രും നിസ്സാരരല്ല. പ്രത്യേകിച്ചും പോര്‍മുഖങ്ങളില്‍. എം.പിയാവും മുമ്പ് പാലക്കാട്ടു മാത്രമല്ല, സംസ്ഥാനത്തെ വിവിധ സമരമുഖങ്ങളെ ചോര കൊടുത്ത് ചുവപ്പിച്ചിട്ടുണ്ട് ആ യുവാവ്. ഒറ്റയ്ക്ക് ലോക്‌സഭ സ്തംഭിപ്പിച്ചു പിന്നീട് ആ എം.പി. സര്‍വകലാശാലാ യൂണിയന്റെ നേതൃസ്ഥാനത്ത് വെളുത്ത കൊടിയേന്തി സമരം ചെയ്തിട്ടുണ്ട് ആ പെണ്‍കുട്ടി.

ധര്‍മ്മം ജയിക്കണം. നീതി പുലരണം. 
ഇരുവര്‍ക്കും ഇപ്പോഴും മറിച്ചിട്ടുണ്ടാവില്ല അഭിപ്രായം. കാലടി സര്‍വകലാശാലയിലെ അധ്യാപക നിയമനത്തിന്റെ കാര്യം പുറത്തുവരുവോളം.

നന്ദി പറയേണ്ടത് ആ മൂന്ന് അധ്യാപകര്‍ക്കാണ്. പലപ്പോഴും ഈ മൂന്നു പേരേയും കേട്ട് ബോറടിച്ചിട്ടുണ്ട് അക്കാദമിക ലോകം. ടി. പവിത്രനും കെ.എം. ഭരതനും ഉമര്‍ തറമേലും. അത്രയ്ക്ക് ഇടതുപക്ഷമാണവര്‍. സാങ്കേതികമായി വരെ ഇടതിനെ ന്യായീകരിക്കുന്നവര്‍. എന്നാല്‍, ഇപ്പോള്‍ ഇവരോട് ഇഷ്ടം തോന്നുന്നു. എന്തെന്നാല്‍ വാദിക്കുന്നതും ജയിക്കുന്നതുമല്ല കാര്യം. അറിയുന്നതും അറിയിക്കുന്നതുമാണ്.

കാലടി സര്‍വകലാശാല അധ്യാപക നിയമനം. ഏഴംഗ ജഡ്ജിംഗ് കമ്മറ്റി. വി.സി. ധര്‍മ്മരാജ് അടാട്ട്. ഗവര്‍ണറുടെ നോമിനി പഴയ കുസാറ്റ് അധ്യാപകന്‍ ശശി, രണ്ട് കാലടി അധ്യാപികമാര്‍. ഒപ്പം മൂന്ന് സബ്ജക്ട് എക്‌സ്‌പെര്‍ട്ടുകള്‍. 

ഇപ്പോള്‍ വിവാദനായികയായ പെണ്‍കുട്ടി അവിടെ ഇന്റര്‍വ്യൂവിന് മുമ്പേ പറഞ്ഞുവത്രേ. 'പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ സ്‌കൂളിലാണ്. ഒന്നിനും സമയമില്ല. പേപ്പര്‍ വാല്യുവേഷനും മറ്റ് പരിപാടികളും നിറയെ. സംഘടനാ പ്രവര്‍ത്തനത്തിന് നേരം കിട്ടുന്നില്ല. ഇനി നിങ്ങളെല്ലാവരേക്കാളും വൈകി മാത്രം ഡോക്ടറേറ്റ് കിട്ടിയതും കുഴപ്പമാവുമോ എന്നറിയില്ല.'

എന്തായാലും അഭിമുഖം കഴിഞ്ഞപ്പോള്‍ ഹസീന എന്ന കുട്ടിക്കാണ് ആദ്യ റാങ്ക്. വി.സി. തന്നെ പറഞ്ഞെന്ന് മറ്റ് അഭിമുഖകാരന്മാര്‍ പറയുന്നു. എത്ര മിടുക്കിയാണ് ഈ കുട്ടി.

