ബംഗളുരു ഇന്‍ഫന്‍ട്രി റോഡില്‍നിന്ന് കണ്ണിംഗ്ഹാം റോഡിലേക്ക് ഒരു പാതയുണ്ട്. അലി അസ്‌കര്‍ റോഡ്. ആഗാ അലി അസ്‌കറിന്റെ ഓര്‍മ്മ. ബംഗളുരുവിലെ രാജ് ഭവന്‍ അടക്കം പണി തീര്‍ത്ത പേര്‍ഷ്യന്‍ വ്യാപാരിയാണ് അസ്‌കര്‍. 1824-ല്‍ ആഗാ അലി അസ്‌കര്‍ വന്നു. ഇറാനിലെ ഷിറാസില്‍നിന്ന് ബംഗളുരുവിലേക്ക്. കുതിരക്കച്ചവടത്തിന്. ആദ്യം മൈസൂര്‍ മഹാരാജാവുമായി. പിന്നെ ബ്രിട്ടീഷുകാര്‍ക്കും.

കുതിരക്കച്ചവടം ഇപ്പോള്‍ കുളമ്പടിക്കുന്നത് കര്‍ണാടക വിധാന്‍ സൗധത്തിലാണ്. കലുഷിതമാണ് ബംഗളുരു രാഷ്ട്രീയം. പൂന്താനം പറഞ്ഞ പോലെ കാര്യങ്ങള്‍. ഇന്നലെയോളം എന്തെന്നറിഞ്ഞീലാ, ഇനി നാളെയും എന്തെന്നറിവീലാ. തിരഞ്ഞെടുപ്പ് ചെലവ് തിരിച്ചു പിടിച്ചിരിക്കണം എം.എല്‍.എമാര്‍. കൂറുമാറ്റങ്ങളില്‍ എല്ലില്‍ വറ്റ് കുത്തുന്ന സ്വാസ്ഥ്യക്കേട് കാണാം.

മോദിയുടെ രണ്ടാമൂഴം വെറും രാഷ്ട്രീയമാറ്റം അല്ല. അതിനെ സാംസ്‌കാരിക മാറ്റമാക്കാന്‍ നോക്കുന്നു  ബി.ജെ.പി. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് അമിത് ഷാ. കര്‍ണാടകം തുടക്കം. ഗോവ തുടര്‍ച്ച. രാജസ്ഥാനും മധ്യപ്രദേശും ഭാവി.
എളുപ്പമല്ല കാര്യങ്ങള്‍. കോണ്‍ഗ്രസ്സിന് മാത്രമല്ല മുഴുവന്‍ പ്രതിപക്ഷങ്ങള്‍ക്കും. 

ബംഗ്ലാ യുദ്ധം ജയിച്ച് ഇന്ദിര ഗാന്ധി നിന്ന അതേ മേധാവിത്തമുണ്ടിപ്പോള്‍ മോദിക്ക്. മൂന്നിലൊന്നു ജനതയും പട്ടിണി കിടക്കുന്ന രാജ്യത്ത് മൂത്തു നില്‍ക്കുന്നു ദേശാഭിമാനം. അപ്പോഴും പരസ്പരം കടിച്ചു കീറുന്നു മോദി വിരുദ്ധര്‍.
കൂട്ടത്തില്‍ ഏറ്റവും നിസ്സഹായരാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കുറ്റപ്പെടുത്തിയിട്ട് കാര്യമൊന്നുമില്ല. ഒരു ദേശീയ പ്രസിഡണ്ട് പോലുമില്ലാത്ത പാര്‍ട്ടിയില്‍ എത്രകാലം  മുന്നോട്ട് പോകാനാവും. 

ഇരുപത്തിയെട്ടിനും കല്ല്യാണത്തിനും ചാക്കാലയ്ക്കും അടിയന്തിരത്തിനും എം.പിമാരും എം.എല്‍.എമാരും ചെല്ലുന്ന നാട് ഇന്ത്യ മഹാരാജ്യത്തില്‍ കേരളം മാത്രമേ ഉള്ളൂ. മറ്റിടങ്ങളില്‍ കാലു മാറുമ്പോള്‍ കാശെണ്ണി നോക്കണം. അത്രതന്നെ. ഇപ്പോള്‍ കാറ്റ് ബി.ജെ.പിയിലേക്കാണ്. കാശുമഴ കണ്ടിട്ട് തന്നെയാണ് യാത്ര. കാശിയുടെ കാര്യം പിന്നീടാവാം. 

