മുസഫർപുരിലെ കുട്ടികളെപ്പോലെത്തന്നെ അടിയന്തരചികിത്സ ലഭിക്കേണ്ട ഗുരുതര രോഗബാധയിലാണ് ബിഹാറിലെ ആരോഗ്യരംഗം. രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിന്റെ ആരോഗ്യരംഗം അവഗണനയുടെയും അനാസ്ഥയുടെയും  മേച്ചിൽപ്പുറങ്ങളാണ്. അതിന്റെ ഏറ്റവും എളുപ്പമുള്ള ഉദാഹരണമാണ് മുസഫർപുർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് (എസ്.കെ.എം.സി.എച്ച്.). 1970-ൽ സ്ഥാപിച്ച മെഡിക്കൽ കോളേജ് ആശുപത്രി 49 വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വളർച്ചമുരടിച്ചുനിൽക്കുന്നു. റഫറൽ ആശുപത്രിയായിട്ടും കേരളത്തിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിലവാരംപോലും എസ്.കെ.എം.സി.എച്ചിനില്ല. മുസഫർപുരിലെ രോഗബാധയെക്കുറിച്ച് പഠിച്ച റിപ്പോർട്ടുകളിലെല്ലാം ഈ ആശുപത്രിയുടെ ശോചനീയാവസ്ഥ വ്യക്തമാക്കിയിട്ടുണ്ട്.

എസ്.കെ.എം.സി.എച്ചിലെ ഡോക്ടർമാർക്ക് എ.ഇ.എസ്. ചികിത്സയിൽ വേണ്ടത്ര പരിശീലനമില്ലെന്നാണ് ഡൽഹി എയിംസിലെ വിദഗ്ധസംഘത്തിന്റെ കണ്ടെത്തൽ. ഈ ആശുപത്രിയാണ് സമീപത്തെ എട്ടുജില്ലകളുടെ ഏക ആശ്രയം. നന്നായി പ്രവർത്തിക്കുന്ന ആശുപത്രി സംവിധാനങ്ങളിൽ എ.ഇ.എസ്. മരണനിരക്ക് ആറുമുതൽ 19 ശതമാനംവരെയാണ്. എന്നാൽ, എസ്.കെ.എം.സി.എച്ചിലെ മരണനിരക്ക് 25 ശതമാനമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ശ്രീകൃഷ്ണ മെഡിക്കൽ കോളേജിന്റെ മാത്രമല്ല, പട്‌ന മെഡിക്കൽ കോളേജിന്റെയും ദർബംഗ മെഡിക്കൽ കോളേജിന്റെയും സ്ഥിതി വ്യത്യസ്തമല്ല. പട്‌ന മെഡിക്കൽ കോളേജിൽ 40 ശതമാനം ഡോക്ടർമാരുടെയും ദർബംഗ മെഡിക്കൽ കോളേജിൽ 50 ശതമാനം ഡോക്ടർമാരുടെയും കുറവുണ്ട്. ബിഹാറിൽ സർക്കാർ 11,734 ഡോക്ടർമാരുടെ തസ്തികകൾ അനുവദിച്ചെങ്കിലും ആറായിരം ഡോക്ടർമാർമാത്രമാണ് നിലവിൽ സർവീസിലുള്ളത്. ഇതിൽ രണ്ടായിരം ഡോക്ടർമാർ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ്. അതായത് 5000 ഡോക്ടർമാരുടെ കുറവ് നിലവിൽ ബിഹാറിലുണ്ട്. മെഡിക്കൽ കോളേജിലെ ഒരു മെഡിക്കൽ വിദ്യാർഥിക്ക് പതിനയ്യായിരം രൂപവീതം പ്രതിമാസ സ്റ്റൈപ്പെൻഡ്‌ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് കഴിഞ്ഞ രണ്ടരമാസമായി ഒരു രൂപപോലും കിട്ടുന്നില്ല. എന്നിട്ടും ഈ വിദ്യാർഥികൾ ദുരന്തരംഗത്ത് സജീവമാണ്.

