മുസഫര്‍പൂര്‍ നഗരത്തിന് പുറത്ത് മിനാപ്പൂര്‍ ബ്ലോക്കില്‍പ്പെട്ട കര്‍ച്ചൂലിയ ഗ്രാമം.സൂര്യന്‍ 48 ഡിഗ്രിയില്‍ കുടുങ്ങി നില്‍പാണ്. റോഡെന്ന് പേരുള്ള ചെളിവഴികളിലൂടെ രണ്ട് മണിക്കൂര്‍ കാല്‍ നട താണ്ടി എത്തിച്ചേര്‍ന്നത് ലിച്ചിത്തോട്ടങ്ങളിലെ കൂലിപ്പണിക്കാര്‍ താമസിക്കുന്ന ഖോപ്ടികളിലാണ്.വൈക്കോല്‍ മേഞ്ഞതും മേയാത്തതുമായ ഈ കൂരകള്‍ കുടില്‍ എന്ന യാഥാര്‍ഥ്യത്തെക്കാള്‍ വര്‍ഷങ്ങള്‍ പുറകിലാണ്.ഈച്ചയാര്‍ക്കുന്ന ചെറുവഴികള്‍ക്ക് ഇരുവശവും പടര്‍ന്നു കിടക്കുന്ന ഈ ചെറുകൂരകളില്‍ മനുഷ്യജീവിതങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു.അഴുക്കുചാലുകളായ നടവഴികളില്‍ മനുഷ്യരുടെയും കന്നുകാലികളുടെയും വിസര്‍ജ്യങ്ങള്‍ വ്യത്യാസങ്ങളില്ലാതെ.

ഒരു ഖോപ്ടിയില്‍ കുഞ്ഞുങ്ങളും കുട്ടികളും സത്രീകളും പ്രായമായവരും  ഉള്‍പ്പടെ കുറഞ്ഞത് പത്ത് പേരെങ്കിലും താമസമുണ്ടാകും.പത്ത് പേരുടെ പാതി വയറെങ്കിലും നിറയാനുള്ള വരുമാനം ഒരാളുടെ പണിക്കൂലിയായ അമ്പതോ അറുപതോ രൂപ.പട്ടിണിയാണ് ഈ കൂരകളിലെ പതിവ് താമസക്കാരന്‍.അജ്ഞാത രോഗം  പിടിമുറുക്കിയ മുസഫര്‍പൂര്‍ ഗ്രാമങ്ങളില്‍ കര്‍ച്ചൂലിയയും പെടുന്നു. 

കര്‍ച്ചൂലിയയിലെ ദിലീപ് സാഹ്നിയുടെ രണ്ട് മക്കളെയാണ് ചംകി ബുഖാര്‍ കൊണ്ടു പോയത്.എട്ട് വയസ്സുള്ള മകനും മൂന്ന് വയസ്സുള്ള മകളും.പുലര്‍ച്ചെ മൂന്ന് മണിക്ക് പനിയും വിറയലും കോച്ചിപ്പിടിത്തവുമായിരുന്നു ലക്ഷണം.രണ്ട് പേര്‍ക്കും ഒരേ ദിവസമായിരുന്നില്ല അസുഖബാധ.ആദ്യം മകന് രോഗം വന്നു.അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പായുന്നതിനിടയില്‍ ,ദിലീപ് സാഹ്നിയുടെ മടിയില്‍  കിടന്ന് അവന്‍ മരിച്ചു.അടുത്ത ദിവസം,രോഗലക്ഷണങ്ങള്‍ കാട്ടിയ മകളെ അടുത്തുള്ള സിര്‍സിയ ഗ്രാമത്തിലെ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടാം ദിവസം മരിച്ചു.രണ്ടു പേരും അസുഖം ബാധിക്കുന്നതിന് തലേ ദിവസം വയര്‍ നിറയെ പലതരം ലിച്ചിപ്പഴങ്ങള്‍ കഴിച്ചിട്ടാണ് ഉറങ്ങാന്‍ കിടന്നതെന്ന് ദിലീപ് വിതുമ്പിക്കൊണ്ട് പറഞ്ഞു.

