ഹ്ലാദിപ്പിന്‍, ആനന്ദിപ്പിന്‍, അമോദിപ്പിന്‍, കോണ്‍ഗ്രസ് മരിച്ചിട്ടില്ല. ഈ ഞായറാഴ്ച ഉയിര്‍പ്പിന്റേതാണ്. ചാവുകുഴിയില്‍ പോയെന്ന് കരുതിയ നേതാക്കള്‍ ഇതാ പോര്‍മുഖത്ത്. മോദിയും പിണറായിയും സ്വപ്നം കാണണ്ട. ആവില്ല മക്കളേ, പാര്‍ടി കോണ്‍ഗ്രസ്സാണ്.

പിഎന്‍ ഹക്‌സര്‍ പണ്ട് പറഞ്ഞു. കോണ്‍ഗ്രസ് റെയില്‍വേ സ്റ്റേഷന്‍ പോലെയാണ്. തിരഞ്ഞെടുപ്പ് തീവണ്ടിയും. തീവണ്ടി വരുമ്പോള്‍ കുറേപ്പേര്‍ വരും. കുറേപ്പേര്‍ കയറും. കുറേപ്പേര്‍ ഇറങ്ങിപ്പോകും. സ്റ്റേഷനില്‍ തിക്കും തിരക്കും വീര്‍പ്പുമുട്ടും. പിന്നെ എല്ലാം അടങ്ങും.മുട്ടിന് മുട്ടിന് വിമാനത്താവളം വന്നു. പ്രമുഖരൊക്കെ യാത്ര ആ വഴിയാക്കി. കയറുന്നതിനേക്കാള്‍ കൂടുതല്‍ വണ്ടിയിറങ്ങി. അതിനിടെ ഇതാ സ്‌പെഷ്യല്‍ ട്രെയിന്‍. ഡല്‍ഹി-തിരുവനന്തപുരം എക്‌സ്പ്രസ്. സംഘടനാ തിരഞ്ഞെടുപ്പ്. ഉയിര്‍പ്പിന്റെ തിരുന്നാളിന് നന്ദി.

ഏറ്റവും കൂടുതല്‍ കാലം ഊര്‍ദ്ധ്വന്‍ വലിച്ച പാര്‍ട്ടി ആയാണ് രാമചന്ദ്ര ഗുഹ കോണ്‍ഗ്രസിനെ വിലയിരുത്തുന്നത്. അധികാരവുമായി ബന്ധപ്പെട്ട സമവാക്യത്തില്‍ അത് ശരിയാവുന്നു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് അടിയില്‍ ചില കൗതുകങ്ങളുണ്ട്. അടിസ്ഥാനപരമായി ഇന്ത്യ പോലെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും. നാനാത്വമാണ് മുഖം. സ്വാതന്ത്ര്യമാണ് പ്രധാനം. അഭിപ്രായം തുറന്നു പറയാന്‍ അവിടെ അവസരമുണ്ട്. അതിനാല്‍ ഇന്നലെ വരെ പരസ്പരം പറഞ്ഞ വിഡി സതീശനും കെ സുധാകരനും പെട്ടെന്ന് ഒന്നിക്കുന്നു. മുണ്ട് മടക്കിക്കുത്തുന്നു. തെരുവില്‍ ആക്രോശിക്കുന്നു. ഞങ്ങളെ തൊടാന്‍ ആര്‍ക്കുണ്ട് ധെര്യം? 

പുതിയ എതിര്‍പ്പുകള്‍ പുതിയ കോണില്‍ നിന്ന് ഉയരുന്നു. പുതിയ നേതാക്കള്‍ പിറക്കുന്നു. പുതിയ വേട്ടക്കാര്‍. പുതിയ ഇരകള്‍.

പക്ഷേ ഇത്തവണത്തെ കലാപത്തില്‍ ചിലതുണ്ട്. ഒന്ന് തലമുറ മാറ്റത്തിന്റെ വേദന. ശിവദാസന്‍ നായരെ നോക്കൂ. അവസരം കിട്ടാതെ പോയ നേതാവല്ല. അധികാരത്തില്‍ പലവട്ടം വന്ന ആളാണ്. എന്നാലും ജമീലാ പ്രകാശത്തിന്റെ കടി വരെ കൊണ്ടില്ലേ. എന്നെ എന്തേ തഴഞ്ഞു എന്ന പരാതി കേള്‍ക്കാം.

