ര്‍ത്താവ്, കര്‍മ്മം, ക്രിയ എന്നിവ ഇക്കാലം വെറും ഭാഷാ പ്രയോഗങ്ങളല്ല. നമ്മുടെ ജീവിതമാണ്. പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത്. എന്തെന്നാല്‍ സ്വന്തം വിവരക്കേടിന് മലയാളി തീര്‍ച്ചയായും വില നല്‍കേണ്ടി വരും. വലിയ വില. 

അമ്പലങ്ങളും പള്ളികളും പൂട്ടി. പാര്‍ട്ടി ഓഫീസുകളില്‍ ആളില്ലാക്കസേരകളാണ്. അപ്പോഴും രണ്ടിടത്ത് നല്ല തിരക്കാണ്-  ബാറുകളിലും ബെവികോ ഔട്ലെറ്റുകളിലും. തീരുന്നില്ല; ചീപ്പ് റേറ്റിന് കോഴിയെ വാങ്ങാനും തിരക്കാണ്. കഴിഞ്ഞ രാത്രി പ്രത്യേകിച്ചും.

വരിയില്‍ ഒരു മീറ്റര്‍ അകലം പാലിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാലേ മദ്യം വാങ്ങാനാവൂ. എന്നിട്ടോ? പതിവുപോലെ പലയിടത്തും ഉന്തും തള്ളും. ഇനി ഒരു മീറ്റര്‍ അകലം വിട്ടു വാങ്ങിയിട്ടും കാര്യമില്ല. ഒറ്റ ഗ്ലാസില്‍ കുടിക്കാന്‍ വട്ടം കൂട്ടുന്നവരുമുണ്ട്. മദ്യം കൊറോണയ്ക്ക് പ്രതിവിധിയെന്നാണ് കുടിവചനം. 

കോവിഡ് 19 വൈറസ് പകരുന്നത് വയറ്റിലൂടെ അല്ല, ശ്വാസകോശത്തില്‍ തമ്പടിച്ചാണ്. അതിനാല്‍ മദ്യപിച്ചാല്‍ രോഗം വരില്ലെന്ന വാദം തട്ടിപ്പാണെന്ന് കാര്യം അറിയുന്നവര്‍ പറഞ്ഞുതരുന്നുണ്ട്. ഒന്നു കൂടി അറിയുക; മദ്യം രോഗപ്രതിരോധ ശക്തി കുറയ്ക്കും, കൊറോണ വേഗം പിടികൂടും. 

എന്നാലും വരുമാനം ഓര്‍ത്ത് സര്‍ക്കാര്‍ മദ്യശാല അടയ്ക്കില്ല. സാക്ഷര കേരളത്തിന് ഇത് നാണക്കേടാണ്. കേരളത്തിന് ലോകത്തിനു മുന്നില്‍ വയ്ക്കാനുള്ള മാതൃക ഇതല്ല.

ഇനി മദ്യം വില്‍ക്കണമെന്ന് തന്നെ വിചാരിക്കുക. സര്‍ക്കാര്‍ പകരം മാര്‍ഗം നോക്കണം. ഇങ്ങനെ തിക്കിത്തിരക്കി കൊറോണ പടര്‍ത്തരുത്. ഒന്നുകില്‍ വില്‍പന ഓണ്‍ലൈന്‍ ആക്കണം. അല്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കൗണ്ടര്‍ തുടങ്ങണം. ലാഭമാണല്ലോ ലക്ഷ്യം. വില്‍പന നടക്കട്ടെ. ജനകീയാരോഗ്യം പിന്നീട് എപ്പോഴെങ്കിലും പറയാം. നമ്മള്‍ ബാക്കിയുണ്ടെങ്കില്‍.

കോഴിപ്പോരിന്റെ കാര്യം കൂടുതല്‍ ദുരന്തമാണ്. പക്ഷിപ്പനിക്കാലത്ത് ചില ദിവസങ്ങളില്‍ കോഴി തിന്നില്ല. അതിനും കൂടി പകരം വീട്ടുകയാണ് പലരും. ബാറിലും മദ്യത്തിനുള്ള വരിയിലും പുരുഷന്മാര്‍. ഇവിടെ വരികളില്‍ പലയിടത്തും സ്ത്രീകളാണ് കൂടുതല്‍. ഹാ... എത്ര മനോഹരമായ കോമ്പിനേഷന്‍!

വരുമാനങ്ങള്‍ ഒന്നൊന്നായി നിലയ്ക്കുകയാണ്. സര്‍ക്കാരിന് മാത്രമല്ല. ജനങ്ങള്‍ക്കും. തൊഴിലുകള്‍ ഇല്ലാതാവുകയാണ്. കയ്യിലെ കാശെല്ലാം കള്ളുവാങ്ങി തുലച്ചാല്‍ എക്സൈസ് വകുപ്പ് പ്രത്യേക വായ്പ തരില്ല. കോഴിവില കുറവോ കൂടുതലോ എന്നറിഞ്ഞുകൂടാ കൊറോണാവൈറസിന്. അവനവന്റെ ആരോഗ്യം അവനവന്‍ തന്നെ നോക്കണം.

മലയാളിക്ക് മനസ്സു തുറക്കാന്‍ മദ്യമല്ലാതെ മാര്‍ഗ്ഗമില്ലെന്ന ന്യായീകരണവുമായി വരുന്നവരോട്; അത് മറ്റൊരു വലിയൊരു വിപത്താണ്.
കൊറോണ കണ്ടെത്തിയവര്‍ വരെ കെട്ടിപ്പിടിക്കാന്‍ ഇറങ്ങുന്ന നാടാണ്. വൈലോപ്പിള്ളി കുടിയൊഴിക്കലില്‍ പറഞ്ഞതു പോലെ. വിദ്യാസമ്പന്നരാണ് അച്ഛനെ തല്ലുന്നത്. നമുക്ക് ഒന്നിച്ചേ പറ്റൂ. രക്ഷപ്പെടാനും ചത്തുചീയാനും. ഈ കണക്ക് എളുപ്പവഴിയില്‍ ചെയ്യാന്‍ പറ്റില്ല. കര്‍മ്മം ശേഷക്രിയ ആവുമെന്ന് കര്‍ത്താവ് അറിഞ്ഞാല്‍ നല്ലത്.

content highlights: behaviour of malayali in the time of corona