നടവഴിയില്‍ നാലുകെട്ടില്‍
നാട്ടിലെല്ലാം നടപ്പുദീനം
നാട്ടമ്മ നല്ല തേവി
കോട്ടയില്‍ നിന്നരുള്‍ചെയ്തു
തട്ടകത്തെ നാവെല്ലാം
കെട്ടിയിട്ട് കുരുതി ചെയ്യാന്‍.

സച്ചിദാനന്ദന്റെ കവിതകളില്‍ രാഷ്ട്രീയമുണ്ട്. പല കാലത്തോടും സംവദിക്കുന്നത്. അധികാരത്തെ സൂക്ഷ്മമായി പ്രതീകവല്‍ക്കരിക്കുന്നത്. അവിടെ വായില്ലാക്കുന്നിലപ്പന്‍ രാഷ്ട്രപതിയാവാം. ഗവര്‍ണറുമാകാം. അതിനാല്‍ നമുക്ക് പ്രതീകങ്ങളിലൂടെ സംസാരിക്കാം. 
എന്റെ മകന്‍ മയക്കു മരുന്നു കേസില്‍ പെട്ടു. പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തു കേസുമായും ബന്ധമുണ്ടെന്ന് നാട്ടുകാരെല്ലാം പറയുന്നു. പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്‍ഫോഴ്‌സമെന്റ് പോയാല്‍ എന്‍ഐഎ വരുമെന്നാണ് കേള്‍വി. ഭര്‍ത്താവ് ഇപ്പോള്‍ വീട്ടിലിരിപ്പാണ്. കോവിഡ് കിറ്റ് വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ കണ്ട കൂട്ടുകാരി ചോദിച്ചു.
''എന്താ ടീച്ചറെ, ചെക്കന്റെ വിശേഷം?''
''എന്തു പറയാനാടീ, വയ്യാത്ത കാലത്ത് ഒറ്റയ്ക്കാവുംന്ന് ഒരു തോന്നല്.''
''ചെക്കന്‍ ബംഗളുരുവില് തന്നെ ആണോ? ഭക്ഷണം സര്‍ക്കാരിന്റെ വകയാണോ?''
എനിക്ക് കരച്ചില്‍ വന്നു. പഴയ പരിചയക്കാരിയാണ്. അഞ്ചു കൊല്ലം മുമ്പ് കെട്ടിപ്പിടിത്തംസ് ആയിരുന്നു സെക്രട്ടേറിയറ്റ് നടയില്‍. എന്നിട്ടാണ് ഇപ്പോള്‍ ഇങ്ങനെ.
''പിന്നെ കാണാം മോളേ''

pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍| Photo: Mathrubhumi

ഞാന്‍ നടന്നു. ചെക്കന്റെ കൂട്ടുകാരന്‍ ഇത് കേട്ടു. ഞാന്‍ അറിഞ്ഞില്ല. വൈകീട്ട് അവന്‍ പോലീസിനോട് പറഞ്ഞു. പിറ്റേന്ന് എനിക്കെതിരേയും കേസായി.
118 എ യുടെ ഭേദഗതി ഇത്ര ലളിതമാണ്. ഇത്ര തീവ്രവും. കണ്ട നീ മാറി നില്‍ക്ക്,കേട്ട ഞാന്‍ പറയട്ടെ എന്നാണ് വ്യവസ്ഥ. ആര്‍ക്കെങ്കിലും എതിരെ വ്യാജമെന്ന് അറിഞ്ഞു കൊണ്ട് ഒരാള്‍ മറ്റൊരാളോട് വേറൊരാളുടെ സാന്നിദ്ധ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട ഒരാള്‍ക്ക് മാനഹാനി തോന്നിയാല്‍ മതി. പരാതിയായി. പോലീസിന് തോന്നിയാലും കേസെടുക്കാം. മൂന്നു വര്‍ഷം തടവോ പതിനായിരം പിഴയോ രണ്ടും കൂടിയോ കിട്ടാം.
മുന്‍കാല പ്രാബല്യമില്ല. ഓര്‍ഡിനന്‍സ് ഇപ്പോഴേ പ്രാബല്യത്തില്‍ വന്നിട്ടുള്ളൂ.
നരേന്ദ്ര മോദിയുടെ ഓര്‍ഡിനന്‍സ് ഭരണത്തോട് സിപിഎമ്മിന് യോജിപ്പില്ല. വ്യക്തി സ്വാതന്ത്ര്യമാണ് പരമമായ ലക്ഷ്യം. 118 എ ഓര്‍ഡിനന്‍സ് ചില പ്രത്യേക സാഹചര്യത്തിലാണ്.

