ത്തിരുപത്തെട്ട് കൊല്ലം മുമ്പാണ്. കൊച്ചിക്കാലം. ഒരു പുസ്തകം എഴുതാന്‍ അവസരം കിട്ടി. അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ട പി. രാജനെ പറ്റി. രാജന്‍ കേസിന്റെ നാള്‍വഴികളിലൂടെ നടന്നത് അതിനാലാണ്. 

രാജന്റെ അധ്യാപകന്‍ ബഹാവുദ്ദീന്‍ അക്കാലം എറണാകുളത്തുണ്ട്. പലവട്ടം വിളിച്ചു. ഓരോ തവണയും അദ്ദേഹം ഒഴിവാക്കി. അവസാനം അനുമതി. ''വൈകീട്ട് അഞ്ചരയോടെ വന്നോളൂ'' 

ഇറങ്ങും മുമ്പ് വിളിച്ചു. അപ്പോള്‍ പറഞ്ഞു. ''ഏഴു മണി ആയിക്കോട്ടെ കുട്ടീ. ചില അതിഥികളുണ്ട്.'' 

നഗരപ്രാന്തത്തിലെ വീട്. അന്ന് വേലികള്‍ ഇല്ലാതായിട്ടില്ല. ഇരുട്ട് വീണ വഴി. മഞ്ഞച്ചായം അടിച്ച മുന്‍വശത്തെ മരക്കസേരയില്‍ ഇരുന്നു. ബഹാവുദ്ദീന്‍ സാര്‍ സംസാരിച്ചു. ഭയം ആ മനുഷ്യനെ പൊതിഞ്ഞതായി തോന്നി. തലേക്കൊല്ലം കെ കരുണാകരന്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് തിരിച്ചെത്തിയിരുന്നു.

ഈച്ചരവാര്യര്‍ സാറിനെ മുമ്പേ പരിചയം ഉണ്ടായിരുന്നു. ആ സായാഹ്നത്തില്‍ ഡോ. ബഹാവുദ്ദീന്‍ അദ്ദേഹം പറഞ്ഞത് പലതും പൂരിപ്പിച്ചു. രാജനെ പിടിച്ചു കൊണ്ടുപോയത്. പരാതിയുമായി നടന്നത്. പോലീസ് വിരട്ടലുകള്‍. ഈച്ചരവാര്യരെ കാര്യം അറിയിച്ചത്. കേസില്‍നിന്ന് പിന്മാറാനുള്ള ഭീഷണികള്‍ അങ്ങനെ അങ്ങനെ.

പുസ്തകം നടന്നില്ല. എന്നാലും രാജനെ കാണാതായെന്ന് പരാതിപ്പെട്ട ഗുരുനാഥന്‍ പറഞ്ഞു. ''കുട്ടീ, ഒരു കാര്യം എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. പലവട്ടം ശ്രമിച്ചു. അപ്പോഴൊന്നും ഈച്ചരവാര്യര്‍ക്ക് ബോധ്യപ്പെട്ടില്ല രാജന് അപകടം പിണഞ്ഞെന്ന്. എന്തു കൊണ്ടാണ് അച്ഛനമ്മമാര്‍ മക്കളേക്കാള്‍ അധികാരത്തിലുള്ളവരെ വിശ്വസിക്കുന്നത്?'' 

അതെ. അടിയന്തരാവസ്ഥക്കാലം. മുഖ്യമന്ത്രി സി. അച്യുതമേനോന്‍. പോലീസ് മന്ത്രി കെ. കരുണാകരന്‍. രണ്ടു പേരും വാര്യരുടെ സുഹൃത്തുക്കള്‍. എന്നു പറഞ്ഞാല്‍ പോര. തൃശൂര്‍ പടിഞ്ഞാറെച്ചിറയിലെ ആല്‍ത്തറ നന്നായി അറിയുന്നവര്‍. അച്യുതമേനോന് വാര്യര്‍ സഹയാത്രികന്‍. കണ്ണൂരില്‍നിന്ന് തൃശൂരില്‍ വന്ന കണ്ണോത്ത് കരുണാകരനും വാര്യരെ അറിയാം. കൈത്തണ്ട തലയണയാക്കി കഞ്ഞി കുടിച്ച് കിടന്നിട്ടുണ്ട് ആ ആല്‍ത്തറയില്‍ കരുണാകരന്‍. 

ഈച്ചരവാര്യര്‍ അത് മറന്നിരിക്കില്ല. പി. കൃഷ്ണപ്പിള്ളയ്ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറി ആയ അച്യുതമേനോനും പനമ്പിള്ളിയുടെ ശിഷ്യനായ കരുണാകരനും പക്ഷേ അത് ഓര്‍ത്തിരിക്കാനും ഇടയില്ല. അധികാരത്തെ വാര്യര്‍ വിശ്വസിച്ചു. വാര്യരെ അധികാരം വിസ്മരിച്ചു.

രാജന്‍ ഓര്‍മ്മയായി. ഇതു പോലൊരു മാര്‍ച്ച് രണ്ടിന്.  

