പാര്‍ട്ടിയുടെ കോടതി ഉണ്ടാവാം, പക്ഷേ, വിധി ജനങ്ങളുടേതാണ്. ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാവും എം.സി. ജോസഫൈന്‍. പ്രശ്‌നം മനോനിലയുടേതാണ്.

നാലരപ്പതിറ്റാണ്ടത്തെ സാമൂഹിക പ്രവര്‍ത്തന പാരമ്പര്യമുണ്ട് ജോസഫൈന്. അതെല്ലാം ഒറ്റവാക്കു കൊണ്ട് റദ്ദാക്കി ഇറങ്ങിപ്പോവുകയാണ് അവര്‍. ഇതിലേറെ കുത്തുവാക്കുകളെ അതിജീവിക്കാന്‍ കൂട്ടായി നിന്ന പാര്‍ട്ടിയുടെ പിന്തുണയില്ലാതെ.

സകല നിയമങ്ങളുടേയും പരിരക്ഷ പെണ്ണിന് ഉണ്ടെന്ന് പറയുന്ന നാടാണിത്. എത്രത്തോളം എന്ന് ഓരോ നിമിഷവും അറിയുന്നുണ്ട് സ്ത്രീകള്‍. സമ്പൂര്‍ണ സാക്ഷരരാണ്. പെങ്ങളും പിടക്കോഴിയും ഒന്നും ആക്കേണ്ട. മാന്യമായി പെരുമാറിയാല്‍ മതി എന്ന് പറയിപ്പിക്കുന്നു പരിചയപ്പെടുന്നവരില്‍ അധികവും. 

വാവിട്ട വാക്കും കൈവിട്ട കത്തിയും തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞ ആണ്‍ കഥാപാത്രം തന്നെയാണ് ഇന്നും മലയാളിക്ക് ഹീറോ. കത്തിയിലാണ് അവിടേയും കത്തല്‍. എന്നാല്‍, വാക്കിന് ഊക്കേറുമെന്ന് ഓര്‍മ്മിപ്പിക്കുന്നു ഇനിയുള്ള കാലത്തെ എം.സി. ജോസഫൈന്‍. അതിനാല്‍ സഗൗരവം പടിയിറങ്ങാം. സഹര്‍ഷത്തോടെയല്ലാതെ സ്വീകരിക്കുന്നു.

സുഗതകുമാരിയും ജസ്റ്റിസ് ശ്രീദേവിയുമൊക്കെ ഇരുന്ന കസേരയാണത്. രാഷ്ട്രീയ നിയമനങ്ങളിലേക്ക് കാലം മാറി. അപ്പോള്‍ നഷ്ടമായ ഒന്നുണ്ട്. ആര്‍ദ്രത. അത് ഉള്ളില്‍നിന്ന്‌ വരേണ്ടതാണ്. അധ്യക്ഷയ്ക്ക് ആയാലും അവരെ നിയമിക്കുന്ന ആണ്‍സിംഹങ്ങള്‍ക്കായാലും. അത് നിങ്ങള്‍ക്ക് ഇല്ലാതെ പോയി ജോസഫൈന്‍. 

നോക്കൂ. ആ കുട്ടി വീട്ടില്‍ ആരും അറിയാതെ, ഏതെങ്കിലും ഒരു കെട്ടിടത്തിന്റെ മുകളില്‍ കയറി നിങ്ങളെ വിളിച്ചതായിരുന്നുവെങ്കില്‍. അവസാനത്തെ കൈനീട്ടലായിരുന്നില്ലേ ആ വിളി. ഒരു കൈ നീട്ടി പ്രളയത്തില്‍നിന്ന് വലിച്ചുയര്‍ത്തേണ്ടത് നിങ്ങളായിരുന്നില്ലേ? ആ ഒറ്റ ശകാരംഅവളെ തള്ളിയിട്ട പാതാളത്തിന്റെ ആഴം എന്തേ അറിയാതെ പോയി. ഇനി അറിഞ്ഞെങ്കില്‍ എന്തേ ആ കൈ നീട്ടാന്‍ കഴിയാതെ പോയി.?

കാരണം ഒന്നേയുള്ളൂ. നിങ്ങള്‍ക്ക് സമൂഹവുമായി ജൈവബന്ധം നഷ്ടമായിരിക്കുന്നു. ഉലയാത്ത ഉടുപ്പുമായി വരുന്നവരല്ല അവര്‍. ഉരുകുന്ന കരളുമായി കഴിയുന്നവരാണ്. സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കുമെന്ന തോന്നല്‍. ആ അവസരം നിങ്ങള്‍ നഷ്ടമാക്കി. 

ചേറ്റില്‍ കഴിഞ്ഞ കര്‍ഷക സ്ത്രീകളെ ചോറ്റുപട്ടാളത്തില്‍നിന്ന് കാപ്പാത്ത ആദ്യകാല കമ്മ്യൂണിസ്റ്റുകാരുടെ ഐതിഹ്യമുണ്ടല്ലോ. അത് ഓര്‍ക്കാതെ പോയി. പാര്‍ട്ടിയുടെ ഉന്നത കമ്മറ്റിയില്‍ വിമാനത്തില്‍ ചെന്നിറങ്ങിയാല്‍ കിട്ടില്ല ആ പാരമ്പര്യം. പറച്ചിലാണ് കാര്യം. അത് പ്രവൃത്തിയിലേക്കാവണം.

