മുസഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍കോളേജിനുമുന്നില്‍ തിങ്ങിക്കൂടിയവര്‍ കൂവിവിളിച്ചു. ചിലര്‍ അലമുറയിട്ട് കരഞ്ഞു. മറ്റുചിലര്‍ ആക്രോശിച്ചു: ''നിതീഷ് കുമാര്‍ ഗോ ബാക്ക്!''ബിഹാറിന്റെ വികസനനായകന്‍ എന്നറിയപ്പെടുന്ന നിതീഷ് കുമാര്‍, മുഖ്യമന്ത്രിയായശേഷം ആദ്യമായി നേരിടുന്ന വമ്പന്‍ ജനപ്രതിഷേധമായിരുന്നു അത്. മുസഫര്‍പുരില്‍ മരണം പൊട്ടിപ്പുറപ്പെട്ട് പതിനേഴുദിവസം പിന്നിട്ടശേഷംമാത്രം കാര്യങ്ങള്‍ തിരക്കിയിറങ്ങിയ മുഖ്യമന്ത്രിയോടുള്ള ജനവികാരമായിരുന്നു അവിടെ അലയടിച്ചത്. കുട്ടികളെ നഷ്ടപ്പെട്ടവര്‍, രോഗത്തോട് മല്ലടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കൊപ്പം നാട്ടുകാരും ഒച്ചയുയര്‍ത്തി. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും പ്രതിഷേധം നേരിട്ടു.
ജനങ്ങളുടെ പ്രതിഷേധം മുന്‍കൂട്ടി മനസ്സിലാക്കി, കൂട്ടമരണങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച ശേഷമാണ് മുഖ്യമന്ത്രി പട്നയില്‍നിന്ന് മുസഫര്‍പുരിന് വണ്ടികയറിയത്! അജ്ഞാതരോഗത്തിന് ഇരയാകുന്ന കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം. എന്നിട്ടും പ്രതിഷേധത്തിന് ആക്കം കുറഞ്ഞില്ല.

മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തയ്യാറായില്ല. ആശുപത്രിവളപ്പിലേക്ക് പത്രപ്രവര്‍ത്തകരെ കടത്തിയതേയില്ല. 600 കിടക്കകളുള്ള മെഡിക്കല്‍ കോളേജിനെ 2500 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തുമെന്ന് വാഗ്ദാനംചെയ്ത് പിന്നീട് സംസ്ഥാന ചീഫ് സെക്രട്ടറി ദീപക് കുമാര്‍ ഒരു പത്രക്കുറിപ്പിറക്കി. 50 കിടക്കകളുള്ള പീഡിയാട്രിക് വിഭാഗം 100 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡായി ഉയര്‍ത്തും. രോഗികളുടെ ബന്ധുക്കള്‍ക്ക് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസ്, കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വഴിച്ചെലവിന് ബന്ധുക്കള്‍ക്ക് 400 രൂപവീതം സഹായം തുടങ്ങി വാഗ്ദാനങ്ങള്‍ വേറെയും. എന്നാല്‍, പ്രഖ്യാപിച്ച സഹായങ്ങള്‍ കടലാസില്‍നിന്ന് കടലാസിലേക്ക് പകര്‍ന്നതല്ലാതെ ആര്‍ക്കെങ്കിലും കിട്ടിയതായി മുസഫര്‍പുരിലെ ഗ്രാമങ്ങള്‍ തെളിവുതരുന്നില്ല.

പാഴ്വാഗ്ദാനങ്ങളുടെ പ്രവാഹം

വാഗ്ദാനങ്ങള്‍ അവിടെ തീരുന്നില്ല. മുസഫര്‍പുര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനും നിരത്തി വാഗ്ദാനപ്പട്ടിക. മുഖ്യമന്ത്രി എത്തുന്നതിന് രണ്ടുദിവസം മുമ്പാണ് ഡോ. ഹര്‍ഷവര്‍ധന്‍, കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനികുമാര്‍ ചൗബേ, സംസ്ഥാന ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചത്. ആശുപത്രി വാര്‍ഡുകളിലൂടെ പര്യടനം നടത്തുന്നതിനിടയില്‍, കേന്ദ്രമന്ത്രിക്കുമുന്നില്‍െവച്ച് രണ്ടുകുട്ടികള്‍ മരിച്ചുവീണു. ഡോക്ടര്‍കൂടിയായ മന്ത്രി ഞെട്ടി. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമങ്ങളെക്കണ്ട ഡോ. ഹര്‍ഷവര്‍ധന്‍, മുസഫര്‍പുര്‍ദുരന്തം നേരിടാനുള്ള വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചു. 100 കിടക്കയുള്ള കുട്ടികളുടെ തീവ്രപരിചരണവിഭാഗം (പി.ഐ.സി.യു.)ഉടന്‍. സമീപജില്ലകളില്‍ പത്ത് കിടക്കയുള്ള പി.ഐ. സി.യു.കള്‍ തൊട്ടുപിന്നാലെ. കൂടാതെ ഗയ, ഭഗല്‍പുര്‍, ബേതിയ, പാവാപുരി, നാളന്ദ എന്നിവിടങ്ങളില്‍ അഞ്ച് വൈറോളജി പരിശോധനാകേന്ദ്രങ്ങള്‍.

