മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു: ''ഇത് ഒറ്റപ്പെട്ട സംഭവമാണ്.''

ഒറ്റപ്പെട്ട സംഭവങ്ങള്‍ കൊണ്ട് പൊറുതിമുട്ടുകയാണ് കേരളം. ഉദാഹരണങ്ങള്‍ എണ്ണമറ്റതുണ്ട്. ചരിത്രത്തില്‍നിന്ന് പെട്ടെന്ന് ഓര്‍മ്മ വരുന്നതില്‍ ചിലതു പറയാം.

51 വെട്ടുമായി ടി.പി. ചന്ദ്രശേഖരന്‍ മരിച്ചു കിടന്നപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവം ആയിരുന്നു. 
കണ്ണൂരിലെ ഷുഹൈബ് വധം ഒറ്റപ്പെട്ട സംഭവമായിരുന്നു. 
പെരിയയില്‍ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമായിരുന്നു. 
ഒറ്റപ്പെടലുകളില്‍ അവസാനത്തേതാണ് സി.ഒ.ടി. നസീര്‍. 
ഭാഗ്യം, ഈ ഒറ്റപ്പെടല്‍ തെല്ല് വ്യത്യസ്തം. ഏകാകിത അനുഭവിക്കാന്‍ നസീറിന് ജീവന്‍ ബാക്കി.

കൃപേഷിനെപ്പോലെ അല്ല നസീര്‍. വെട്ടുവഴികള്‍ നന്നായി അറിയാം. പണ്ട് ഒപ്പം നടന്നവന്‍. ആര്‍ ആര്‍ക്കെതിരേ ആര്‍ക്ക് എപ്പോള്‍ ക്വട്ടേഷന്‍ കൊടുക്കുമെന്ന് നന്നായി അറിയാം. വരുന്ന വഴികള്‍ അറിയാം. പോകുന്ന വഴികളും. പെടുന്നത് അറിയാം. രക്ഷപ്പെടുന്നതും അറിയാം. അങ്ങനെയാണ് ജീവന്‍ തെല്ല് ബാക്കിയായത്. 

വിഭജനകാലത്തെ പറ്റി യശ്പാല്‍ എഴുതിയിട്ടുണ്ട്. നിറം പിടിപ്പിച്ച നുണകള്‍ എന്ന നോവല്‍. സ്വാമിഭക്തിയുടെ ഫ്യൂഡല്‍ നിറഭേദങ്ങള്‍ പലതും കാണാം അവിടെ. മനസ്സുകളെ വിഭജിച്ചെടുക്കുന്ന കാലത്ത് അതേ നാടുവാഴിത്ത വികാരങ്ങളുടെ തിരത്തള്ളലാണ് എമ്പാടും. 

ഒരു എംല്‍എയുണ്ട് അക്രമത്തിന് പിന്നിലെന്ന് നസീര്‍ പറയുന്നു. സി.പി.എം. പറയുന്നു, ഷംസീറിന് ഇതില്‍ പങ്കില്ല. ശരിയായിരിക്കാം, തെറ്റായിരിക്കാം. പക്ഷേ ഒറ്റപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയാണ് അമ്പരപ്പിക്കുന്നത്. സംഘടനാപരമായി പി. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതും ഒറ്റപ്പെട്ടത്. ഒറ്റയാകലിനും ഒറ്റിനുമിടയിലെ വ്യഥകളുണ്ട് എന്നും കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍. 

ഒറ്റപ്പെട്ടതല്ലാത്ത സംഭവങ്ങള്‍ നടക്കുന്ന സംസ്ഥാനമുണ്ട് ഇന്ത്യയില്‍. സി.പി.എമ്മിനെ ഖേദിപ്പിക്കുന്ന പേര്. ബംഗാള്‍. അവിടെ ഒന്നും ഒറ്റപ്പെട്ടതല്ല. തൃണമൂല്‍ ബി.ജെ.പിക്കാരനെ കൊല്ലും. ബി.ജെ.പി. തൃണമൂലിനെ കൊല്ലും. എന്നും ആവര്‍ത്തനം. അതിനാല്‍ ഒറ്റപ്പെട്ടതല്ല. സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണത്തിന് സാധ്യത തേടുകയാണ് കേന്ദ്രം. രാജ്‌നാഥ് സിംഗല്ല ഇപ്പോള്‍ ആഭ്യന്തരം.