കെ പി അനില്‍ കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നു. കെപിസിസി സംഘടനാ ചുമതലയുള്ള സെക്രട്ടറി ആയിരുന്നു. സംസ്ഥാനം മുഴുവന്‍ ബന്ധമുള്ള നേതാവ്. എന്നിട്ടും ആരും പറയുന്നില്ലാ, ആറ്റിലേക്ക് അച്യുതാ ചാടല്ലേ ചാടല്ലേ എന്ന്. നട്ടുച്ചയ്ക്ക് കോവിഡ് മാസ്‌ക് മാറ്റി പോസ്റ്ററൊട്ടിക്കാന്‍ പോലും അണി ഇല്ല. കാരണം അവരും ആഗ്രഹിക്കുന്നു. പുതിയ നേതാക്കളെ വേണം.

ശരത് ചന്ദ്ര പ്രസാദ് പറയുന്നു. ബാപ്പുജിയിലേക്ക് തിരിച്ചു പോകാം. വളരെ നല്ലത്. പ്രതാപവര്‍മ്മ തമ്പാനെ കുത്തിയ കത്തിയൊക്കെ എല്ലാവരും മറന്നു. തെരുവിലെ തല്ലുകളെല്ലാം വിസ്മരിച്ചു. പണ്ടൊരു കവി പാടി. ഗതി കെട്ടാല്‍ ഗാന്ധി.
മുകളിലേക്ക് പോകും തോറും കാര്യം പറയാത്തതാവും ചന്തം. കെ കരുണാകരനും ആന്റണിയും തമ്മിലടിച്ച് നിന്നപ്പോഴാണ് സംസ്ഥാന കോണ്‍ഗ്രസ് ശക്തമായത്. ഇന്നുള്ളവരെല്ലാം അക്കാലം ഗ്രൂപ്പ് മാനേജര്‍മാര്‍. കരുണാകരനെ വെട്ടി. എല്ലാ സമുദായ സമവാക്യങ്ങളും പരിഗണിച്ചു. അതേ പോലെ ഒരു നേതാവുണ്ടായില്ല. താക്കോല്‍ സ്ഥാനം കിട്ടാന്‍ ചെന്നിത്തല പെരുന്നയില്‍ പോയി. പിന്നെയും ചെറുതായി. ഉമ്മന്‍ ചാണ്ടി പാറ പോലെ നിന്നിട്ടും ക്രിസ്ത്യാനികള്‍ അകന്നു. ലീഗിന് കോണ്‍ഗ്രസിനെ അടിയറ വച്ചു. മുസ്ലീം വോട്ടുകള്‍ രാഹുലിന് മാത്രം എന്നായി. 

ഈ സോഷ്യല്‍ എഞ്ചിനീയറിംഗില്‍ എകെ ആന്റണി കാഴ്ചക്കാരന്‍. പഴയ ഗുവാഹാട്ടി സമ്മേളനത്തിന്റെ തീ കെട്ടു. ഇന്ദിരയെ വെല്ലുവിളിച്ച ശൗര്യം സോണിയയ്ക് മുന്നില്‍ തളര്‍ന്നു. ദേവരാജ് അരശിന്റെ അനുയായി വീര്യം കെട്ട് നിന്നു. എഐസിസിക്ക് പ്രസിഡണ്ട് വേണം എന്ന് ഉറച്ച് പറയാന്‍ പോലും ധൈര്യമില്ലാതെ. ഒന്നുറക്കെ കരയാന്‍ പോലും പറ്റാതെ.

എന്നിട്ടും ഇവിടെ കോണ്‍ഗ്രസ്സിന് വോട്ടുണ്ട്. കാരണം ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. അതിന് പറ്റുന്ന പാര്‍ട്ടി മറ്റൊന്നില്ല. ഇവിടെ സുധാകരനേയും സതീശനേയും ചീത്ത വിളിക്കാം. നാളെ ഇതിലാര്‍ക്കെങ്കിലും ഒപ്പം നില്‍ക്കാം. അടുത്ത ആളെ ഉന്നം വയ്ക്കാം. അതിന് സ്വാതന്ത്യം വേണം. കാനാടി ദേവസ്ഥാനം തൊട്ട് വളയനാട്ടമ്മ വരെയുള്ളവരെ ആരാധിക്കാന്‍ ഇവിടെ സ്വാതന്ത്യമുണ്ട്. ഇതൊന്നും പോരെങ്കില്‍ യുക്തിവാദി രവിചന്ദ്രനേയും ആരാധിക്കാം. 
ഈ തീവണ്ടിയില്‍ എസി കൂപ്പെ ബുക് ചെയ്യാം. ടിക്കറ്റില്ലാതേയും സഞ്ചരിക്കാം. എണ്ണം ഇഷ്ടം പോലെ. കല്ലെടുത്ത് ചുമരില്‍ കോറാം. ടോയ്‌ലറ്റില്‍ സാഹിത്യമെഴുതാം. പാട്ടു പാടാം. ചീട്ടു കളിക്കാം. എന്തും പറയാം. ഇഷ്ടമുള്ളിടത്തേക്ക് കയറാം. ഇഷ്ടമുള്ള സ്റ്റേഷനില്‍ ഇറങ്ങാം. വേണ്ടപ്പോള്‍ ചെയിന്‍ പിടിച്ചു വലിക്കാം. ആരും ചോദിക്കില്ല. അതാണ് കോണ്‍ഗ്രസ്. 

