അള്‍ജീരിയന്‍ നഗരമായ ഒറാനിലും കാര്യങ്ങള്‍ ഇതു പോലെ ആയിരുന്നു. പണ്ട്. ഒരു ഏപ്രില്‍ മാസത്തില്‍. അന്ന് എലികള്‍ ചത്തൊടുങ്ങി. പിന്നാലെ മനുഷ്യരും. അധികാരികള്‍ ആദ്യം ഗൗരവം കണ്ടില്ലെന്ന് നടിച്ചു. പിന്നെ പ്രഖ്യാപിച്ചു. മഹാമാരി. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടിരുന്നു.
ജനങ്ങള്‍ വീണ്ടും വീണ്ടും വീണ്ടും അസ്വസ്ഥരായി. വീട്ടില്‍ ഇരിക്കണമെന്ന നിര്‍ദേശം തടങ്കലായി തന്നെ കണ്ടു. മതം തര്‍ക്കങ്ങള്‍ ആരംഭിച്ചു. നിര്‍ദേശങ്ങള്‍ നല്‍കി. ഡോക്ടര്‍മാരായ റ്യൂവും ഷാതോയും നിരന്തരം രംഗത്തെത്തി.
രോഗം പതിയെ പിന്‍വാങ്ങി. എല്ലാം പതിവു പോലെ. ജനങ്ങള്‍ പതുക്കെ രോഗം മറന്നു. പ്ലേഗ് ബാക്ടീരിയ പുസ്തകത്തിലേക്ക് മടങ്ങി. ഇനി നൂറ്റാണ്ടുകള്‍ നീളുന്ന മൗനം. ദീര്‍ഘ നിദ്ര. സാധ്യമാവുന്ന ഘട്ടത്തില്‍, ഉചിതമായ സന്ദര്‍ഭത്തില്‍ ആദ്യ അനുകൂല അവസരത്തില്‍ മടങ്ങി വരാന്‍. മാനവരാശിയ്ക്കു മേല്‍ പെയ്തിറങ്ങാന്‍.
അല്‍ബേര്‍ കാമ്യുവിന്റെ ദ പ്ലേഗ് എന്ന കൃതിയാണ് ഇത്രയും വികലമായി ചുരുക്കിപ്പറഞ്ഞത്. കൊറോണ ലോകമെമ്പാടും പടരുമ്പോള്‍ ഓര്‍ത്തു പോയതാണ്. പല പല നോവലുകള്‍. മഹാമാരികളെ പ്രതീകാത്മകമായി പറഞ്ഞു വയ്ക്കുന്നത്.
ഹോസെ സാരാമാഗുവിന്റെ ബ്ലൈന്‍ഡ് നെസ് സമാനമാണ്. പ്ലേഗില്‍ കറുത്ത മരണമെങ്കില്‍ ഇവിടെ വെളുത്ത ദുരിതം. ട്രാഫിക് ലൈറ്റ് കാത്തു കിടക്കുന്നവന് ആദ്യ അന്ധത. പച്ചവിളക്ക് തെളിയുമ്പോള്‍ കണ്ണില്‍ വെളുപ്പ് പടരുന്നു. ആ അന്ധത പേരില്ലാത്ത നാടു മുഴുവന്‍ നിറയുന്നു. നേത്രരോഗ വിദഗ്ധനിലേക്കും അദ്ദേഹത്തിന്റെ രോഗികളിലേക്കും.
ഡോക്ടറുടെ ഭാര്യ മാത്രമാണ് രോഗം ബാധിക്കാത്ത ഒരേയൊരാള്‍. എന്നാല്‍ അവര്‍ പിന്നീട് കാണുന്നത് അന്നം കിട്ടാന്‍ കടിപിടി കൂടുന്ന മനുഷ്യരെയാണ്. ഭക്ഷണത്തിന് വേണ്ടി എന്തിനും തയ്യാറാവുന്നവരെയാണ്. ഒറ്റ തോക്കുപയോഗിച്ച് നിരീക്ഷണ കേന്ദ്രത്തില്‍ പോലും അക്രമത്തിന് തയ്യാറാവുന്ന ക്രിമിനലുകളെയാണ്. സമൂഹത്തിന്റെ പതനത്തെയാണ്.
പിന്നെ ആദ്യം രോഗം വന്നയാള്‍ക്ക് തന്നെ ആദ്യം കാഴ്ച തിരിച്ചു കിട്ടുന്നു. പതിയെ രോഗം മാറുന്നു. താളുകള്‍ തോറും സാരാമാഗു അടിമുടി ഞെട്ടിപ്പിക്കുന്നു.
മലയാളത്തിലുമുണ്ട് മഹാവ്യാധിയെ വിവരിക്കുന്ന കൃതികള്‍. ഒന്ന് എം.ടി. വാസുദേവന്‍ നായരുടേതാണ്. അസുരവിത്ത്. താഴത്തേലെ ഗോവിന്ദുട്ടിയുടെ കഥ. വസൂരി വന്ന് മനുഷ്യന്‍ പേടിച്ചിരുന്ന കാലം എം.ടി. വിവരിക്കുന്നു. കുഞ്ഞരയ്ക്കാരുടെ വീട്ടില്‍ അഭയം തേടിയ ഗോവിന്ദുട്ടിയെ പ്രമാണിമാര്‍ അടിച്ചിടുന്നു. ഗോവിന്ദുട്ടി മതം മാറുന്നു. ഇതോടെ കുഞ്ഞരയ്ക്കാരും ഗോവിന്ദുട്ടിയെ തള്ളിപ്പറയുന്നു.
