വിശപ്പില്ലാത്ത സ്ഥലമാണ് ലോകത്ത് അതിമനോഹരം. അങ്ങനെ ഒരിടമേയുള്ളു. സ്വര്‍ഗ്ഗം പോലുമല്ല. പരമശിവന്റെ ആസ്ഥാനമായ കൈലാസം. അവിടെ ശിവന്റെ കാളയ്ക്ക് പുലി പിടിക്കും എന്ന പേടിയില്ല. പാമ്പിന് മയില്‍ തിന്നും എന്ന ഭയമില്ല. എലിക്ക് പാമ്പ് ഭക്ഷിക്കുമെന്ന ഭീതിയില്ല. ശിവന്റെ ആസ്ഥാനം ശാന്തിയുടെ കേന്ദ്രമാവുന്നത് ആര്‍ത്തി ഇല്ലാത്തതിനാലാണ്. 

ദൈനംദിന രാഷ്ട്രീയത്തില്‍ ആര്‍ത്തിയാണ് മുഖ്യം. പിടിക്കുന്ന കൊടി അത് ശമിപ്പിക്കാനാണ്. നിയമസഭാ കയ്യാങ്കളിക്കേസിലും സമരം അധികാരത്തിന് വേണ്ടി ആയിരുന്നു. ചെയ്ത സമരത്തെ തള്ളിപ്പറഞ്ഞ് പുണ്യാളനാക്കുന്നതും അതേ സൗകര്യത്തിനാണ്. അവിടെ അവതരിക്കുന്നു ശിവന്‍കുട്ടി. എണ്‍പതുകളുടെ മധ്യത്തില്‍ ശിവന്‍കുട്ടി രാഷ്ട്രീയത്തില്‍ പിറന്നു. എസ്.എഫ്.ഐ. നേതാവായി. സ്വകാര്യ പോളി സമരകാലത്ത്. തെരുവുകള്‍ കത്തി. ബസ്സുകള്‍ പൊളിഞ്ഞു. പൊതുമുതല്‍ നശിച്ചു. ടി.വി. ഇല്ലാത്ത കാലം. പത്രങ്ങളിലെ മുന്‍പേജില്‍ ശിവന്‍കുട്ടി. നെറ്റിത്തടത്തില്‍ ലാത്തിപ്പാട്. പൊട്ടിയൊലിച്ച് ചോര. 

അത് തുടക്കം. പിന്നീടുള്ളത് കേരളത്തിന്റെ ചരിത്രം. എഴുപതുകളിലും എണ്‍പതുകളിലും ക്യാമ്പസുകള്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചു. ലോകമെമ്പാടും. വിദ്യാര്‍ഥികള്‍ രാഷ്ട്രീയക്കാരോട് പറഞ്ഞു: നിങ്ങളുടെ ഭരണം തെറ്റ്. ഞങ്ങളുടേതാണ് ലോകം. ഫ്രാന്‍സില്‍, ഇറ്റലിയില്‍, മെക്‌സിക്കോവില്‍. 

പിന്നെ കേരളത്തില്‍ ടി.വി. വന്നു. സമരങ്ങള്‍ ലൈവായി. റിമോട്ടുകള്‍ പക്ഷേ പാര്‍ട്ടി ഓഫീസുകളില്‍ ഇരുന്നു. തിരുവനന്തപുരത്തുനിന്ന് യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ഒരു ഭാഗം നഗരത്തില്‍നിന്ന് മാറ്റി. തെരുവുകള്‍ യുദ്ധക്കളമായി. പഴയ കല്ലിനു പകരം ഏറ്‌ പെട്രോള്‍ ബോംബായി. സമരം അക്രമം മാത്രമായി.

