എം.എന്‍.വിജയന്‍ പറഞ്ഞിട്ടുണ്ടോ? അറിഞ്ഞുകൂടാ. എന്നാലും ആ ശൈലിയില്‍ പറയാം. ക്ഷൗരം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സ് പണ്ടേപ്പോലെ വീണ്ടും അശുഭ ശകുനമാകുന്നു. ലതികാ സുഭാഷും ശോഭാ സുരേന്ദ്രനും പ്രതികരിക്കുകയാണ്. മുഴുത്ത ആക്ഷേപഹാസ്യത്തില്‍. സ്തബ്ധമാണ് രണ്ടു ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍. പുതിയ കാലത്തോട് അമ്പരന്ന് പുരുഷു നേതാക്കള്‍

ലതികാ സുഭാഷിനുണ്ട്, നാലു പതിറ്റാണ്ടിനപ്പുറത്തെ പാരമ്പര്യം. വെയില്‍ കൊണ്ടതിന്റെ, മഴ നനഞ്ഞതിന്റെ, സമരം ചെയ്തതിന്റെ, തൊണ്ട കീറി മുദ്രാവാക്യം വിളിച്ചതിന്റെ. നിന്ദയുടെ, അപമാനത്തിന്റെ, നിസ്സഹായതയുടെ പാരമ്പര്യം. ഏറിയും കുറഞ്ഞും ശോഭാ സുരേന്ദ്രനും ഇത് അനുഭവിച്ചവള്‍. കേഡര്‍ പാര്‍ട്ടി ആയിരുന്നു. ചില ഇളവുകള്‍ കിട്ടിയിട്ടുണ്ടാകാം. പൊതു മണ്ഡലത്തില്‍ ആക്ഷേപത്തിന് കുറവില്ല.

അതിന്റെ പാരമ്യമാണ് ഇപ്പോള്‍. ഇരുവര്‍ക്കും കടന്നെത്താവുന്ന അതിര്‍ത്തി നിശ്ചയിക്കുന്നു ''ആങ്ങളമാര്‍.'' ഇനി വേണ്ട, ഇത്രത്തോളം മതി. ഇനി ഞങ്ങളെ ജയിപ്പിച്ചാല്‍ മതി. പറ്റില്ലെന്ന് വ്യക്തമാക്കുന്നു രണ്ടു പെണ്ണുങ്ങള്‍. ആണുങ്ങളെ അവര്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ക്കില്ലാത്ത ആ നട്ടെല്ലുണ്ടല്ലോ. അത് ഞങ്ങള്‍ക്കുണ്ട്.

കേരളം സ്ത്രീകളോട് അത്രയൊന്നും നന്നായി പെരുമാറുന്ന നാടല്ല. കെ.ആര്‍.ഗൗരിയമ്മയെ ഓര്‍ക്കൂ. വിപ്ലവം അവരെ മുഖ്യമന്ത്രി ആക്കിയില്ല. കേരം തിങ്ങും കേരള നാട് ഒപ്പം നിന്നു. എന്നിട്ടും അവര്‍ ഒഴിവാക്കപ്പെട്ടു. ജാതിയും ലിംഗബോധവും അവര്‍ക്ക് വിന. എണ്ണിയെണ്ണിപ്പറയാം എത്ര വേണമെങ്കിലും. ഏതു പാര്‍ട്ടിയിലും.
കെപിസിസി ആസ്ഥാനത്ത് മുറിച്ചിട്ട ആ നരച്ച മുടിയിഴകളുണ്ട്. അനുഭവങ്ങളുടെ കടല്‍ താണ്ടിയ വെള്ളിവരകള്‍. ഹസ്സനോട് ചിരിച്ചു കൊണ്ട് ലതിക പറയുന്നു. പ്രായം അഞ്ചാറല്ല, അമ്പത്താറാണ്. പറ്റിക്കാന്‍ വരേണ്ടെന്ന് സാരം. മിഠായി വേണ്ട. തട്ടിപ്പും. 

ശോഭയോ? ഓഹ്. എന്തൊരു ട്രോളാണിത്. ''മാരാര്‍ജിക്കും കുമ്മനത്തിനും കിട്ടാത്ത മഹാഭാഗ്യം. സുരേന്ദ്രന്‍ രണ്ടിടത്തും ജയിക്കട്ടെ''. അനുഗ്രഹമോ ശാപമോ. കണ്ടറിയാം. ശബരിമല സമരനായകനെ ദൈവം കാക്കട്ടെ. രണ്ടിടത്ത് സ്വയം മത്സരിക്കുന്നതല്ല നായകഗുണം. രണ്ടാമത്തെ മണ്ഡലമെങ്കിലും വിട്ടുകൊടുക്കലാണ്. ഇതാണ് പോക്കെങ്കില്‍ ഹെലികോപ്റ്റര്‍ മതിയാവില്ല. മഞ്ചേശ്വരത്ത് പ്രാതല്‍ പ്രകടനം, കോന്നിയില്‍ ഉച്ചയൂണ്. അങ്ങനെ വാരിപ്പിടിച്ചാല്‍ മാത്രം പാര്‍ട്ടി വളരില്ല. വിട്ടുകൊടുക്കണം നേതാവേ, ജയസാധ്യതയുള്ള വനിതകള്‍ക്കും.

