നല്ലതു വല്ലോം മോഷ്ടിച്ചാലുടനെ
അവനെ വെറുതേ കള്ളനാക്കും 
നിങ്ങടെ ചട്ടം മാറ്റുക
മാറ്റുക നിങ്ങടെ ചട്ടങ്ങളെയവ
മാറ്റും നിങ്ങളെയല്ലെങ്കില്‍.

അയ്യപ്പപ്പണിക്കര്‍ സാറിനെ പലപ്പോഴും ഓര്‍ക്കാറുണ്ട്. പ്രത്യേകിച്ചും സിഎജി റിപ്പോര്‍ട്ടിന് ശേഷം. വായ്ത്താരികളില്‍. പൊരിച്ചു തിന്നാന്‍ കോഴിയെ കട്ടാല്‍ മോഷ്ടാവെന്ന് വിളിക്കാമോ? ന്യായമാണ്. 

സംസ്ഥാനത്തെ പല പോലീസ് ക്വാര്‍ട്ടേഴ്‌സുകളും നോക്കൂ. പരമദരിദ്രമാണ് അവസ്ഥ. ഇടിഞ്ഞു വീഴാറായവ. പാമ്പും പെരുച്ചാഴികളും മേയുന്നവ. മേഖലാ ഹെഡ് ക്വാര്‍ട്ടേഴ്‌സുകള്‍ തന്നെ കഥയാണ്. അപ്പോഴാണ് ലോക്‌നാഥ് ബെഹ്‌റയ്ക്ക് വില്ല. മൂന്നര കോടി രൂപ ചെലവില്‍. 

ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ താമസിച്ചത് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍. അന്ന് പാര്‍ട്ടി പ്രകീര്‍ത്തിച്ചു. അതേ യുവ എം.എല്‍.എ. ചോദിക്കുന്നു. ബെഹ്‌റ പോകുമ്പോള്‍ കൊണ്ടുപോകുമോ കല്ലും സിമന്റും?  പാലു കുടിക്കാനല്ലേ പശുവിനെ മോഷ്ടിച്ചത്. കള്ളനെന്ന് വിളിക്കാമോ? ഏത് ഡോക്ടറാണ് പാലു വിലക്കിയിട്ടുള്ളത്? 

പൊതുവേ സംസ്ഥാനത്ത് സി.എ.ജി. റിപ്പോര്‍ട്ടുകളില്‍ സി.പി.എമ്മിന് രണ്ടു നിലപാടുണ്ട്. മറ്റു പല കാര്യങ്ങളിലും എന്ന പോലെ തന്നെ. ഉദാഹരണത്തിന് പാമോലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചെന്ന് സി.എ.ജി. ഇടതു മുന്നണി രംഗത്ത്. ഉമ്മന്‍ ചാണ്ടി അഴിമതിക്കാരന്‍.  കെ. കരുണാകരന്‍ പറഞ്ഞതു ശരി. 

ലാവ്‌ലിന്‍ കേസിലോ? സംസ്ഥാനത്തിന് നഷ്ടമെന്ന് സി.എ.ജി. ഉടന്‍ പാര്‍ടി നിലപാട് വന്നു. സി.എ.ജി. തെറ്റ്. വി.എസ്. അച്യുതാനന്ദന്‍ വലിയ തെറ്റ്. ഭരിക്കുന്ന പാര്‍ട്ടിക്ക് മിക്കപ്പോഴും സി.എ.ജി. ഇഷ്ടമില്ലാത്ത അച്ചി. മറച്ചു വയ്ക്കുന്ന കണക്കുകള്‍ അവര്‍ പരിശോധിക്കുന്നു. കൂട്ടലും കണക്കും തെറ്റിക്കുന്നു. 

കേന്ദ്രത്തിലും അതു തന്നെ സ്ഥിതി. 2 ജി സ്‌പെക്ട്രം കാലം നോക്കൂ. രണ്ടാം യു.പി.എ. കാലത്ത് ഒന്നാം യു.പി.എ. അഴിമതി പുറത്തു വന്നു.  ബൃന്ദാ കാരാട്ടിന്റെ പ്രസംഗത്തിന്റെ വിവര്‍ത്തനം ആ വക്കീലെങ്കിലും മറക്കില്ല. അതേ, സഖാവ് തപന്‍ സെന്‍. തപന്‍ പാര്‍ലമെന്റില്‍ ആദ്യം വെട്ടുകത്തി എടുത്തു. അന്ന് സി.എ.ജി. വിശുദ്ധന്‍. 