എന്നാല്‍,മുസഫര്‍ നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരെയുള്ള ചര്‍നര്‍ സണ്ട ഗ്രാമത്തിലെ മുഹമ്മദ് അക്തറിന്റെ ഇളയ മകന്‍ രണ്ടു വയസ്സുകാരന്‍ സക്കീര്‍ ഹൂസൈന്‍ ലിച്ചിപ്പഴം കഴിച്ചിരുന്നില്ല.എന്നിട്ടും ചംകിബുക്കാര്‍ അവനെ തേടിവന്നു.പുലര്‍ച്ചെ മുതല്‍ രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയ കുട്ടിയെ വീടിന് പുറത്ത് കട്ടിലില്‍ കിടത്തി മുഹമ്മദ് അക്തര്‍ ഡോക്ടറെ കാത്തിരിക്കുകയാണ്.അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ വരുമെന്ന് കരുതിയുള്ള കാത്തിരിപ്പാണ്.കാത്തിരിപ്പ് എത്ര നേരം നീളുമെന്ന് അക്തറിന് അറിയില്ല.ലിച്ചിപ്പഴം കഴിക്കാത്ത തന്റെ മകന് ചംകി ബുഖാര്‍ വന്നതെങ്ങനെയെന്ന ആശങ്കയും ഒപ്പമുണ്ട്.

ഇതാണ് ഇപ്പോള്‍ മുസഫര്‍പൂരിന്റെ യഥാര്‍ഥ പ്രശ്നം.മുസഫര്‍പൂരില്‍ സുലഭമായ ലിച്ചിപ്പഴമാണ് അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം അഥവാ ഏ.ഇ.എസിന്റെ പിന്നിലെ വില്ലനെന്ന സംശയം ഒരു ഭാഗത്ത് നിറഞ്ഞുയരുമ്പോള്‍ തന്നെ,ലിച്ചിപ്പഴം തൊട്ടുനോക്കാത്ത കുട്ടികളെയും സമാനമായ രോഗലക്ഷണങ്ങള്‍ വീഴ്ത്തുന്നു.അപ്പോള്‍ ആരാണ് യഥാര്‍ഥ വില്ലന്‍ ?കാരണങ്ങള്‍ തേടി 1995 മുതല്‍ വൈദ്യശാസ്ത്രം ഗവേഷണത്തിലാണ്.ഗവേഷണങ്ങള്‍ പൂര്‍ത്തിയാവുകയും പഠനപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴും രോഗലക്ഷണത്തിനും മരണനിരക്കിനും മാറ്റമില്ല.രോഗത്തിന് മുന്നില്‍ വൈദ്യശാസ്ത്രം കൈമലര്‍ത്തുന്നു.

ലിച്ചിയുടെ സാമ്രാജ്യം

ഇന്ത്യയിലെ ലിച്ചിപ്പഴങ്ങളുടെ സാമ്രാജ്യം എന്നാണ് മുസഫര്‍പൂര്‍ അറിയപ്പെടുന്നത്.പട്നയില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരെയുള്ള ചെറുപട്ടണം.ഡോ.രാജേന്ദ്ര പ്രസാദ് മുതല്‍ ജോര്‍ജ് ഫെര്‍ണാണ്ട്സ് വരെയുള്ള രാഷ്ട്രീയ നേതാക്കള്‍ തട്ടകമാക്കിയ പ്രദേശം.ഇരുനൂറ് വര്‍ഷമായി മുസഫര്‍പൂരില്‍ ലിച്ചി കൃഷി ചെയ്യുന്നുണ്ട്.ഇന്ത്യയിലെ ലിച്ചികൃഷിയുടെ 40 ശതമാനം ബിഹാറിന്റെ സംഭാവനയാണ്.ബിഹാറിന്റെ ഉല്‍പാദനത്തില്‍  അറുപത് ശതമാനം മുസഫര്‍പൂര്‍ വക.മുസഫര്‍പൂരില്‍ കൃഷി ചെയ്യുന്ന ഷാഹി,ചൈന എന്ന രണ്ട് ഇനങ്ങള്‍ ഗുണത്തിലും മണത്തിലും സൗന്ദര്യത്തിലും കമ്പോളങ്ങള്‍ക്ക് പ്രിയങ്കരങ്ങളാണ്. മുസഫര്‍പൂരിന്റെ രസഗുള എന്നാണ് ഈ ഇനങ്ങളെ വിളിക്കുന്നത്.മറ്റ് വ്യവസായങ്ങളോ സ്ഥാപനവല്‍കൃത വരുമാനമാര്‍ഗ്ഗങ്ങളോ ഇല്ലാത്ത മുസഫര്‍പൂരിന്റെ പ്രധാനജീവിത മാര്‍ഗ്ഗം ലിച്ചി കൃഷിയാണ്.

