വാതില്ക്കല് മുട്ട് കേട്ടു. തുറന്നപ്പോള്‍ കൂട്ടുകാരന്. ഞാനെപ്പോഴോ എന്തോ എഴുതിയത് ഇഷ്ടമാണെന്ന് പറയാന്‍ വന്നതാ. അല്‍പ്പം കഴിഞ്ഞേയുള്ളൂ, വീണ്ടും മുട്ട്. ഇത്തവണ കൂട്ടുകാരിയാണ്, അവള്‍ക്കെന്തോ ചിത്രം കാണിച്ചുതരാനുണ്ട്. മുട്ടുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.ഒരു ദിവസം ഇങ്ങനെ എത്രയെത്ര നോട്ടിഫിക്കേഷനുകളാണ് മൊബൈലില്‍ നിങ്ങളെ മുട്ടിവിളിക്കുന്നത്, അല്ലേ? ഓരോ നോട്ടിഫിക്കേഷന്‍ മുട്ടിനും വാതില്‍ തുറന്നുകൊടുത്തില്ലെങ്കില്‍ എന്തോ ഒരു അസ്കിത.
ഭടന്മാര് ഉറയില്‍ നിന്ന് വാളെടുക്കും പോലെ ഇടയ്ക്കിടെ കീശയില്‍ നിന്ന് മൊബൈലെടുത്ത് ഒന്ന് താലോലിച്ചില്ലെങ്കില് എന്തോ മനസ്സിലൊരു കിരുകിരുപ്പ്. വെറ്റിലയില്‍ ചുണ്ണാമ്പ് തേമ്പും പോലെ മൊബൈല്‍ സ്ക്രീനില്‍ ഞെരടിയില്ലെങ്കില് ചങ്ക് പിടച്ചില്‍. മൊബൈല്‍ നമ്മുടെ ജീവിതം വളരെ സ്മാര്‍ട്ടാക്കിയിട്ടുണ്ട്. സംശയമില്ല. എന്നാല്‍ എത്ര മാത്രം ക്വാളിറ്റി ലൈഫ് നമ്മില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്നെടുത്തിട്ടുണ്ട്? ആലോചിച്ചിട്ടുണ്ടോ?
ഈ സമയം ആരോ എന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്, ആരോ എനിക്ക് വാട്ട്സാപ്പ് വീഡിയോ അയച്ചിട്ടുണ്ട്, കൂട്ടൂകാരില്‍ ആരോ പുതിയ ഇന്‍സ്റ്റാഗ്രാം ഫോട്ടോ ഇട്ടിട്ടുണ്ട്, പ്രൊഫൈല്‍ പിക് മാറ്റിയിട്ടുണ്ട്, എന്റെ വാട്ട്സാപ്പ് സ്റ്റാറ്റസ് ആരൊക്കെയോ കണ്ടിട്ടുണ്ട്, ആരോ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്, ആരുടെയോ മിസ്ഡ് കോള്‍ എനിക്ക് വന്നിട്ടുണ്ട്.. ഇത്തരം ചിന്തയില്‍ മൊബൈലെടുത്ത് ഇടയ്ക്കിടെ നോക്കുന്നുണ്ടോ?
ഉണ്ടെങ്കില്‍ ചെറിയതോതില്‍ ഡിജിറ്റല്‍ അടിമയാണെന്ന് പറയാം. മുഴുത്ത മദ്യപന്മാരെ പോലതന്നെ. അവര്‍ക്ക് രാവിലെ രണ്ടെണ്ണം വീശിയില്ലെങ്കില്‍ കൈവിറയ്ക്കും. ഡിജിറ്റല്‍ അടിമകള്‍ക്ക് രാവിലെ തന്നെ മൊബൈല്‍ തുറന്ന് ഫേസ്ബുക്കും വാട്ട്സാപ്പും ഇന്‍സ്റ്റയും ഉന്തിതള്ളിയില്ലെങ്കില് മനസ്സ് വിറയ്ക്കും. ഇതിനിടയില്‍ സൂര്യന് ഉദിക്കുന്നത് കാണുന്നില്ല. കിളികളുടെ സംഗീതം കേള്‍ക്കുന്നില്ല.പൂവിരിയുന്നത് കാണുന്നില്ല, കാറ്റോ മഴയോ മഞ്ഞോ അറിയുന്നില്ല.
സ്വന്തം കൂടപ്പിറപ്പുകളെയോ അയല്‍ക്കാരെയോ ചങ്ങാതിമാരെയോ കാണുന്നില്ല. ആരുടെയും മുഖത്ത് നോക്കി സംസാരിക്കുന്നില്ല. ഇരിക്കുമ്പോഴും മൊബൈല്‍, നടക്കുമ്പോഴും മൊബൈല്‍, കിടക്കുമ്പോളും മൊബൈല്‍.
ഈയിടെ വാട്ട്സാപ്പില്‍ കണ്ടതാണ്. റെയില്‍വേ പ്ലാറ്റ് ഫോമിലൂടെ മൊബൈലില്‍ നോക്കി നടക്കുന്ന ഒരാള്‍. വൈകിയില്ല പ്ലാറ്റ് ഫോമില്‍ നിന്ന് ട്രാക്കിലേക്ക് സ്കൂബാ ഡൈവിംഗ്! കുറേപേര്‍ വേണ്ടിവന്നു ട്രാക്കില്‍ നിന്ന് ജീവിതത്തിലേക്ക് ഉയര്‍ത്തിയെടുക്കാന്‍. മൊബൈലില്‍ നോക്കി നടന്ന് സ്വിമ്മിംഗ് പൂളില്‍ വീണ ലേഡിയുടെ വീഡിയോ ക്ലിപ്പ് വൈറലായിരുന്നു.
