അന്തരിച്ച എഴുത്തുകാരി ഗീതാ ഹിരണ്യന്‍ പറഞ്ഞതാണ്. പണ്ട് എന്‍ എസ് മാധവന്റെ ഹിഗ്വിറ്റ വന്ന കാലം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥ വായിച്ച ആവേശത്തോടെ ഗീത ക്ലാസിലെത്തി.
''ആരെങ്കിലും വായിച്ചോ മാധവനെ?''
വായിച്ചത് ഒരു കുട്ടി മാത്രം. ഗീത തളര്‍ന്നു. ക്ലാസെടുക്കേണ്ടത് എസ് കെ പൊറ്റെക്കാടിന്റെ വിഷകന്യക. ഇനി അത് ആരെങ്കിലും വായിച്ചിട്ടുണ്ടോ? അവര്‍ ചോദിച്ചു. രണ്ടു കുട്ടികളേ വായിച്ചിരുന്നുള്ളൂ.
വായിച്ചവരോട് പറയേണ്ട കാര്യമില്ല. വായിക്കാത്തവരോട് പറഞ്ഞിട്ടും കാര്യമില്ല. ഗീത കുട്ടികളോട് പറഞ്ഞു.
''ഇന്ന് ക്ലാസില്ല. നിങ്ങള്‍ ലൈബ്രറിയിലേക്ക് പൊയ്‌ക്കോളൂ''
അടുക്കളയില്‍ നിന്ന് സ്വീകരണമുറിയിലേക്കുള്ള യാത്രക്കിടയില്‍ ബ്രസീലിലെ കാപ്പിത്തോട്ടമത്രയും നടന്നു തീര്‍ത്തു എന്ന് സമര്‍ത്ഥമായി രാഷ്ട്രീയം എഴുതിയ ഗീതാ ഹിരണ്യന്‍. ദീപാ നിശാന്തിന്റെ കോപ്പിയടി വിവാദമാണ് ആ വലിയ എഴുത്തുകാരിയെ ഓര്‍മ്മിപ്പിച്ചത്. താന്‍ നല്ല എഴുത്തുകാരി ആണെന്ന് ഗീത ഒരിക്കലും സമ്മതിച്ചിരുന്നുമില്ല.
യുജിസി അധ്യാപകര്‍ക്ക് വിവരമില്ലെന്ന് ഈയിടെ പറഞ്ഞു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ബാലചന്ദ്രന്റെ ചോരയ്ക്ക് വേണ്ടി പാഞ്ഞു അധ്യാപകര്‍. ഭാഷയും ഗണിതവും പഠിക്കാത്ത ഭാവന നശിച്ചവരുടെ ലോകമെന്ന് പുതിയ കാലത്തെ വിലയിരുത്തിയതും ചുള്ളിക്കാടാണ്. മലയാളം ക്ലാസില്‍ സാഹിത്യം പഠിക്കാത്ത കവി.
ഇപ്പോഴത്തെ വിവാദം രണ്ടു തരത്തില്‍ നിരാശപ്പെടുത്തുന്നു. അടിച്ചതും കോപ്പിയടിച്ചതും മികച്ചതല്ല എന്നതാണ് ആദ്യത്തേത്. നമ്മുടെ കാലത്തിന് ആഘോഷിക്കാന്‍ മണ്‍കാലിലെ വിഗ്രഹങ്ങളേ ഉള്ളൂ എന്നതാണ് രണ്ടാമത്തേത്.
കുന്നോളമുണ്ടല്ലോ ഭൂതക്കാലക്കുളിര്‍ എന്ന് ദീപ എഴുതിയത് തൃശൂരില്‍ ഇരുന്നാണ്. തൊട്ടടുത്ത് ഉണ്ട് മുട്ടറ്റമേയുള്ളൂ ഭൂതക്കാലക്കുളിര്‍ എന്ന് എഴുതിയ കവി. കെ ജി ശങ്കരപ്പിള്ളയും കോളേജ് അധ്യാപകനായിരുന്നു. പല തലമുറകളെ അനുഭവങ്ങളുടെ ലോകത്തേക്ക് ആനയിച്ച ഗുരു.
