ങ്ങനെ കെ.പി. അനിൽകുമാർ സി.പി.എമ്മിൽ എത്തി. അച്ഛൻ സിനിമാ ടിക്കറ്റ് എടുക്കാൻ കാശു കൊടുത്തില്ല. അതിനാൽ നേരെ പോയി നക്‌സലൈറ്റായി എന്ന് പറഞ്ഞ ശ്രീനിവാസൻ കഥാപാത്രത്തെ പോലെ.

കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയിരുന്നു അനിൽ. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാലാം ക്ലാസിൽ അച്ഛന്റെ കൈ പിടിച്ച് തുടങ്ങിയ പ്രവർത്തനം. കോഴിക്കോട് മേയർ ആയിരുന്ന സി.ജെ. റോബിന്റെ പ്രചാരണത്തിന് വേണ്ടി ആദ്യമായി ഇറങ്ങി.

ഇവിടെയാണ് ട്വിസ്റ്റ്. സഖാവ് കെ.പി. അനിൽ കുമാർ കന്നിച്ചുവടു വെച്ചതേ രഹസ്യധാരണയിലാണ്. കാരണം ദേവരാജ് അർസ് കോൺഗ്രസ്സിനോട് തെറ്റി അക്കാലം്. എ.കെ. ആന്റണി അന്നത്തെ അർസ് കോൺഗ്രസ് - യു കോൺഗ്രസ്സ്- ആയി. അവർ 1979-ലെ തിരഞ്ഞെടുപ്പിൽ പലയിടത്തും ഇടതുമായി ധാരണയിൽ എത്തി. ആ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് റോബിൻ ജയിച്ചു. ആൻറണി തിരിച്ചു കോൺഗ്രസ്സിൽ എത്തുവോളം മേയറായി.

എന്തായാലും പിന്നീട് കോഴിക്കോട് കോർറേഷൻ ഇടതു ഭരണത്തിലായി. സുജനപാലും പി. ശങ്കരനും ഒക്കെ ജയിച്ച ജില്ലയിൽ എം.എൽ.എ. പോലും ഇല്ലാതായി. ഉപ്പു വച്ച കലമായി.  അതിനിടെ അനിൽ വളർന്നു. കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറർ തൊട്ട് എ.ഐ.സി.സി. അംഗം വരെ. പാർട്ടി തളർന്നു,

33 വർഷം നേതൃനിരയിൽ പ്രവർത്തിച്ച ആളാണ് കോൺഗ്രസ് വിടുന്നത്. സെമി കേഡറാവുന്നതിൽ പ്രതിഷേധിച്ച് കേഡറാവുന്നത്. സ്വന്തം രാഷ്ട്രീയത്തെ റദ്ദാക്കുന്നത്. അനിലിന് മുൻഗാമികളെ ഓർമ്മയുണ്ടോ എന്നറിഞ്ഞുകൂടാ. ഫിലിപ്പോസ് തോമസ് കെ.എസ്.എഫ്.ഇ. ചെയർമാനായി. ശോഭന ജോർജ് ഖാദി ബോർഡ് അധ്യക്ഷ. ചെറിയാൻ ഫിലിപ്പ് കെ.ടി.ഡി.സി. ചെയർമാൻ. ഷാഹിദ കമാൽ വനിതാ കമ്മീഷനിലും. എല്ലാവരും സജീവ രാഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷരായി. കോൺഗ്രസ്സിൽനിന്ന് ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട് മെന്റ് തടയാൻ സി.പി.എം. വക റിക്രൂട്ട്‌മെന്റ്. സ്വന്തം രാഷ്ട്രീയം തോട്ടിലെറിഞ്ഞാൽ ഉള്ളിത്തൊലി കോർപറേഷനിൽ അംഗത്വം.

തോട്ടടയിൽനിന്ന് പിണറായിലേക്കുള്ള ദൂരം അഞ്ചരക്കണ്ടിപ്പുഴയ്ക്കു കുറുകേ പിടിച്ചാൽ അഞ്ചു കിലോ മീറ്ററേ വരൂ. സുധാകരനിൽനിന്ന് വിജയനിലേക്കുള്ള ദൂരവും അത്ര തന്നെയേ വരൂ, ജനാധിപത്യത്തിന്റെ കാര്യത്തിൽ. ഗോപിനാഥിന്റെയും പ്രശാന്തിന്റെയും വഴിയേ അനിൽകുമാർ പോകുമ്പോൾ പക്ഷേ ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്. അത് അധികാരം കിട്ടാത്ത സങ്കടമാണ്. അതിനുള്ള പാച്ചിലാണ്. അതിന് വേണ്ടി ആരുടേയും ചെരിപ്പു നക്കാം എന്ന പ്രഖ്യാപനമാണ്. കക്ഷിരാഷ്ട്രീയത്തിൽ അതിർത്തികൾ മായുകയാണ്.

നിറഞ്ഞ ടാങ്കിൽനിന്നുള്ള ഓവർഫ്‌ലോ എന്നാണ് കെ. മുരളീധരന്റെ വാക്കുകൾ. ടാങ്കിന് അടിയിലാണ് ചോർച്ച എന്ന് അറിഞ്ഞാൽ അദ്ദേഹത്തിന് കൊള്ളാം. എന്നാലും ചാടാൻ കാത്തു നിൽക്കുന്ന മീനുകൾ ചാടുന്നത് തന്നെയാവും സുധാകരന് നല്ലത്. വറചട്ടിയിൽനിന്ന് എരിതീയിലേക്കായാലും.

കോൺഗ്രസ്സിനെ വിഴുങ്ങാൻ വരുന്നേ എന്ന് പറഞ്ഞ ബി.ജെ.പിയുടെ കാര്യമാണ് രസം. പാലാ ബിഷപ്പിന്റെ പിന്നാലെയാണ് ഒരു വിഭാഗം. മറുവിഭാഗം കേസുകൾ ഒതുക്കുന്ന തിരക്കിലുമാണ്.

കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിലും കോൺഗ്രസ് വിട്ടേക്കുമെന്ന് ഉറപ്പ്. ഇവരെല്ലാം ചേർന്നാകുമോ ഇനി സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസ്? വരുന്നതിൽ ജൂനിയർ മാൻഡ്രേക്കുമാർ ഇല്ലെന്ന് ഉറപ്പിച്ചാൽ കൊള്ളാം. ചെമ്പട്ടുടുപ്പിച്ച് രക്തഹാരം ചാർത്തി സന്തോഷത്തോടെ സ്വീകരിക്കും മുമ്പ് ഓർക്കുക. വേറൊരു തറവാട് കുളം തോണ്ടിയാണ് നേതാക്കളുടെ വരവ്.

Content Highlights: KP Anil Kumar resigned from Congress and joins CPM