മുസഫര്‍പൂരിന്റെ അയല്‍ജില്ലകളായ വൈശാലി,ഈസ്റ്റ് ചമ്പാരന്‍,വെസ്റ്റ് ചമ്പാരന്‍,സീതാമഡി,ഷിയോഹാര്‍,സമസ്തിപൂര്‍,ഭാഗല്‍പൂര്‍,ബഗുസരായി,ഖഗാരിയ എന്നീ ജില്ലകളിലും ലിച്ചി കൃഷിയുണ്ട്.ബിഹാറിന് പുറത്ത് അസം,ഉത്തരാഖണ്ഡ്.ഛത്തീസ്ഗഡ്,ഒഡീഷ,ത്രിപുര,ബംഗാള്‍,പഞ്ചാബ്,ഹിമാചല്‍ പ്രദേശ്,ഉത്തര്‍പ്രദേശ്,ജമ്മുകാശ്മീര്‍,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ലിച്ചി കൃഷി ചെയ്യുന്നു.
                           
ഇന്ത്യയില്‍ മൊത്തമായി എണ്‍പത്തിനാലായിരം ഹെക്ടര്‍ സ്ഥലത്ത് ലിച്ചി കൃഷിയുണ്ടെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്ക്.എന്നാല്‍ മുസഫര്‍പൂരില്‍ മാത്രമാണ് ലിച്ചിയുമായി ബന്ധപ്പെടുത്തി അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം എന്ന രോഗസഞ്ചയം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതുകൊണ്ട് തന്നെ ലിച്ചിയുമായി ഈ രോഗാവസ്ഥക്ക് ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് ഗവേഷകര്‍ക്ക്  ഭിന്നാഭിപ്രായമാണ്.ഗവേഷകരുടെയും വിദഗ്ധരുടെയും ഈ ഭിന്നാഭിപ്രായങ്ങള്‍ അന്തിമ തീര്‍പ്പിലെത്താതെ ബാക്കി നില്‍ക്കുന്നു.
       
ലിച്ചിയല്ല,ഭരണകൂട വീഴ്ചമൂലമുണ്ടായ കുട്ടികളിലെ കടുത്ത പോഷകാഹാരക്കുറവാണ് യഥാര്‍ഥ വില്ലനെന്നാണ് 1995 മുതല്‍ ഈ വിഷയത്തില്‍ പഠനം നടത്തുന്ന മുസഫര്‍പൂരിലെ പ്രമുഖ പീഡിയാട്രീഷ്യനും പൊതുജനാരോഗ്യപ്രവര്‍ത്തകനുമായ ഡോ.അരുണ്‍ ഷായുടെ അഭിപ്രായം.2012 ല്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഡോ.ടി.ജേക്കബ് ജോണ്‍,ഡോ.അരുണ്‍ ഷാ,ലഖ്നോവിലെ ടോക്സിക്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.മുകുള്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് മുസഫര്‍പൂരിലെ അജ്ഞാത രോഗത്തെക്കുറിച്ച് പഠനം ആരംഭിച്ചത്. 1995 മുതല്‍ ഈ രോഗാവസ്ഥ മുസഫര്‍പുരില്‍ ദൃശ്യമാണ്.ഇപ്പോള്‍ 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു.കുട്ടികളെ ബാധിക്കാത്ത ഒരു വര്‍ഷം പോലുമില്ല.ഇതിന് കാരണമെന്താണെന്ന് ഞാന്‍ പരിശോധിക്കാന്‍ തുടങ്ങി.അതിനിടയില്‍ ഡല്‍ഹിയിലെ ഒരു യോഗത്തില്‍ വച്ച് ഡോ.ജേക്കബ് ജോണിനെ പരിചയപ്പെട്ടു.അദ്ദേഹത്തോട് മുസഫര്‍പൂരിലെത്തി ഈ പ്രശ്നം പഠിക്കണമെന്ന് അഭ്യര്‍ഥിച്ചു.അദ്ദേഹം മുസഫര്‍പൂരില്‍ വന്നു.ഡോ.മുരുകദാസും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.ഞങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് പഠനം ആരംഭിച്ചു.-മുസഫര്‍പുരിലെ സ്വന്തം ആശുപത്രിയില്‍ വച്ച് ഡോ.അരുണ്‍ ഷാ മാതൃഭൂമിയോട് പറഞ്ഞു.