കോമണ്‍വെല്‍ത്ത് കായികമേള നിര്‍മ്മാണങ്ങള്‍, കല്‍ക്കരി കുംഭകോണം. കൃഷ്ണാ ഗോദാവരീ തടത്തിലെ എണ്ണപ്പാട ഇടപാടുകള്‍. സി.എ.ജി എല്ലാം പുറത്തെത്തിച്ചു. മോദി സര്‍ക്കാരിന്റെ കാലത്ത് മറ്റ് പലതിന്റേയും എന്ന പോലെ സി.എ.ജിയുടേയും ഫ്യൂസ് ഊരി. അതിനാല്‍ ആ തത്തയും കൂട്ടിലായി. പ്രധാനമന്ത്രിയെ പോലെ തന്നെ ശക്തന്‍ മുഖ്യമന്ത്രി. പക്ഷേ, സി.എ.ജിയുടെ കാര്യം അദ്ദേഹം വിട്ടുപോയി. 

അതിനാല്‍ സംസ്ഥാന സി.എ.ജി. വാര്‍ത്താസമ്മേളനം നടത്തി. എല്ലാം പൊതു മണ്ഡലത്തിലുണ്ട്. പോലീസിന്റെ കാര്യം എടുക്കാം. തോക്കും തിരകളും കാണാതായി. ഏട്ടിലുണ്ട്. പുല്ലുകൂട്ടിലില്ല. പടത്തിലെ തോക്കു കൊണ്ട് വയ്ക്കാനാവുമോ പൊയ്‌വെടി? 

കാണാതായ തോക്കുകള്‍ എവിടെ പോയി? ഛത്തീസ്ഗഡ് തോക്കുകള്‍ മഞ്ചക്കണ്ടിയില്‍ കിട്ടി. നിലമ്പൂരിലെ തോക്കുകള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മാവോയിസ്റ്റുകള്‍ കവര്‍ന്നത്. പേരു കേള്‍പ്പിച്ച മാവോയിസ്റ്റുകളുടെ പടങ്ങളിലുണ്ട് തോക്കുകള്‍. സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ പോലെ പിടയ്ക്കുന്നവ. പല തരം.

അവരുമായി ബന്ധം പുലര്‍ത്തിയ രണ്ടു ഭീകരര്‍ ഇപ്പോള്‍ ജയിലിലുണ്ട്. അലനും താഹയും. പാര്‍ട്ടി ഇരുവരേയും പുറത്താക്കി. എന്നാലും ആ ചുവപ്പിന് ചെമപ്പ് കൂടുമെന്ന് കോടിയേരി. 

അനധികൃത ക്വാറികള്‍ക്ക് സുരക്ഷ ഒരുക്കുന്നു പശ്ചിമഘട്ടത്തില്‍ പലയിടത്തും പോലീസ്. മഴ തിമിര്‍ത്താല്‍ പിന്നെ ഡ്യൂട്ടി ഫയര്‍ ഫോഴ്‌സിനാണ്. ഇടിയുന്ന മലകള്‍. ദുരന്ത നിവാരണ സേന തണ്ടര്‍ബോള്‍ട്ടിനേക്കാള്‍ വേഗം എത്തുന്നു. കത്തിച്ച ഒരു ജെ.സി.ബി.. രണ്ടോ മൂന്നോ പ്രകടനങ്ങള്‍. അതിനപ്പുറമൊന്നും വന്നിട്ടില്ല കേരളത്തില്‍ മാവോയിസ്റ്റുകള്‍. 

സര്‍ക്കാരിനേക്കാള്‍ ബോധമുണ്ട് നാട്ടുകാര്‍ക്ക്. പണിയക്കോളനികളില്‍നിന്ന് പച്ചരി തട്ടിപ്പറിച്ചാല്‍ വിപ്ലവം വരില്ലെന്ന തിരിച്ചറിവാണിത്.  പക്ഷേ പോലീസ് അംഗീകരിക്കില്ല. കാടുകളില്‍ മുഴുവന്‍ മാവോയിസ്റ്റുകളാണ് കാക്കിക്കണക്കില്‍. തടയാന്‍ കിട്ടും കേന്ദ്ര വിഹിതം. ഖജനാവുകളില്‍നിന്ന് ഒഴുക്ക്. നിറപ്പകിട്ടുള്ള കുപ്പായം. റിസ്‌ക് അലവന്‍സായി ലക്ഷങ്ങള്‍. മൃഗങ്ങളേക്കാളും പെരുകും കാട്ടില്‍ മാവോയിസ്റ്റുകള്‍.