ഗാന്ധിജി പണ്ട് കുട്ടികളോട് ആഹ്വാനം ചെയ്തു- ''തെരുവിലിറങ്ങൂ.'' അത് സ്വാതന്ത്യത്തിന് വേണ്ടി. സ്വന്തം സ്വാതന്ത്യം നഷ്ടപ്പെട്ട് തെരുവില്‍ കയ്യാളുകളുടെ കാലാള്‍പ്പടയായി നമ്മുടെ വിദ്യാര്‍ഥികള്‍. അവര്‍ക്കു വേണ്ടി പാര്‍ട്ടികള്‍ ചിന്തിച്ചു. സര്‍ഗ്ഗാത്മകമായ എണ്ണമറ്റ യൗവനങ്ങളെ ബലി കൊടുത്തു. നരകത്തിലെ ഇരുട്ടിലേക്ക്. അന്നത്തെ നേതാക്കളില്‍ എത്ര നേതാക്കള്‍ക്ക് പിന്നീട് രാഷ്ട്രീയഭാവി കിട്ടി? കുറച്ചുപേര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടികളുടെ കാര്യം കഷ്ടം. ലാത്തിച്ചാര്‍ജിന് മുന്നിലെ മനുഷ്യകവചം മാത്രം. രോമാഞ്ചത്തോടെ കേട്ട ആ പേരുകളെല്ലാം ഇന്നെവിടെ? 

അതെ, ശിവന്‍കുട്ടിയുടെ കാലം പുലിയെ മേയാന്‍ ഇറക്കി. കല്ലെറിഞ്ഞാലും കത്തിച്ചാലും മാത്രം നേതാവ്. അവന്‍  നിര്‍ദ്ദയനാവണം. ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ വരവായി. ഭരണകൂടങ്ങളോ? അക്രമം ഉണ്ടെങ്കില്‍ മാത്രം സമരത്തെ മുഖവിലയ്ക്ക് എടുത്തു. പിന്നെ പോലീസ് നടപടി. അടിച്ചമര്‍ത്തല്‍. സംഹാരം. അക്രമങ്ങള്‍ അക്രമങ്ങളെ മാത്രമേ പ്രസവിക്കൂ. അതിന്റെ തുടര്‍ച്ചയിലാണ് ഇന്നത്തെ കേരള രാഷ്ട്രീയം. ഹൃദയമില്ലാതെ, എല്ലാ പാര്‍ട്ടികളിലും അരാഷ്ട്രീയം നിറഞ്ഞു. മേശയ്ക്ക് അടിയിലൂടെ കൈ കൊടുക്കല്‍. ഉടുപ്പുലയാത്ത കെട്ടിപ്പിടിത്തം. 

ശിവന്‍കുട്ടി തെരുവില്‍ ഇറങ്ങിയ കാലമല്ല അദ്ദേഹം എം.എല്‍.എ. ആയ കാലം. അക്രമികള്‍ സമരത്തില്‍ നശിപ്പിക്കുന്ന പൊതുമുതലിന് വില കൊടുക്കണം എന്ന് കോടതി വിധിച്ചു. പണ്ടേപ്പോലെ അല്ല കുട്ടികള്‍. അവര്‍ക്ക് നഷ്ടപ്പെടാന്‍ എ.ടി.എം. കാര്‍ഡുണ്ട്, മൊബൈല്‍ ഫോണുകളും. ക്ലാസില്‍ കയറിയില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് കിട്ടില്ല. 

അപ്പോഴാണ് നിയമസഭാ കയ്യാങ്കളി. സോളാര്‍ കാലം. സരിതയുടെ അഴിമതി. കെ.എം. മാണിയുടെ നോട്ടെണ്ണല്‍യന്ത്രം. നിയമസഭ വളയല്‍. രാപകല്‍ സമരം. നഗരം കക്കൂസായി.  നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് തടയണം. പാര്‍ട്ടി ഉത്തരവ് നടപ്പാക്കാന്‍ എം.എല്‍.എമാര്‍ ഇറങ്ങി. അപ്പോള്‍ അറിയാവുന്ന മാര്‍ഗ്ഗം ശിവന്‍കുട്ടിയും ജലീലും ഒക്കെ സ്വീകരിച്ചു. സഭ തല്ലിത്തകര്‍ത്തു.

തിരുവവന്തപുരം സി.ജെ.എം. പറഞ്ഞു, എം.എല്‍.എമാര്‍ വിചാരണ നേരിടണം. അതിനെതിരേ സുപ്രീം കോടതിയില്‍ പോയി. വലിയ വക്കീലുമാര്‍ വാദിച്ചു. എന്നിട്ടും കോടതി വിധിച്ചു. നിങ്ങള്‍ക്ക് ലെജിസ്ലേറ്റീവ് പരിരക്ഷയേയുള്ളൂ. തോക്കുമായി സഭയില്‍ എത്താന്‍ അവകാശമില്ല. തല്ലിക്കൊല്ലലും തല്ലിത്തകര്‍ക്കലുമല്ല നിങ്ങളുടെ പണി. വിചാരണ നേരിടണം. 

