കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ ഒരു പ്രസ്താവനയെ രാജ്യത്ത് ഗൗരവമായെടുക്കുന്നതും ചർച്ചയാവുന്നതും ഒരുപക്ഷേ, ഇതാദ്യമായിരിക്കാം. അമേരിക്കയിലെ ബെർക്‌ലിയിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗമാണ് അതിനു കാരണം. ആ പ്രസംഗത്തോടെ ബി.ജെ.പി. നേതാക്കൾ പ്രകടിപ്പിച്ച അസ്വസ്ഥതയും പ്രതികരണങ്ങളും രാഹുൽഗാന്ധിക്ക് നേട്ടമായി. പ്രസംഗം  രാജ്യാന്തരമായും ശ്രദ്ധിക്കപ്പെട്ടു. അതില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ,  അത് അവഗണിക്കപ്പെട്ടേനെ.

 വാർത്താപ്രക്ഷേപണ വകുപ്പുമന്ത്രി സ്മൃതി ഇറാനി ഒരു പത്രസമ്മേളനം വിളിച്ചാണ് രാഹുലിനെ ആക്രമിച്ചത്. ‘പരാജയപ്പെട്ട രാജകുമാരൻ’ എന്ന്‌ രാഹുലിനെ പരിഹസിക്കുകയും ചെയ്തു. രാജ്യത്ത് ചെലവാകാത്ത ഒരു കാര്യം പുറത്തുപോയി വിളമ്പുകയാണ് എന്ന നിലയിലാണ് സ്മൃതി ഇറാനിയും രവിശങ്കർ പ്രസാദും മറ്റും രാഹുലിന്റെ പ്രസംഗത്തെ കുറ്റപ്പെടുത്തിയത്. രാഹുലിനെതിരേ ഇത്രയും കടുത്ത ആക്രമണം നടത്തണമെങ്കിൽ കാര്യമായ എന്തെങ്കിലും അദ്ദേഹം പറഞ്ഞിട്ടുണ്ടാകും എന്ന നിലയിലാണ് ജനം അതു ശ്രദ്ധിച്ചത്.

ബെർക്ക്‌ലിയിൽ കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർഥികളോടു സംസാരിക്കവേയാണ്  രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിതികളെപ്പറ്റിയും ഇതര വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചത്.  സ്വയം വിമർശനാത്മകം കൂടിയായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രസംഗത്തിൽ സാമ്പത്തികസ്ഥിതിയെ സ്പർശിച്ചതാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്.
രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് കഴിഞ്ഞദിവസമാണ് ധനമന്ത്രി അരുൺജെയ്റ്റ്‌ലി സമ്മതിച്ചത്. എന്നാൽ, രാഹുൽഗാന്ധി ഇക്കാര്യം ബെർക്ക്‌ലിയിൽ ചൂണ്ടിക്കാട്ടിയപ്പോൾ ബി.ജെ.പി. നേതാക്കൾ ക്ഷോഭിച്ചു. വിദഗ്ധരുമായി ആലോചിക്കാതെയാണ് തയ്യാറെടുപ്പുകളൊന്നുമില്ലാതെ പ്രധാനമന്ത്രി മോദി നോട്ടുപിൻവലിക്കൽ പൊടുന്നനെ നടപ്പാക്കിയതെന്നാണ് രാഹുൽ കുറ്റപ്പെടുത്തിയത്.