170 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വേണമെന്നിരിക്കേ, മുസഫർപുർ ജില്ലയിലുള്ളത് 103 എണ്ണമാണ്. എന്നാൽ, പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾക്കപ്പുറം മറ്റൊന്നും ഈ കേന്ദ്രങ്ങളിലില്ല. ഒരു പി.എച്ച്.സി. 24 മണിക്കൂർ പ്രവർത്തിക്കണമെന്നാണ് നിബന്ധന. ഒരു മെഡിക്കൽ ഓഫീസർ, രണ്ട് നഴ്‌സുമാർ, ഒരു ലേബർ റൂം എന്നിവ വേണം. എന്നാൽ, 103-ൽ 98-ലും ഈ മിനിമം മാനദണ്ഡങ്ങളിൽ  ഒന്നുപോലുമില്ല. മുസഫർപുർ ജില്ലയിൽ 43 കമ്യൂണിറ്റി സെന്ററുകൾ വേണമെന്നിരിക്കേ, ഒരെണ്ണമാണുള്ളത്. അത് പ്രവർത്തനയോഗ്യവുമല്ല.എന്നാൽ, തുടക്കത്തിൽ ചില പോരായ്മകളുണ്ടായെങ്കിലും പിന്നീട് മുസഫർപുരിലെ മെഡിക്കൽ കോളേജിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയെന്ന് എസ്.കെ.എം.സി.എച്ച്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഗോപാൽ ശങ്കർ സാഹ്നി ‘മാതൃഭൂമി’യോട് സംസാരിക്കുമ്പോൾ അവകാശപ്പെട്ടു.

പാളിപ്പോയ പദ്ധതികൾ

കഴിഞ്ഞ സെപ്‌റ്റംബറിൽ രാജ്യമെങ്ങും നടപ്പാക്കിയ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കും ബിഹാറിനെ രക്ഷിക്കാനായില്ല. അഞ്ചുലക്ഷം രൂപവരെ കാഷ്‌ലെസ് ഇൻഷുറൻസ് ആനുകൂല്യം ഉറപ്പാക്കുന്ന പദ്ധതി മുസഫർപുരിലെ കൂട്ടമരണം തടയുന്നതിന് സഹായകമായില്ല. രോഗബാധയുണ്ടായ ആയിരത്തോളം കുട്ടികളിൽ 35 കുട്ടികൾക്കുമാത്രമാണ് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ സഹായം അല്പമെങ്കിലും ലഭിച്ചത്.
രാജ്യത്ത്‌ ദാരിദ്ര്യരേഖയ്ക്കുതാഴെ ജീവിക്കുന്നവർ ഏറ്റവും കൂടുതലുള്ള  രണ്ടാമത്തെ സംസ്ഥാനമാണ് ബിഹാർ. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ബിഹാറിന് ലഭിക്കാതെ പോകുന്നതിന് കാരണങ്ങൾ പലതാണ്. രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് അറിയില്ല എന്നതാണ് ഒന്നാമത്തെ കാരണം. ഇതുസംബന്ധിച്ച ബോധവത്‌കരണ പരിപാടികളൊന്നും ഇതുവരെ നടന്നിട്ടില്ല.
സംസ്ഥാനങ്ങൾ 40 ശതമാനവും കേന്ദ്രം 60 ശതമാനവും വഹിച്ചാണ് പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നത്. ഈ വിഹിതം വഹിക്കാൻ ബിഹാർ ഉൾപ്പെടെ പാവപ്പെട്ട സംസ്ഥാനങ്ങൾക്ക് ശേഷിയില്ലെന്നതും യാഥാർഥ്യം. ബിഹാറിന്റെ ആരോഗ്യബജറ്റ് സംസ്ഥാനസർക്കാർ വർഷാവർഷം വെട്ടിക്കുറച്ചുകൊണ്ടിരിക്കയാണ്. 2016-‘17ൽ 8234 കോടിയായിരുന്നു ആരോഗ്യബജറ്റ്. ഇത് 2017-18ൽ 7002 കോടിയായി വെട്ടിക്കുറച്ചു. ഒരു വർഷംകൊണ്ട് ആയിരം കോടിയുടെ കുറവ്! 