ആ ഓര്‍മ്മകളെ വരെ പേടിക്കുന്നു സര്‍ക്കാരുകള്‍. രാജന്‍ പഠിച്ച എഞ്ചിനീയറിംഗ് കോളേജില്‍ രാജന്റെ പേരിലുള്ള അവാര്‍ഡ് ഇന്നില്ല. കോളേജിന് മുന്നില്‍ നിന്ന രാജന്‍ സ്തൂപം പൊളിച്ചു മാറ്റി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജന്റെ പേരിലുള്ള വാര്‍ഡ് ഇപ്പോള്‍ ഇല്ലെന്നാണറിവ്. എന്തായാലും രാജന്റെ ചിത്രം അവിടെ ഇല്ല. അത് ഇപ്പോള്‍ എവിടെയാണോ ആവോ?

ഇന്ന് മറ്റൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുന്നു. രണ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നു. അവരുടെ അച്ഛനമ്മമാരും പറയുന്നു. ''ഇല്ല, ഒന്നും സംഭവിക്കില്ല. അടിയന്തിരാവസ്ഥയില്‍ പോലീസ് പീഡിപ്പിച്ച ഒരാളാണ് ആഭ്യന്തരമന്ത്രി.''

യുവ കമ്മ്യൂണിസ്റ്റ് എം.എല്‍.എ. പറഞ്ഞത് ശരി. അവര്‍ ജീവിച്ചിരിപ്പുണ്ട്. അലനും താഹയും. തുറുങ്കിലടയ്ക്കപ്പെട്ട സര്‍ഗ്ഗാത്മകതയുമായി. കാഫ്കയുടെ കഥാപാത്രങ്ങള്‍ താളുകളില്‍നിന്ന് പുറത്ത് കടക്കുകയാണ്. അറിയാത്ത കുറ്റത്തിന് അറിയാത്ത വകുപ്പുമായി ജോസഫ് കെ.യുടെ വിചാരണ.

രാജനെന്ന പേര് തേടി പോലീസ് അലഞ്ഞ കാലം. റീജ്യണല്‍ എഞ്ചിനീയറിംഗ്  കോളേജിന് അടുത്തുള്ള കാനങ്ങോട്ട് രാജനും  അറസ്റ്റിലായി. ഇടിച്ചു പിഴിഞ്ഞു. അദ്ദേഹവും ഇന്നില്ല. തന്നെ തല്ലിച്ചതച്ച പോലീസുകാരിലൊരാള്‍ ചവിട്ടിയ കാല്‍ രോഗം വന്ന് മുറിച്ച മാറ്റിയപ്പോള്‍ മാപ്പു പറഞ്ഞ കഥ അദ്ദേഹം പറഞ്ഞു. 

ബഹാവുദ്ദീന്‍ സാറിന്റെ ചോദ്യം മറ്റൊരു വിധത്തില്‍ നിറയുന്നു. ''എന്തു കൊണ്ടാണ് അധികാരികള്‍ ജനങ്ങളേക്കാള്‍ പോലീസിനെ മാത്രം വിശ്വസിക്കുന്നത്?'' 

സമരത്തെ അറിയാത്തവരല്ല അച്യുതമേനോനും  പിണറായി വിജയനും. എന്നിട്ടും അവര്‍ക്ക് വിശ്വാസം പോലീസിനെയാണ്. കരുണാകരന് ലക്ഷ്മണ പോലെ പിണറായിക്ക് ബെഹ്‌റ. എന്നിട്ടും അധികാരികളെ തിന്ന ചരിത്രമേയുള്ളൂ എവിടേയും കാക്കിപ്പടയ്ക്ക്.  ലോകമെമ്പാടും. സിയാ ഉല്‍ ഹഖായാലും ജനറല്‍ ഇര്‍ഷാദായാലും.

വിശ്വാസം നിറയുന്ന കാലമാണ്. രാജന്‍ കേസ് അതിനെ ഉച്ഛസ്ഥായില്‍ എത്തിക്കും. അത് മാത്രം ആരും ഓര്‍ക്കില്ല. നോക്കൂ, ഈച്ചരവാര്യരുടെ പുത്രദുഃഖം. മരിക്കുവോളം കരഞ്ഞു കരുണാകരന്‍. മുരളീധരനെ നാലണ മെംബറാക്കാന്‍. 

കാല്‍ മുറിച്ചു മാറ്റിയ പോലീസുകാരന്റെ കഥ നില്‍ക്കട്ടെ. ഐ.ജിയായിരുന്ന ലക്ഷ്മണ ജയിലിലാണ്. കര്‍മ്മപാപം തീര്‍ക്കാന്‍ അമ്പലപ്പറമ്പുകളിലാണ് പുലിക്കോടന്‍ നാരായണന്‍. ജയറാം പടിക്കലിനെ പറ്റി പണ്ടേ എഴുതിയിട്ടുണ്ട് എം. സുകുമാരന്‍. പട്ടിക എത്രത്തോളം വേണമെങ്കിലും നീട്ടാം. സിഖ് കലാപത്തിന്റെ ചോര ഇന്ദിരയില്‍ കാണാം. ലങ്കയുടെ കണ്ണീര്‍ രാജീവിലും. ചരിത്രം അസ്തമിക്കുന്നില്ല.

അലനും താഹയും ജയിലിലാണ്. വെറും പൊടിയില്‍നിന്ന് കേള്‍ക്കാം, മനുഷ്യരക്തത്തിന്റെ നിലവിളി. കാതു പൊത്താം. പറയാം. ''അവനെ ഞാനറിയുന്നില്ല ദൈവമേ. അവന് കാവലാള്‍ ഞാനല്ല ദൈവമേ.''

Content Highlights: Remebrance of P Rajan case in emergency peirod