സ്വാതന്ത്യത്തിന്റെ കോപ്പിരാട്ടികള്‍ കഴിഞ്ഞു. ഇനി അടുത്ത ആഗസ്റ്റ് 15 വരെ കാത്തു നില്‍ക്കാം. അര്‍ത്ഥം അറിയാത്ത ആചാരങ്ങള്‍ക്ക്. 

തെറ്റായി ചൊല്ലിയ ദേശീയ ഗാനം. തല കീഴായ ദേശീയ പതാക. പാര്‍ട്ടി കൊടിയോട് ചേര്‍ത്തു കെട്ടിയ ത്രിവര്‍ണ്ണക്കൊടി. പറയാതിരിക്കുന്നതാണ് നല്ലത്. 

സ്വാതന്ത്യം തന്നെയാണ് പ്രശ്‌നം. കാബൂളിലെ സ്വാതന്ത്യം. ചങ്ങല കയ്യിലുള്ളവന്റെ നൊമ്പരം. അത് നിര്‍ഭാഗ്യവശാല്‍ ഇവിടെ ചര്‍ച്ചയാവുന്നേയില്ല.

അഫ്ഗാനിലെ പെണ്‍കുട്ടികളെ ഓര്‍ക്കൂ. നിങ്ങള്‍ക്കെങ്ങനെ ഉറങ്ങാനാവും. അതിര്‍ത്തിഗാന്ധി 1947-ല്‍ ഇന്ത്യയോടും പാക്കിസ്ഥാനോടും പറഞ്ഞു. ''നിങ്ങള്‍ ഞങ്ങളെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തു.''
വിഭജനത്തിന് എതിരായിരുന്നു ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍. ഹിന്ദു ഭൂരിപക്ഷത്തിന് ഇന്ത്യയും മുസ്ലീം ഭൂരിപക്ഷത്തിന് പാക്കിസ്ഥാനും പകുത്തു മാറ്റപ്പെട്ടപ്പോള്‍ അവര്‍ വഞ്ചിതരായി. സമാധാനത്തിന് വാദിച്ച ഖുദായ് കിത് മത്ഗറുകള്‍ പിന്നീട് കൊല്ലപ്പെട്ടു. ചെങ്കുപ്പായ സേന ഇല്ലാതായി. ആ ചെങ്കുപ്പായ സേന ചെറുത്തുനിന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ തന്നെ.

എല്ലാ കലാപങ്ങളിലും യഥാര്‍ത്ഥ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. ഇന്ന് പകുതിയിലേറെ വരും അഫ്ഗാനിസ്ഥാനില്‍ ചെറുപ്പക്കാര്‍. അതും മുപ്പതു വയസ്സില്‍ താഴെ ഉള്ളവര്‍. ചെങ്കുത്തായ മലമ്പ്രദേശങ്ങള്‍ മാത്രമല്ല അഫ്ഗാനിസ്ഥാന്‍. മനോഹരമായ വിനോദസഞ്ചാര സാധ്യതകള്‍ കൂടി ആയിരുന്നു.

എഴുപതുകളില്‍ സോവിയറ്റ് അധിനിവേശം അഫ്ഗാനിസ്ഥാനില്‍. പ്രാദേശികമായ ഉയിര്‍പ്പുകള്‍. താലിബാന്റെ വരവ്. ഡോ. നജീബുല്ലയെ തല്ലിക്കൊന്ന് വിളക്കുകാലില്‍ കെട്ടിത്തൂക്കല്‍, അമേരിക്കയുടെ വരവ്, ഉസാമ വധം, ട്രംപിന്റെ അഫ്പാക് നയം, ബൈഡന്റെ മടക്കം. കാബൂളിന്റെ പതനം. താലിബാന്റെ വിജയം.

പ്രകൃതിവിഭവങ്ങളുടെ കൊള്ള തന്നെ ലക്ഷ്യം. ഇനി അഫ്ഗാനിസ്ഥാനില്‍നിന്ന് ഭരിക്കുന്നതിനേക്കാള്‍ മെച്ചം പുറത്തുനിന്ന് നടപ്പാക്കുന്ന നയങ്ങള്‍. സേനാ പിന്മാറ്റം. താലിബാന്റെ സ്വാതന്ത്യദിനം. 

1975-ലാണ് ആദ്യമായി സ്ത്രീകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാകുന്നത്. യു.എസ്. സേന വന്ന ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസം ഉറപ്പാക്കി. തൊഴിലിടങ്ങളില്‍ അവകാശം സംരക്ഷിച്ചു. അങ്ങനെ പലയിടത്തും പകുതിയിലേറെ സ്ത്രീകളായി മാറി. കലാലയങ്ങളിലും തൊഴിലിടങ്ങളിലും.