കുടുംബാധിപത്യ പരാമർശം

കുടുംബാധിപത്യ ആരോപണത്തെ നേരിടാനും ബെർക്‌ലിയിൽ രാഹുൽ ശ്രമിച്ചു. ഇന്ത്യയിൽ കുടുംബാധിപത്യം പതിവാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. കോൺഗ്രസ്‌ വെറുമൊരു കുടുംബാധിപത്യപ്പാർട്ടി മാത്രമായി ജീർണിച്ചുവെന്ന പൊതു ആരോപണങ്ങൾ മറികടക്കാനായിരുന്ന വിശദീകരണം. രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയിലും ബിസിനസ്സിലും മറ്റു മേഖലകളിലും കുടുംബാംഗങ്ങളുടെ പിന്തുടർച്ചയുണ്ട്‌. ഇന്ത്യയിൽ മിക്കവാറും എല്ലാ പാർട്ടികളിലും കുടുംബാംഗങ്ങളുടെ പിന്തുടർച്ചയുണ്ട്‌. കോൺഗ്രസിനെ മാത്രം ഇക്കാര്യത്തിൽ കുറ്റം പറയാനാവില്ല എന്ന്‌ പറയാതെ പറയുകയായിരുന്നു രാഹുൽ.

രാഹുലിനെതിരേയുള്ള ബി.ജെ.പി.യുടെയും മറ്റു എതിരാളികളുടെയും കാര്യമായ ആക്രമണം രണ്ട്‌ കാര്യങ്ങളിലൂന്നിയാണ്‌. ഒന്ന്‌-കഴിവും രാഷ്ട്രീയസാമർഥ്യവുമില്ല. രണ്ട്‌- ഒരു കുടുംബത്തിന്റെ ലേബൽ യോഗ്യതയായി കൊണ്ടുനടക്കുന്നു. ഈ രണ്ട്‌ ആരോപണങ്ങളെയും ബെർക്‌ലിയിൽ സമർഥമായി രാഹുൽ നേരിട്ടിട്ടുണ്ട്‌. താൻ ഒരു മണ്ടനാണെന്ന്‌ വരുത്താൻ ബി.ജെ.പി. കംപ്യൂട്ടറുകൾക്കുമുമ്പിൽ ഒരു വലിയ സംഘത്തെ ഇരുത്തിയിരിക്കയാണെന്ന്‌ രാഹുൽ പറഞ്ഞു.

തന്റെ എളിമ കാണിക്കാൻ ഇടയ്ക്ക്‌ അദ്ദേഹം മോദിയുടെ കഴിവിനെ പുകഴ്‌ത്തി. സ്വന്തം പാർട്ടിയിൽ അഹന്തയുണ്ടായി എന്നദ്ദേഹം തുറന്നു സമ്മതിച്ചു. പക്ഷേ, സ്വന്തം പാർട്ടിയിൽനിന്നാണ്‌ ആദ്യമായി തനിക്കെതിരേ പ്രചാരണമുണ്ടായത്‌ എന്ന കാര്യം അദ്ദേഹം പറഞ്ഞില്ല. ബി.ജെ.പി.ക്കും മുമ്പ്‌ കോൺഗ്രസ്‌ പാർട്ടിയിൽനിന്നുതന്നെയാണ്‌ രാഹുൽ കഴിവില്ലാത്തവനാണ്‌ എന്ന രഹസ്യപ്രചാരണം ഉണ്ടായത്‌. സ്വന്തം കസേരകൾ നഷ്ടപ്പെടുമെന്നു ഭയന്നവരായിരുന്നു ഇവർ.

രാഷ്ട്രീയം എന്തായാലും രാഹുൽ ബെർക്‌ലിയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഗൗരവമായിട്ടുള്ളതാണ്‌. അറിഞ്ഞോ അറിയാതെയോ രാജ്യത്തെ ചില സാഹചര്യങ്ങളിലേക്ക്‌ ആ പ്രസംഗം ചൂണ്ടുപലകയായി. ഇത്തരം കാര്യങ്ങൾ ഗൗരവത്തോടെ നിരീക്ഷിക്കുന്ന ഒരു ദേശീയ നേതാവാണെന്ന്‌ പ്രകാശിപ്പിക്കാൻ രാഹുൽ ശ്രമിച്ചത്‌ വിജയിച്ചു എന്നുവേണം കരുതാൻ. ബെർക്‌ലി പ്രസംഗം നൽകിയ ആത്മവിശ്വാസത്തിലാണ്‌ പരിവാർ നെടുങ്കോട്ടയായ ഗുജറാത്തിൽ അദ്ദേഹം പര്യടനം നടത്തുന്നത്‌.