സംഘം ചേരൽ, ഗൂഢാലോചന, ഭവനഭേദനം, വധശ്രമം, കവർച്ച, പിന്നെ അനുബന്ധ വകുപ്പുകൾ. ഭാഗ്യലക്ഷ്മിക്കും ദിയാ സനയ്ക്കും എതിരേ ഇത്രയും വകുപ്പുകൾ പ്രകാരം കേസെടുക്കാം. പറഞ്ഞത് ഒരു അഭിഭാഷക സുഹൃത്ത്. വളരെ നല്ലത്. പണ്ട് ഗാന്ധിജി പറഞ്ഞ പോലെ ജയിലുകൾ മതിയാവാതെ വരും. കാരണം ഓരോ സ്ത്രീയുടേയും ദിവസം തുടങ്ങുന്നത് ഇന്ന് ഒരു ഭവനഭേദനത്തോടെയാണ്. സ്വന്തം വീട്ടുവാതിൽ തുറക്കുന്നത് തന്നെ നിയമലംഘനമാണെന്ന് പറയുന്നവർക്കിടയിൽ.

അടച്ചിട്ടിരിക്കുന്നവന്റെ വരുമാനമാർഗ്ഗമാണ് ഇപ്പോൾ സെബർ തെരുവ്. അടച്ചിരിക്കുന്നവൻ സ്വന്തം മക്കളോട് പോലും അടഞ്ഞു പോകുന്നതാണ് പക്ഷേ കാലം. തുറന്ന പൂമുഖം തീർത്തും പോയി. അടഞ്ഞ വാതിലിനുള്ളിൽ ആർക്കും എന്തുമാകാം. അപരന്റെ സ്വകാര്യതയെ മാനിക്കാൻ എന്നും മലയാളിക്ക് താൽപര്യമില്ല. സ്ത്രീയാണെങ്കിൽ പ്രത്യേകിച്ചും.

ഓരോ നിമിഷവും ഒരു ക്ലോസ് അപ് ഫ്രെയിമിലാണ് ഇന്ന് സ്ത്രീ. ഏറ്റവും പുരോഗമനവാദി പോലും ഇക്കാര്യത്തിൽ മനുസ്മൃതികാരൻ. അച്ഛനും ഭർത്താവും മക്കളും ക്യാമറ പിടിക്കുന്നു. അവൾ മാത്രം നിരീക്ഷണത്തിൽ. അവളെ പറ്റി സ്വകാര്യ സദസ്സുകളിൽ എന്തും പറയാം. കുലസ്ത്രീയിൽ നിന്ന് കുലടയിലേക്ക് ഒരു പെഗ് മദ്യദൂരം. ഇവിടെയാണ് ഡോ വിജയ് പി നായരുടെ പിറവി. ലോകത്ത് തന്നെ സ്ത്രീ അവകാശം രക്ഷിക്കാൻ ഏറ്റവും കർശന നിയമങ്ങൾ ഉള്ളത് ഇന്ത്യയിൽ ആണെന്നാണ് സങ്കൽപം. ലോകത്തെ മികച്ച ഭരണഘടന എന്നതു പോലെ. പക്ഷേ സ്ത്രീ എമ്പാടും അവകാശ രഹിത, അസംഘടിത.

അറപ്പിക്കുന്നതാണ് വിജയ് നായരുടെ വാക്കുകൾ. അടി ഇരന്നു വാങ്ങുന്നത്. പക്ഷേ മുമ്പേ പറഞ്ഞ പിതാവും ഭർത്താവും മകനും ശിഷ്യരും ആരാധകരുമായ പുരുഷന്മാർ ആരും വന്നില്ല. ഭാഗ്യലക്ഷ്മി പലവട്ടം പരാതി നൽകി. ലോക്കൽ പോലീസ് സ്റ്റേഷൻ തൊട്ട് ഡിജിപി വരെ.  പിന്നെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയ്ക്കും.

എന്നിട്ടെന്ത്? എന്തുണ്ടാവാൻ. പതിവു പോലെ ഒന്നും ഉണ്ടായില്ല. അപ്പോൾ ഭാഗ്യലക്ഷ്മിയും ദിയയും ഇറങ്ങി. അവർ ചെന്നു. കണ്ടു. കീഴടക്കി. ഇപ്പോൾ നിയമം വരുന്നു. ഭാഗ്യലക്ഷ്മിക്കും ദിയയ്ക്കും എതിരേ കേസ്. വിജയ് നായർക്ക് എതിരേയും കേസ്. സമാസമം. കൃത്യമായി പറയട്ടെ. ഇത് സമാസമം അല്ല. ഭാഗ്യലക്ഷ്മിയുടേത്  മാവോയിസ്റ്റ് ആക്രമണമല്ല. സ്ത്രീയുടെ മുഖത്ത് തുപ്പുന്നവന്റെ കണ്ണിൽ എറിഞ്ഞ കുന്തമാണിത്. പൊട്ടിപ്പോകട്ടെ ആ കണ്ണുകളോരോന്നും. പുന്നപ്ര വയലാറിലെ നിസ്സഹായരുടെ വാരിക്കുന്തമാണിത്. സൈബർ ഇടവഴികളിൽ വേശ്യാ വൃത്തി നടത്തുന്ന ആൺസിംഹങ്ങൾക്കുള്ള താക്കീത്.