അവരില്‍ പലര്‍ക്കും പഴയ കാലം ഓര്‍മ്മയില്ല. കുട്ടിക്കാലം തൊട്ടേ അവര്‍ കണ്ടത് നല്ല കാഴ്ചകളാണ്. തുല്യാവകാശങ്ങളാണ്. അങ്ങനെ പൊതുഇടങ്ങളില്‍ വന്നവര്‍ ഇന്ന് നരകത്തിലാണ്. അവരേയും ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തിരിക്കുന്നു. ഫരിസ്ത അസ്ലം സാദ എന്ന മാധ്യമ പ്രവര്‍ത്തക പറയുന്നു. ''ഞങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. താലിബാന്റെ മുഖ്യശത്രു അമേരിക്കയോ ഇന്ത്യയോ മറ്റാരെങ്കിലുമോ അല്ല. സ്ത്രീകളും പെണ്‍കുട്ടികളുമാണ്.'' 

ഖാലിദ് ഹുസൈനിയുടെ നോവലുകളിലേതു പോലെ കാലം. പെണ്‍വിദ്യാലയങ്ങള്‍ ഇല്ലാതാവുന്നു. ബാങ്കുകളില്‍ സ്ത്രീകളോട് ജോലിക്ക് വരേണ്ടെന്ന് കല്‍പന. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു. യുദ്ധമുഖങ്ങളിലെ കെടുതികള്‍ക്ക് സമ്മാനിക്കാന്‍. 

സാറാ കരീമി എന്ന സംവിധായിക പറയുന്നു. ''ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. വലിയ ആപത്താണിവിടെ.'' അഫ്ഗാന്‍ ക്രിക്കറ്റര്‍ റാഷിദ് ഖാന്‍ ലോകമെങ്ങുമുള്ളവരുടെ സഹായം തേടുന്നു. സ്ത്രീകളെ വെറുക്കുന്ന, വിനോദങ്ങളെ നിരോധിക്കുന്ന ഒരു ഭരണകൂടം വരുന്നു. മനുഷ്യന്‍ ചൊവ്വയിലേക്ക് പോകാന്‍ ഒരുങ്ങുന്ന ഇതേ നൂറ്റാണ്ടില്‍. സമാധാനത്തിന്റെ ശിരസ്സറുത്ത്. 

ബ്രിട്ടീഷുകാരില്‍നിന്ന് പൊരുതി നേടിയ സ്വാതന്ത്യത്തിന്റെ വില മുക്കാല്‍ നൂറ്റാണ്ടിപ്പുറം ഇന്ത്യയിലും മനസ്സിലാവുന്നില്ല. അത് അഗ്‌നിയുഗം. തീയിലൂടെ നാട് കടന്നു പോന്ന കാലം. അവകാശങ്ങളില്ലാത്ത അടിമകളായി ജീവിച്ച ലോകം. കിട്ടിയ അവകാശങ്ങള്‍ കവരാനാണിപ്പോള്‍ രാഷ്ട്രീയം. പാര്‍ട്ടി ഏതായാലും അടിമക്കണ്ണുകളെയാണ് ആവശ്യം. അതിനാലാണ് മുമ്പേ പറഞ്ഞ സ്വാതന്ത്യ ദിന കോപ്പിരാട്ടികള്‍.

അപ്പുറത്ത് പാരതന്ത്ര്യത്തിന്റെ വേദനയാണ്. സുഭാഷ് ചന്ദ്രബോസ് നടന്നെത്തിയ കാബൂളില്‍. തെരുവുകളില്‍ കണ്ണീരാണ്. നിരപരാധരുടെ ചോരയും. കാബൂളിവാലയിലെ കണ്ണു നനയിച്ച വൃദ്ധനല്ല. കണ്ണു തെളിയാത്ത കുഞ്ഞുങ്ങളുടെ സങ്കടമാണ്. പേക്കിനാവുകളിലൂടെ കടന്നുപോവുന്നു അഫ്ഗാനിസ്ഥാന്‍.
സ്വാതന്ത്ര്യത്തെ വെറുമൊരു ദിനാചരണം മാത്രമാക്കുന്നവര്‍ ഓര്‍ക്കണം. ഇരുണ്ട കാലത്തേക്കാണ് നിങ്ങളും നാടിനെ നയിക്കുന്നത്.

Content Highlights: Cost of freedom in Afghanistan