എന്നാല്‍, പ്രഖ്യാപനംകേട്ട് ഞെട്ടിയത് അവിടെ കൂടിയ മാധ്യമപ്രവര്‍ത്തകരാണ്. ആദ്യ മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി ചുമതലേയറ്റ ശേഷം 2014 ജൂണില്‍ മുസഫര്‍പുര്‍ സന്ദര്‍ശിച്ച് ഡോ. ഹര്‍ഷവര്‍ധന്‍ നല്‍കിയ വാഗ്ദാനങ്ങളുടെ തനിപ്പകര്‍പ്പായിരുന്നു അത്. അതായത് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ ഈ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നര്‍ഥം.  

''ദുരന്തമുണ്ടാകുമ്പോള്‍ കുറെ പാഴ് വാഗ്ദാനങ്ങള്‍ നല്‍കിയിട്ട് അത് മറന്നുകളയുകയാണ് ഈ രാഷ്ട്രീയക്കാര്‍'' -അധികാരികള്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനങ്ങളുടെ ചരിത്രം ചികഞ്ഞ് പൊതുജനാരോഗ്യപ്രവര്‍ത്തകന്‍കൂടിയായ ഡോ. അരുണ്‍ ഷാ ചൂണ്ടിക്കാട്ടുന്നു.

നീതിന്യായ സംവിധാനങ്ങള്‍ ഇടപെട്ടു

സര്‍ക്കാരുകള്‍ പതിവുനാടകങ്ങളുമായി രംഗത്ത് മുടന്തിനിന്നപ്പോള്‍ സാമൂഹികപ്രവര്‍ത്തകര്‍ നീതിന്യായസംവിധാനങ്ങളെ സമീപിച്ചു. മുസഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്നിവയ്‌ക്കൊപ്പം സുപ്രീംകോടതിയും ഇടപെട്ടപ്പോഴാണ് ഭരണകൂടങ്ങള്‍ക്ക് അല്പമെങ്കിലും അനക്കംെവച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയ്‌ക്കെതിരേ മുസഫര്‍പുരിലെ അഭിഭാഷകനായ പങ്കജ് കുമാറും സാമൂഹികപ്രവര്‍ത്തകനായ തമന്ന ഹാഷ്മിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെവ്വേറെ പരാതികള്‍ സമര്‍പ്പിച്ചു. മുസഫര്‍പുര്‍ ദുരന്തത്തിന്റെ സ്ഥിതിവിവരങ്ങള്‍ ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശകമ്മിഷന്‍ ബിഹാര്‍ ചീഫ് സെക്രട്ടറിക്ക്  നോട്ടീസയച്ചു.

സുപ്രീംകോടതിയും വിഷയത്തില്‍ ഇടപെട്ടു. കുട്ടികളുടെ മരണം ഗുരുതരവിഷയമാണ്. മരണത്തെ ലാഘവത്തോടെ കൈകാര്യംചെയ്യാനാവില്ലെന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിരിക്കയാണ്. ഭരണകൂടങ്ങള്‍ അനാസ്ഥയും അവഗണനയും ലാഘവവും തുടരുമ്പോള്‍, ബിഹാറിലെ ഒരു യുവാവ് ട്വിറ്ററില്‍ അധികാരികളെ ഓര്‍മിപ്പിച്ചത് ഇപ്രകാരം: ''ബിഹാര്‍ ഇന്ത്യയിലാണ്. ഇന്ത്യന്‍ കുട്ടികളാണ് മരിച്ചു വീഴുന്നത്. ഓര്‍മയുണ്ടാകണം.''

എന്താണ്  മസ്തിഷ്‌ക ജ്വരം

മസ്തിഷ്‌കത്തെ ബാധിക്കുന്ന ഒരുകൂട്ടം സാംക്രമിക രോഗങ്ങളുടെ സഞ്ചയത്തെയാണ് അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം അഥവാ മസ്തിഷ്‌ക ജ്വരം എന്ന് വിളിക്കുന്നത്. എ.ഇ.എസ്. രോഗമല്ല, രോഗലക്ഷണമാണ്. പലതരം രോഗങ്ങളുടെ കൂട്ടമാണ്.

തലവേദന, ഛര്‍ദി, ഞരമ്പുകളുടെ കോച്ചിവലിയല്‍, ഓര്‍മനഷ്ടം, തളര്‍ച്ച, പനി തുടങ്ങിയവയാണ് പൊതുലക്ഷണം. പലതരം കാരണങ്ങളാലാണ്  എ.ഇ.എസ്. ഉണ്ടാകുന്നത്. അണുബാധയിലൂടെയും അല്ലാതെയും വരാം.എന്താണ് കാരണമെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ രോഗത്തിന് പരിഹാരമുണ്ടാകും. എല്ലാ എ.ഇ.എസ്. രോഗങ്ങളെയും ഒരുപോലെ ചികിത്സിക്കാന്‍ കഴിയില്ല. ജപ്പാന്‍ജ്വരമാണ് ബാധിച്ചിരിക്കുന്നതെങ്കില്‍ ഇക്കാര്യം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ചികിത്സിക്കണം. മുസഫര്‍പുരില്‍ ബാധിച്ചിരിക്കുന്ന രോഗബാധ ഏതെന്ന്  തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.