കോണ്‍ഗ്രസ് പാര്‍ട്ടിയുടെ  പ്രസിഡണ്ട് പദവിയില്‍ നിന്ന് രാജിവച്ച ശേഷം നടത്തിയ പ്രസ്താവനയെക്കാള്‍ വികാരഭരിതമായിരുന്നു ആറ് വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധി ജയ്പൂരില്‍ നടത്തിയ പ്രസംഗം. രാജിവച്ച ശേഷമാണ് ഇക്കുറി സംസാരിച്ചതെങ്കില്‍, അന്ന് ഒരു സ്ഥാനാരോഹണത്തോടൊപ്പമായിരുന്നു പ്രതികരണം. 2013 ജൂണ്‍ 19 നും 20 നും ജയ്പൂരില്‍ രണ്ടു ദിവസങ്ങളായി നടന്ന ചിന്തന്‍ ശിബിറിന്റെ സമാപന ദിവസം നടത്തിയ പ്രസംഗം വിലയിരുത്താതെ പുതിയ രാഹുലിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് പരിമിത സമീപനമായിരിക്കും.

കോണ്‍ഗ്രസ് നേതൃത്വത്തിലേക്കുള്ള രാഹുലിന്റെ ആദ്യ ചവിട്ടുപടി ജയ്പൂര്‍ ചിന്തന്‍ ശിബിറായിരുന്നു. പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി ആ സമ്മേളനത്തില്‍വച്ച് രാഹുല്‍ ഉയര്‍ത്തപ്പെട്ടു. യോഗ സമാപനച്ചടങ്ങില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും രാഹുല്‍ അഭിസംബോധന ചെയ്തു. അന്ന് രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നതിനാല്‍ ആളും ആഡംബരവും അലങ്കരിച്ച വേദിയിലാണ് രാഹുല്‍ വികാരഭരിതനായി സംസാരിച്ചത്. നേതാവെന്ന നിലയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടും വ്യക്തി എന്ന നിലയില്‍ ജീവിതത്തെക്കുറിച്ചുള്ള വീക്ഷണവും മനുഷ്യന്‍ എന്ന നിലയില്‍ പൊതുസമൂഹത്തെക്കുറിച്ചുള്ള ആശങ്കകളും പങ്കുവച്ച് ഒരു മണിക്കൂറോളം നടത്തിയ രാഹുലിന്റെ പ്രസംഗം കേട്ടവര്‍ ഒരു പക്ഷെ, കഴിഞ്ഞ ദിവസമുണ്ടായ രാഹുലിന്റെ രാജിയില്‍ അത്ഭുതപ്പെടാനിടയില്ല.

ഇനി രാഹുലിന്റെ ജയ്പൂര്‍ പ്രസംഗത്തിന്റെ കുറച്ച് ഭാഗം കേള്‍ക്കാം. പ്ര സംഗത്തിന്റെ അവസാന ഭാഗങ്ങളിലാണ് രാഹുലിന്റെ നിലപാടുകള്‍ തെളിയുന്നത്. വൈസ് പ്രസിഡണ്ട് പദവി ഏറ്റെടുത്തതിന് ശേഷം അന്ന് രാത്രിയിലുണ്ടായ തികച്ചും വ്യക്തിപരമോ സ്വകാര്യമോ ആയ അനുഭവങ്ങള്‍ വിശദീകരിച്ച്, പാര്‍ട്ടിയുടെയും നേതാക്കളുടെയും മുന്നില്‍ തന്റെ ഭാവികാലമാനിഫെസ്റ്റോ വയ്ക്കുകയായിരുന്നു രാഹുല്‍.