അവിടെ തൃണമൂലിന് എതിരേ പോരടിക്കാന്‍ ഇറങ്ങുന്നത് പഴയ സി.പി.എമ്മുകാരാണ്. മമതാ വിരുദ്ധതയില്‍ കാവിക്കൊടിയേന്തി. ബുദ്ധദേവിന ്പറയേണ്ടി വന്നു നമ്മുടെ നയങ്ങളില്‍ തെറ്റുണ്ട്. മുഖ്യ എതിരാളി മമതയല്ല. 
ഇവിടെ സി.പി.എമ്മിന് മുഖ്യ എതിരാളി എന്നും പാര്‍ട്ടി വിട്ട സഖാക്കളാണ്. വിരുദ്ധനായി മാറിയ വിമതന്‍ വര്‍ഗ്ഗശത്രു. 

എതിരാളികള്‍ തിരിച്ചടിക്കുന്നില്ലെന്നതാണ് മുഖ്യമന്ത്രിക്ക് കാര്യങ്ങളെ ഒറ്റപ്പെട്ടതാക്കുന്നത്. സി.ഒ.ടി. നസീര്‍ മുമ്പ് പറഞ്ഞു.  മാറ്റിക്കുത്തിയാല്‍ മാറ്റം കാണാം. കണ്ട മാറ്റങ്ങളൊക്കെ പഴയ സഖാവിന്റെ മുന്നറിയിപ്പിനേക്കാള്‍ ആശങ്കാകുലം.

കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയുകയെന്നതാണ് ഒരു പ്രസ്ഥാനത്തിന്റെ നിലനില്‍പിന് സര്‍വ്വപ്രധാനം. അതിന് ജനങ്ങളുമായി ജൈവബന്ധം വേണം. തെറിയുടേയും മുറിപ്പത്തലിന്റേയും കാലമല്ലിത്. ജനങ്ങള്‍ എന്തു പറയുന്നു എന്നറിയാന്‍ അവരിലേക്ക് എത്തണം. പോരാളി ഷാജിമാരുടെ സൈബര്‍ സ്തുതികളില്‍ അഭിരമിച്ചാല്‍ ജനത്തിന്റെ മനസ്സ് അറിയില്ല. ആലത്തൂരില്‍ ഒന്നര ലക്ഷം വോട്ടിന് തോല്‍ക്കുന്നു എന്ന് തിരിച്ചറിയാതെ പോയതും അതിനാലാണ്.

മറ്റൊരു ഉദാഹരണമാണ് ശബരിമല. വിശ്വാസികളെ തിരികെ കൊണ്ടുവരണമെന്ന് ഇപ്പോള്‍ പാര്‍ട്ടി തന്നെ പറയുന്നു. ഉശിരുള്ള നായര്‍ മണി അടിക്കുമെന്ന് പറഞ്ഞത് പി. കൃഷ്ണപിള്ളയാണ്. സഖാവിന് അത് തിരഞ്ഞെടുപ്പ് വിഷയം ആയിരുന്നില്ല. നവോത്ഥാനം ജീവിതരീതിയായിരുന്നു. തിരഞ്ഞെടപ്പ് കാലത്ത് അടച്ചുവച്ച് വേവിച്ചെടുക്കേണ്ടത് നവോത്ഥാനമല്ല. പിന്നീടൊരു നായരും മണി അടിക്കാനാവാതെ പാതിവഴിയില്‍ മുറിച്ചുകളഞ്ഞ നവോത്ഥാനമുണ്ട്. അവിടെ ചിലതൊക്കെ കണക്കു പറയേണ്ടി വരും.

