പതിവു പഴഞ്ചൊല്ലുകൾക്ക് അവധി. മന്ത്രി ജലീൽ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു, വാമൊഴിത്തിളക്കത്തിലൂടെ തന്നെ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കലഹിക്കരുത്. വളരെ നല്ലത്. പക്ഷേ നിഴൽയുദ്ധം നടത്തുന്നത് ആരാണ്? മന്ത്രിയോ മാധ്യമങ്ങളോ സമൂഹം തന്നേയോ? കൗതുകകരമാണ് കാഴ്ച. കെടി ജലീലിനെ വിളിപ്പിച്ചത് മാധ്യമങ്ങളല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. തിരക്കിയാൽ തെല്ലും അഭിമാനിക്കത്തക്കതല്ല കാര്യങ്ങളും. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണക്കടത്ത്. കസ്റ്റംസ് സ്വപ്നാ സുരേഷിനെതിരേ കേസെടുത്തു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം. ജലീലിനോടും സ്പീക്കറോടും ഉറ്റ സൗഹൃദം. ശിവശങ്കരന്റെ പതനം വൈകിയില്ല. അന്വേഷണത്തിനിടെ വീണ്ടും കാറ്റ് വീശി. ജലീലിന് എതിരേ.
ഇവിടെ മന്ത്രിക്ക് പറയാവുന്ന കാര്യങ്ങൾ വേണ്ടത്രയുണ്ട്. നോക്കൂ, കേസെടുത്തത് കസ്റ്റംസ്. അവർ മന്ത്രിയെ വിളിപ്പിച്ചിട്ടില്ല. പ്രതി ചേർത്തിട്ടുമില്ല. കള്ളക്കടത്ത് അന്വേഷിക്കുന്നത് എൻഐഎ. അവരും മന്ത്രിയെ വിളിപ്പിച്ചതായി അറിവില്ല. കേന്ദ്ര ഏജൻസികളിൽ പിന്നീടു വരുന്ന ഇ ഡി മന്ത്രിയെ വിളിപ്പിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ.
മന്ത്രി പറഞ്ഞതിൽ നിന്ന് ചിലത് വ്യക്തമാവുന്നു. നാലര മണിക്കൂർ ചോദ്യം ചെയ്തു. ഖുർ ആൻ കൊണ്ടു വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചത്. വിശുദ്ധഗ്രന്ഥം എന്ന് ആലേഖനം ചെയ്യപ്പെട്ടതിനാൽ ആ പെട്ടികൾ കൈമാറുന്നതിൽ തെറ്റില്ല. ഒരു പൈസ പോലും ഇതുമായി ബന്ധപ്പെട്ട് താൻ വാങ്ങിയിട്ടോ കൊടുത്തിട്ടോ ഇല്ല.
നിയമപരമായി തീർത്തും അംഗീകരിക്കാവുന്ന ന്യായങ്ങളാണ്. പ്രത്യേകിച്ചും ഇഡിയുടെ പരിധിയിൽ. സാമ്പത്തിക ഇടപാടേ ഇല്ല. കോടതിയിൽ ഇഡി സമർപ്പിച്ചേക്കാവുന്ന റിപ്പോർട്ട് വരെ നിലനിൽക്കത്തക്കത്. അവിടെ മന്ത്രിയുടെ മറുപടികളിൽ അവ്യക്തത ഉണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞാൽ മാത്രമേ ജലീൽ സംശയത്തിന്റെ നിഴലിലാവൂ.
എന്നാൽ മന്ത്രി പറയാത്ത ചിലതുണ്ട്. അത് പ്രോട്ടോക്കോൾ ലംഘനം നടന്നോ എന്നതിലാണ്. അങ്ങനെ എങ്കിൽ അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്. എന്തെന്നാൽ യുഎഇ വ്യക്തമാക്കുന്നതും മന്ത്രി പറയുന്നതും രണ്ടാണ്. മതഗ്രന്ഥം ഇന്ത്യയിലേക്ക് കൊടുത്തയയ്ക്കാറില്ലെന്നാണ് യുഎഇ നിലപാട്. കൊടുത്തയച്ചത് വിതരണം ചെയ്തതിൽ തെറ്റില്ലെന്നാണ് ജലീലിന്റെ നിലപാട്. വിദേശ രാജ്യത്ത് നിന്ന് കൊണ്ടു വരുന്ന കാര്യങ്ങൾ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്വീകരിക്കുന്നത് ചട്ടലംഘനമാണ്. അല്ലെങ്കിൽ സംസ്ഥാനം അതിന് അനുമതി തേടിയിരിക്കണം. പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തിലെന്നോണം. അന്ന് കേന്ദ്രം നിഷേധിച്ചു. അപ്പോൾ സംസ്ഥാനം ഒന്നടങ്കം കേന്ദ്രത്തിനെ എതിരേ നിന്നു.
അലക്സാണ്ടർ സോൾഷെനിറ്റ്സെൻ സോവിയറ്റ് കാലത്ത് എഴുതിയ പുസ്തകമുണ്ട്. കാൻസർ വാർഡ്. അതിൽ പറയുന്നു. മീറ്റ് എന്നെഴുതിയ വൃത്തിയുള്ള കണ്ടെയ്നർ വണ്ടികൾ നീങ്ങുകയാണ്. അത് കാണുന്ന മാധ്യമ പ്രവർത്തകർ എഴുതുന്നു. “എത്ര മനോഹരമായാണ് സോവിയറ്റ് യൂണിയനിൽ ഭക്ഷ്യമാംസം വിതരണം ചെയ്യുന്നത്”. അപ്പോഴും ആ വാഗണുകളുടെ ഉള്ളിൽ സൈബീരിയയിലേക്കുള്ള തടവുകാർ ശ്വാസം മുട്ടി പിടഞ്ഞു.
