തിനെട്ട് വര്‍ഷമായി ഡല്‍ഹിയില്‍ വിവിധ മാധ്യമങ്ങള്‍ക്ക് വേണ്ടി തുടര്‍ച്ചയായി വിദേശകാര്യമന്ത്രാലയം കവര്‍ ചെയ്യുന്ന അനുഭവത്തില്‍ നിന്നാണ് ഇതെഴുതുന്നത്. രാജ്യവും രാജ്യാന്തര ബന്ധങ്ങളും ചര്‍ച്ച ചെയ്യുന്ന തികച്ചും അക്കാദമികമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നതിനാല്‍ മറ്റ് മന്ത്രാലയങ്ങളെ പോലെ ജനകീയമല്ല പൊതുവെ വിദേശകാര്യമന്ത്രാലയം.സാധാരണ ജനങ്ങളില്‍ നിന്നുള്ള  അകലം എക്കാലത്തും വിദേശകാര്യമന്ത്രാലയത്തെ പൊതിഞ്ഞു നിന്നിരുന്നു.രാഷ്ട്രീയ പ്രാവീണ്യവും നയതന്ത്ര വൈദഗ്ധ്യവുമുള്ള  നിരവധി വിദേശകാര്യമന്ത്രിമാര്‍ ഈ കാലങ്ങളിലെല്ലാം മന്ത്രാലയത്തെ പല ഘട്ടങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്നേഹവും അനുകമ്പയും അടിസ്ഥാനമാക്കിയ നയതന്ത്രത്തിലൂടെ വിദേശകാര്യമന്ത്രാലയത്തെ സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇറക്കിക്കൊണ്ടു വന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജായിരുന്നു.

പാര്‍ലമെന്റിനകത്തും പുറത്തും സുഷമയുടെ രാഷ്ട്രീയ ചാതുര്യവും പ്രഭാഷണ ശക്തിയും നേതൃപാടവവും അതിന് മുന്നെ പലവട്ടം കണ്ടിരുന്നു.പ്രതിപക്ഷ നേതാവെന്ന നിലയില്‍ കോണ്‍ഗ്രസിനെയും യു.പി.എ.സര്‍ക്കാരിനെയും അതിനിശിതമായി വിചാരണ ചെയ്ത് ലോക്സഭയില്‍ കൊടുങ്കാറ്റ് അഴിച്ചു വിടുന്നത് പല പ്രാവശ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സുഷമയെ ബി.ജെ.പി രാഷ്ട്രീയത്തിലേക്ക് കൊണ്ടു വന്ന മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനി പോലും സുഷമയുടെ പ്രസംഗ പാടവത്തില്‍ അത്ഭുതപ്പെട്ടു പോയി. 'A brilliant orator,I was often amazed about at her ability to recall incidents ,events and present them with utmost clarity and eloquence' എന്ന് അദ്വാനി അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചത് അതുകൊണ്ടാണ്.

ഇരുപത്തിയഞ്ചാം വയസ്സില്‍ ഹരിയാനയില്‍ മന്ത്രിയായി ഭരണരംഗം പരിചയപ്പെട്ട സുഷമ പിന്നീട് വാജ്പേയി സര്‍ക്കാരില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായി പ്രവര്‍ത്തിച്ചു.അതുകൊണ്ട് തന്നെ 2014 ല്‍ മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായി നിയമിച്ചപ്പോള്‍ സുഷമക്ക് ശോഭിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.എന്നാല്‍ അറിയപ്പെടുന്ന അദ്വാനി പക്ഷപാതിയായിരുന്ന സുഷമയെ മോദി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന സംശയങ്ങളായിരുന്നു അക്കാലത്ത് ഉയര്‍ന്നത്.എന്നാല്‍ ഒരിക്കല്‍ പോലും മോദിയുമായി തര്‍ക്കങ്ങളുയരാതെ അഞ്ച് വര്‍ഷവും വിദേശകാര്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് സുഷമയുടെ രാഷ്ട്രീയ സാമര്‍ഥ്യത്തിന്റെ തെളിവാണ്.

എങ്കിലും ആ രാഷ്ട്രീയ സാമര്‍ഥ്യത്തിന്റെ പേരിലായിരിക്കില്ല, സുഷമ ഓര്‍മിക്കപ്പെടുക- നയതന്ത്രമേഖലയുടെ ചതുരവടിവുകള്‍ക്കിടയില്‍ മനുഷ്യമുഖം തേടിയ ഭരണാധികാരിയും രാഷ്ട്രീയ നേതാവും എന്ന നിലയിലായിരിക്കും.