Rahul Gandhi


            

''ഇന്നലെ രാത്രിയില്‍ എല്ലാവരും എന്നെ അഭിനന്ദിച്ചു.... എന്നാല്‍,എല്ലാവരും പിരിഞ്ഞ ശേഷം ഇന്നലെ രാത്രിയില്‍  അമ്മ എന്റെ മുറിയില്‍ വന്നു. അമ്മ എന്റെ അടുത്തിരുന്നു, കരഞ്ഞു. എന്തിനാണ് അമ്മ കരഞ്ഞത് ? അമ്മയ്ക്കറിയാം എല്ലാവരും ആഗ്രഹിക്കുന്ന അധികാരം, യഥാര്‍ഥത്തില്‍ വിഷമാണെന്ന് (power is actually a poison ).കാരണം, അമ്മയുടെ ചുറ്റുമുള്ളവരോടും പ്രിയപ്പെട്ടവരോടും അധികാരം  എന്താണ് ചെയ്തതെന്ന് അമ്മയ്ക്കറിയാം. അധികാരത്തോട് അടുപ്പം കാട്ടിയില്ല എന്നതു കൊണ്ടാണ് അമ്മയ്ക്കത് തിരിച്ചറിയാന്‍ കഴിഞ്ഞത്. അധികാരത്തില്‍ മുഴുകിപ്പോകാതിരിക്കുക എന്നതാണ് പ്രധാനം. അധികാരത്തെ നമ്മള്‍ പിന്തുടരരുത്. മറിച്ച് ശബ്ദമില്ലാത്തവരെ ശക്തരാക്കാന്‍ അധികാരത്തെ ഉപയോഗിക്കുകയാണ് വേണ്ടത്. അമ്മയുടെ ജീവിതകാലം മുഴുവനുമുള്ള അനുഭവമാണിത്. കഴിഞ്ഞ എട്ട് വര്‍ഷമായി എന്റെ അനുഭവമാണിത്.

എല്ലാ ദിവസവും അധികാരത്തോട് അടുത്ത് ഇടപഴകുന്നവര്‍ക്ക് ഞാന്‍ പറയുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയും. അധികാരത്തിന് പോസിറ്റീവ് വശവും നെഗറ്റീവ് വശവും ഉണ്ട്. നെഗറ്റീവ് വശം ഉണ്ടെന്ന് നമ്മള്‍ മറന്നു പോകരുത്. അധികാരം വിനിയോഗിക്കുമ്പോള്‍ നമ്മള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം.  പ്ലാനുകളുടെയും പദ്ധതികളുടെയും മുകളിലല്ല രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്നത്, പ്രതീക്ഷകളുടെ അടിത്തറയിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഈ പ്രതീക്ഷയുടെ പ്രതീകമെന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്റെ ജീവിതമാണ്. ഈ രാജ്യത്തെ ജനങ്ങള്‍ എന്റെ ജീവിതമാണ്. ജനങ്ങള്‍ക്കും ഈ പാര്‍ട്ടിക്കും വേണ്ടി ഞാന്‍ പോരാടും. എന്റെ കയ്യില്‍ എന്തൊക്കെയുണ്ടോ അതൊക്കെ എടുത്ത് ഞാന്‍ പോരാടും.''. രാഹുല്‍ പറഞ്ഞ് നിര്‍ത്തുമ്പോള്‍ സദസ്സില്‍ പൂര്‍ണ നിശബ്ദത. അതുവരെ അനുഷ്ഠാനം പോലെ രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന് ആര്‍ത്തു വിളിച്ച പ്രവര്‍ത്തകക്കൂട്ടവും മൗനമണിഞ്ഞു. പെട്ടെന്ന് വേദിയിലിരുന്ന മുതിര്‍ന്ന നേതാക്കള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ആള്‍ക്കൂട്ടവും കയ്യടിച്ചു.   
                                
