'മരണമല്ല ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.നമ്മള്‍ ജീവിക്കുമ്പോള്‍ തന്നെ നമ്മുടെ ഉള്ളില്‍ മരിക്കുന്നത് എന്താണോ അതാണ് എറ്റവും വലിയ നഷ്ടം'-അമേരിക്കന്‍ പൊളിറ്റിക്കല്‍ ജേര്‍ണലിസ്റ്റും ലോകസമാധാന കാംക്ഷിയുമായിരുന്ന നോമന്‍ കസിന്‍സ് മരണം എന്ന പ്രതിഭാസത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ബിഹാറിലെ മുസഫര്‍പുരില്‍ മരിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം നിസ്സംഗമായി ശേഖരിക്കുന്ന ഭരണകൂടങ്ങളെ കാണുമ്പോള്‍,ഈ വാചകമാണ് ഉള്ളില്‍ തികട്ടുന്നത്.

ഒന്നും രണ്ടുമല്ല, ഇരുന്നൂറിലേറെ കുരുന്നുകളാണ് മുസഫര്‍പൂരിലെ ഉള്‍ഗ്രാമങ്ങളിലെ പട്ടിണിക്കിടക്കയിലും അതിനെക്കാള്‍ ദയനീയമായ ബിഹാറിലെ ആശുപത്രിനരകങ്ങളിലും ഇതുവരെ മരിച്ചു വീണത്. ഇപ്പാഴും മരണം പിന്‍വാങ്ങിയിട്ടില്ല. കഴിഞ്ഞ രണ്ട് മാസങ്ങളായി മരണം നിര്‍ദാക്ഷിണ്യം ആര്‍ത്തി പൂണ്ട് പരക്കം പായുകയാണ്. നിരക്ഷരരും പട്ടിണിക്കാരുമായ ഗ്രാമീണരുടെ കരച്ചിലുകള്‍ക്കിടയില്‍ നിത്യസംഭവമെന്നതു പോലെ അരങ്ങേറുന്ന ഈ മരണമൊന്നും മരണമല്ലെന്ന് തോന്നും ,കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെയും അധികാരകേന്ദ്രങ്ങളുടെയും നിലപാടുകള്‍ കണ്ടാല്‍. ദളിത്,മഹാദളിത് വിഭാഗങ്ങളില്‍പ്പെട്ട ഈ പട്ടിണിക്കാര്‍ പല പാര്‍ട്ടികളുടെയും വോട്ട് ബാങ്കുകളാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍,അടുത്ത തിരഞ്ഞെടുപ്പ് അടുത്ത് വരും വരെ ഇവര്‍ ആരുടെയും നോട്ടപ്പറമ്പുകളിലില്ല എന്നതാണ് യാഥാര്‍ഥ്യം.

ലിച്ചിപ്പഴങ്ങളുടെ സാമ്രാജ്യം എന്നാണ് മുസഫര്‍പൂര്‍ പണ്ട് മുതല്‍ അറിയപ്പെടുന്നത്. ലിച്ചിയുടെ സീസണായ മെയ്-ജൂണ്‍ മാസങ്ങളിലാണ് ചംകി ബുഖാര്‍ എന്ന് പ്രാദേശികമായി പേരിട്ട് വിളിക്കുന്ന അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (ഏ.ഇ.എസ് ) മുസഫര്‍പൂരിലും പരിസരങ്ങളിലുമുള്ള കുഞ്ഞുങ്ങളെ ബാധിക്കുന്നത്. കടുത്ത പനി,ഛര്‍ദ്ദി,അതിസാരം,ബോധക്ഷയം എന്നീ ലക്ഷണങ്ങളിലൂടെ മസ്തിഷ്‌ക ജ്വരമാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. 1995 മുതലാണ് ഇത് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ആരോഗ്യമേഖലയിലെ പഠനങ്ങള്‍ പറയുന്നു. മുസഫര്‍പൂരില്‍ സുലഭമായ ലീച്ചിപ്പഴങ്ങളാണ് മരണകാരണമെന്ന് ഒരു വിഭാഗവും അതല്ല,പോഷകാഹാരക്കുറവാണ് പ്രധാനവില്ലനെന്നും രണ്ട് വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Encephalitis