കിഴക്കുമ്മുറിയില്‍ മയ്യത്തിന്റേയും മഴയുടേയും ഞാറ്റുവേലകള്‍. ശവങ്ങള്‍ കുഴിച്ചിടാതെ ചീഞ്ഞു നാറി. പേടി അണു തോറും അരിച്ചു. ചക്കമ്മയുടെ കുട്ടികള്‍ മരിച്ചു. ആരുമില്ല. അവസാനം കുഞ്ഞരയ്ക്കാര്‍ കയ്‌ക്കോട്ട് എടുത്തു. പടി കടന്നപ്പോള്‍ തെക്കേപ്പുറത്ത് കിളയ്ക്കുന്ന ശബ്ദം. ജീവിതത്തില്‍ ആദ്യമായി കുഞ്ഞരയ്ക്കാര്‍ പേടിച്ചു. നോക്കിയപ്പോള്‍ ഗോവിന്ദുട്ടി. നാട് കൊല്ലാന്‍ നടക്കുന്ന ആള്‍ കുഴി വെട്ടുന്നു.
മരണം പോലെ തന്നെ മരണമില്ലായ്മയും വലിയ വെല്ലുവിളിയാണ്. കാലനില്ലാത്ത കാലം കുഞ്ചന്‍ നമ്പ്യാര്‍ വരച്ചിട്ടുണ്ട്.
മുത്തച്ഛന്‍ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീലാ
എന്ന വിധത്തില്‍ നമ്പ്യാര്‍ വിവരിക്കുന്നുണ്ട് യമനില്ലാത്ത അവസ്ഥയെ.
എട്ടു പത്തു പറ അരി വച്ചാലും കുട്ടികള്‍ക്ക് തികയാത്ത കാലം. ഏതെങ്കിലും രാജ്യത്ത് മരണം നിരോധിച്ചാലോ? ഇന്നാണ് അത് സംഭവിക്കുന്നത് എങ്കിലോ? വിവരിക്കുന്നു ഹോസെ സാരമാഗു. ഡെത്ത് അറ്റ് ഇന്റര്‍വെല്‍സ് എന്ന പുസ്തകം.
ഒരു പുതുവത്സരനാളില്‍ രാജ്യത്ത് മരണം ഇല്ലാതാവുന്നു. നിതാന്ത ശത്രുവിന് എതിരായ മനുഷ്യന്റെ വിജയം. എന്നാല്‍ ആദ്യം അസ്വസ്ഥമാവുന്നത് മതമാണ്. വിശ്വാസത്തിന്റെ അടിത്തറയെ ഇല്ലാതാക്കുന്നു നിത്യത. മരണം ഇല്ലെങ്കില്‍ ഉയിര്‍ത്തെണീപ്പിന് എന്തര്‍ത്ഥം? വൈകാതെ ആനന്ദങ്ങള്‍ അസ്തമിക്കുന്നു.
ആശുപത്രികള്‍, ഹോം സ്റ്റേകള്‍, ഇന്‍ഷുറന്‍സ് മേഖല എല്ലാം ഓരോന്നോരോന്നായി നിലനില്‍പ്പ് പേടിയിലാവുന്നു. കുഴിവെട്ടുന്നവര്‍ക്ക് പണി ഇല്ലാതാവുന്നു. അവസാനം അധോലോകം കടന്നെത്തുന്നു. അതിര്‍ത്തി കടത്തി കൊന്നു കൊടുക്കാന്‍.
കൊറോണാക്കാലത്ത് പ്രവചനങ്ങളുടെ പുസ്തകങ്ങള്‍ തുറക്കുന്നുണ്ട് പലരും. ഭാവിയെക്കുറിച്ചുള്ള ഭയവും അസ്വസ്ഥതയും സൈബറിടങ്ങളിലും നിറയുന്നു. ഭാവനയാല്‍ മനുഷ്യന്‍ പലവട്ടം കീഴടക്കിയ ഭൂമികകളാണത്. അതിലൂടെ കടന്നുപോകാം. ജീവിതവും മരണവും തമ്മിലുള്ള കണ്ണുകെട്ടിക്കളി എക്കാലവും ഭാവനയെ പ്രചോദിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ആശ്രയം യുക്തിയാണ്. പ്രതിരോധത്തിന്റെ ശാസ്ത്രീയപഥങ്ങളാണ്.
വെറുതേ അലഞ്ഞു നടന്ന് രോഗം വരുത്തുന്നതിനേക്കാള്‍ നല്ലതാണല്ലോ ഉള്ളിലേക്ക് തന്നെ തിരിഞ്ഞുനോക്കുന്നത്.
Content Highlights: Corona virus and anxiety spread all over the world