കേരളത്തോട് നന്ദി കാണിക്കണം മന്ത്രി എകെ. ശശീന്ദ്രൻ. ഇപ്പോഴും പുറത്തിറങ്ങി നടക്കാമല്ലോ.
കടമ്മനിട്ടയുടെ കവിതയാണ് പൂച്ചയാണിന്നെൻ്റെ ദുഃഖം. പൂച്ചുകളെ പുച്ഛിക്കുന്നു കവി. ചുടല വരെ നീളുന്ന ചില ശീലങ്ങളുണ്ട്. ആ യയാതി കോംപ്ലക്സിലാണ് ശശീന്ദ്രൻ.

പഴയ വിവാദം ഓർമ്മിപ്പിക്കുന്നില്ല. പിണറായി വിജയൻ്റെ പിൻതുണ ഇല്ലെങ്കിൽ പണ്ടേ തള്ളപ്പെട്ടേനെ. വെളിമ്പറമ്പുകളിലേക്ക്. അര നൂറ്റാണ്ടിൻ്റെ അധികാരജീവിതം. കണ്ണായ എലത്തൂർ. വമ്പൻ വിജയം. വീണ്ടും മന്ത്രിപദം.

എന്നിട്ടും എന്തേ ശേഖരാ നന്നാവാത്തത്? 

സത്യപ്രതിജ്ഞാ വാചകങ്ങൾ മനഃപാഠമല്ലേ മന്ത്രീ? എന്തേ ഓർക്കാതെ പോയി. പ്രീതിയും പക്ഷപാതവും കൂടാതെ ഭരിക്കാം എന്നല്ലേ വാക്കു തന്നത്? ദയനീയമാണ്.

കുണ്ടറയിൽ ചില തർക്കങ്ങൾ. എൻ.സി.പി. നേതാവിൻ്റെ മകൾ തദ്ദേശത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥി. പണം വാങ്ങി നിന്നെന്ന് ആരോപണം. ബ്ലോക് പ്രസിഡണ്ട് ആ കുട്ടിയുടെ കയ്യിൽ കയറി പിടിക്കുന്നു. "വാ , ഞാനും കാശു തരാം."

പരാതിയിൽ ആദ്യാന്വേഷണ റിപ്പോർട് പോലുമില്ല. കുട്ടി ബി.ജെ.പിക്കാരോട് പരാതിപ്പെട്ടു.

കാശ്, തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥിത്വം എന്നൊക്കെ കേട്ടപ്പോഴേ അവർ ഞെട്ടിയിരിക്കണം. പ്രതികരണ സിംഹം കെ. സുരേന്ദ്രന് വരെ മൗനം. അകത്തെ അടി തീർത്തിട്ടു വേണം പുറത്തെ ക്വട്ടേഷൻ.

പരാതിയിൽ അവർ ഉറച്ചു നിന്നു. അന്നേരമാണ് മന്ത്രിയുടെ ഇടപെടൽ.
"നല്ല നിലയ്ക്ക് പരിഹരിക്കണം''. 
കുട്ടിയുടെ അച്ഛനോട് ഇങ്ങനെയേ പറഞ്ഞുള്ളൂ എന്ന് ശശിജി.

കിലുക്കത്തിലെ രേവതിയുടെ ആ നിഷ്കളങ്കതയുണ്ടല്ലോ. അതിനിരിക്കട്ടെ വീരാളിപ്പട്ട്.
"തല തല്ലിപ്പൊട്ടിച്ചല്ലേയുള്ളൂ. അതിനാണ് ഈ ബഹളമൊക്കെ."

പ്രിയപ്പെട്ട മന്ത്രി, നിങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിത്തന്ന ഗവർണർ ഈയിടെ ഉപവസിച്ചു. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരേ ഉണ്ണാവ്രതം. ദോഷം പറക വയ്യ. മുഖ്യമന്ത്രിയുടെ വക തംസ് അപ്.