പോഷകാഹാരക്കുറവിന് ഒപ്പം ലീച്ചിപ്പഴങ്ങളിലെ വിഷാംശമാണ് മരണകാരണമെന്ന ശാസ്ത്രീയ നിഗമനത്തിലാണ് ഏറ്റവും ഒടുവില്‍ വൈദ്യശാസ്ത്രം എത്തി നില്‍ക്കുന്നത്. എന്നാല്‍,പഠനങ്ങളെത്ര നടന്നിട്ടും ഈ ദുരന്തത്തിന് പരിഹാരമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ ലീച്ചി സീസണിലും ബിഹാറിലെ ലിച്ചി കൃഷിമേഖലയില്‍ കുരുന്നുകളുടെ പ്രാണന്‍ പറിഞ്ഞടരും. ബിഹാറിലെ അതിദയനീയമായ ആശുപത്രി സംവിധാനം ദുരന്തത്തിന് ആക്കം കൂട്ടും. 48 ഡിഗ്രി ചൂടില്‍ ആശുപത്രിയെന്ന് പേരുള്ള കെട്ടിടങ്ങളുടെ തറയില്‍ കിടന്ന് രോഗം ബാധിച്ച കുട്ടികള്‍ വീണ്ടും വരണ്ടുണങ്ങും. അടിസ്ഥാന ചികിത്സാ സൗകര്യം പോലും മുസഫര്‍പൂരിലും പരിസരത്തും ഏറെയില്ല. തീവ്രപരിചരണ വിഭാഗത്തെക്കുറിച്ച് കേട്ടറിവ് പോലുമില്ല. പ്രസ്താവനകള്‍ക്കപ്പുറം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സംഗത വെടിഞ്ഞതിന്റെ സൂചനകള്‍ മുസഫര്‍പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

ഇതുവരെ മുസഫര്‍പൂരില്‍ മാത്രം 130 കുട്ടികള്‍ ഈ സീസണില്‍ മരിച്ചു കഴിഞ്ഞെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍, പുറത്തുവന്ന കണക്കിന്റെ ഇരട്ടിയിലധികമാണ്. പലവിധ രാഷ്ട്രീയവിഷയങ്ങളുയര്‍ത്തി പരസപരം വിഴുപ്പലക്കുന്ന ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ഭരണകൂട വീഴ്ചക്കെതിരെ ഒരു പ്രതിഷേധ ധര്‍ണ പോലും നടത്തിക്കാണുന്നില്ല എന്നതാണ് അതിശയം. ഇവിടെ ഇതൊക്കെ സ്വാഭാവികം എന്ന മട്ടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാത്ത ആര്‍.ജെ.ഡിക്ക് സ്വന്തം പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ വിഷയങ്ങളാണ് തല്‍ക്കാല തലവേദന.

കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി ഭരണത്തിലുള്ളതിനാല്‍,ബി.ജെ.പിക്കാരായ 39 എം.പിമാര്‍ ഈ വിഷയം ഉയര്‍ത്താന്‍ തല്‍പരരല്ല. അതു കൊണ്ട് തന്നെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇതുവരെ കാര്യമായി ഈ വിഷയം ഉയര്‍ന്നിട്ടില്ല. ലിച്ചിപ്പഴങ്ങളുടെ വിഷാംശമാണ് മരണകാരണമെന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്, ലിച്ചി തോട്ടം ഉടമകളെ പ്രതികൂലമായി ബാധിക്കുമോ എന്ന അസ്വസ്ഥതയാവാം ഭരണപക്ഷ പാര്‍ട്ടികളുടെ വിമുഖതയുടെ മറ്റൊരു കാരണം. വിഷയം സര്‍ക്കാരുകളുടെ ശ്രദ്ധയിലെത്തിക്കാന്‍ ദേശീയ മാധ്യമങ്ങളും കാര്യമായ ശ്രമങ്ങളൊന്നും നടത്തുന്നില്ല എന്നത് ദുരന്തത്തോത് ഇരട്ടിയാക്കുന്നു. രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളില്ലാതെയായാല്‍ ഉണ്ടാകുന്ന ദുരന്തത്തിന്റെ ദാരുണചിത്രം കൂടിയായി ബിഹാര്‍ സംഭവങ്ങളെ വിലയിരുത്താം. എന്നാല്‍ മുസഫര്‍പൂരിനെ രാഷ്ട്രീയക്കാര്‍ അങ്ങനെ അവഗണിക്കേണ്ട ഭുമികയല്ല എന്ന് ചരിത്രം പറഞ്ഞു തരും.