അരശുംമൂട്ടില്‍ അപ്പുക്കുട്ടനില്‍നിന്ന് തൈപ്പറമ്പില്‍ അശോകനിലേക്ക് ദൂരം ഒരുപാടുണ്ട്. അത് തിരിച്ചറിയുന്നില്ല രാഹുല്‍ ഗാന്ധി. നെഹ്‌റു കുടുംബാംഗം കോണ്‍ഗ്രസ് പ്രസിഡണ്ട് ആവരുത് എന്നത് ബി.ജെ.പി. അജണ്ട. ആ ചൂണ്ടയില്‍ കൊത്തി. രാഹുല്‍. നല്ല ഇര കൊരുക്കുന്നത് നല്ല രാഷ്ട്രീയം. ആ കല വശഗമുള്ളവന്‍ ഇപ്പോള്‍ അമിത് ഷാ.

പ്രധാനമന്ത്രിക്കസേര എളുപ്പമല്ല. അത് മനസ്സിലാക്കലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദ്യ പാഠം. ജനാധിപത്യ വൈവിദ്ധ്യങ്ങളെ കോര്‍ത്തെടുക്കണം. അതിനുള്ള ചരട് കൈവശം വേണം. കോണ്‍ഗ്രസിന് ആ ചരട് കൈമോശം വന്നിരിക്കുന്നു. നൂലു കണ്ടെത്താന്‍  ജനങ്ങളിലേക്ക് വീണ്ടും ഇറങ്ങണം.

പണ്ട് ഗാന്ധിജി ഒരു ചര്‍ക്ക കണ്ടുപിടിക്കാന്‍ അലഞ്ഞു. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലുണ്ട് ആ കഥ. അന്ന് പരുത്തി മുഴുവന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുപോയി. വസ്ത്രം ഇറക്കുമതി ചെയ്തു. കൈത്തറി നിലച്ചു. അന്നത്തെ ഇന്ത്യ മുഴുവന്‍ ഗാന്ധിജി ചര്‍ക്ക തേടി. ഇന്നത്തെ മൂന്നു രാജ്യങ്ങളില്‍ അലഞ്ഞു. അവസാനം കിട്ടി. ബറോഡയിലെ പഴയൊരു തട്ടിന്‍പുറത്തുനിന്ന്. സബര്‍മതിയിലെ സഹോദരിമാര്‍ നൂല്‍പ് പഠിച്ചു. അത് രാജ്യമെമ്പാടും പടര്‍ന്നു. സ്ത്രീകള്‍ക്ക് അഭിമാനമായി. കോണ്‍ഗ്രസിന് വേരുപിടിച്ചു.

കെസി വേണുഗോപാലിന് സ്ത്രീകള്‍ നൂലു നൂറ്റ കഥ അറിയണമെന്നില്ല. സോളാര്‍ വെളിച്ചത്തിലായിരുന്നില്ലല്ലോ സുതാര്യമായ ആ ഇടപാടുകള്‍. വ്യത്യസ്തമല്ല  മറ്റു ഉപദേശകരും. നാടിന് വേണ്ടാതായി. അപ്പോള്‍ ഉപദേശിയായി. അഹമ്മദ് പട്ടേലായാലും ദിഗ്‌വിജയ് സിംഗായാലും ഗുലാം നബിയായാലും വോറയായാലും. എ.കെ. ആന്റണി അവസാനം നാലു നാട്ടുകാരോട് മിണ്ടിയത് എന്നാണ്? കാലമേറെയായി. അമ്മയുടെ കല്ലറയിലെ  ആണ്ടു തോറുമുള്ള നാടകമുണ്ടല്ലോ. അത്  മതിയാവില്ല പുതിയ കുട്ടികള്‍ക്ക്.  

ഗ്രഹണി പിടിച്ച കുട്ടിയാണ് ഇന്ന് കോണ്‍ഗ്രസ്. ആദ്യത്തെ തീറ്റയൊക്കെ വിര തിന്നും. കുട്ടിക്ക് കിട്ടാന്‍ കാലമെടുക്കും. രോഗം അറിയണം ആദ്യം. എന്നിട്ടാവാം ചികിത്സ. വൈദ്യന്മാര്‍ പക്ഷേ പരമദരിദ്രര്‍. സോണിയ ഗാന്ധിയെ  നോക്കൂ. ഹിന്ദിയില്‍ പ്രസംഗിച്ച എം.പിമാരെ സോണിയ വിലക്കി. അത് ബി.ജെ.പിയെ സഹായിക്കും എന്ന്  സംശയം. ഇത്ര കാലമായിട്ടും ഇന്ത്യയിലെ അങ്ങാടി മരുന്നും പച്ചമരുന്നും തിരിച്ചറിഞ്ഞില്ലെന്ന് സാരം. മാഡം ഇംഗ്ലീഷില്‍ പ്രസംഗിച്ചത് പാവം ഉത്തേരന്ത്യന്‍ ഗ്രാമീണന് മനസ്സിലായില്ല. അത് മാഡത്തിനും മനസ്സിലായില്ല. പറഞ്ഞിട്ട് കാര്യമില്ല. ഹിന്ദിയില്‍ കൊള്ളാവുന്നൊരു പ്രസംഗത്തിന്  കെല്‍പുള്ള ഒറ്റ നേതാവും കോണ്‍ഗ്രസ്സില്‍ ഇല്ലാതായി. അതും ബി.ജെ.പിയുടെ നേട്ടം. 