തലമുറ മാറ്റം സിപിഎമ്മില്‍ വന്നപ്പോള്‍ നമ്മള്‍ കണ്ടു. ഭരിക്കുന്ന കാലത്തൊന്നും സ്‌നേഹിക്കാത്തവര്‍ കെകെ ശൈലജയ്ക്കായി കരഞ്ഞത്. കൊലകൊമ്പന്മാര്‍ അവശേഷിപ്പില്ലാതെ മാഞ്ഞത്. ചിരിക്കാന്‍ പോലും പാര്‍ട്ടി അനുമതി തേടി പുതുക്കക്കാര്‍ വന്നത്. എന്നിട്ടും ഇപ്പോള്‍ ഷിബു ബേബി ജോണ്‍ വരെ പിണറായി വിജയനെ പുകഴ്ത്തുന്നു. എത്ര ഗംഭീരം. അതു പോലെയാവണം കോണ്‍ഗ്രസ് എന്നാണ് ആവശ്യം. 

അത് ചെയ്താല്‍ പിന്നെ പാര്‍ട്ടി കോണ്‍ഗ്രസ്സാണോ? ബിജെപിയോ ലീഗോ സിപിഎമ്മോ, എന്തിന് താലിബാന്‍ പോലുമോ ആവില്ലേ. പാര്‍ട്ടി വിട്ടവരെ വെട്ടിക്കൊല്ലല്‍ ആയിരുന്നു കോണ്‍ഗ്രസ് നയമെങ്കില്‍ നോക്കൂ. ഇന്ത്യയില്‍ വേറെ പാര്‍ട്ടി കാണുമായിരുന്നോ? അതാണ് പറഞ്ഞത്. ഉറക്കം വരുമ്പോള്‍ കിടക്കാന്‍ പറ്റുന്ന ഒരു റെയില്‍വേ സ്റ്റേഷന്‍ വേണം. നേരമ്പോക്കിന് ചെന്നിരിക്കാന്‍ അവിടെ ബെഞ്ച് വേണം. 

ആ ഓര്‍മ്മ കോണ്‍ഗ്രസ്സുകാര്‍ക്കും വേണം. അയേണ്‍ പട്ടേല്‍ കാലം കഴിഞ്ഞു. അലുമിനിയം പട്ടേലിനും വില കെട്ടു. ഗാന്ധി മൂന്നാം ക്ലാസില്‍ യാത്ര ചെയ്തതൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. രക്തസാക്ഷികളെ സിപിഎം പോലും പണ്ടേപ്പോലെ ഓര്‍ക്കുന്നില്ല. അതിനാല്‍ എല്ലാ ചൂടുവെള്ളത്തിലും വീണ കെ മുരളീധരന്‍ പറഞ്ഞ് മറക്കാതിരിക്കുക.
''തമ്മിത്തല്ലാനുള്ള ആരോഗ്യം പാര്‍ടിക്ക് ഇപ്പോള്‍ ഇല്ല''
അത്രയേയുള്ള. മുതിര്‍ന്നവരും മുതിരുന്നവരും തമ്മിലുള്ള തല്ലാണ് എന്നും കോണ്‍ഗ്രസ്.

പോസ്റ്റ് സര്‍ജറി- ഈ തല്ല് കണ്ട് ആരും ചിരിക്കണ്ട. 2001 ല്‍ നേരിട്ട് അടിച്ചത് കണ്ടപ്പോഴാണ് കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ടര്‍മാര്‍ നൂറ് സീറ്റ് കൊടുത്തത്.