മുസഫര്‍പൂര്‍ എന്ന രാഷ്ട്രീയ ഭൂമി

അനാഥാലയത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ വില്‍പനച്ചരക്കാക്കിയ അനാഥാലയം കുംഭകോണത്തിലൂടെയാണ് അടുത്തിടെ മുസഫര്‍പൂര്‍ രാജ്യശ്രദ്ധയിലെത്തിയത്.കേസ് സി.ബി.ഐ അന്വേഷണത്തിലാണ്.അനാഥാലയം സംഭവത്തിന് ശേഷം കുട്ടികളുടെ മരണഭൂമിയുടെ വിലാസം മുസഫര്‍പൂരിന് വീണ്ടും കളങ്കം ചാര്‍ത്തുന്നു. എന്നാല്‍ മുസഫര്‍പൂര്‍ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഇടം നേടിയ ചില പ്രധാന നേതാക്കളുടെ തിരഞ്ഞെടുപ്പ് തട്ടകങ്ങളായിരുന്നു. ഡോ.രാജേന്ദ്ര പ്രസാദ്,ജോര്‍ജ് ഫെര്‍ണാണ്ടസ്, ജെ.ബി.കൃപലാനി തുടങ്ങിയ നേതാക്കളുടെ പ്രവര്‍ത്തന  മേഖലയായിരുന്നു മുസഫര്‍പൂര്‍. പട്ന നഗരത്തില്‍ നിന്ന് എഴുപത്തി രണ്ട് കിലോമീറ്റര്‍ ദൂരം. ബിഹാറിലെ  ജനസാന്ദ്രതയേറെയുള്ള നാലാമത്തെ നഗരം.

എന്നാല്‍ പിന്നീട് സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക വളര്‍ച്ചയുടെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാന്‍ മുസഫര്‍പൂരിനായില്ല. ഏത് ബിഹാര്‍ ഗ്രാമത്തിന്റെയും വിധി മുസഫര്‍പൂരിനെയും ബാധിച്ചു. രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖലകളിലൊന്നാണ് ഇപ്പോള്‍ മുസഫര്‍ പൂര്‍.പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏറ്റവും പിന്നോക്ക ജില്ലകളുടെ പട്ടികയില്‍ 250-ാം സ്ഥാനം.

ലിച്ചിയുടെ സാമ്രാജ്യം

ലിച്ചി കൃഷിയുടെ  സമൃദ്ധി മൂലം ലിച്ചി സാമ്രാജ്യം എന്നാണ് മുസഫര്‍ പൂര്‍ പണ്ടു മുതല്‍ അറിയപ്പെടുന്നത്. മുസഫര്‍പൂര്‍ ലിച്ചി ഗുണം കൊണ്ടും നിറം കൊണ്ടും മണം കൊണ്ടും ഏറെ പ്രശസ്തം. ഷാഹി, ചൈന എന്നിങ്ങനെ രണ്ടിനങ്ങളാണ് മുസഫര്‍പൂര്‍ ഭൂമി വിളയിക്കുന്നത്. ജര്‍ദാലു മാങ്ങ,കതര്‍ണി അരി,മഗാഹി പാന്‍,എന്നീ കാര്‍ഷിക വിളകള്‍ക്കൊപ്പം ഷാഹി ലിച്ചിയും ബിഹാറില്‍ നിന്ന് ഭൗമപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉല്‍പന്നങ്ങളാണ്.