അവിടെ തീര്‍ന്നില്ല,മുത്തശ്ശി ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള ഓര്‍മകളാണ് അടുത്തതായി രാഹുല്‍ ചികഞ്ഞെടുത്തത്.  ''ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഞാന്‍ ഉണര്‍ന്നു. ബാല്‍ക്കണിയില്‍ പോയി നിന്നു. വലിയ ഒരു ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടതെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. ജനങ്ങള്‍ എനിക്ക് മുന്നില്‍ കാത്ത് നില്‍ക്കുന്നു. ആ സമയത്ത് പുറത്ത് ഇരുട്ടായിരുന്നു. തണുപ്പും ഉണ്ടായിരുന്നു. അപ്പോള്‍,എന്റെ മനസ്സിലൂടെ കടന്നു പോയ ചില ചിന്തകള്‍ ഞാന്‍ നിങ്ങളോട് പങ്ക് വയ്ക്കാം. ചെറിയ കുട്ടിയായിരുന്നപ്പോള്‍, ഞാന്‍ ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു. ബാഡ്മിന്റണ്‍ എനിക്കിഷ്ടമായിരുന്നു. കാരണം,i loved it ,because it give me balance in a complicated world. എന്റെ മുത്തശ്ശിയുടെ വീടിന്റെ മുറ്റത്തായിരുന്നു ഞാന്‍ പതിവായി കളിച്ചിരുന്നത്. രണ്ട് പോലീസുകാര്‍ക്കൊപ്പം. അവര്‍ എന്റെ മുത്തശ്ശിയുടെ അംഗരക്ഷകരായിരുന്നു. അവരെന്റെ കൂട്ടുകാരുമായിരുന്നു. ഒരു ദിവസം അവരെന്റെ മുത്തശ്ശിയെ കൊന്നു. and took away the balance in my life. എനിക്ക് കടുത്ത വേദന തോന്നി. മുമ്പൊരിക്കലും അനുഭവിക്കാത്ത വേദന. ആ സമയത്ത് എന്റെ അച്ഛന്‍ ബംഗാളിലായിരുന്നു. അദ്ദേഹം തിരിച്ചു വന്നു. മുത്തശ്ശിയെ കിടത്തിയ ആശുപത്രി ഇരുട്ട് നിറഞ്ഞതും വൃത്തിഹീനവുമായിരുന്നു. ആശുപത്രിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം. അവര്‍ ഉറക്കെ കരയുന്നുണ്ടായിരുന്നു. അവര്‍ രോഷാകുലരുമായിരുന്നു. ജീവിതത്തില്‍ ആദ്യമായി എന്റെ അച്ഛന്‍ കരയുന്നത് ഞാന്‍ കണ്ടു.

rahul gandhi

എന്റെ അറിവില്‍ ഏറ്റവും ധൈര്യശാലിയായ വ്യക്തിയായിരുന്നു അച്ഛന്‍. എന്നിട്ടും അദ്ദേഹം കരഞ്ഞു. അന്ന് വൈകിട്ട് അച്ഛന്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഞാന്‍ ടെലിവിഷനില്‍ കണ്ടു. സംസാരിക്കുന്നത് ഉള്ളുകൊണ്ട് തകര്‍ന്ന ഒരു മനുഷ്യനാണെന്ന് എനിക്ക് അറിയാമായിരുന്നു. കുട്ടിയായിട്ടും എനിക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞു. അന്ന് രാത്രിയില്‍ അദ്ദേഹം പ്രസംഗിക്കുന്നത് കേട്ടപ്പോള്‍,പ്ര തീക്ഷയുടെ ഒരു കിരണം വരും പോലെ എനിക്ക് തോന്നി (it was like small ray of light in a dark sky) ഇപ്പോള്‍ ഈ രാഷ്ട്രീയ പരിചയത്തില്‍ നിന്ന് കൊണ്ടു ഞാന്‍ നോക്കുമ്പോള്‍, ഇരുട്ടില്‍ പ്രതീക്ഷയുടെ ഒരു പ്രകാശനാളം തെളിയുന്നത് എനിക്ക് കാണാം. അതാണ് ഇന്ത്യയെ ഈ രീതിയില്‍ വളര്‍ത്തിയത്. പ്രതീക്ഷയില്ലാതെ നമുക്ക് ഒന്നും നേടാന്‍ കഴിയില്ല. പ്രതീക്ഷയില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ആ പ്രതീക്ഷയുടെ പ്രതീകം കോണ്‍ഗ്രസാണ് ''-രാഹുല്‍ പ്രസംഗം അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങി. കോണ്‍ഗ്രസ് നേതാക്കളില്‍ ആ പ്രസംഗം എന്ത് സ്വാധീനം ചെലുത്തി എന്നറിയില്ല. എന്നാല്‍ ഹാളിനുള്ളില്‍ തിങ്ങി നിറഞ്ഞിരുന്ന പ്രവര്‍ത്തകരില്‍ അത് പ്രതീക്ഷ നിറച്ചു എന്നതില്‍ സംശയമില്ല.