അനുഭവങ്ങളല്ല, എങ്ങനെ അനുഭവിക്കുന്നു എന്നതാണ് പ്രധാനം. പല കാലങ്ങളിലെ പല ലോകങ്ങളെ പഠിതാക്കള്‍ക്ക് തുറന്നുകാട്ടിയാലേ ഗുരുവാകൂ. അതിന് ധ്വനി അറിയണം. അധ്വാനിക്കണം. അനുഭവങ്ങളെ സ്വായത്തമാക്കണം. ഉള്ളില്‍ വൈലോപ്പിള്ളി പറഞ്ഞ സൗവര്‍ണലോകം വേണം.
കണ്ണാടി കണ്ടാല്‍ രണ്ടുണ്ട് കാഴ്ച. ഞാന്‍ ഇത്രയും ഉണ്ട് എന്ന് അറിയാം. ഞാന്‍ ഇത്രയേ ഉള്ളൂ എന്നും അറിയാം. കേരളത്തിലെ കേളേജുകളില്‍ പഠിപ്പിച്ച അധ്യാപകരില്‍ ഒരാള്‍ക്ക് ഭൂതക്കാലക്കുളിര്‍ മുട്ടറ്റമേയുള്ളൂ എന്ന് തോന്നുന്നു. അതിനെ ഉപജീവിച്ച് തലക്കെട്ടിടുമ്പോള്‍ മറ്റൊരാള്‍ക്ക് നൊസ്റ്റാള്‍ജിയ കുന്നോളം ഉണ്ടെന്ന് തോന്നുന്നു. അത് നമ്മുടെ കാലത്തിന്റെ കൂടി ദോഷമാണ്.
ഐതിഹ്യമാലയില്‍ വലിയൊരു കഥകളി നടനെ പറ്റി പറയുന്നുണ്ട്. കൈലാസം എന്നത് ഇത്രനാളും അങ്ങേപ്പുറത്തെ കുന്നോളം എന്നേ തോന്നിയുള്ളൂ. ഈ അഭിനയം കണ്ടപ്പോഴാണ് അതിന്റെ വലിപ്പം മനസ്സിലായത് എന്ന്.
ഭൂതക്കാലക്കുളിര്‍ മുട്ടറ്റമേയുള്ളൂ എന്ന് കെ ജി ശങ്കരപ്പിള്ള എഴുതിയത് കാവ്യകൈലാസത്തിന്റെ ഔന്നത്യം അറിഞ്ഞാണ്. അത് കുന്നോളം ഉണ്ടെന്ന ആത്മരതിയിലേക്ക് ദീപാ നിശാന്ത് എത്തി. കേരളവര്‍മ്മാ കോളേജില്‍ ഊട്ടി എന്ന കാടുണ്ട്. അതിനെ ആമസോണ്‍ കാട് എന്ന് തെറ്റിദ്ധരിക്കുന്നു ദീപ.
ഫേസ് ബുക്ക് ലോകത്തിന്റെ പരിമിതി കൂടിയാണത്. ആക്ടിവിസം തന്നെ കോപ്പിയടിക്കപ്പെടുന്ന കാലം. ഹാഷ് ടാഗിലൂടെ ആര്‍ക്കും ആക്ടിവിസ്റ്റാകാം. ആന്തരികമായ പ്രതിസന്ധികള്‍ അനിവാര്യമേ അല്ല. പുറം ലോകത്തിന് മുന്നില്‍ മാതൃക. നല്ല വാക്കോതുന്ന, സമര സജ്ജയായ, നട്ടെല്ല് വളയ്ക്കാത്ത, ജ്ഞാനി.
ഉള്ളില്‍ മരുന്നില്ലെങ്കില്‍ ഇല്ലാത്ത പ്രതിച്ഛായ നിലനിര്‍ത്താന്‍ പാടാണ്. അതിന് കുറുക്കുവഴി തേടണം. അപ്പോള്‍ ശ്രീചിത്രന്മാര്‍ അവതരിക്കുന്നു. 'വേണം എനിക്ക് ഒരു കഥ, തരൂ ഒരു കവിത, പറയൂ, ഒരു അനുഭവം' എന്നൊക്കെ അഭ്യര്‍ത്ഥിക്കാന്‍ ഒരിടം. അനുഭവത്തിന്റെ ചില്ലറ വില്‍പന ശാല.