Encephalitis

മുസഫര്‍പൂര്‍ ജില്ലയിലും സമീപ ജില്ലകളിലുമാണ് ലിച്ചി വ്യാപകമായി കൃഷി ചെയ്യുന്നത്. 32,000 ഹെക്ടറില്‍ കൃഷി ഉണ്ട്. മൂന്ന് ലക്ഷം മെട്രിക് ടണ്ണാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2017 ലെ ഉല്‍പാദനം. ഇന്ത്യയിലെ വന്‍ നഗരങ്ങളിലേക്കും വിദേശങ്ങളിലേക്കും ലീച്ചി കയറ്റി അയക്കുന്നുണ്ട്. ലോക ലിച്ചി കമ്പോളത്തില്‍ ഇന്ത്യയുടെ പങ്ക് ഒരു ശതമാനം മാത്രമാണ്. ഇന്ത്യയിലെ മൊത്തം ഉല്‍പാദനത്തിന്റെ 40 ശതമാനം ബിഹാറില്‍ നിന്നാണ്. ബിഹാറിലെ മൊത്തം ഉല്‍പാദനത്തിന്റെ 60 ശതമാനം മുസഫര്‍പൂരില്‍ നിന്നാണ്. ലിച്ചി കൃഷിവികസനത്തിനായി വിപുലമായ നിലയില്‍ ഒരു ലീച്ചി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുസഫര്‍പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലീച്ചിയില്‍ നിന്ന് വ്യാപകമായി വൈന്‍ ഉല്‍പാദനമുള്ളതിനാാല്‍ നിരവധി ബ്രുവറികളും  മുസഫര്‍പൂരിലുണ്ട്. എന്നാല്‍, ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്ന ദളിത് -മഹാദളിത് വിഭാഗങ്ങള്‍ക്ക് ഇതിന്റെ നേട്ടങ്ങളൊന്നുമില്ല. തുച്ഛമായ കൂലിയും പട്ടിണിയും മാത്രം.

ബാലമരണങ്ങളുടെ ഭൂമി

അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം (ഏ.ഇ.എസ് ) ബാധിച്ച് മുസഫര്‍പൂരിലും പരിസരങ്ങളിലും ബാലമരണങ്ങള്‍ വ്യാപകമാകുന്നതിന് ലിച്ചി പഴങ്ങള്‍ പ്രധാന കാരണമാണോ എന്നത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്. കേരളത്തില്‍ വെളിച്ചെണ്ണ ഉപയോഗത്തെക്കുറിച്ച് നടക്കുന്ന തര്‍ക്കം പോലെ ലിച്ചി മരണകാരണമാണെന്നും അല്ലെന്നും വാദവും മറുവാദവും ഉണ്ട്. അതിനിടയില്‍ 6 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികളുടെ മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

ലിച്ചിപ്പഴങ്ങളില്‍ കാണപ്പെടുന്ന വിഷാംശവും പോഷകാഹാരക്കുറവുമാണ് മരണകാരണമെന്നാണ്  ലാന്‍സെറ്റ് ഗ്ലോബ് ഹെല്‍ത്ത് 2017 ല്‍ പുറത്തു വിട്ട പഠനം. 2014 ലുണ്ടായ ബാലമരണങ്ങള്‍ അടിസ്ഥാനമാക്കിയ പരിശോധനയില്‍ കണ്ടെത്തിയ കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹൈപ്പോഗ്ലൈസിന്‍.എ, എം.സി.പി.ജി (ാരുഴ)എന്നീ രണ്ട് ടോക്സിനുകള്‍ ആണ് മരണകാരണമെന്നും ഇവ ലിച്ചിയില്‍ ഉണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 