2012 മുതല്‍ 2014 വരെ മുസഫര്‍പൂരിന്റെ രോഗാവസ്ഥ മൂന്ന് പേരും ചേര്‍ന്ന് പഠിച്ചു.പല തരത്തിലുള്ള ലിച്ചിപ്പഴങ്ങള്‍ ലഖ്നോവിലെ ടോക്സിക്കോളജി കേന്ദ്രത്തില്‍ അയച്ച് പരിശോധിച്ചു.രോഗം പരത്തുന്ന വൈറസോ,സാംക്രമികരോഗാണുക്കളോ ലിച്ചിയില്‍ കണ്ടത്താനായില്ലെന്ന് ഡോ.അരുണ്‍ ഷാ പറയുന്നു.എന്നാല്‍,രണ്ട് തരം ജൈവിക വിഷാംശങ്ങള്‍ (ടോക്സിനുകള്‍ ) പാകമാകാത്ത ലിച്ചിയിലുണ്ട്.പോഷകാഹാരക്കുറവോ പ്രതിരോധ ശേഷിയോ ഇല്ലാത്ത കുട്ടികള്‍ വെറും വയറ്റില്‍ പാകമാകാത്ത ലിച്ചികള്‍ കഴിക്കുന്നതിലൂടെ അവരില്‍ ഈ ടോക്സിനുകള്‍ പ്രവര്‍ത്തിക്കുകയും അത് മൂലം  രക്തത്തിലെ ഗ്ലൂക്കോസ് നില താഴ്ന്നു പോവുകയും ചെയ്യാമെന്ന് അവര്‍ പഠനത്തിലൂടെയും നിരീക്ഷണത്തിലൂടെയും കണ്ടെത്തി.

നഗരമേഖലകളിലെ പോഷകാഹാരം ലഭിച്ച കുട്ടികള്‍ ലിച്ചി കഴിക്കുമ്പോള്‍ അവര്‍ക്ക് രോഗബാധ ഉണ്ടാകുന്നില്ല.എന്നാല്‍ കൊടുംപട്ടിണിയില്‍ വളരുന്ന, കടുത്ത പോഷകാഹാരക്കുറവ് നേരിടുന്ന, പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങള്‍ വെറും വയറ്റില്‍ പഴുത്ത് പാകമാകാത്ത ലിച്ചി കഴിക്കുമ്പോള്‍ ഏ.ഇ.എസിന്റെ ലക്ഷണങ്ങള്‍ അവരെ ബാധിക്കുന്നു. പട്ടിണിക്കാരുടെ വീടുകളിലെ കുട്ടികള്‍ കയ്യില്‍ കിട്ടുന്നതെന്തും കഴിക്കും.അവനെ സംബന്ധിച്ച് എന്ത് കഴിച്ചും വിശപ്പടക്കുക മാത്രമാണ് വഴി.വീടുകളിലും പരിസരങ്ങളിലും സുലഭമായി കിട്ടുന്ന ലിച്ചി വയര്‍ നിറയെ കഴിക്കുകയാണ് അവരുടെ ശീലം.അച്ഛനമ്മമാരുടെ ഒപ്പം ലിച്ചി തോട്ടങ്ങളില്‍ പോകുമ്പോഴും ലിച്ചി തിന്നും.പകല്‍ മുഴുവന്‍ വയര്‍നിറയെ ലിച്ചി കഴിച്ച ശേഷം രാത്രിയില്‍ വീട്ടില്‍ നിന്ന് ആഹാരം കഴിക്കാതെ കിടന്നുറങ്ങും.