തുറിച്ചുനോട്ടത്തിൽ തുടങ്ങി മാനഭംഗത്തിലേക്ക് നീളുന്നതാണ് മലയാളി പുരുഷന്റെ വളർച്ച. പുതിയ കുട്ടികൾ അത് മറികടക്കുന്നുണ്ട്. അവഗണിക്കേണ്ടിടത്ത് പുച്ഛിച്ചും കൊള്ളുന്നിടത്ത് തല്ലിയും. അത് പക്ഷേ മാധ്യമ വാർത്ത ആകാറില്ല. “നീയൊന്ന് ഉറക്കെ  കരഞ്ഞിരുന്നെങ്കിൽ ”- എന്ന ഹിറ്റ് ലർ ബോധ്യത്തിൽ നിൽക്കുന്നു ഇപ്പോഴും രണ്ടും മൂന്നും വട്ടം പ്രായപൂർത്തിയായ മലയാളി മനസ്സ്. അവിടെയാണ് ഇപ്പോഴത്തെ ഇടപെടൽ. പത്തെഴുപത് കൊല്ലം മുമ്പ് ഐപിസി വന്ന കാലമല്ല. ഭരണഘടനാ ശിൽപികൾക്ക് സങ്കൽപിക്കാൻ പറ്റാത്തത്ര അധമരാണിന്ന് കുറ്റവാളികൾ. ശാസ്ത്രപുരോഗതിയെ സ്ത്രീ വിരുദ്ധമാക്കുന്നു വിജയ് നായർമാർ. അവർക്കെതിരേ മൗനം പാലിക്കുന്നു അധികാരം. അടി കൊടുത്തേ പറ്റൂ.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആള്‍ക്കൂട്ട ആക്രമണത്തിന് തുല്യം എന്നാണ് ചില വിമര്‍ശനം. ആക്ഷന്‍ ഹീറോ ബിജുവിന്റെ മറുപടിയേ പറയാനുള്ളൂ. 'അല്ലയോ കുലപുരുഷാ, അങ്ങയുടെ കര്‍ണപുടങ്ങളില്‍ ഞങ്ങളുടെ കൈത്തലം കൊണ്ടൊന്ന് സ്പര്‍ശിച്ചോട്ടെ. അനുമതി നല്‍കിയാലും. മേലില്‍ മേല്‍ച്ചൊന്ന പുണ്യപദങ്ങള്‍ ഉച്ചരിക്കുന്നതില്‍ നിന്ന് അങ്ങയുടെ വിശുദ്ധ നാവിനെ വിലക്കാനാണ്. അവിടുത്തെ സന്നിധിയിലേക്ക് വന്ന ശരണാര്‍ത്ഥികളോട് ക്ഷമിച്ചാലും'' -
ഇപ്പോള്‍ ഉടന്തടി കേസെടുക്കുന്ന പോലീസുകാര്‍ നേരത്തേ പണിയെടുത്തെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. സ്ത്രീ സുരക്ഷയെ പറ്റി വാചാലരായിട്ടു കാര്യമില്ല. സുരക്ഷ സ്ത്രീകള്‍ക്ക് അനുഭവപ്പെടലാണ് പ്രധാനം.

അഫ്ഘാൻ ഭീകരർ പ്രവിശ്യാ ഗ്രാമങ്ങളിൽ സ്ത്രീകളോട് പെരുമാറുന്ന വിധം വിവരിക്കുന്നുണ്ട് ഖാലിദ് ഹൊസൈനി തന്റെ കൃതികളിൽ. സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെ തലയിലേക്ക് മതിലിൽ കയറി നിന്ന് മൂത്രം ചീറ്റിക്കുന്നത്. 25,000 ൽ പരം മനോരോഗികൾ വരിക്കാരായ യൂ ട്യൂബ് ചാനലാണ് വിജയ് നായർ നടത്തുന്നത്. അത് നടത്താൻ ക്യാമറാമാനും എഡിറ്ററും എടങ്ങുന്ന സംവിധാനം. മൂലധനം പുഴുത്ത നാവും നാറുന്ന തലച്ചോറും. വരവ് ലക്ഷങ്ങൾ. ഇരകൾ സൗകര്യത്തിനൊപ്പിച്ച് സ്ത്രീകൾ. അഫ്ഘാൻ ഭീകരരുടെ മലയാളിത്തുടക്കമാണ് വിജയ് നായർമാർ. പെണ്ണുങ്ങൾ വീട്ടിലിരിക്കണമെന്ന കൽപന.സ്ത്രീ വിദ്യാഭ്യാസത്തിന്റെ മാത്രം ഗുണഭോക്താക്കളായ ഒരു സമൂഹത്തോടുള്ള വെല്ലുവിളി.
 