ഗാന്ധിജിയേയും ക്വിറ്റ് ഇന്ത്യയേയും അഹിംസാത്മക സമരങ്ങളേയും പറ്റി വാചാലരാവുന്നു എം.എല്‍.എമാര്‍. കെ.എം. മാണിയെ വാഴ്‌ത്തേണ്ടി വരുന്ന ബൗദ്ധിക ഗതികേട് മറക്കുന്നു. ഒരേ കുറ്റത്തില്‍ രണ്ടു വട്ടം നടപടി എന്നത് കേട്ടുകേള്‍വി ഇല്ലെന്ന് പരിതപിക്കുന്നു. 

ശിവന്‍കുട്ടി രാജി വെക്കുമെന്ന് ഈയുള്ളവള്‍ കരുതുന്നില്ല. ഇനി സി.ജെ.എമ്മിന്റെ വിചാരണ നേരിടും. വിധിയ്ക്ക് എതിരേ അപ്പീല്‍ പോകും. ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും എത്തും. വീണ്ടും ഇതേ സുപ്രീം കോടതി. നമ്മുടെ നീതിയുടെ വേഗം വച്ചു നോക്കിയാല്‍ ഒരു വട്ടം കൂടി ശിവന്‍ കുട്ടിക്ക് മന്ത്രിയാവാം. യോഗമുണ്ടെങ്കില്‍. കോടതി പണ്ട് ഇ.എം.എസിനോട് കാണിച്ച പോലെ ടോക്കണ്‍ ശിക്ഷ നല്‍കും. ഒരു രൂപ അദ്ദേഹം പിഴയടച്ചേക്കും.

അപ്പോഴും ശിവന്‍കുട്ടി രാജി വയ്ക്കരുത്, അങ്ങിവിടെ വേണം. തെരുവുകലാപങ്ങളല്ല സമരമെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താന്‍. ലോകം മാറി എന്നറിയിക്കാന്‍. തെരുവിനേക്കാള്‍ ട്രാഫിക് സൈബര്‍ തെരുവില്‍ എന്നു പറയാന്‍. പക്ഷേ അങ്ങ് ഒന്നോര്‍ത്തുനോക്കൂ. അങ്ങ് ചെയ്ത സമരങ്ങളുടെ ഫലശ്രുതി എന്തായിരുന്നു? സ്വകാര്യ പോളിക്ക് പകരം സ്വകാര്യ ഐ.ടി.സികള്‍ വന്നു. പ്രീഡിഗ്രി ബോര്‍ഡിന് പകരം പ്ലസ് ടു വന്നു. സ്വാശ്രയ കോളേജുകള്‍ നിറഞ്ഞു. 50- 50 അനുപാതസമരത്തെ പറ്റി ഇന്നോര്‍ത്താല്‍ കണ്ണീരു വരും. സ്വകാര്യമേഖല വിദ്യാഭ്യാസത്തെ വിഴുങ്ങി. കോഴ നടപ്പുശീലമായി. തൊഴില്‍ കിട്ടാതായി.

സോളാര്‍ അടക്കമുള്ള അഴിമതി വിരുദ്ധ സമരങ്ങളോ? ആറാണ്ട് ഭരിച്ചിട്ടും ആരും പിടിയിലായുമില്ല. ഓഹ്! എന്തൊരു നിസ്സഹായത. പഴയ യാഥാര്‍ത്ഥ്യങ്ങള്‍ സ്വപ്നങ്ങളായി വന്ന് വേട്ടയാടുകയാണ്. താഴ്ന്ന തലയുമായി നിങ്ങള്‍ ഇരിക്കുമ്പോള്‍ എണ്‍പതുകളിലെ ക്ഷോഭം കനലുകെട്ട ചാരമായെന്ന് കേരളം അറിയുന്നു. ആ സമരപരമ്പരയില്‍ തെളിയുന്നുണ്ട് കേരളത്തിന്റെ വര്‍ത്തമാനം. ധാര്‍മ്മികത നമ്മള്‍ പുഴുങ്ങിത്തിന്നിട്ട് കാലം കുറച്ചായല്ലോ.

content highlights: sivankutty, what was your protests results