പുലര്‍ച്ചെ വെറും വയറ്റില്‍ ലിച്ചിയിലെ ഈ ജൈവിക വിഷാംശങ്ങള്‍ അവരില്‍ പ്രവര്‍ത്തിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് നിരപ്പ് താഴുകയും തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യും.കാലാവസ്ഥാ മാറ്റവും കൊടും ചൂടും ഈ സാഹചര്യത്തെ ദുഷ്‌കരമാക്കും. പുലര്‍ച്ചെയാണ് രോഗാവസ്ഥകള്‍ എല്ലാവരിലും കണ്ട് തുടങ്ങുന്നത്.പിന്നോക്ക പ്രദേശങ്ങളിലെ പോഷകാഹാരക്കുറവുള്ള കുട്ടികളിലാണ് ഈ പ്രതിഭാസം.രാത്രിയില്‍ ആഹാരം കഴിച്ചുറങ്ങുന്ന കുട്ടികളില്‍ ഇതുണ്ടാകുന്നില്ല.പോഷകാരം ലഭിക്കുന്ന കുട്ടികളില്‍ ഇത് കാണാനില്ല.അതിനാല്‍ ലിച്ചിയല്ല,പോഷകാഹാരക്കുറവാണ് വില്ലന്‍.കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാത്ത സര്‍ക്കാരാണ് യഥാര്‍ഥ വില്ലന്‍ -ഡോ.അരുണ്‍ ഷൂരി പറഞ്ഞു.

2014 ല്‍  ഡോ.ജേക്കബ് ജോണും ഡോ.അരുണ്‍ ഷായും ഡോ.മുകുള്‍ ദാസും ചേര്‍ന്ന് നടത്തിയ  പഠനങ്ങളുടെ റിപ്പോര്‍ട്ട് ഒരു അന്താരാഷ്ട്ര വൈദ്യശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.ഇതേ സമയം തന്നെ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രാളും ഇന്ത്യയിലെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ചേര്‍ന്ന് മുസഫര്‍പൂര്‍ രോഗബാധയെക്കുറിച്ച് മറ്റൊരു പഠനം നടത്തുന്നുണ്ടായിരുന്നു.അവരുടെ പഠനറിപ്പോര്‍ട്ട് 2017 ല്‍ ലാന്‍സറ്റ് എന്ന വൈദ്യശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.രണ്ട് പഠനങ്ങളുടെയും കണ്ടെത്തലുകള്‍ ഏറെക്കുറെ സമാനം.പോഷകാഹാരക്കുറവാണ് പ്രധാന പ്രശ്നം.പോഷകാഹാരക്കുറവുള്ള കുട്ടികള്‍ പാകമാകാത്ത ലിച്ചി കഴിക്കുന്നത്  കുഴപ്പമുണ്ടാക്കാം.

മുസഫര്‍പൂരില്‍ ഇക്കുറി പ്ര്ശനങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ശേഷം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘം മൂന്നാമത്തെ പഠനം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ചയാണ് ഈ പഠനം ആരംഭിച്ചിരിക്കുന്നത്.   

ഉത്തരവാദികള്‍ സര്‍ക്കാരും രാഷ്ട്രീയക്കാരും: ഡോ.അരുണ്‍ ഷാ

സര്‍ക്കാരുകളും രാഷ്ട്രീയക്കാരുമാണ് മുസഫര്‍പൂരിലെ ഈ ദുരന്തത്തിന്റെ പ്രധാന ഉത്തരവാദികളെന്ന് മുസഫര്‍പുരിലെ പ്രശസ്തനായ പീഡിയാട്രീഷ്യനും 1995 മുതല്‍ അപൂര്‍വ രോഗത്തെക്കുറിച്ച പഠനം നടത്തുന്ന ഗവേഷകനുമായ ഡോ.അരുണ്‍ ഷാ കുറ്റപ്പെടുത്തി. ആരോഗ്യപരിപാലനത്തിന് ആവശ്യമായ പ്രാഥമിക സംവിധാനമെങ്കിലും നടപ്പാക്കിയെങ്കില്‍ ഈ ദുരന്തം ആവര്‍ത്തിക്കപ്പെടുകയില്ല.2014 ല്‍ ഞങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിച്ചില്ല.ഗ്രാമപ്രദേശങ്ങളില്‍ കുട്ടികള്‍ പോഷകാഹാരം ഉറപ്പാക്കണമെന്നായിരുന്നു ഞങ്ങളുടെ ആദ്യ നിര്‍ദേശം.പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ബിഹാറിലെ ആതുരാലയങ്ങള്‍ സജ്ജമാക്കണം.പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്.