ഇഎംഎസ് നമ്പൂതിരിപ്പാടും കെ കരുണാകരനും കേരളം ഭരിച്ചു. ഒരാള്‍ അധികാരത്തിനു വേണ്ടി പ്രത്യശാസ്ത്ര വിട്ടുവീഴ്ചകള്‍ എന്തുമാകാം എന്ന തര്‍ക്കശാസ്ത്രം ചമച്ചു. രണ്ടാമന്‍ അത് പ്രയോഗത്തില്‍ എങ്ങനെ എന്ന് പഠിപ്പിച്ചു. രണ്ടും സര്‍ഗ്ഗാത്മകമായി സംഗമിക്കുന്നു പുതിയ കാലത്ത്. ഇനി ധൈര്യമുണ്ടെങ്കില്‍ സിപിഐ വിളിക്കട്ടെ. മുണ്ടുടുത്ത മോദി എന്ന്.
ഇരട്ടപ്പോരിലാണ് ഇപ്പോള്‍ ഇടതു മുന്നണി. യുഡിഎഫ് നേതാക്കളെ ഒതുക്കണം. ബിജെപിയെ ചെറുക്കണം. കേസെടുക്കണം. എടുത്ത കേസ് വിളിച്ചാല്‍ പോകണം. കോടതിയിലുണ്ട്. വരാന്തയിലുമുണ്ട്. അകത്ത് വാദിയാണ്. പ്രതിയുമാണ്. പുറത്ത് ജഡ്ജിയുമാണ്.

ആഴം കൂടുകയാണ്. ആരോപണങ്ങളുടെ ചളി കുഴയുകയാണ്. പ്രതിരോധ കാപ്‌സൂളുകള്‍ പോരാ പലപ്പോഴും. അപ്പോള്‍ നിയമമാണ് കാമ്യം.
മന്ത്രി ജലീലിന് ഇനി ധൈര്യമായി പ്രേമസംഗീതം ചൊല്ലാം. ജി സുധാകരന്റെ കവിത ബനോയ് വിശ്വത്തിന്റേതു പോലെ തന്നെ കര്‍ണാനന്ദകരം. കോവിഡ് കാലത്ത് തെറ്റാവരം കിട്ടിയത് ആരോഗ്യവകുപ്പിന് മാത്രം. മില്‍ഗ്രോമിനേക്കാളും വില്‍സണേക്കാളും നന്നായി ലേലസിദ്ധാന്തം അവതരിപ്പിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇങ്ങു തിരുവിതാംകൂറിലുണ്ട്. ഐടി അറ്റ് സ്‌കൂളില്‍ അഴിമതി എന്ന് പറഞ്ഞാല്‍ ഏത് കുട്ടിക്കും മാനഹാനി വരാം. വാളയാറിലെ കുട്ടികളെപ്പറ്റി മിണ്ടിയാല്‍ അമ്മയ്‌ക്കെതിരേ നിയമമന്ത്രിക്കോ അനുയായികള്‍ക്കോ നടപടി എടുക്കാം. ബിനീഷിന്റെ കാര്യം മിണ്ടിയാല്‍ അഭ്രപാളിയിലെ അമ്മയ്ക്കും പരാതിക്കാരാവാം. എത്ര മനോഹരം, എത്ര സുന്ദരം കേരളം.ഹാ! വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം.