മാറ്റമറിയാതെ കോണ്‍ഗ്രസ്

എന്നാല്‍, ആറ് വര്‍ഷം പിന്നിടുമ്പോഴും രാഹുലിന്റെ വാക്കുകള്‍  മാറ്റമില്ലാതെ ആവര്‍ത്തിക്കപ്പെടുകയും അന്ന് ഉന്നയിച്ച പ്രശ്നങ്ങള്‍ പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുകയും ചെയ്യുന്നു എന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ദുര്യോഗം. ''2019 ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രസിഡണ്ട് എന്ന നിലയില്‍ ഞാന്‍ ഉത്തരവാദിയാണ്. വിശ്വാസ്യത എന്നത് പാര്‍ട്ടിയുടെ ഭാവിവളര്‍ച്ചക്ക് അനിവാര്യമാണ്. അതു കൊണ്ടാണ് പാര്‍ട്ടി പ്രസിഡണ്ട് എന്ന പദവിയില്‍ നിന്ന് ഞാന്‍ രാജി വയ്ക്കുന്നത്.  പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുന്നതിന് കര്‍ശന തീരുമാനങ്ങള്‍ എടുത്തേ മതിയാകു. 2019 ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് നിരവധിപേര്‍ ഉത്തരവാദികളാണ്. മറ്റുള്ളവരുടെ ചുമലില്‍ ഉത്തരവാദിത്വം ചുമത്തിയിട്ട് പ്രസിഡണ്ട് എന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം ഞാന്‍ മറക്കുന്നത് ശരിയല്ല ''-എന്നാണ് പാര്‍ട്ടി പ്രസിഡണ്ട് പദവി രാജിവച്ച ശേഷം 2019 ജൂലായ് 3 ന് രാഹുല്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. രാഹുല്‍ രാജിക്കത്ത് പുറത്തുവിടുമ്പോള്‍, കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല. രാജ്യഭരണമില്ല. ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം മെലിഞ്ഞുണങ്ങി. ആളും ആഡംബരവുമില്ല. രാജി വയ്ക്കരുതെന്ന് നേതാവിനോട് പറയാന്‍ പോലും ശേഷിയില്ലാതെ പാര്‍ട്ടി ദുര്‍ബലമായിരിക്കുന്നു.

Rahul gandhi


                                       
രാഹുലിന്റെ രാജിക്ക് പല കാരണങ്ങള്‍ കണ്ടെത്താം. എന്നാല്‍,ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം അടിയന്തരകാരണമായി രാഹുലിനെ വേട്ടയാടുകയും രാജിക്കായി പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടാകാമെങ്കിലും പാര്‍ട്ടിയുടെ പരമ്പരാഗത പോക്കില്‍ പരമ്പരാഗത സമവാക്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് രാഹുല്‍ പദവി ഒഴിയുന്നത്. അത് തിരിച്ചറിയാത്ത പാര്‍ട്ടിയിലെ നിലയവിദ്വാന്‍മാര്‍ കാലഹരണപ്പെട്ട നാടകങ്ങളുടെ പൊളിഞ്ഞടുങ്ങിയ അവതരണങ്ങളുമായി വീണ്ടും വേദികള്‍ തേടുന്നു. കോണ്‍ഗ്രസില്‍ ഒന്നും ആരും പഠിക്കുന്നില്ല, കാലം മാറിയതു പോലും തിരിച്ചറിയുന്നുമില്ല.

ഞാന്‍ ഒറ്റയ്ക്ക് പോരാടുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു ?