ഡോ.അരുണ്‍ ഷാ
ഡോ.അരുണ്‍ ഷാ

മുസഫര്‍പൂര്‍ ജില്ലയില്‍ മാത്രം 103 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്.ഇതില്‍ 93 കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നു പോലുമില്ല.24 മണിക്കൂറും ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്നാണ് ച്ട്ടം.എന്നാല്‍ പകല്‍ പോലും പ്രവര്‍ത്തിക്കാത്ത ഈ ആശുപത്രികള്‍ രാത്രിയില്‍ എങ്ങനെ പ്രവര്‍ത്തിക്കാനാണ് ?കുട്ടികള്‍ക്ക് അസുഖമുണ്ടാകുന്നത് രാത്രിയിലോ പുലര്‍ച്ചെയോ ആണ്.ഈ ആദ്യ മണിക്കൂറുകള്‍ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമാണ്.എന്നാല്‍,തൊട്ടടുത്ത് ഡോക്ടറില്ലാതെ വരുമ്പോള്‍ മണിക്കൂറുകള്‍ കാത്തിരുന്ന് ഇവര്‍ ഡോക്ടറെ കാണാന്‍ പോകുന്നു.അപ്പോഴേക്ക് കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ടാകും.ഈ മരണത്തിന് ഉത്തരാവാദ് സര്‍ക്കാരല്ലാതെ ആരാണ് ?

രോഗബാധയെക്കുറിച്ച് ലിച്ചി സീസണ് മുമ്പ് തന്നെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് ഞങ്ങള്‍ നിര്‍ദേശിച്ചിരുന്നു.2017 ലും 2018 ലും പ്രചരണങ്ങളും ബോധവല്‍ക്കരണവും നടത്തി.ആ വര്‍ഷങ്ങളില്‍ മരണനിരക്ക് വളരെ കുറവായിരുന്നു.അംഗന്‍വാഡി,ആശ,ജീവികാ പ്രവര്‍ത്തകരെയായിരു്ന്നു ബോധവല്‍ക്കരണത്തിന് ചുമതലപ്പെടുത്തിയിരുന്നത്.അവര്‍ അത് നിര്‍വഹിച്ചു.എന്നാല്‍ 2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായി സര്‍ക്കാര്‍ മുഴുവന്‍ സംവിധാനങ്ങളെയും വഴി തിരിച്ചു.തിരഞ്ഞെടുപ്പിനിടയില്‍ ലിച്ചി സീസണ്‍ ആരംഭിച്ചു.ബോധവല്‍ക്കരണം നടന്നില്ല.മരണനിരക്ക് 154 ലേക്ക് കുതിച്ചുയര്‍ന്നു


പ്രകൃതി തരുന്നതില്‍ വിഷമില്ലെന്ന് ശാസ്ത്രജ്ഞര്‍

പോഷകാഹാരക്കുറവാണ് പ്രധാനവില്ലനെന്നും അതിനൊപ്പം ലിച്ചിയിലെ ടോക്സിനുകള്‍ പ്രവര്‍ത്തിച്ചേക്കാമെന്നുമാണ് മുസഫര്‍പൂരിലെ രോഗബാധയെക്കുറിച്ച് ഇതുവരെ നടന്ന പഠനങ്ങള്‍ കണ്ടത്തുന്നത്.എന്നാല്‍ പ്രകൃതി തരുന്നതില്‍ വിഷാംശം കാണില്ലെന്നും ലിച്ചി നിരുപദ്രവകാരിയായ മധുരമാണെന്നും മുസഫര്‍പൂരില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ലിച്ചിയുടെ ആക്ടിംഗ് ഡയറക്ടറും പ്രിന്‍സിപ്പള്‍ സയന്റിസ്റ്റുമായ ഡോ.എസ്.ഡി.പാണ്ഡേ പറയുന്നു.ലിച്ചിയുമായി ഈ രോഗബാധക്ക് ഒരു ബന്ധവുമില്ല.ലിച്ചിയുടെ സീസണ്‍ മുസഫര്‍പൂരില്‍ കഴിഞ്ഞു.എന്നിട്ടും രോഗബാധ തീരാത്തത് എന്തു കൊണ്ടാണ് ? ലിച്ചി കൃഷി ചെയ്യുന്ന,ലിച്ചി കഴിക്കുന്ന ഇന്ത്യയയിലെ മറ്റ് പ്രദേശങ്ങളില്‍ ഈ രോഗം കാണാത്തതെന്തു കൊണ്ടാണ് -ഡോ.പാണ്ഡേ ചോദിച്ചു.മുസഫര്‍പുര്‍ നഗരത്തിന് പുറത്ത് മുഷഹരിയിലെ ലിച്ചിത്തോട്ടത്തിന് നടുവില്‍ പരന്നുകിടക്കുന്ന ഗവേഷണകേന്ദ്രത്തിലിരുന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചോദ്യം.