അപ്പോൾ ഭാഗ്യലക്ഷ്മി ഉപയോഗിച്ച ശബ്ദകോശം പരിശോധിക്കാൻ വരേണ്ട. സർവ്വാദരണീയരെ ആധികാരികം ആക്ഷേപിച്ചവന്റെ വാമൊഴിച്ചന്തം ആസ്വദിച്ചവർ പ്രത്യേകിച്ചും. വാക്കുകൾ പിറന്നത് വൈകാരികമായാണ്. ഇവിടെ ഈ വാക്കുകൾ പോലും അപൂർണം. അർത്ഥശങ്കയയറ്റത്. പിഴവൊട്ടുമില്ല.

അടിയുടുപ്പിന്റെ അളവെടുക്കുന്നവരോട് കൂടി. നിങ്ങൾ അറിയേണ്ടത് എ മുരുഗാനന്ദത്തെ പറ്റിയാണ്. പാഡ് മാൻ ഓഫ് ഇന്ത്യ എന്ന് പറഞ്ഞാൽ ചിലരെങ്കിലും അറിയും. ആർത്തവ കാലത്ത് കുപ്പത്തുണിയും മണ്ണും പുരട്ടി വേദന തിന്നുന്ന കോടിക്കണക്കിന് സ്ത്രീകളോട് അലിവു കാണിച്ചവൻ. സാനിറ്ററി പാഡുകൾ വാങ്ങാൻ മാസവരുമാനം തന്നെ വേണ്ടി വരുന്ന ഗതികെട്ട ഗ്രാമീണ ഇന്ത്യക്ക് ആശ്വാസം പകരാൻ വന്നവൻ.

അതിന് തുടർച്ചകൾ ഉണ്ടായതേ ഇല്ല പുരുഷ കാമനകളുടെ സൈബർ വസന്തങ്ങളിൽ. പറയാൻ കൊള്ളത്തത് വിളിച്ചു പറഞ്ഞ പണം സമ്പാദിക്കാനുള്ള വ്യഗ്രത മാത്രം. ഓരോ പെണ്ണും തുണിയഴിക്കപ്പെടുന്ന നാണക്കേട് മാത്രം. പാഞ്ചാലി ഭാഗ്യവതി. കുരുസഭ മാത്രമേ കണ്ടുള്ളൂ. കോവിഡ് പിടിച്ചവളെ കയറിപ്പിടിക്കുന്ന മനോരോഗി ദുശ്ശാസനനേക്കാൾ നീചൻ.  അവളുടെ കുളിമുറിയിൽ ഒളി ക്യാമറ വച്ചവൻ അർഹിക്കുന്നു പരമമായ ശിക്ഷ.

പെണ്ണുങ്ങൾ തെരുവിലിറങ്ങുകയാണ്. മണിച്ചിത്രത്താഴിട്ടു പൂട്ടിയ മുറികൾ തുറന്ന്. മറ്റാരും പോകാത്ത വഴികളിലൂടെ നീങ്ങേണ്ടി വന്നേക്കാം. ഭ്രാന്തിയെപ്പോലെ. എന്തെന്നാൽ അടി കൊടുത്തവരിലും അടി കൊണ്ടവനിലും ഒതുങ്ങുന്നതല്ല ഈ കേസ്. പെണ്ണിന്റെ മാത്രം പോയകാലം ചികയുന്ന പൊതുബോധത്തിനുള്ള കരണത്തടിയാണിത്. ആ കാലത്ത് ഒഴിച്ചുകൂടാനാവാത്തത്.

പണ്ട് പത്മനാഭസ്വാമി ക്ഷേത്ര മതിലിനോട് ചേർന്ന് നിരത്തിൽ തുപ്പുന്നത് വിലക്കാൻ സാത്വികനായ രാജാവ് തുളസി നട്ടു. പിന്നത്തെ രാജാവ് വന്നപ്പോൾ തുളസിച്ചെടികളിൽ മുറുക്കിത്തുപ്പിയിട്ടത് കണ്ടു. ഇനി തുപ്പുന്നവന് അടി കിട്ടുമെന്ന് എഴുതി വച്ചു. പിന്നെ ആരും തുപ്പാൻ നിന്നില്ല.
ചില തുപ്പലുകൾ തടയാൻ ചുണ്ടുകൾ തുന്നിക്കെട്ടുക തന്നെ വേണം. ജനാധിപത്യത്തിൽ പ്രത്യേകിച്ചും. കാരണം പെൺകുട്ടികൾക്കു കൂടി ഉള്ളതാണ്  ഭരണഘടന.

Content Highlights: Dr M Sumithra Column, Write Up On Vijay P Nair Issue