കപ്പല്‍ തീരത്തു നിന്ന്  പുറപ്പെടുമ്പോള്‍ യാത്രയാക്കാന്‍  ആള്‍ക്കൂട്ടമുണ്ടായിരുന്നു.തിരകളില്‍ ആടിയുലഞ്ഞും കാറ്റിലും കോളിലും കുടുങ്ങിയും ഇടറിയും നടുക്കടലില്‍ എത്തിയപ്പോഴാണ് താന്‍ അതുവരെ നയിച്ചു കൊണ്ടിരുന്ന കപ്പല്‍ കടലാസ് കപ്പലാണെന്നും എത്താനുള്ള തീരം അതിവിദൂരമാണെന്നും കപ്പിത്താന്‍ തിരിച്ചറിഞ്ഞത്. അകവും പുറവും പരതിയപ്പോള്‍ മുങ്ങാറായ കപ്പലില്‍ താനല്ലാതെ മറ്റാരുമില്ലെന്നും അയാള്‍ നടുക്കത്തോടെ തിരിച്ചറിഞ്ഞു. ആകാശത്തിന്റെയും കടലിന്റെയും നടുവില്‍ കപ്പിത്താന്‍.കടലിന്‍ നടുവില്‍ കപ്പിത്താന്റെ ഏകാന്തത ! പിന്നെ കപ്പലുപേക്ഷിച്ച് കര പറ്റുകയല്ലാതെ കപ്പിത്താന്റെ മുന്നില്‍ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല-രാഹുലിന്റെ രാജി ന്യായീകരിക്കത്തക്കതാക്കുന്നത് ഈ ന്യായങ്ങളാണ്. ബി.ജെ.പിയെ നേരിടാന്‍ കഴിയാത്തതു കൊണ്ടോ ,വ്യക്തിപരമായ തലങ്ങളിലേക്ക് പോലും കടന്ന ആരോപണപ്രത്യാരോപണങ്ങളെ ചെറുക്കാന്‍ പ്രാപ്തിയില്ലാത്തതുകൊണ്ടോ അല്ല രാഹുല്‍ രാജി വയ്ക്കുന്നതെന്ന നിരീക്ഷണം ശക്തമാകുന്നത് അതു കൊണ്ടാണ്. പടക്കളത്തില്‍ ഒറ്റപ്പെട്ടുപോയവന്റെ മനസ്സ് നോവ് രാഹുലിന്റ വാക്കുകളില്‍ വായിച്ചെടുക്കാന്‍,വിപുലമായ നിരീക്ഷണപാടവങ്ങളൊന്നും വേണ്ട.
                                                                  
'' എല്ലാത്തിനെയും കയ്യടക്കിയ ആര്‍.എസ്.എസിനോടും സംവിധാനങ്ങളോടും പ്രധാനമന്ത്രിയോടും ഞാന്‍ വ്യക്തിപരമായി പോരാടി.ഇന്ത്യയെ നിര്‍മിച്ച ആശയങ്ങളെ പ്രതിരോധിക്കാനായി ഞാന്‍ യുദ്ധം ചെയ്തു. ആ സമയത്തെല്ലാം ഞാന്‍ ഒറ്റയ്ക്കായിരുന്നു.ഞാനതില്‍ അഭിമാനിക്കുന്നു.''-പ്രസിഡണ്ട് പദവി രാജിവച്ചു കൊണ്ട് രാഹുല്‍ നല്‍കിയ ഈ പ്രസ്താവന സ്വയം സംസാരിക്കുന്നുണ്ട്. ''ആ സമയത്തെല്ലാം ഞാന്‍ ഒറ്റയ്ക്കായിരുന്നു'' എന്ന ഒറ്റ പരാമര്‍ശം മാത്രം മതി രാജിയുടെ കാരണം എന്തെന്ന് തിരിച്ചറിയാന്‍ ! നേതാവ് പ്രതിസന്ധി ഘട്ടങ്ങളില്‍ പിന്തിരിയരുതെന്ന തത്വശാസ്ത്രവും ഇന്ദിരാഗാന്ധിയുടെ 1977 ലെ അനുഭവങ്ങളും പൊടിതട്ടിയെടുത്ത് രാഹുലിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ മുതിരുന്ന കോണ്‍ഗ്രസ് നേതാക്കളോട്,പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഉന്നയിച്ച ചോദ്യവും പ്രസക്തമായിരുന്നു: ഞാന്‍ ഒറ്റയ്ക്ക് യുദ്ധം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു ?
                                                                