എതിര്‍പ്പുകള്‍ തന്നെ ഇവിടെ വ്യാജമാകുന്നു. സ്വന്തം ആന്തരിക കാപട്യങ്ങള്‍ അറിയുമ്പോള്‍ ആരും നിശ്ശബ്ദമാകും. അതിനു പോലും കഴിയാത്ത കളിയാണ് സൈബര്‍ലോകത്തേത്. ചൈനീസ് കളിപ്പാട്ടങ്ങള്‍ വേണ്ടത്ര. അഭിരമിക്കാം. അനുഭവങ്ങളെല്ലാം കുന്നോളം എന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.
'' നോക്കൂ. നിന്നെക്കുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് ഒരു കവിത തോന്നി'' എന്ന് പറഞ്ഞ് ''ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി'' എന്ന് എഴുതിക്കൊടുക്കുന്നത് അപഹാസ്യമാണ്. എന്നാല്‍ അതിലേറെ വരും അത് വായിച്ച് ' ഓ എന്നെ ഭൂമീദേവിയോട് ഉപമിച്ചല്ലോ'' എന്ന് തോന്നുന്നതിലെ അപഹാസ്യത. അതിലേറെയാണ് അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുന്നതിലെ അല്‍പത്തം. ഇന്നോളം നടത്തിയ സമരങ്ങളില്‍ ഒപ്പം നിന്നവരെ ഒറ്റിക്കൊടുക്കലാണത്. നടത്തിയ സമരമൊന്നും ആന്തരിക പൊട്ടിത്തെറി അല്ലെന്ന പ്രഖ്യാപനം. കേവലമായ യശോലമ്പടത്വം. ആരും വായിച്ചിട്ടില്ലാത്ത കവിയെന്ന തെറ്റിദ്ധാരണയിലാണ് കലേഷ് ഇവിടെ ഇരയാക്കപ്പെട്ടത്. ദൈവമേ മറ്റാരെയൊക്കെ ഇങ്ങനെ മൊഴിമാറ്റിയിട്ടുണ്ടാകും?
പൊട്ടിക്കാം തേങ്ങ ഭൂതേശാ മുട്ടിക്കാതെയൊരാണ്ട് ഞാന്‍ എന്നൊരു പ്രാര്‍ത്ഥന ഉണ്ടായിരുന്നു പണ്ട് ഞങ്ങളുടെ കുട്ടിക്കാലത്ത്. പൊട്ടക്കാവ്യം ചമയ്ക്കുന്ന ദുഷ്ടക്കൂട്ടം നശിക്കാനുള്ള പ്രാര്‍ത്ഥന. ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസര്‍ ദീപ ടീച്ചറെങ്കിലും ഓര്‍ക്കണം. റോമന്‍ ആള്‍ക്കൂട്ടം സിന്ന എന്ന കവിയെ കൊല്ലുന്നുണ്ട് ബ്രൂട്ടസിന്റെ പ്രസംഗത്തിന് ശേഷം.'' ഞാന്‍ സിന്ന എന്ന ഗൂഢാലോചനക്കാരനല്ല, കവി സിന്നയാണ്'' ജനം പറയുന്നു. ' എന്നാല്‍ ആ പൊട്ടക്കവിതകള്‍ എഴുതിയതിന് കൊല്ല്''
പുത്തന്‍ നവോത്ഥാനത്തില്‍ ഒന്നേ പറയാനുള്ളൂ. ദീപയും ശ്രീചിത്രനും പോലുള്ള കുട്ടികളോട്. ഫേസ് ബുക്കിനെ ഫേക് ബുക്ക് ആക്കരുത്. വായനക്കാരുടെ തലയില്‍ തേങ്ങയടിക്കാന്‍ ആവരുത് നിങ്ങളുടെ ചിത്തിരയാട്ടങ്ങള്‍.
Content Highlight: Deepa Nishanth in plagiarism row over a poem by Kalesh