ലിച്ചിക്കൃഷിക്കും ദുരിതം

ലിച്ചി മേഖലയിലുണ്ടാകുന്ന ദുരന്തം ഇക്കുറി ലിച്ചികൃഷിയെയും കർഷകരെയും ബാധിച്ചു. രോഗബാധയുടെ വിവരങ്ങൾ ആശങ്കപരത്തി സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലിച്ചി ഉപഭോഗം ജനങ്ങൾ നിർത്തി. മുംബൈ, ഡൽഹി തുടങ്ങിയ ആഭ്യന്തരകമ്പോളങ്ങളിലും നേപ്പാൾ മുതലുള്ള വിദേശകമ്പോളങ്ങളിലും ലിച്ചി എത്തിയെങ്കിലും വിൽപ്പന നടന്നില്ല. ഡൽഹിയിൽ 180 രൂപവരെ തുടക്കത്തിൽ വിലയുണ്ടായിരുന്ന ലിച്ചി അസുഖബാധയെക്കുറിച്ച് പുറം ലോകം അറിഞ്ഞുതുടങ്ങിയതോടെ വില ഇടിയുകയും കമ്പോളങ്ങളിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
ഹോർട്ടികൾച്ചർ വകുപ്പിന്റെ കണക്കുപ്രകാരം 45,000 ലിച്ചി കർഷകർ മുസഫർപുരിലുണ്ട്. പതിനഞ്ചുദിവസമാണ് വിളവെടുപ്പ് കാലം. 300 മുതൽ 400 വരെ ലിച്ചിമരങ്ങളുടെ തോട്ടങ്ങളുള്ള ഒരു ലിച്ചി കർഷകന് അഞ്ചുമുതൽ ആറുലക്ഷംരൂപ വരെ ഈ സീസണിൽ നഷ്ടമായി. ഉന്നതനിലവാരമുള്ള സ്റ്റോറേജ് സംവിധാനത്തിൽ സൂക്ഷിച്ചില്ലെങ്കിൽ ലിച്ചി പെട്ടെന്ന് കേടുവരും. മരത്തിൽനിന്ന് പറിച്ചെടുക്കുന്നതുപോലും നഷ്ടമാണെന്നുകണ്ടപ്പോൾ പഴങ്ങൾ മരത്തിൽത്തന്നെ പലരും ഉപേക്ഷിച്ചെന്ന് മുസഫർപുരിലെ ലിച്ചി ഉത്പാദകസംഘം പ്രസിഡന്റ്‌ ബച്ചാ സിങ്‌ പറയുന്നു. മുസഫർപുർ ലിച്ചിയെ തകർക്കാനുള്ള നിക്ഷിപ്തതാത്‌പര്യമാണിതിന് പിന്നിലെന്ന് 
ബച്ചാസിങ്‌ സംശയിക്കുന്നു. സർക്കാർ ഇടപെടണം

എന്നാൽ, മുസഫർപുരിൽ പൊട്ടിപ്പുറപ്പെടുന്ന രോഗബാധയ്ക്ക് കാരണമെന്താണെന്ന് സർക്കാരിന് ഇപ്പോഴും വ്യക്തതയില്ലെന്ന്  സംസ്ഥാന ചീഫ് സെക്രട്ടറി ദീപക് കുമാർ പറയുന്നു. പോഷകാഹാരക്കുറവാണോ വൈറസാണോ ബാക്ടീരിയയാണോ ഏതെങ്കിലും വിഷാംശമാണോ ലിച്ചി കഴിച്ചിട്ടാണോ എന്നൊന്നും വ്യക്തമല്ല. ഇതുവരെനടന്ന പഠനങ്ങൾ അപൂർണമാണെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
ലിച്ചിയും രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു മെഡിക്കൽ ബോർഡ് പഠനം നടത്തണമെന്ന് എസ്.കെ.എം.സി.എച്ചിലെ കുട്ടികളുടെ പരിചരണവിഭാഗം മേധാവി ഡോ. ഗോപാൽ ശങ്കർ സാഹ്നി ‘മാതൃഭൂമി’യോട് പറഞ്ഞു. 

രാഷ്ട്രീയവും കലരുന്നു
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം വൈകിയാണെങ്കിലും ഡൽഹി എയിംസിലെ വിദഗ്ധസംഘം പുതിയ പഠനം ആരംഭിച്ചിട്ടുണ്ട്. പഠനങ്ങൾ നടക്കുന്നതിനൊപ്പം ബിഹാറിലെ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് പൊതുജനാരോഗ്യപ്രവർത്തകർ മുന്നോട്ടുെവക്കുന്നത്. അതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർക്കണം. രണ്ടുസർക്കാരിനെയും നയിക്കുന്നത് എൻ.ഡി.എ. ആയതിനാൽ കാര്യങ്ങൾ എളുപ്പമാകേണ്ടതാണ്.