ആ റാങ്ക് പട്ടിക ശീര്‍ഷാനസനത്തില്‍ എന്ന് ഉമര്‍ പോസ്റ്റിട്ടു. മൂന്നു എക്‌സ്‌പേര്‍ട്ടുമാരും കോലു മുറിച്ചിട്ടു. ഇനിയില്ല. സ്വന്തം അഭിമാനത്തെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അധ്യാപകര്‍ക്കിടയില്‍ അപൂര്‍വം കാണുന്നത്. കേരളവര്‍മ്മ കോളേജിലെ ആ പ്രിന്‍സിപ്പലെപ്പോലെ. ഇപ്പോഴും പഴയ വിപ്ലവം കുറച്ച് ദഹിക്കാതെ കിടപ്പുണ്ട് അവരില്‍.

ഗവര്‍ണര്‍ കാര്യങ്ങള്‍ തീരുമാനിക്കട്ടെ. സാങ്കേതികമായീ ഈ നിയമനം ചോദ്യം ചെയ്യാന്‍ വയ്യ. എന്തെന്നാല്‍ എക്‌സ്‌പേര്‍ട്ടുമാര്‍ നല്‍കിയ മാര്‍ക്കിനെ മാറ്റിമറിക്കുന്ന വിധം ഉയര്‍ന്ന മാര്‍ക്ക് മറ്റുള്ളവര്‍ മറ്റ് കാരണങ്ങളാല്‍ നല്‍കിയെങ്കില്‍ നിയമനം സാധുവാണ്. 

എന്നാല്‍, അത്ര ലളിതമാണോ കാര്യങ്ങള്‍? അടുത്ത തലമുറയെ പഠിപ്പിക്കേണ്ടവരല്ലേ. സമൂഹത്തിന്റെ നിലവാരം അധ്യാപകര്‍ക്ക് എത്രത്തോളം വേവലാതി ആയിരുന്നു എന്ന് അറിയാന്‍ ലീലാവതി ടീച്ചറുടെ ആത്മകഥ വായിച്ചാല്‍ മതി. അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും ഒരു മിനിമം നിലവാരം വേണ്ടേ. അതാണ് പ്രശ്‌നം. 

ഗവര്‍ണര്‍ തീരുമാനിക്കട്ടെ. ചാന്‍സലറലാണല്ലോ. തോറ്റവര്‍ക്ക് മാര്‍ക്കിട്ട് ജയിപ്പിച്ച നാടല്ലേ. ബന്ധുബലം പ്രധാനമെന്ന കുന്തീവാക്യം തന്നെ മാതൃക. എന്നാല്‍, ഈയുള്ളവളെ വേദനിപ്പിക്കുന്നത് ആ പഴയ വിക്രമാദിത്യ സങ്കടമാണ്. വേതാളങ്ങള്‍ ചോദിക്കുകയാണ്. ശരിയുത്തരം പറയണം. അല്ലെങ്കില്‍ തല പൊട്ടിത്തെറിക്കും. 

തന്റെ മുന്നില്‍ വന്ന അഭിമുഖകാരന്മാരുടെ മാര്‍ക്കു കൂട്ടിയെഴുതുമ്പോള്‍ തിരുത്തുന്ന വൈസ് ചാന്‍സലര്‍ ഒരിടത്ത്. മാര്‍ക്ക് ലിസ്റ്റ് വെട്ടിത്തിരുത്തി നെറ്റിന് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥി അതേ സര്‍വകലാശാലയില്‍. മികച്ച ഗുരുവാകാന്‍ ആര്‍ക്കാവും അധികയോഗ്യത?

ധര്‍മ്മരാജന്മാര്‍ നീതിസാരങ്ങള്‍ ഇഴ കീറട്ടെ. പ്രഭാകര കവിയുടെ ഉമിത്തീയാണ് തൊഴിലന്വേഷകരുടെ കാലനീതി.   

Content Highlights: Revolution devours its children