ചെന്നിത്തലയ്ക്ക് പണി നിര്‍ത്താം. കെ സുരേന്ദ്രനും. എംകെ പ്രേമചന്ദ്രന്‍ അറിയണം. മുമ്പ് പറഞ്ഞതെല്ലാം മായ്ച്ചു. ഇനി പറഞ്ഞാല്‍ കേസാണ്. നിങ്ങള്‍ പറയുന്നത് പലതും പലര്‍ക്കും മാനഹാനി ഉണ്ടാക്കുന്നുണ്ട് എന്ന് ഈയുള്ളവള്‍ക്കും ഇപ്പോള്‍ തോന്നുന്നു. ചാനലുകളിലെ അന്തിച്ചര്‍ച്ചയില്‍ അനാവശ്യ ചോദ്യം വേണ്ട. ഞങ്ങള്‍ പറയുന്നത് കേട്ടാല്‍ മതി. ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ തോന്നിവാസം വേണ്ട. പഴിയൊഴിഞ്ഞ് നിന്നാല്‍ വഴി മാറാതെ പോകാം. വഴി വെട്ടാന്‍ ഞങ്ങളുണ്ട്. ഞങ്ങള്‍ മതി.

ഹിറ്റ്‌ലര്‍ കൊന്നതിനേക്കാള്‍ കൂടുതല്‍ വരും സ്റ്റാലിനും മാവോയും കൊന്നു തള്ളിയവര്‍. ജനാധിപത്യം നടപ്പായതു കൊണ്ടു മാത്രമാണ് ഇന്ത്യയിലെ ക്യുറേറ്റര്‍മാര്‍ക്ക് ചുവന്ന മ്യൂസിയങ്ങളെ നടത്താന്‍ പറ്റുന്നത്. അതിനി എത്ര എന്നതാണല്ലോ സ്വന്തം ആപച്ഛങ്ക. ആകെ ഒരാശ്വാസം നിയമം ദുരുപയോഗം ചെയ്യില്ലെന്ന ഉടയോന്റെ ഉറപ്പാണ്. യുഎപിഎ ദുരുപയോഗം അനുവദിക്കില്ലെന്ന് മുമ്പേ ഉറപ്പിച്ചു. അതു കൊണ്ട് അലന്റെ അച്ഛന്‍ ഷുഹൈബ് ഇപ്പോള്‍ പന്തീരാങ്കാവിലെ വിമതനായി.

അപ്പോള്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സുകളില്‍ കരുതല്‍ വേണം. അത് വൈകീട്ടത്തെ ചക്ക വീണാല്‍ മുയലു ചാവും പാകത്തിലുള്ള ജ്ഞാനപ്പഴമാവരുത്. അധികാരം കിട്ടിയ പോലീസ് അധികാരിയെ തിന്നതാണ് എങ്ങും ചരിത്രം. അറിയാന്‍ കിഴക്കന്‍ യൂറോപ്പോ ചൈനയോ പോകേണ്ട. നീണ്ടു നിവര്‍ന്നു കിടപ്പുണ്ട് കേരളം. പഠിച്ചാല്‍ മതി.
സര്‍ക്കാരിന്റെ ഭക്ഷണം തിന്നതില്‍ അഭിമാനിക്കുന്നുണ്ട് മുഖ്യമന്ത്രി. വിമര്‍ശിച്ചാല്‍ അതേ വിധി എന്നാണോ ഓര്‍മ്മിപ്പിക്കല്‍? പരമമായ അധികാരത്തില്‍ ഭ്രമിച്ചമരുന്നവര്‍ മറക്കരുത് ഹിരണ്യകശിപുവിനെ. ഹിരണ്യപാത്രത്തില്‍ മൂടിവയ്ക്കാന്‍ നോക്കുന്ന സത്യത്തേയും.
ഉലകത്തേയിരുളില്‍ നിന്ന്
തുയിലുണര്‍ത്തീയെന്റെവാക്ക്
അപ്പാട്ടില്‍ പൂത്തതാണേ
നല്ലതേവീനാട്ടമ്മയും.
പോസ്റ്റ് സര്‍ജിക്കല്‍ തുന്നിക്കെട്ട്.
ഓര്‍ഡിനന്‍സിന് മുന്‍കാല പ്രാബല്യം കൊടുക്കാവുന്നതാണ്. സഖാവ് കെ ആര്‍ ഗൗരിയമ്മയ്ക്കും വിഎസ് അച്യുതാനന്ദനും കൂടി കിട്ടിപ്പുലരേണ്ടതാണല്ലോ തിളങ്ങുന്ന ഉത്തരകൊറിയന്‍ നീതി. കുട്ടികള്‍ അര്‍ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ വിജയന്‍ ചൊല്ലട്ടെ.