മുസഫർപുരിലെ കുട്ടികളുടെ മരണം ദുഃഖകരവും നാണക്കേടുമാണെന്നാണ് രാജ്യസഭയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഏഴുവർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പരാജയമാണിത്. ആധുനികകാലത്ത് മുസഫർപുരിൽ കുട്ടികൾ മരിച്ച സംഭവം സർക്കാരിനും സമൂഹത്തിനും നിർഭാഗ്യകരവും നാണക്കേടുമാണ്. ഇത് ഗൗരവപൂർവം കാണണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതിനിെട, ദുരന്തത്തിൽ രാഷ്ട്രീയം കലരുന്നുവെന്ന സംശയം ബിഹാറിൽ തലപൊക്കുന്നുണ്ട്. നിതീഷ് കുമാറിനെ ഒതുക്കാനുള്ള ബി.ജെ.പി.യുടെ നീക്കം ഇതിനിടയിൽ ചിലരെങ്കിലും മണക്കുന്നുണ്ട്..
രാഷ്ട്രീയവിവാദങ്ങൾ പതിവുമട്ടിൽ അരങ്ങുവാഴാൻ തുടങ്ങുമ്പോൾ, മുസഫർപുരിലെ ശിശുരോദനങ്ങൾക്ക് എന്നെങ്കിലും പരിഹാരമുണ്ടാകുമോ എന്ന ചോദ്യത്തിന്‌ അധികാരവർഗമാണ് ഉത്തരം നൽകേണ്ടത്. 

മുസഫർപുരിൽ കാണുന്നത് എൻസെഫലോപ്പതി 
#ഡോ. ജേക്കബ് ടി.ജോൺ 

മുസഫർപുരിലെ കുട്ടികളെ ബാധിച്ചിരിക്കുന്നത് എൻസെഫലൈറ്റിസ് അല്ല, എൻസെഫലോപ്പതിയാണെന്ന് 2012 മുതൽ 2014 വരെ മുസഫർപുരിൽ നേരിട്ടുപോയി പഠനം നടത്തിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വൈറോളജി വിഭാഗം റിട്ട. പ്രൊഫസറായ ഡോ. ടി. ജേക്കബ് ജോൺ ‘മാതൃഭൂമി’യോട് പറഞ്ഞു. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ ഡോ. ജേക്കബ് ജോണും മുസഫർപുരിലെ പീഡിയാട്രീഷ്യൻ ഡോ. അരുൺ ഷായും ലഖ്‌നൗ ടോക്സിക്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. മുരുകദാസുമാണ് ഈ ദുരൂഹരോഗബാധയെക്കുറിച്ച് ആദ്യം പഠിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 

എൻസെഫലൈറ്റിസ്, എൻസെഫലോപ്പതി, മെനിഞ്ചൈറ്റിസ് എന്നീ രോഗങ്ങളുടെ ലക്ഷണങ്ങൾ ഏറക്കുറെ ഒന്നുപോലെയാണ്. അതിനാൽ, ഓരോ രോഗവും പ്രത്യേകം തിരിച്ചറിഞ്ഞ് ചികിത്സിക്കണം. അല്ലെങ്കിൽ അടിയന്തരചികിത്സ വേണ്ട അസുഖത്തെയും സാധാരണ സമയമെടുത്ത് ചികിത്സിക്കേണ്ട അസുഖത്തെയും ഒരുപോലെ കൈകാര്യംചെയ്യും. ഇത് മരണസംഖ്യ വർധിപ്പിക്കും.