ലതികയെ മത്സരിപ്പിച്ചു. ജയിച്ചില്ല എന്നാണ് കോണ്‍ഗ്രസ് ന്യായം. മറ്റെന്തോ കാരണം എന്ന് മുല്ലപ്പള്ളി. വിഎസ് അച്യുതാനന്ദന് എതിരേയാണ് ലതികയെ നിര്‍ത്തിയത്. അന്ന് വിഎസ് പറഞ്ഞ വാക്കുകള്‍ കേരളം മറക്കില്ല. നുണ പറഞ്ഞ ശേഷം ധര്‍മ്മപുത്രരുടെ രഥം മണ്ണിലൂടെ ഓടാന്‍ തുടങ്ങി എന്ന് മഹാഭാരതം. ലതികയെ പുലഭ്യം പറഞ്ഞ ശേഷം വിഎസിന്റെ തേരും നിലം തൊട്ടു. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ അന്നും ലതികയ്‌ക്കൊപ്പം നിന്നില്ല.

നമ്മുടെ ആണ്‍നേതാക്കള്‍ അറിയണം. കാലം മാറുകയാണ്. നിങ്ങളുടെ വീതംവയ്പിന്റെ ലോകം ഇല്ല ഇനി. സ്ത്രീകളെ കൂടി കാണണം. തദ്ദേശ സ്വയംഭരണത്തില്‍ സംവരണം ഉള്ളതിനാല്‍ മാത്രം സ്ത്രീകള്‍ വരുന്നു. അത് ഉയര്‍ന്ന സഭകളിലേക്കും വേണം. ഇല്ലെങ്കില്‍ കാര്യം ദയനീയം. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക പറയുന്നുണ്ട് പച്ചയായി സത്യം.
ഓര്‍ത്തുനോക്കൂ. എത്ര കുറച്ച് കാര്യങ്ങളിലാണ് ഇപ്പോള്‍ മതേതരത്വം കാണുന്നത്. മോഷണത്തിലുണ്ട്. കവര്‍ച്ചയിലുണ്ട്. പിന്നെ കാണാവുന്നത് സ്ത്രീപീഡനത്തിലാണ്. ചിരിച്ച പുരുഷന്മാരുടെ ചിത്രം കാണുമ്പോള്‍ ഇനി കേരളം ഓര്‍ക്കും. മുറിച്ചിട്ട മുടിയും കണ്ണീരു മറച്ച ചിരിയും.

ഈ രണ്ടു സ്ത്രീകള്‍ക്കും എതിരേ സംഘടിത രാഷ്ട്രീയം വരും. സൈബറിടത്തിലും സ്വകാര്യ നേരമ്പോക്കുകളിലും. സ്വഭാവഹത്യ തൊട്ട് എന്തും നേരിടേണ്ടിയും വരും. പക്ഷേ അവര്‍ പറയുന്നതില്‍ ചില നേരുകളുണ്ട്. പത്മജാ വേണുഗോപാലിനേക്കാള്‍ അര്‍ഹതയുണ്ട് തീര്‍ച്ചയായും ലതികാ സുഭാഷിന്. നടുക്കഷണം മുറിച്ചെടുക്കുമ്പോള്‍ പട്ടിണി കിടന്ന കാലത്ത് കൊടിപിടിച്ച ശോഭമാരേയും കാണണം.

ഈ തിരഞ്ഞെടുപ്പിന് ചിഹ്നം കിട്ടുകയാണ്. അധികാരത്തിന്റെ മരങ്ങളിലേക്ക് പടരാന്‍ കഴിയാത്ത ലതികകള്‍. ശോഭയൊഴിയുന്ന പരിസരങ്ങള്‍. വാളയാറിലെ അമ്മ തുടങ്ങി മുണ്ഡനത്തിന്റെ രാഷ്ട്രീയം. മുടി പറിച്ച് വലിച്ചെറിയുമ്പോള്‍ പുരമെരിയും. എസി മുറികള്‍ സ്വപ്നം കാണുന്നവര്‍ ഓര്‍ത്താല്‍ നന്ന്. 

ജനാധിപത്യത്തില്‍ പെണ്ണുങ്ങള്‍ക്കുള്ള പോലെ ആണുങ്ങള്‍ക്കും ഒന്നേയുള്ളൂ വോട്ട്. 

 

 

Content Highlights: Lathika Subash holds tonsure protest over Congress candidates list