുന്ന വൈദ്യനല്ല. നീതി തേടിയ കര്‍മ്മഭടനല്ല. ശത്രുക്കളാല്‍ മുമ്പേ തിരിച്ചറിയപ്പെട്ടവന്‍. നീ ഉയിരെടുത്തത് നിന്നെ വിശ്വസിച്ച് നീതി പുലരാന്‍ കാത്തുനിന്ന ഒരു ചെറുപ്പക്കാരനെ. ഓഹ്. ആ സൂര്യന്‍ ഉദിക്കാതിരുന്നെങ്കില്‍.
ബോധിവൃക്ഷത്തണല്‍ ചാരിടേണ്ട 
ബോധമുള്ളിലുറച്ചിടുമെങ്കില്‍
കാല്‍വരിയിലെ കഥ പാടിടേണ്ട
കാണിനേരം മനുഷ്യനാമെങ്കില്‍

ശ്രീറാം, രാവണനെ നിന്നോട് ഉപമിക്കുക വയ്യ. എന്തെന്നാല്‍ ദശമുഖന് പത്തുമുഖങ്ങളേ ഉണ്ടായിരുന്നുള്ളൂ. രാവണന്‍ തന്നോടെങ്കിലും സത്യസന്ധനായിരുന്നു. ആത്മവഞ്ചനയുടെ ആയിരം മുഖംമൂടികള്‍ക്കുള്ളില്‍ ഏതാണ് ശരിക്കും നിന്റെ മുഖം?

content highlightsL Sriram venkitaraman arrested, journalist km basheer killed in accident