ഇത്തവണ തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോല്വത്തില് 'ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി 'എന്ന തുര്‍ക്കി സിനിമ കണ്ടു. ഡിജിറ്റല്‍ അടിമകളായവരുടെ കഥയാണ്. ലൈക്കുകള്‍ കൂട്ടാനായി രാവിലെ മുതല്‍ കാര്യമായി 'അധ്വാനിക്കുന്നവരാണ്'കഥാപാത്രങ്ങള്‍. അതിനിടയില്‍ അവര്‍ പല കുറ്റകൃത്യങ്ങളില്‍ ചെന്ന് ചാടുന്നു. അവര്‍ക്ക് കിട്ടുന്ന ശിക്ഷയാണ് രസം. കടലിനടുത്ത് ഒറ്റപ്പെട്ടുകിടക്കുന്ന ഭൂപ്രദേശത്ത് വാസം. അവിടെ നിന്ന് പുറത്ത് കടക്കണമെങ്കില്‍ മല്‍സരങ്ങളില്‍ ജയിക്കണം.
ജീവിതത്തിന്റെ മുഴുവന്‍ രസവും തിരിച്ചറിയുന്ന കുഞ്ഞുമല്സരങ്ങളാണ്. കടലിലിലെ ഓളത്തില്‍ കല്ല് പലവട്ടം തെന്നിച്ച് എറിയലാണ് അതിലൊന്ന്. പരിസരം വൃത്തിയാക്കല്‍, കായ്കനികള്‍ പൊട്ടിച്ചുകൊണ്ടുവരല്, മലക്കയറ്റം എന്നിങ്ങനെ ജീവിതം വെച്ച് നീട്ടുന്ന അനുഭവങ്ങള്‍ ഉള്‍കൊള്ളാന്‍ പാകം മറ്റ് മല്‍സരങ്ങള്‍..
മൊബൈലിനും മറ്റ് ഗാഡ്ജറ്റുകള്‍ക്കും അവിടെ സ്ഥാനമില്ല. മണ്‍ചട്ടിയിലാണ് ഭക്ഷണം, തൊട്ടടുത്ത് ഇന്റര്‍നെറ്റ് ബൂത്ത് സെറ്റ് ചെയ്തിട്ടുണ്ട്. മല്‍സരത്തില്‍ കിട്ടുന്ന പോയിന്റ് ഉപയോഗിച്ച് വേണമെങ്കില്‍ ഇന്റര്‍നെറ്റ് നോക്കാം, പക്ഷേ അതിനനുസരിച്ച് പോയിന്റ് കുറഞ്ഞ് വരും.
അവിടെയും ആപ്പിള്‍ സ്റ്റോറുണ്ട്. ഐഫോണും ഐപാഡും ലഭിക്കുന്ന സ്റ്റോര്‍ അല്ല. ശരിക്കും ആപ്പിള്‍ കൃഷിചെയ്ത് വിളവെടുത്ത് വെയ്ക്കുന്ന സ്റ്റോര്‍. ആദ്യമെല്ലാം മൊബൈലിനെ പിരിഞ്ഞിരിക്കുമ്പോള്‍ വലിയ മാനസികാസ്വാസ്ഥ്യം അവര്‍ കാണിക്കുന്നു. എന്നാല്‍ സഹതടവുകാരെയെല്ലാം കൂട്ടുകാരാക്കുന്നതോടെ ജീവിതം മാറുകയാണ്. ജീവിതത്തിലെ കളിചിരികള്‍ അവര്‍ വീണ്ടെടുക്കുന്നു.
കാടിന്റെ സംഗീതമാസ്വദിച്ച്, കടലില്‍ കുളിച്ച്, അവര്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം തിരിച്ചുപിടിക്കുന്നു. കാഴ്ച്ചകളുടെ കേള്‍വികളുടെ രുചികളുടെ സ്പര്‍ശനങ്ങളുടെ മണങ്ങളുടെ ലോകം അവര്‍ തിരിച്ച് പിടിക്കുന്നു . നക്ഷത്രങ്ങളെ വീണ്ടും കാണാന്‍ തുടങ്ങുന്നു . ചങ്ങാതിമാര്‍ക്ക് കത്തെഴുതുന്നു. ഇന്റര്‍നെറ്റില്‍ വീണിരുന്ന കിളികള്‍ മെല്ലെ വലപൊട്ടിച്ച് ജീവിതത്തിലേക്ക് ചിറക് വിരിക്കുന്നു.
പഞ്ച് ഡയലോഗ്: നമ്മള്, നമ്മള് പോലുമറിയാതെ അധോലോകമായി മാറികഴിഞ്ഞിരിക്കുന്നു ഷാജിയേട്ടാ എന്ന് ' ആട് ' എന്ന സിനിമയില്‍ സൈജു കുറുപ്പിന്റെ കഥാപാത്രം പറയുന്നുണ്ട്..അതുപോലെയാണ് കാര്യം. നമ്മള്, നമ്മള് പോലുമറിയാതെ ഡിജിറ്റല്‍ ലോകത്തിന്റെ അടിമകളായിരിക്കുന്നു ഷാജിയേട്ടാ
(ക്ലബ് എഫ് എമ്മിൽ സീനിയർ കോപ്പി റൈറ്ററാണ് ലേഖകൻ)