ഒരിക്കല്‍ കൂടി ഗാന്ധിജിയെ ഓര്‍ക്കാം. ബാരിസ്റ്റര്‍ മോഹന്‍ ദാസ് കരംചന്ദ് ഹിന്ദിയില്‍ പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ മറ്റ് നേതാക്കള്‍ക്ക്  പ്രിയം ആംഗലേയം ആയിരുന്നു. സംശയമുണ്ടോ? ഉള്ളവര്‍ തീന്‍ മൂര്‍ത്തി ലൈബ്രറിയില്‍ പോയി കോണ്‍ഗ്രസ് ചരിത്രം വായിച്ചാല്‍ മതി.

രാഹുലും പ്രിയങ്കയും പാഞ്ഞു നടന്നു തിരഞ്ഞെടുപ്പില്‍.  പലപ്പോഴും പ്രിയങ്ക നല്ല ക്രൗഡ് മാനേജരായി. രാഹുല്‍ മുമ്പെന്നത്തേക്കാള്‍ നന്നായി സംസാരിച്ചു. പക്ഷേ ജനം വിശ്വാസിക്കാന്‍ സമയമെടുക്കും. കുലപ്പേര് മാത്രം പോര. ഒപ്പമുണ്ടെന്ന് വിശ്വാസം വരണം. എതിരാളിയേക്കാള്‍ മികച്ചവനെന്ന് തോന്നണം. അതിന് ഇനിയും ഒരുപാട് വിയര്‍ക്കണം. തിരഞ്ഞെടുപ്പിന് താണ്ടിയ ആകാശദൂരമല്ല ഇന്ത്യ. ഉടുതുണിയില്ലാത്തവര്‍ക്കു മേല്‍മുണ്ട് നല്‍കി അര്‍ദ്ധനഗ്‌നനായി പഴയ ഫക്കീര്‍. അദ്ദേഹം പോലും അടിമുടി ചോദ്യം ചെയ്യപ്പെട്ടു. ഗാന്ധിയാവാന്‍ എളുപ്പമല്ല, രാഹുല്‍.  ആദ്യം സുതാര്യമാവണം ജീവിതം.

സിനിമാ ടിക്കറ്റിന് പണം കിട്ടാതെ നക്‌സലൈറ്റായ തമാശയാണ് രാഹുലിന്റെ പലായനം. തോറ്റതിനാല്‍ അഴിക്കുന്നു പടച്ചട്ട. കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കിലോ? ഇതേ പ്രശ്‌നങ്ങള്‍ അപ്പോഴും നിങ്ങളെ വേട്ടയാടുമായിരുന്നു. ഉപദേശികള്‍ ഇവരാണല്ലോ. നിങ്ങളുടെ മാതൃക അധികാരം വലിച്ചെറിഞ്ഞ ശ്രീബുദ്ധനല്ല. 1757-ല്‍ പ്ലാസിയിലെ പാടത്തുനിന്ന് തോറ്റോടിയ ബംഗാള്‍ നവാബ് സിറാജ് ഊദ് ദൗളയാണ്. വംഗനാട്ടിലും നവാബുമാരെ തോല്‍പ്പിക്കുകയാണ് കോര്‍പറേറ്റുകള്‍. 

ഇസഡ് കാറ്റഗറി തോക്കിന്‍മുനകള്‍ക്ക് നടുവിലായിരുന്നു എന്നും രാഹുലും പ്രിയങ്കയും. ബാല്യവും കൗമാരവും യൗവനവും നഷ്ടമായ കുട്ടികള്‍. അവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുക വയ്യ. പക്ഷേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉണ്ടല്ലോ. ഗുവാഹതി എ.ഐ.സി.സിയില്‍ ഇന്ദിര ഗാന്ധിയെ വെല്ലുവിളിച്ചെന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം ഓര്‍മ്മിപ്പിക്കുന്ന ആന്റണിമാര്‍. അവരാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശാപം. പാദസേവയുടെ പരകോടിയിലേക്ക് എത്ര എളുപ്പം അവര്‍ പതിച്ചു. മോദിക്കും അമിത് ഷായ്ക്കും അവര്‍ വഴിയൊരുക്കി. നെഹ്‌റു കുടുംബത്തെ വിമര്‍ശിക്കാന്‍. അവരാണ് കോണ്‍ഗ്രസിന്റെ നാണക്കേട്. കോഴി കൂവും മുമ്പേ മൂന്നു വട്ടം തള്ളിപ്പറയുന്നവരും അതേ ജനുസ്സിലുള്ളവര്‍. 