ഇനി സ്വസ്ഥമായിരിക്കുമ്പോള്‍ നിങ്ങള്‍ ആലോചിക്കണം. എന്തേ ഒരു സ്ത്രീ പോലും നിങ്ങള്‍ക്കു വേണ്ടി ഉറച്ചു പറയാന്‍ തയ്യാറായില്ല? കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവുമധികം അദാലത്ത് നടത്തിയെന്ന അവകാശവാദമുണ്ടല്ലോ. അതും റദ്ദാവുകയാണ്. എനിക്ക് നീതി തന്നത് ജോസഫൈന്‍ ടീച്ചറാണെന്ന് പറയാന്‍ ഉയരാത്ത നാവുകളാണ് നിങ്ങളുടെ കമ്മീഷന്‍ അധ്യക്ഷ എന്ന പദവിയിലെ സമ്പാദ്യം.

വാളയാറിലെ കുട്ടികളേയും അമ്മയേയും ഓര്‍ക്കുക. സമാനമായ ഉദാഹരണങ്ങള്‍ പലതു പറയാം. പാര്‍ട്ടിക്ക് പുറത്തേക്ക് വളരാന്‍ വനിത കമ്മീഷന് കഴിയാതെ പോയി. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങള്‍ അനാവശ്യമായി അടിയറ വെച്ചു. ജനങ്ങളിലേക്ക് വളരാതെ നിങ്ങള്‍ പാര്‍ട്ടിയിലേക്ക് ചുരുങ്ങി. പാര്‍ട്ടിയെ ജനങ്ങള്‍ തിരുത്തുന്ന കാലമാണ്. അതും മനസ്സിലാക്കാതെ പോയി.

അതെ, പുതിയ കാലം. ആത്മവിശ്വാസത്തോടെ പെണ്‍കുട്ടികള്‍ കയറിവരുന്നുണ്ട് കമ്മീഷന്‍. സ്വന്തം അവകാശങ്ങളെപ്പറ്റി ബോധ്യത്തോടെ. അപ്പോള്‍ മുഖം തിരിക്കരുതെന്ന് പുതിയ അധ്യക്ഷയും മനസ്സിലാക്കട്ടെ.

അന്നേരവും ഡി.വൈ.എഫ്.ഐ. സെക്രട്ടറി പറഞ്ഞത് ചുവരിലുണ്ടാവും. മാപ്പു പറഞ്ഞാല്‍ എല്ലാം അവസാനിക്കില്ല. സാങ്കേതികമായി വളര്‍ന്ന കാലമാണ്. കാതിലെത്തുന്ന ബഹളങ്ങള്‍ ആവരുത് നിങ്ങളുടെ നയം നിശ്ചയിക്കേണ്ടത്. പുതിയ കാലത്തെ നേരിടാന്‍ ശേഷിയില്ലാത്ത നേതാക്കളെ ഓരോരുത്തരേയായി കാത്തിരിപ്പുണ്ട് ചവറ്റുകൂനകള്‍.  

മതവും പ്രത്യയശാസ്ത്രവും നിരാകരിച്ച സ്ത്രീകളാണ് കേരളത്തില്‍.  തന്‍കാര്യം നോക്കികളായ അവസരവാദികളാല്‍ നയിക്കപ്പെട്ട പതിറ്റാണ്ടുകളാണ് ഞങ്ങളെ ഇത്രയും നിസ്സഹായരാക്കിയത്. പഠിച്ചതൊന്നും പഠിപ്പേ അല്ലെന്ന തിരിച്ചറിവുണ്ട് ഇപ്പോള്‍. 

മറക്കുടയ്ക്കുള്ളിലെ മഹാനരകത്തില്‍നിന്ന് പുറത്തെത്തിച്ചത് കഴിഞ്ഞ നൂറ്റാണ്ടാണ്. അടുക്കളയില്‍നിന്ന് അരങ്ങിലെത്തിച്ചതും പഴമുറക്കാര്‍. അവരൊന്നും ഒത്തുതീര്‍ത്തില്ല. വോട്ടുബാങ്കുകള്‍ക്കായി നടന്ന ഒത്തുതീര്‍പ്പുകളെല്ലാം അടിമുടി സ്ത്രീ വിരുദ്ധമാണ്. അനുഭവിക്കുന്നുണ്ട് ഓരോരുത്തരും.

അതിനാല്‍ ജോസഫൈന്‍, നിങ്ങള്‍ പടിയിറങ്ങുമ്പോഴും പേടിയുണ്ട്. എണ്ണമറ്റ നരകങ്ങളും മറക്കുടകളും പെണ്ണിനായി ബാക്കിവച്ചിട്ടുണ്ടല്ലോ. ഇതിലെല്ലാം ഇനിയും മൗനങ്ങളും തുടരുമല്ലോ.

Content Highlights: Resignation of MC Josephine and Women's Commission of Kerala | Dr. M. Sumitra