കോണ്‍ഗ്രസ് പ്രസിഡണ്ട് പദവി ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു രാഹുലിന് ലോക്സഭാ തിരഞ്ഞെടുപ്പ്.കുത്തഴിഞ്ഞ്,വേരുകളറ്റ്,സംഘടനാ സംവിധാനമില്ലാതെ തകര്‍ന്നു പോയ ഒരു  പാര്‍ട്ടിയെ,തികച്ചും കേഡര്‍ സംവിധാനമുള്ള,സംഘടനാ കെട്ടുറപ്പുള്ള,നേതൃനിരയുള്ള ഒരു പാര്‍ട്ടിയുമായി ഏറ്റുമുട്ടാന്‍ സജ്ജമാക്കുകയെന്ന അസാധ്യ കര്‍ത്തവ്യമാണ് കോണ്‍ഗ്രസ് രാഹുലിന്റെ ചുമലില്‍ ഏല്‍പിച്ചത്. ഇതോടൊപ്പം മോരും മുതിരയും പോലെ ചേരുംപടിചേരാത്ത പ്രതിപക്ഷ പാര്‍ട്ടികളെ ഒരേ പാളയത്തില്‍ ഒരുമിപ്പിക്കുകയെന്ന ദൗത്യവും രാഹുലില്‍ അടിച്ചേല്‍പിക്കപ്പെട്ടു.

Rahul gandhi


                                                                               
വിപുലമായ പാര്‍ട്ടി ഘടന ഒപ്പമുണ്ടാകുമെന്ന സാമാന്യബോധത്തില്‍ രാഹുല്‍ ഗാന്ധി ഈ ചുമതലകളുടെ നുകം കണ്ണടച്ച് ഏറ്റുവാങ്ങി.എന്നാല്‍ തിരഞ്ഞെടുപ്പ് പാളയത്തില്‍ ഇറങ്ങിയപ്പോള്‍,നായകന്‍ ഒറ്റയ്ക്കായി. എഞ്ചിനും ബോഗികളും തമ്മിലുള്ള ബന്ധം വേര്‍പെട്ട തീവണ്ടി പോലെ. ഉത്തരേന്ത്യന്‍ കൊടുംചൂടില്‍ വെയില്‍ കൊള്ളാന്‍ പോലും തയ്യാറാകാത്ത നേതൃനിര ,നായകന്‍ ഒറ്റയ്ക്ക് യുദ്ധം ജയിച്ചു വരുന്ന സുന്ദര മുഹൂര്‍ത്തം സ്വപ്നം കണ്ട് ശീതീകരിച്ച മുറികളില്‍ ഉറങ്ങി.ആഞ്ഞടിക്കെന്ന് നായകനോട് അഭ്യര്‍ഥിച്ച് ചിലര്‍,വരാനിരിക്കുന്ന സര്‍ക്കാര്‍ രൂപീകരണത്തിന്റെ മധുരം മുന്നേ നുണഞ്ഞ് കാത്തിരുന്നു.രാജ്യം മുഴുവന്‍ ഓടി നടന്ന് രാഹുലും പ്രിയങ്കയും അധ്വാനിച്ചപ്പോള്‍,ഏ.ഐ.സി.സി ഓഫീസിലെ ചെറിയ ഹാളില്‍ പത്രസമ്മേളനം നടത്തി മറ്റുചില നേതാക്കള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങള്‍ രാഹുലിനെതിരെയുള്ള വ്യക്തിപരവും കുടുംബപരവുമായ വിചാരണയായി മാറിയപ്പോഴും,എല്ലാം രാഹുല്‍ നോക്കിക്കോളുമെന്ന മട്ടില്‍ അലസമിരുന്നു.സഹായിക്കാനെന്ന മട്ടില്‍ എരിതീയില്‍ എണ്ണയൊഴിച്ചവരും കുറവല്ല. എന്നാല്‍,രാഹുലിനെ സഹായിക്കാന്‍ സഹോദരി പ്രിയങ്കയല്ലാതെ മറ്റാരും അടര്‍ക്കളത്തില്‍ ഇറങ്ങിയില്ല. അതുകൊണ്ടാണ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍,ഞാന്‍ ഒറ്റയ്ക്ക് യുദ്ധം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു എന്ന ചോദ്യം രാഹുലിന്റെ ഹൃദയത്തില്‍ നിന്ന് ഇറങ്ങി വന്നത്.