ഞങ്ങൾ അറിയാതെ ഈച്ച പാറില്ല എന്ന് അഹങ്കരിച്ചത് അന്ന് സോവിയറ്റ് റഷ്യയാണ്. കിഴക്കൻ യൂറോപ്പിലെ ഭരണാധികാരികളാണ്. സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് സാർവദേശീയ നയം വിശദീകരിക്കുന്നത് അവിടെ തുടങ്ങി ആയിരുന്നു. ജലിലീന് ഓർമ്മ കാണില്ല. അന്ന് ജലീൽ മറുപക്ഷത്തായിരുന്നു.
ഇഎംഎസിന്റെ പ്രസംഗത്തിന്റെ രണ്ടാം ഭാഗം ദേശീയ വിഷയങ്ങളിലൂന്നാറാണ് പതിവ്. ബംഗാളിൽ ഈച്ച പാറുന്നത് അറിയും എന്ന് അക്കാലം സിപിഎം വിശ്വസിച്ചു. ജ്യോതി ബസു മുഖ്യമന്ത്രി. ജലീൽ വന്നപ്പോഴേക്കും അവിടെ ബുദ്ധദേവ് ആയി. സാർവദേശീയ – ദേശീയ മ്യൂസിയങ്ങളായി മാറിയ പഴയ പാർട്ടി ഓഫീസുകളിൽ ഇപ്പോൾ ഈച്ചയാർക്കുകയാണ്.
എളുപ്പത്തിൽ മെരുക്കാൻ കഴിയുന്ന ശത്രു എന്ന നിലയ്ക്കാണ് മന്ത്രി മാധ്യമങ്ങളെ നേരിടുന്നത്. ലോകത്തെങ്ങും പോലെ ഇവിടേയും ചോദ്യം ചെയ്യപ്പടുന്നവരിൽ വളരെ കുറച്ച് മാത്രമേ മാധ്യമങ്ങൾ അറിയാറുള്ളൂ. അത് അറിയാത്ത ആളല്ല കെ ടി ജലീൽ. ഇപ്പോൾ പക്ഷേ അദ്ദേഹത്തിന് ക്യാമറകൾ അപ്രിയം. അത് അവ അദ്ദേഹത്തെ തന്നെ ഫോക്കസ് ചെയ്യുന്നതിനാലാണ്.
സരിതയിൽ നിന്ന് സ്വപ്നയിലേക്കുള്ളത് ഒരു കാവ്യനീതിയുടെ അകലമാണ്. ഞെട്ടറ്റാൽ വട്ടയില എന്ന് പറഞ്ഞിട്ട് കാര്യമില്ല. താഴ്ന്ന നിലത്തേക്ക് നീരോടും. അധികാരമേറിയാൽ മറുപടി വേണ്ടി വരും. രാഷ്ട്രീയ വിവാദങ്ങളുടെ സ്വഭാവമാണത്. അതിന് തയ്യാറല്ല എന്നതാണ് മാധ്യമങ്ങളെ പുറത്താക്കുന്നതിന്റെ രാഷ്ട്രീയം. ഇതേ ന്യായത്തിലാണ് സിപിഎം പണ്ട് സോണിയയേയും പിന്നെ മോദിയേയും വിമർശിച്ചത്.
സ്വന്തം സുതാര്യത മാറ്റിനിർത്താൻ എതിരാളികളെ സമീകരിച്ചാൽ പോര. അങ്ങനെ വന്നാൽ നിങ്ങളും അവരും തമ്മിൽ വ്യത്യാസമില്ലെന്നാവും. തിരഞ്ഞെടുപ്പ് കാലത്ത് ഇന്നോളം അങ്ങനെ പറഞ്ഞിട്ടില്ല.
ഇകെ ഇമ്പിച്ചബാവ എന്ന ഇതിഹാസ സമാനനായ കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു മലപ്പുറത്ത്. പൊന്നാനിയിൽ നിന്ന് മാറഞ്ചേരി വഴി ചങ്ങരംകുളത്തേക്ക് റോഡുണ്ടാക്കാൻ കെ എസ് ആർടിസി റൂട്ടുണ്ടാക്കി അദ്ദേഹം. ക്ലിഫ് ഹൗസിലായിരുന്നു അന്ന് ഗതാഗതമന്ത്രി. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പലരും പരിഹസിച്ചു. ദൽഹിയിൽ ഇദ്ദേഹം എങ്ങനെ വായ് തുറക്കും? ചഞ്ചലചിത്തനാവാതെ ഇമ്പിച്ചിബാവ പറഞ്ഞു. അവരെ ജനങ്ങളുടെ ഭാഷ പഠിപ്പിക്കും.
അങ്ങാടികളിൽ അദ്ദേഹം തോറ്റതേയില്ല. മരണാനന്തരവും. സൈബർ തെരുവുകളിലല്ലാ ഇമ്പിച്ചിബാവ ഇരമ്പിയത്. അദ്ദേഹം ജനങ്ങളുടെ ഭാഷ പറഞ്ഞു. വിമർശകരോട് സംസാരിച്ചു. യുക്തിപൂർവം വഴി വെട്ടി. അങ്ങാടികളിൽ തോറ്റില്ല. അമ്മമാരോട് കലഹിച്ചുമില്ല. ഒരു പഴഞ്ചൊല്ലു കൂടി മറിച്ചു ചൊല്ലാം. കണ്ണാടി പൊട്ടിച്ചാൽ മുഖം നന്നാവില്ല.