എല്ലാ രോഗത്തെയും എൻസെഫലൈറ്റിസ് എന്നുപറഞ്ഞ് കൈകാര്യംചെയ്യുന്ന സ്ഥിതിവിശേഷം ഒഴിവാക്കണം. മുസഫർപുരിൽ ഇതാണ് ഇപ്പോൾ സംഭവിക്കുന്നതെന്ന് തോന്നുന്നു.എൻസെഫലൈറ്റിസ് അല്ല, എൻസെഫലോപ്പതിയാണ് ബാധിച്ചിരിക്കുന്നതെന്നാണ് ഞങ്ങൾ നടത്തിയ പഠനത്തിൽനിന്ന് മനസ്സിലായത്. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. എൻസെഫലൈറ്റിസ് ഒരു അണുബാധയാണ്. വൈറൽ ഇൻഫക്‌ഷനാണ്. തലച്ചോറിനെയാണ് നേരിട്ട് ബാധിക്കുന്നത്. എന്നാൽ, എൻസെഫലോപ്പതി ഒരു ബയോ കെമിക്കൽ രോഗമാണ്. എൻസെഫലൈറ്റിസിന് പ്രത്യേക ചികിത്സ നടത്തുക എളുപ്പമല്ല. എന്നാൽ എൻസെഫലോപ്പതിക്ക് ചികിത്സ ലഭ്യമാണ്. സമയത്ത് ചികിത്സിച്ചാൽ രോഗിയെ രക്ഷപ്പെടുത്താം.ലിച്ചിപ്പഴവും എൻസഫലോപ്പതിയും തമ്മിൽ ബന്ധമുണ്ടെന്നാണ് ഞങ്ങളുടെ പഠനത്തിൽ തെളിഞ്ഞത്.

ബന്ധമില്ലെന്ന് പറയുന്നത് ശരിയല്ല. വൈക്കോൽകഷണം വീണ് ഒട്ടകത്തിന്റെ മുതുക് ഒടിഞ്ഞെന്നുപറയുന്ന പഴയ ചൊല്ലുപോലെയാണത്. ദുർബലമായി നിൽക്കുന്ന ആരോഗ്യാവസ്ഥയിൽ പ്രശ്നം രൂക്ഷമാക്കാൻ ലിച്ചി ഒരു ഘടകമായി പ്രവർത്തിക്കുന്നു എന്നർഥം. ദീർഘനേരം ആഹാരം കഴിക്കാതെ ഉറങ്ങുന്ന കുട്ടികളിൽ പുലർച്ചെ ഗ്ലൂക്കോസ് നിരപ്പ് താഴുന്നു. (ഹൈപ്പോഗ്ലീസിമിയ). ഇങ്ങനെ ഗ്ലൂക്കോസ് നിരപ്പ് താഴുമ്പോൾ പോഷകാഹാരശേഷിയുള്ള കുട്ടികളിൽ പകരം ഗ്ലൂക്കോസ് സംഭരിക്കപ്പെടും (ഗ്ലൂക്കോനിയോജനസിസ് പ്രക്രിയ). എന്നാൽ, പോഷകാഹാരക്കുറവുള്ള കുട്ടികളിൽ ഈ പ്രക്രിയ നടക്കുന്നില്ല. ലിച്ചി കഴിച്ചുറങ്ങുന്ന കുട്ടികളിൽ ലിച്ചിയിൽനിന്നുണ്ടാകുന്ന മീഥലൈൻ സൈക്ലോപ്രോപ്യൽ ഗ്ലൈഡിൻ പ്രവർത്തിക്കുകയും ഗ്ലൂക്കോസ് രൂപപ്പെടുന്നതിനെ തടയുകയും ചെയ്യും. അതോടെ എൻസെഫലോപ്പതി രൂപപ്പെടുകയും കുട്ടിയിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.
എൻസെഫലോപ്പതിക്ക് അരമണിക്കൂർ മുതൽ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ തുടങ്ങണം. പത്തുശതമാനം ഗ്ലൂക്കോസ് നൽകുകയാണ് ആദ്യപടി. ഇങ്ങനെ ഗ്ലൂക്കോസ് ലഭിക്കുന്ന കുട്ടികൾ വേഗത്തിൽ സുഖംപ്രാപിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.
ആഹാരം കൊടുക്കാതെ രാത്രിയിൽ കുട്ടികളെ ഉറക്കരുത്. ഇക്കാര്യത്തെക്കുറിച്ച് ഞങ്ങളുടെ നിർദേശപ്രകാരം സർക്കാർ 2016 മുതൽ 2018 വരെ ബോധവത്‌കരണം നടത്തി. അതുകൊണ്ട് ഈ വർഷങ്ങളിൽ മരണനിരക്ക് കുറവായിരുന്നു. 2019-ൽ ബോധവത്‌കരണം നടന്നിട്ടില്ലെന്നാണ് അറിയുന്നത്. സർക്കാർ ഇതുവരെ ഈ വർഷം എന്നെ ബന്ധപ്പെട്ടിട്ടുമില്ല.

(അവസാനിച്ചു)