ഡോ.എസ്.ഡി.പാണ്ഡേ
ഡോ.എസ്.ഡി.പാണ്ഡേ

ലിച്ചിക്ക് പങ്കുണ്ടെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.എന്നാല്‍ ഇതിനൊന്നും ശാസ്ത്രീയമായ തെളിവുകളില്ല.മുസഫര്‍പൂരില്‍ കൃഷി ചെയ്യുന്ന ലിച്ചി വിദേശങ്ങളിലും രാജ്യത്തെ പ്രധാനപ്രദേശങ്ങളിലും എത്തുന്നുണ്ട്.അവിടെയൊന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.90ശതമാനം ലിച്ചിയും പുറത്തെ കമ്പോളങ്ങളിലേക്ക് പോയിക്കഴിഞ്ഞാണ് മുസഫര്‍പൂരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ഈ സാഹചര്യങ്ങള്‍ പരിശോധിക്കു-ഡോ.പാണ്ഡേ പറഞ്ഞു.എന്നാല്‍ മുസഫര്‍പൂരിലെ പിന്നോക്ക പ്രദേശത്തെ കുട്ടികളില്‍ രോഗബാധ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്.അതെന്തു കൊണ്ട് എന്നതിനെക്കുറിച്ച് പഠനം നടത്തണം.അതിന് പരിഹാരം കാണണം.അതിന് മുമ്പ് ലിച്ചിയെ പഴിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിച്ചി മാത്രമല്ല,മറ്റ് പഴവര്‍ഗ്ഗങ്ങളും വെറും വയറ്റില്‍ കഴിച്ചാല്‍ രോഗബാധയുണ്ടായേക്കാമെന്ന് ഡോ.പാണ്ഡേ ചൂണ്ടിക്കാട്ടുന്നു.മാമ്പഴം വെറും വയറ്റില്‍ കഴിക്കരുത് എന്ന് പറയാറില്ലേ.പനിയുമായി ചെന്നാല്‍ ഡോക്ടര്‍ ആദ്യം പറയുന്നത് വാഴപ്പഴം കഴിക്കരുതെന്നല്ലേ? അതിനര്‍ഥം വാഴപ്പഴം മൂലം പനിയുണ്ടാകുമെന്നല്ല.പനിയുണ്ടെങ്കില്‍ വാഴപ്പഴം കഴിച്ചാല്‍ പനി കൂടിയേക്കാമെന്നാണ് അര്ഥം.അതിനാല്‍ ലീച്ചിക്ക് ഈ രോഗത്തില്‍ പങ്കുണ്ടെങ്കില്‍ ശാസ്ത്രീയമായി തെളിയിക്കണം.ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കരുതെന്ന് ഡോ.പാണ്ഡേ ആവശ്യപ്പെട്ടു.മുസഫര്‍പൂര്‍ രോഗബാധയെക്കുറിച്ച് പഠിക്കാനും പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗത്തിലെയും വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളും പഠനങ്ങളും മുറുകുമ്പോഴും അജ്ഞാത കാരണങ്ങളുടെ കൈകള്‍ പിടിച്ച് മുസഫര്‍പൂരില്‍ അപൂര്‍വ രോഗമെത്തുകയും മരണം കുഞ്ഞുങ്ങളെ റാഞ്ചുകയും ചെയ്യുന്നു.ഇരുപത്തിയഞ്ച് വര്‍ഷമായിട്ടും കൂട്ടക്കൊലയ്ക്ക് സമാനമായ കൂട്ടമരണങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള താല്‍പര്യം പോലും കാട്ടാതെ വാഗ്ദാനങ്ങളുടെ മധുരപ്പഴങ്ങള്‍ വാരിയെറിഞ്ഞ് ഭരണാധികാരികള്‍ വീണ്ടുമെത്തുന്നു. പഠന സമിതികള്‍ സര്‍ക്കാരുകള്‍ക്ക് ന്യായീകരണങ്ങളുടെ കാലാവധി നീട്ടാനുള്ള കച്ചിത്തുരുമ്പാകുന്നു (തുടരും )