പോലീസിന്റെ തോക്കുപുരയ്ക്ക് പേര് ബെലാഫാം. അവിടന്ന് ഒന്ന് പുറത്തെടുക്കുന്നത് കുട്ടിക്കളിയല്ല. ഏത് ഓപ്പറേഷന് എന്ന് രേഖപ്പെടുത്തണം. പണി കഴിഞ്ഞാല്‍ തിരിച്ചേല്‍പിക്കണം. ഇല്ലെങ്കില്‍ പോലീസുകാരന്റെ പണി പോകും.  
ഇനി സ്ഥിരം തോക്കു ഡ്യൂട്ടി ഉള്ള ആളെങ്കിലോ? ലീവെങ്കില്‍ തോക്കും തിരകളും ബെലാഫാമില്‍ തിരിച്ചു കൊടുക്കണം. എന്തിന് ഡ്യൂട്ടിയില്‍നിന്ന് മാറിയാല്‍ പോലും കൈമാറണം. ഇതറിയാന്‍ മുന്‍കാലങ്ങളില്‍ മിന്നല്‍ പരിശോധന നടക്കാറുണ്ട്.

തോക്കുകള്‍ മാറിമറിഞ്ഞെന്ന വാദം നിലനില്‍ക്കില്ല എന്ന് അര്‍ത്ഥം. പിന്നെ വഴി ഒന്നേയുള്ളൂ. ബെലാഫാം കസ്റ്റോഡിയന് മുകളില്‍നിന്ന് വന്ന വഴിവിട്ട ആജ്ഞ. തോക്കുകള്‍ നടക്കാന്‍ തുടങ്ങും. എങ്ങോട്ട് വേണമെങ്കിലും. ദുരന്തങ്ങള്‍ സംഭവിക്കാതിരുന്നതിന് നന്ദി പറയാം ദൈവത്തോട്. പറയുന്നത് സേനാംഗങ്ങള്‍ തന്നെ.

ഷൂട്ടിംഗ് റേഞ്ചുകളില്‍ ആളാവാന്‍ ഏമാന്മാര്‍ എടുത്തതാണെന്ന് ലഘുവായി പറഞ്ഞൊഴിയുക വയ്യ. അതിനപ്പുറം ആര്‍ക്കൊക്കെ പോയെന്ന അന്വേഷണമാണ് മുഖ്യം. ഏമാന്‍ കുടുങ്ങും എന്നായപ്പോള്‍ തിരിച്ചു വന്നു തോക്കെന്നാണ് വിലയിരുത്തല്‍. ഉറപ്പിക്കാന്‍ വയ്യ. ചില മേലുദ്യോഗസ്ഥര്‍ക്ക് നിയമരാഹിത്യമാണ് നിയമം. സകലകലാവല്ലഭന്മാര്‍ക്ക് രാഷ്ട്രീയ സംരക്ഷണവും ഉറപ്പ്.

പോലീസില്‍ നൂറുകണക്കിന് ക്രിമിനലുകളുണ്ടെന്നത് പഴയൊരു പോലീസ് റിപ്പോര്‍ട്ടാണ്. അതില്‍ പലര്‍ക്കും പ്രമോഷനായി. ഇപ്പോള്‍ താക്കോല്‍ സ്ഥാനം. തോക്കുകള്‍ക്ക് കഥകളൊരുപാടു പറയാനുണ്ട്. തോക്കു പോയ റിപ്പോര്‍ട്ട് വരും മുമ്പേ ഒറ്റ വീഴ്ചയേ പറ്റിയുള്ളൂ. മാവോയിസ്റ്റു വക ഒരു പോലീസ് സ്റ്റേഷന്‍ ആക്രമണം നടത്തിയില്ല. അതിന് കഴിഞ്ഞിരുന്നെങ്കിലോ? ഇതെല്ലാം തട്ടിക്കൊണ്ടു പോയ തോക്കുകളായേനേ. 

യു.എ.പി.എയ്ക്ക് കിട്ടുമായിരുന്നു കൂടുതല്‍ ബലം. പിന്നെ എഴുതിയേനില്ല മാവോയിസ്റ്റുകള്‍ ഒരു പരീക്ഷയും.
പോയ ബുദ്ധിയല്ലേ. ആന പിടിച്ചാല്‍ കിട്ടില്ല. സാരമില്ല. ഭാവിയില്‍ നോക്കാം. ഇനിയും വീഴാനുണ്ടല്ലോ ചക്കയും മാങ്ങയും.

Content Highlights: CAG report and political reasoning