പഠിക്കാത്ത പാര്‍ട്ടി

രാജിയുടെ പേരില്‍ രാഹുലിനെ പഴിക്കാന്‍ എളുപ്പമാണ്. ഒരു മത്സരത്തില്‍ പരാജയപ്പെടാന്‍ സ്വയം നിര്‍മിതമായതും സാഹചര്യ നിര്‍മിതവുമായ ഒന്നിലേറെ കാരണങ്ങളുള്ള നേതാവാണ് രാഹുല്‍ എന്നതില്‍ സംശയമില്ല. പരാജയപ്പെട്ട എം.പിയാണ് രാഹുല്‍ എന്ന് സ്മൃതി  ഇറാനിയല്ല,അമേഠി മണ്ഡലത്തിലെ കഴിഞ്ഞ പത്ത് വര്‍ഷം തന്നെ തെളിയിക്കും. ആത്മധൈര്യമുള്ള നേതാവല്ല രാഹുല്‍ എന്ന് ഇടക്കിടെയുള്ള പിന്‍വാങ്ങല്‍ തെളിയിക്കും. എന്നാല്‍ ആ കുറവുകള്‍ പരിഹരിക്കേണ്ടത് അടിത്തറയുള്ള പാര്‍ട്ടിയും അതിന്റെ അനുഭവസമ്പന്നരായ നേതാക്കളുമായിരുന്നു. അത് കോണ്‍ഗ്രസില്‍ സംഭവിച്ചില്ല എന്നതാണ് ഈ ദുരന്തത്തിന്റെ കാരണം.രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കേണ്ടതും കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കേണ്ടതും പ്രതിപക്ഷ ഐക്യം നിലനിര്‍ത്തേണ്ടതും ബി.ജെ.പിയെ പ്രതിരോധിക്കേണ്ടതും സോണിയയുടെയും മക്കളുടെയും മാത്രം കടമയാണെന്ന തെറ്റിദ്ധാരണയില്‍ നൂറിലേറെ വയസ്സുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനം അഭയം തേടിയതാണ് ഈ ദുരന്തത്തിന് ആക്കം കൂട്ടിയത്.
                 
മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ അടുത്തും അകന്നും നിന്ന് പലവട്ടം നിരീക്ഷിച്ചിട്ടുണ്ട്.പാര്‍ലമെന്റിനകത്തും പുറത്തും തിരഞ്ഞെടുപ്പ് പ്രചരണവേദികളിലും മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദങ്ങളിലും രാഹുലിനെ വിലയിരുത്താനായിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പടി പടിയായുള്ള കയറ്റവും അപക്വതയില്‍ നിന്ന് പക്വതയിലേക്കുള്ള അതിശയിപ്പിക്കുന്ന മാറ്റവും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെ പരിഹാസ്യനായി ചിത്രീകരിക്കപ്പെട്ടപ്പോഴും രാഹുല്‍ ആത്മാര്‍ഥതയുള്ള,സഹജീവി സ്നേഹമുള്ള മനുഷ്യനാണെന്ന് പലവട്ടം തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍ തകര്‍ന്നു പോയ ഒരു സംവിധാനത്തെ,ഒരാളുടെ ആത്മാര്‍ഥത കൊണ്ടു മാത്രം ഉണര്‍ത്താനാവില്ല എന്നതാണ് കോണ്‍ഗ്രസില്‍ നടമാടുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. പാര്‍ട്ടി തിരിച്ചറിഞ്ഞില്ലെങ്കിലും രാഹുല്‍ അത് തിരിച്ചറിഞ്ഞു.

Content Highlights: delhi olam manoj menon writes about rahul gandhi