മോദി പോയി രാഹുല്‍ വന്നാല്‍ ജനാധിപത്യമാവില്ല. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ത്രാണി വേണം.  രാജ്യം മുഴുവന്‍ കുടിയൊഴിക്കപ്പെട്ട ഗ്രാമീണരുണ്ട്. പലായനം ചെയ്യുന്ന ജനകോടികള്‍. പട്ടിണി കിടക്കുന്ന കുട്ടികള്‍. മാനം കെട്ട് ജീവിക്കേണ്ടി വരുന്നവര്‍. ജാതിയും മതവും തടവിലിട്ടവര്‍. അവരുടെ വികാരം ആവുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പഴയ ഞായറാഴ്ച കോണ്‍ഗ്രസാണ്. 

ആണവ കരാറിന്റെ കാലം. വിദര്‍ഭയിലെ കലാവതിയുടെ വീട്ടിലേക്കു വിരുന്നു പോയി രാഹുല്‍. ആ വീട് പിന്നെ അടിച്ചു പിരിഞ്ഞു. വഴി പിഴച്ച ഉപദേശങ്ങളില്‍ ഒന്ന്.  പിന്നീട് ഉപദേശങ്ങള്‍ കൂടി. തോറ്റപ്പോഴൊക്കെ അത് സംസ്ഥാന കോണ്‍ഗ്രസ്സുകാരുടെ തോല്‍വി. ജയിച്ചപ്പോഴോ? എല്ലാം രാഹുലിന്റെ വിജയം. ഫലത്തില്‍ ജയിച്ചപ്പോഴും നിങ്ങള്‍ തോറ്റുപോയി രാഹുല്‍. തോല്‍വിയുടെ മൂര്‍ച്ച അറിയാന്‍ അമേത്തി തന്നെ വേണ്ടി വന്നു. 

എളുപ്പമല്ല ഭാവി. പൊരുതാന്‍ മനസ്സു വേണം. എതിരാളി ശക്തനാണ്. ഇപ്പോഴത്തെ ഉപദേശികളെ പറഞ്ഞുവിട്ടാല്‍ തന്നെ പകുതി നന്നാവും. വേണമെങ്കില്‍ പഴയ ആ ട്രബിള്‍ ഷൂട്ടറെ ഓര്‍ക്കാം. മോദിയും ബഹുമാനിക്കുന്ന പ്രണബ് മുഖര്‍ജിയെ. അതു പോലെ പലപ്പോഴും അനിഷ്ടം കാട്ടി ഒഴിവാക്കിയവരെ. കടല്‍ക്കിഴവന്മാരെ അടിച്ചു പുറത്താക്കണം. വൈതാളികര്‍ക്ക് മേല്‍ ചാണകം തളിക്കണം. അതിനുള്ള ആര്‍ജവം വേണം. ആ ആര്‍ജവം ജനങ്ങള്‍ അംഗീകരിക്കണം.  

അതിനും അറിയണം. ചാണകം ഗോസംരക്ഷകരുടെ മാത്രം ആയുധമല്ല ഇന്ത്യയില്‍. അത് മനസ്സിലാക്കാനും ചരിത്രം പഠിച്ചാല്‍ മതി. മൊത്തം സ്വാതന്ത്യ സമര നായകന്മാരേയും മോദിയും ഷായും അടിച്ചു മാറ്റും മുമ്പ് പഠിച്ചാല്‍ പിടിച്ചു നിര്‍ത്താം കോണ്‍ഗ്രസിനെ. നിങ്ങള്‍ക്ക് വേണ്ടെങ്കിലും അലന്‍ ഒക്ടേവിയന്‍ ഹ്യൂം തുടങ്ങിയ ആ പ്രസ്ഥാനത്തിന് വിലയുണ്ട്. കാരണം ഇവിടെ വൈവിദ്ധ്യങ്ങളുടെ സംഗീതം കേള്‍ക്കണം. ഉളി കൊണ്ടും ചുറ്റിക കൊണ്ടും ഒറ്റക്കല്ലില്‍ കൊട്ടി പാട്ടു കേള്‍ക്കേണ്ട മണ്ഡപമാവരുത് ഇന്ത്യ.   

വണിക്കുകള്‍ എന്നും വന്നിട്ടുണ്ട് ഇവിടേക്ക്. അവരെ ആകര്‍ഷിക്കുന്നത് അധികാരവും പണവുമാണ്. അപ്പോഴും അറിയണം. അലി അസ്‌കറിനെപ്പോലെ കുതിരക്കച്ചവടക്കാര്‍ പടച്ചുണ്ടാക്കിയതല്ല നമ്മുടെ ഇന്ത്യ. 

Content Highlights: Congress in deep trouble