വിദേശകാര്യമന്ത്രാലയത്തിന്റെ പരമ്പരാഗത ചുവരുകള്‍ക്കുള്ളില്‍ നിന്ന് മനുഷ്യനെ തേടി നടപടികളും തീരുമാനങ്ങളും കാര്യമായി സഞ്ചരിക്കാന്‍ തുടങ്ങിയത് സുഷമ മന്ത്രാലയം കൈകാര്യം ചെയ്ത അഞ്ച് വര്‍ഷങ്ങളിലായിരുന്നു എന്ന പ്രസ്താവനയില്‍ അതിശയോക്തിക്കിടമില്ല.മൊസൂളിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ നിന്ന് നാല്‍പതോളം മലയാളി നഴ്‌സുമാരെ ജീവിതത്തിലേക്ക് രക്ഷിക്കുമ്പോഴും കുല്‍ഭൂഷണ്‍ ജാടവിന്റെ ജീവിതാനിശ്ചിതത്വത്തില്‍ കരുണയോടെ ഇടപെടുമ്പോഴും ഗീത എന്ന മൂകയുവതിയെ പാകിസ്താനില്‍ നിന്ന് മോചിപ്പിക്കുമ്പോഴും ലോകമെങ്ങുമുള്ള സാധാരണക്കാരായ പ്രവാസികളുടെ ആവലാതികളില്‍ നിരന്തരം ഇടപെടുമ്പോഴും അവര്‍ നടത്തിയത് പുതിയ ചരിത്രരചനയായിരുന്നു.സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്ന സങ്കട സന്ദേശങ്ങളില്‍ നിമഷങ്ങള്‍ കൊണ്ട് ഇടപെടുന്ന വിദേശകാര്യമന്ത്രി പുതിയ അനുഭവമായി.അതു കൊണ്ടാണ് ഇനി തിരഞ്ഞെടുപ്പ് കളത്തിലേക്കില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞിട്ടും രണ്ടാം മോദി സര്‍ക്കാരിലും സുഷമയുടെ സാന്നിധ്യം ജനങ്ങള്‍ പ്രതീക്ഷിച്ചത്.

ബി.ജെ.പി രാഷ്ട്രീയത്തിന്റെ ശക്തയായ മുഖവും മുദ്രയുമായി പില്‍ക്കാലത്ത് മാറിയ സുഷമാ സ്വരാജിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് വിദ്യാര്‍ഥി പരിഷത്തിലൂടെയാണ്.എന്നാല്‍ അധികം താമസിയാതെ ഇന്ത്യ മുഴുവന്‍ വീശിയടിച്ച സോഷ്യലിസ്റ്റ് ആശയക്കാറ്റില്‍ സുഷമയും പങ്കാളിയായി. എഴുപതുകളുടെ രാഷ്ട്രീയത്തിലെ യുവതുര്‍ക്കിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ആകൃഷ്ടയായാണ് സോഷ്യലിസ്റ്റ് വഴിയിലേക്കിറങ്ങിയത്.1975 ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ലീഗല്‍ ഡിഫന്‍സ് ടീമില്‍ അംഗമായിരുന്ന സുഷമ ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവ പ്രസ്ഥാനത്തില്‍ സജീവമായി.1977 മുതല്‍ 1982 വരെ ജനതാപാര്‍ട്ടിയുടെ പ്രതിനിധിയായി ഹരിയാന നിയമസഭാംഗമായിരുന്നു. 25 വയസ്സുണ്ടായിരുന്ന സുഷമ ഹരിയാന മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായി. സ്വാമി അഗ്നിവേശും ഈ മന്ത്രിസഭയില്‍ അംഗമായിരുന്നു. ദേവിലാലായിരുന്നു മുഖ്യമന്ത്രി. പിന്നീട് ഹരിയാനയില്‍ ബി.ജെ.പി-ലോക്ദള്‍ മന്ത്രിസഭയിലും സുഷമ മന്ത്രിയായി.ഇരുപത്തിയേഴാം വയസ്സില്‍ ഹരിയാനയിലെ ജനതാപാര്‍ട്ടിയുടെ പ്രസിഡണ്ട് പദവും അലങ്കരിച്ചു. പിന്നീട് ബി.ജെ.പിയില്‍ ചേക്കേറിയ സുഷമ ദേശീയ രാഷ്ട്രീയത്തിന്റെ പടവുകള്‍ ഒന്നൊന്നായി കീഴടക്കി.

ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരിക്കെയാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയാകാന്‍ സുഷമയെ ബി.ജെ.പി നിയോഗിച്ചത്. 1998 ല്‍ ഡല്‍ഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി. എന്നാല്‍ ഉള്ളിവില ബി.ജെ.പി രാഷ്ട്രീയത്തെ കരയിച്ചപ്പോള്‍ ഭരണം നഷ്ടപ്പെട്ടു. സുഷമ വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി.1996 ല്‍ ലോക്‌സഭാംഗമായി.പതിമൂന്ന് ദിവസത്തെ ബി.ജെ.പി സര്‍ക്കാരില്‍ വാര്‍ത്താ വിതരണ മന്ത്രിയായി. പിന്നീട് 1999 ലെ വാജ്‌പേയി സര്‍ക്കാരില്‍ വാര്‍ത്താ വിതരണം, ടെലികമ്യൂണിക്കേഷന്‍, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി ബി.ജെ.പിയുടെ പ്രധാനമുഖങ്ങളിലൊന്നായി. പതിനഞ്ചാം ലോക്‌സഭാ കാലത്ത്  ജിന്നാ വിവാദത്തില്‍ കുടുങ്ങി അദ്വാനി പ്രതിപക്ഷ നേതൃപദവി ഒഴിഞ്ഞപ്പോള്‍ പാര്‍ട്ടി പകരം കണ്ടത് സുഷമയെയായിരുന്നു.

ബി.ജെ.പി രാഷ്ട്രീയത്തില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയുടെ അനുയായി ആയിരുന്നു സുഷമ. അദ്വാനി ക്യാംപിനെ ഒതുക്കി മോദിയും അമിത് ഷായും കടന്നു വന്ന 2014 ല്‍ സുഷമയുടെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീഴുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ അദ്വാനിയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ മോദി മന്ത്രിസഭയില്‍ തിളങ്ങാന്‍ സുഷമയ്ക്ക് കഴിഞ്ഞു. ഒന്നാം മോദി മന്ത്രിസഭയുടെ  മുഖങ്ങളിലൊന്നായിരുന്നു സുഷമ.

സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നയതന്ത്ര മേഖലയിലിരുന്നു കൊണ്ട്,നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും മനുഷ്യസങ്കടങ്ങളെ കാന്തമെന്ന പോലെ സുഷമ ചേര്‍ത്തുപിടിച്ചു.അവയ്ക്ക് പരിഹാരം കണ്ട് സാധാരണക്കാരുടെ ദീദിയോ അമ്മയോ ആയി.മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ നയതന്ത്ര വിദഗ്ധ ആയിരുന്നില്ല .എന്നാല്‍ വളരെ വേഗം വിഷയങ്ങള്‍ പഠിക്കുകയും നയതന്ത്ര രംഗത്ത് വൈദഗ്ധ്യം നേടുകയും ചെയ്തു. പ്രതിസന്ധി വിഷയങ്ങളില്‍ തന്‍മയത്വത്തോടെ ഇടപെട്ടും പരിഹാരങ്ങള്‍ നിര്‍ദേശിച്ചും ഉദ്യോഗസ്ഥ സംഘത്തോടൊപ്പം നിലയുറപ്പിച്ചു. വിദേശകാര്യമന്ത്രാലയങ്ങളിലെ പത്രസമ്മേളനങ്ങളില്‍ വിദേശകാര്യവിദഗ്ധരായ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അക്കാദമിക്കായി സുഷമ നേരിടുന്നത് പല വട്ടം കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

രണ്ടാം മന്ത്രി സഭയിലും സുഷമയെ മോദി പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ പിടികൂടിയ വൃക്ക രോഗത്തിന്റെ പിടിവലിയില്‍ സുഷമ അധികാരത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞു. സുഷമക്ക് പകരം രാഷ്ട്രീയത്തില്‍ നിന്ന് ഒരു വിദേശകാര്യമന്ത്രിയെ കണ്ടെത്താന്‍  മോദി പ്രയാസപ്പെട്ടു. ഒടുവില്‍ മുന്‍ വിദേശകാര്യ സെക്രട്ടറിയെ മന്ത്രിയാക്കിയാണ് സുഷമയുടെ കുറവ് മോദി നികത്തിയത്.

നയതന്ത്ര വിദഗ്ധയല്ലാതിരുന്നിട്ടും നയതന്ത്ര മേഖലയില്‍ രാജ്യത്തിന്റെ മുദ്രപതിപ്പിച്ച വിദേശകാര്യമന്ത്രിയും മനുഷ്യസ്‌നേഹിയായ ഭരണാധികാരിയുമാണ് യാത്രയായത്.സുഷമയുടെ ട്വിറ്ററില്‍ നിന്ന് ഇനി സന്ദേശങ്ങളില്ല.

Content Highlights: delhi olam, manoj menon, Sushma swaraj's demise