വെറുംവയറ്റില്‍ പാകമാകാത്ത ലിച്ചി കഴിക്കുന്നത് അപകടമാകുന്നു. ലീച്ചി ഉപഭോഗം കുറയ്ക്കുക.,രാത്രിഭക്ഷണം ഉറപ്പാക്കുക,അസുഖം ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ ഗ്ലൂക്കോസ് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ട് വയ്ക്കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസ് കുറയുന്ന ഹൈപ്പോഗ്ലീകേമിയയാണ് മരണ കാരണമെന്ന് മറ്റ് ചില പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പട്ടിണിക്കാരുടെ കുടുംബങ്ങളില്‍ പോഷകാഹാരക്കുറവ് അതി രൂക്ഷം. ലീച്ചിത്തോട്ടങ്ങളില്‍  കൂലിവേലക്കെത്തുന്ന മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളുമുണ്ടാകും. കുട്ടികള്‍ വിശക്കുമ്പോള്‍ പാകമാകാത്തതും പകുതി പാകമായതുമൊക്കെയായ ലിച്ചി തോട്ടത്തില്‍ നിന്ന് കഴിക്കും.വീട്ടില്‍ രാത്രി വൈകി എത്തുന്ന കുഞ്ഞുങ്ങള്‍ രാത്രി ഭക്ഷണമില്ലാതെ കിടന്നുറങ്ങും. ഇതോടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയും. വിഷാംശം ലീച്ചിയില്‍ നിന്ന് ശരീരത്തില്‍ പ്രവര്‍ത്തിക്കും. കുട്ടികളെ ആശുപത്രിയിലത്തിക്കാന്‍ വൈകുന്നതും ഗ്ലൂക്കോസ് ലെവല്‍ ശരിയാക്കാന്‍ കാലതാമസമുണ്ടാകുന്നതും മരണനിരക്ക് കൂട്ടുന്നു. പോാഷകാഹാരക്കുറവുള്ളതിനാല്‍ ഈ കുട്ടികളില്‍ ഗ്ലൂക്കോസ് ഉല്‍പാദിപ്പിക്കപ്പെടുന്നില്ല.

lichi

എന്നാല്‍ ലീച്ചിയാണ് മരണകാരണമെന്ന് സമ്മതിക്കാത്ത ഡോക്ടര്‍മാരും ഉണ്ട്. ലീച്ചിയാണ് മരണകാരണമെങ്കില്‍ ലീച്ചി കൃഷിയുള്ള എല്ലായിടത്തും ഇതുണ്ടാകണമെന്നവര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ലീച്ചി വന്‍തോതില്‍ വളരുന്ന ബംഗ്ലാദേഷ്,വിയറ്റനാം തുടങ്ങിയ രാജ്യങ്ങളിലും ഈ അസുഖം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് മറുവാദം. ബിഹാറില്‍ എല്ലാ വര്‍ഷം ലിച്ചി സീസണില്‍ ദുരന്തം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. 2014 ല്‍ 1028 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2015 ല്‍ 390. എന്നാല്‍ 2016 ലും 2017 ലും താരതമ്യേന കുറവായിരുന്നു. ഇത്തവണ വീണ്ടും  ദുരന്തനിരക്ക് ഉയര്‍ന്നു.

ദുരന്തം അതിന്റെ കറുത്ത കൈകള്‍ വീശി കുഞ്ഞുങ്ങളെ കൊലയ്ക്കായി പിടിക്കുമ്പോള്‍, നിസ്സംഗമായി കാഴ്ചക്കാരാകുന്ന ഭരണകൂടങ്ങളാണ് ഏറ്റവും വലിയ ദുരന്തം. ചങ്ക് പൊട്ടിക്കരയുന്ന പാവങ്ങളോട്,വെറുംവയറ്റില്‍ ലീച്ചി കൊടുക്കരുത്. പാകമാകാത്ത ലിച്ചി കഴിപ്പിക്കരുത്,പകുതി പാകമായത് കൊടുക്കരുത് എന്നൊക്കെ പതിവ് നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അതിനപ്പുറം,എല്ലാ വര്‍ഷവും അരങ്ങേറുന്ന ഈ ദുരന്തം തടയാന്‍ കാര്യക്ഷമമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ബിഹാറിന്റെ വികസന നായകനായി അറിയപ്പെടുന്ന നിതീഷ് കുമാറിന്റെ വികസനപദ്ധതികളില്‍ ലിച്ചികൃഷിഭൂമിയിലെ ദളിതുകളുടെയും മഹാദളിതുകളുടെയും ദുരന്തത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ ഉള്‍പ്പെടാതെ പോയതെന്താണ് ?എല്ലാവര്‍ക്കുമൊപ്പം എന്ന് അവകാശപ്പെടുന്ന ഒരു പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടാത്തതെന്താണ് ?കുട്ടികള്‍ക്ക് വിശക്കുമ്പോള്‍ ലിച്ചിക്ക് പകരം കൊടുക്കാന്‍ ഈ സര്‍ക്കാരുകള്‍ ഭക്ഷണം നല്‍കാത്തതെന്താണ് ?ബിഹാറിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

Content Highlights: Encephalitis, Muzaffarpur in panic