രിതക്കുട്ടികളുടെ വാർത്താസമ്മേളനം കഴിഞ്ഞു. പിണറായി വിജയനു മുന്നിലെ പൂച്ചക്കുട്ടികൾ പെട്ടൈന്ന് പുലിക്കുട്ടികൾ ആയതും കണ്ടു. ഇതാണ് തലമുറ മാറ്റം.

ഫാത്തിമ തഹലിയ, നജ്മ തബ്ഷീറ, മുഫീദ തസ്‌നി. പേരുകൾ ഇനിയും വരാനിരിക്കുന്നേയുള്ളു. ഈ കുട്ടികളുടെ കയ്യിൽ ഏതു പാർട്ടിയും ഭദ്രം. മനസ്സിലാക്കാൻ സംസ്ഥാനത്തെ ആൺനേതൃത്വങ്ങൾക്ക് ബോധമുണ്ടായാൽ മതി. പാർട്ടി ഏതുമാവട്ടെ. ഇത്ര ശക്തവും സമർത്ഥവും കാര്യക്ഷമവുമായി കാര്യം പറയാൻ പറ്റുന്നവർ ഉണ്ടോ? കണ്ടിട്ടില്ല. ഇതു വരെ.

ആദ്യം പറയാനുള്ളത് ആൺകുട്ടികളോടാണ്. ബസ്സ് കത്തിച്ചും കല്ലെറിഞ്ഞും നേതാക്കളാവുന്ന കാലം കഴിഞ്ഞു. ലാത്തിച്ചാർജ് നടത്തിച്ചും പോലീസിനോട് ഏറ്റുമുട്ടിയും ജലപീരങ്കി ചീറ്റിച്ചും ഇനി നേതാവാകാൻ പറ്റില്ല. കാര്യങ്ങൾ കൃത്യമായി പഠിച്ച് വരികയാണ് പെൺകുട്ടികൾ.

അഹങ്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും കളമായിരുന്നു വിദ്യാർത്ഥി രാഷ്ട്രീയം. ചരിത്രം ചിലർക്കു മാത്രം സ്വന്തം. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. അങ്ങനെ വേരറ്റ പെൺപട കാണാം എല്ലാ പാർട്ടികളിലും. അഫ്ഗാൻ താലിബാനെ വിമർശിക്കും. അടുക്കളയിലെ താലിബാനിസം കണ്ടില്ലെന്ന് വയ്ക്കും.

അവിടെയാണ് പുതിയ കുട്ടികൾ പ്രതീക്ഷയാവുന്നത്. മുസ്ലീം ലീഗിന് മനസ്സിലാവാത്തതും ഇങ്ങനെ കാലം മാറുന്നതാണ്. ലീഗ് നേതാക്കൾ എപ്പോഴും ഉദാഹരിക്കാറുണ്ട്. കോഴിക്കോട് ഫാറുഖ് കോളേജിനെപ്പറ്റി. അവിടേയ്‌ക്കൊന്ന് ചെന്നാൽ മതി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ചും എൺപതും ശതമാനവും പെൺകുട്ടികളാണ്. എക്കാലവും അവരെ അടുക്കളയിൽ മാത്രം നിർത്താനാവില്ല. അരങ്ങത്തേക്ക് അവരും വരികയാണ്.

നെറ്റിയിൽ പുരോഗമന ബോർഡ് ഒട്ടിച്ചവരെ നോക്കൂ. കഴിഞ്ഞ പതിറ്റാണ്ടിൽ ഇങ്ങനെ എത്ര കുട്ടികളെ കൊണ്ടുവന്നിട്ടുണ്ട്? പാർട്ടി നേതൃത്വം പറയുന്ന വിഢ്ഢിത്തങ്ങളെ ആവർത്തിക്കുന്നതല്ലാതെ. മുതിർന്ന വനിതാ നേതാക്കളിൽ തന്നെ എത്ര പേർ ഇങ്ങനെ വ്യക്തതയോടെ നിലപാട് പറയും? 

നിയമമാണ് പടച്ചട്ട. ഭരണഘടനയാണ് പ്രധാനം. മനസ്സിനകത്താണ് വിപ്ലവം. ഇവിടെ ലോകം അടയുന്നില്ല. കാതുകൾ തുറക്കുകയാണ്. കണ്ണുകളും. വിവരമുണ്ട്. വിദ്യാഭ്യാസവും.

മുതിർന്ന പുരുഷ നേതാക്കളും കാണണം. കെ.പി. അനിൽ കുമാറിനെപ്പോലെ വഷളത്തം വിളിച്ചു പറയുന്നില്ല ഈ കുട്ടികൾ. ഏതു ചെരിപ്പും നക്കാം എന്ന വാഗ്ദാനമില്ല. മുതിർന്ന നേതാക്കളുടെ പതിറ്റാണ്ടുകൾ എത്ര വേസ്റ്റ് ആയിരുന്നു. ഒന്നും പഠിക്കാതെ വളർന്നവർ. എളുപ്പത്തിൽ തരാതരം അധികാര രാഷ്ട്രീയം കളിക്കാം.

ഹരിതയിലെ പെൺകുട്ടികൾ ബോധ്യപ്പെടുത്തുന്നു. നമുക്കിടയിലുമുണ്ട് ബുദ്ധിമതികളായ കുട്ടികൾ. അവരോട് ബുദ്ധി മതി എന്ന് ആജ്ഞാപിക്കാതിരുന്നാൽ മതി. ഹരിതയിലെ കുട്ടികളോട് എങ്ങനെ എം.എസ്.എഫ്. നേതൃത്വം മറുപടി പറയാൻ? ലീഗ് നേതൃത്വത്തിന് എന്തു മറുപടി? അപ്പോൾ വാക്കിൽ തെറി നിറയും. ദുർബലന്റെ സ്വരം അക്രമാസക്തമാവും. കയ്യാങ്കളി മാത്രം പരിചയിച്ചവർക്ക് മനസ്സിലാവില്ല കരുത്തുറ്റ ശബ്ദം.

ഇവരെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാവും ഏതു പാർട്ടിക്കും. എജുക്കേറ്റഡ് നിരക്ഷരന്മാരാൽ നിയന്ത്രിക്കപ്പെടുന്നതിനാൽ. ലോകം മാറുകയാണ്. ഹരിതയിൽ ഇപ്പോൾ ഒരു പച്ചപ്പുണ്ട്.

Content Highlights: Haritha issue in Muslim League and the firm stand of former Haritha leaders