ജനങ്ങളുമായി ബന്ധപ്പെടുന്ന വകുപ്പുകളാണ് പോലീസും റവന്യൂവും. പോലീസില്‍ കമ്മീഷണറേറ്റ് രൂപീകരിച്ചു. കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരങ്ങള്‍. പഴയ വരാപ്പുഴ കേസിലെ സംശയാലുക്കള്‍ ഇപ്പോഴും കമ്മീഷണര്‍മാരാണ്. ആരുടെ പേരിലും കാപ്പ ചുമത്താം. മാസം തോറും അമ്പതോ നൂറോ പേരെ ടൈഗര്‍മാര്‍ക്ക് തുറുങ്കിലിടാം.

അപ്പോള്‍ മുഖ്യമന്ത്രി ചോദിക്കുന്നു. ഇത് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്നതല്ലേ. സഖാവേ, ഉമ്മന്‍ ചാണ്ടി കൊണ്ടു വന്നതെല്ലാം നടപ്പാക്കലാണോ താങ്കളുടെ കര്‍ത്തവ്യം? ഇത് നരേന്ദ്രമോദിയാണ് നടപ്പാക്കുന്നതെങ്കില്‍ എമ്മാതിരി ഹര്‍ത്താലുകളാവും നാട്ടില്‍? 

കര്‍ഷക ആത്മഹത്യ ചെയ്ത 15 പേരുടെ വിവരങ്ങള്‍ നിയമസഭാ മേശപ്പുറത്തുണ്ട്. മറ്റൊരു പഴയ വിപ്ലവകാരിയാണ് കൃഷിമന്ത്രി. പ്രോഗ്രസ് കാര്‍ഡിന്റെ അരികുവശങ്ങളില്‍ ആ 15 ചിത്രങ്ങള്‍ കൂടി തുന്നിച്ചേര്‍ക്കണം. മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരല്ലേ നമ്മള്‍. സര്‍ഫറാസി നിയമത്തിന്റെ ഭാഗമായി ബാങ്കുകള്‍ നിത്യവും കുടിയിറക്ക് നോട്ടീസ് പതിക്കുന്ന നാടാണിന്ന് കേരളം. ആറു മാസമെങ്കിലും അവധി കൊടുക്കാന്‍ പറയാനുള്ള ആര്‍ജവം കാണിക്കണം ആദ്യം സര്‍ക്കാര്‍.

തീരുന്നില്ല. ഹാരിസണ് ഭൂനികുതി അടയ്ക്കാന്‍ അവസരം നല്‍കുന്നു ഇതേ സര്‍ക്കാര്‍. നിരുപാധികം കരം സ്വീകരിക്കാനുള്ള നടപടി തടഞ്ഞതിന് പിന്നാലെ ഉപാധികളോടെ അനുമതി. റബ്ബര്‍മരങ്ങള്‍ മുറിക്കാനുള്ള അനുമതി നല്‍കി ഉത്തരവ് വന്നുകഴിഞ്ഞു.

ശബരിമല വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ പാടുപെടുന്നു പാര്‍ട്ടി. ആ വിശ്വാസം തിരിച്ചു പിടിക്കും മുമ്പ് ഒപ്പമിരിക്കുന്ന വലതു സഖാക്കളുടെ വിശ്വാസമെങ്കിലും തിരിച്ചു പിടിക്കണം സിപിഎം. അധിക കാലം മുന്നോട്ട് പോകാനാവില്ല, ഒറ്റപ്പെട്ട ശാന്തിയാത്രകളുമായി. നസീറും ഷംസീറും തമ്മിലല്ലാ യുദ്ധം. സര്‍ക്കാര്‍ പോരിനു വിളിക്കുന്നത് ജനങ്ങളെയാണ്.

Content Highlights: COT Nazeer Attacked, CPM Kannur Politics, Killers, Party Killing