അതിനും മുമ്പേ രാജിവച്ചു ജോസഫൈൻ." അനുഭവിച്ചോ ട്ടാ" എന്ന ഒറ്റവാക്യത്തിൽ ഒരു ജീവിതത്തെ റദ്ദാക്കിക്കൊണ്ട് .

ഇവിടെ സ്വന്തം മകളുടെ പ്രായമുള്ള ഒരു കുട്ടി. ആ പരാതി ഒത്തുതീർക്കാൻ മന്ത്രി. അന്തരീക്ഷത്തിൽ പ്രതിജ്ഞകളുടെ ആരവം. ആർക്ക് നല്ല നിലയിൽ തീർക്കണം എന്നതാണ് ചോദ്യം. എത്ര എളുപ്പത്തിലാണ് മന്ത്രിമാർ ബാർ മുതലാളിയോട് ഐക്യപ്പെടുന്നത്. സ്വന്തം നാട്ടിലെ ദൈവത്തിൻ്റെ ചിയേഴ്സ്.

ദൽഹിയിൽ മുഴുവൻ അധികാരവും അനുഭവിച്ചവൻ പി.സി. ചാക്കോ . ആ ഇനീഷ്യൽ അന്വർത്ഥം. ഇവിടെ ചാക്കോ ജോർജായി. മന്ത്രിക്ക് ഗുഡ് സർവീസ് എൻട്രി. 

എൻ.സി.പിയിലെ തർക്കങ്ങൾ നിങ്ങൾ തീർത്തേക്കുക. നാല് ഓട്ടോറിക്ഷ വിളിച്ചാൽ നടത്താവുന്നതല്ലേയുള്ളൂ സംസ്ഥാന സമ്മേളനം. അത് തീർക്കാൻ സ്ത്രീകളെ പുലഭ്യം പറഞ്ഞ് നടക്കരുത്. പണ്ടത്തെക്കാലമല്ല. ഇപ്പോൾ ഞങ്ങൾക്ക് നിയമങ്ങൾ കൂട്ടുണ്ട്. 

മനോനില തന്നെയാണ് പ്രശ്നം. ജോസഫൈൻ അയാലും ശശീന്ദ്രൻ ആയാലും. പ്രിയപ്പെട്ട മുഖ്യമന്ത്രി, ഘടകക്ഷികൾക്കും വേണം പെരുമാറ്റച്ചട്ടം.

ഈ വിഷയത്തിൽ ഇടത് ഇക്കോ സിസ്റ്റത്തിൻ്റെ നിശ്ശബ്ദതയുണ്ടല്ലോ. അതിനുമുണ്ട് കുതിരപ്പവൻ.
പാവങ്ങൾ. എത്രയൊക്കെ പഠിച്ചിട്ടു വേണം പ്രതികരിക്കാൻ മറ്റേതെങ്കിലും മുന്നണി ആവണമായിരുന്നു.  മറ്റൊരു വിവാദപ്പെരുന്നാളിന് ഈ ശശികല ധാരാളം.

രുമണ്വാൻ എന്ന ദുഃഖമന്ത്രിയെപ്പറ്റി പണ്ട് എഴുതിയിട്ടുണ്ട് ഒ.വി. വിജയൻ. ധർമ്മപുരാണത്തിൽ. എ.കെ.. ശശീന്ദ്രനെപ്പറ്റി അതിനാൽ ഒന്നും പറയാനില്ല. നടപടി എടുക്കേണ്ടത് മുഖ്യമന്ത്രി, നിങ്ങളാണ്. ആണധികാരത്തിൻ്റെ ആവേശപ്പെരുമ്പറകൾക്ക് അപ്പുറത്ത് ആർജവത്തോടെ നിങ്ങൾക്കൊപ്പം നിന്ന അമ്മമാർക്കും പെൺമക്കൾക്കും വേണ്ടി.

കനകസിംഹാസനത്തിൽ കയറ്റി ഇരുത്തിയിരിക്കുന്നവർ ശുനകരും ശുംഭരും അല്ലെന്ന് വരും തലമുറയോട് പറയാൻ വേണ്ടി.

Content Highlights: Dr. Sumitra's article on AK Saseendran