തൊഴിൽ മേഖലയിലെ  സ്വദേശിവത്‌കരണവും വനിതാവത്‌കരണവും എല്ലാ ഗൾഫ് രാജ്യങ്ങളിലും സജീവമായി മുന്നേറുകയാണ്. തീവ്രവാദപ്രസ്ഥാനങ്ങളും ഐ.എസ്. ഉൾപ്പെടെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളും എല്ലാ ഗൾഫ് നാടുകൾക്കും തലവേദന സൃഷ്ടിക്കുന്നു. സ്വന്തം ജനതയെ സംരക്ഷിക്കുക. ഒപ്പം അവർ തീവ്രവാദ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടരാവുന്നില്ല എന്ന് ഉറപ്പാക്കുക.

ഇവ ഇപ്പോൾ എല്ലാ രാജ്യങ്ങളുടേയും വലിയ ഉത്തരവാദിത്വമായിട്ടുണ്ട്. സ്വദേശികൾക്ക് മതിയായ സൗകര്യങ്ങളും തൊഴിലും ഉറപ്പുവരുത്തുക എന്നതാണ് ഇതിന് അടിസ്ഥാനമായി വേണ്ടതെന്ന് അവർക്കറിയാം. എല്ലായിടത്തും ശക്തമായി വരുന്ന സ്വദേശിവത്‌കരണത്തിന്റെ യഥാർഥ പശ്ചാത്തലം ഇതാണ്. 

സ്വദേശികളെയെല്ലാം തൊഴിൽ മേഖലയിൽ വിന്യസിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ‘വിഷൻ 2030’-തിലൂടെ സൗദി അറേബ്യ നടപ്പാക്കുന്നത്. ഗൾഫ് നാടുകൾക്കിടയിൽ ഖത്തർ വിഷയം സൃഷ്ടിച്ച ഭിന്നിപ്പ് ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും ഓരോ രാജ്യവും അതിവേഗം പുതിയ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുകയാണ്.

ലോക പ്രദർശനമായ എക്സ്‌പോ 2020-ന്  ദുബായ് വേദിയാവുമ്പോൾ തൊട്ടുപിന്നാലെ ഫിഫ ലോകകപ്പിനാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. വിദൂര നഗരങ്ങളെ ഹൈപ്പർ ലൂപ്പ് എന്ന അത്യാധുനിക ഗതാഗത സംവിധാനങ്ങളിലൂടെ പത്തും പന്ത്രണ്ടും മിനിറ്റുകൊണ്ട്  ബന്ധിപ്പിക്കുന്നതിന്റെ പ്രവർത്തനം യു.എ.ഇ. തുടങ്ങിക്കഴിഞ്ഞു.
എന്തുകൊണ്ടും ഇവിടെയെല്ലാം തൊഴിൽസാധ്യതകൾ ഏറിവരും എന്നത് യാഥാർഥ്യമാണ്.

ലോകത്തെ തൊഴിൽകമ്പോളമെല്ലാം അടിമുടി മാറിയിരിക്കുന്നു. സ്മാർട്ട് സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളുമാണ് ലോകം ഭരിക്കുന്നത്. അതിവേഗമാണ് ഈ രംഗത്ത് ഗൾഫ് നാടുകളുടെയും യാത്ര. വിദ്യാഭ്യാസപരമായി ഏറെ മുന്നോട്ടുപോയിരിക്കുന്ന സ്വദേശികൾ എല്ലായിടത്തും തൊഴിലെടുത്തു തുടങ്ങിയിരിക്കുന്നു. അവർക്ക് തൊഴിൽ നൽകാൻ അതത് സർക്കാരുകൾ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. അതാണ് പ്രവാസികളുടെ ഉറക്കം കെടുത്തുന്നത്.

നാട്ടുകാർക്കായി തൊഴിൽസൃഷ്ടി

സൗദി അറേബ്യ മൂന്നുവർഷമായി തുടരുന്ന ‘നിതാഖാത്’ പദ്ധതി തൊഴിൽ നിയമങ്ങളും മേഖലകളും ക്രമപ്പെടുത്തുന്നതിനുള്ള ആദ്യപടിയായിരുന്നു. അതിനൊപ്പമാണ് ഇപ്പോൾ ശക്തമാക്കുന്ന സ്വദേശിവത്‌കരണവും വനിതാവത്‌കരണവും. 1.38 കോടി സ്വദേശികളാണ് സൗദിയിൽ തൊഴിലെടുക്കുന്നത്. തൊഴിൽരഹിതരായ 10.75 ലക്ഷം സ്വദേശികളാണ് ഇപ്പോൾ ഇവിടെയുള്ളതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ജനറൽ അതോറിറ്റി വെളിപ്പെടുത്തുന്നു. തൊഴിൽ തേടുന്ന സൗദിവനിതകളുടെ എണ്ണത്തിലും വർധനയുണ്ടായി.   

ഇതുമായി ബന്ധപ്പെട്ടതാണ് അടുത്ത അഞ്ച് വർഷത്തിനകം 20 ലക്ഷം പുതിയതൊഴിലുകൾ കണ്ടെത്താനുള്ള സൗദിയുടെ നീക്കം. മൊബൈൽഫോൺ മേഖലയിൽ 8000, ടൂറിസംമേഖലയിൽ മൂന്ന് വർഷത്തിനകം 33000, ഫാർമസി മേഖലയിൽ 2020 ആവുമ്പോഴേക്കും 93000, ബഖാല എന്നറിയപ്പെടുന്ന ചെറിയ പലചരക്കുകടകളിൽ 20,000 വീതം എന്നിങ്ങനെ സ്വദേശികൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചെടുക്കാനാണ് തീരുമാനം.

തൊഴിലില്ലാതാവുന്നവർ

ഓരോമാസവും ശരാശരി 20,000 വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. 2017-ന്റെ ആദ്യപാദത്തിൽ 1.085 കോടി വിദേശികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. രണ്ടാം പാദത്തിൽ ഇത് 1.079 കോടിയായി കുറഞ്ഞു. 2018 മാർച്ചോടെ ജൂവലറികളിൽ സമ്പൂർണമായ സ്വദേശിവത്‌കരണത്തിനാണ് സൗദിയുടെ നീക്കം. മൊബൈൽ കടകൾ, ഷോപ്പിങ് മാളുകൾ, റെന്റ് എ കാർ, ഇൻഷുറൻസ് എന്നീ മേഖലകളിലെല്ലാം സ്വദേശിവത്‌കരണം ശക്തമായി നടപ്പായിവരികയാണ്.

മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് മേധാവിത്വമുള്ള എൻജിനീയറിങ്, നഴ്‌സിങ് മേഖലയിലേക്കും സ്വദേശിവത്‌കരണം കടന്നുവരുന്നു. ഈരംഗം ചില രാജ്യക്കാർ കുത്തകയാക്കി വെച്ചിരിക്കുകയാണെന്നും ഇവരെ നാടുകടത്തണമെന്നും ഈയിടെയാണ് ഒരു ശൂറാ കൗൺസിലംഗം ആവശ്യപ്പെട്ടത്.

ശൂറാ കൗൺസിലിൽ ഉയരുന്ന അഭിപ്രായങ്ങളാണ് രാജ്യത്തിന്റെ നയപ്രഖ്യാപനങ്ങളെ സ്വാധീനിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സ്വദേശിവത്‌കരണം കൂട്ടൽ, സ്വയംതൊഴിൽ കണ്ടെത്താൻ വായ്പ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കൽ, താത്‌കാലിക ജോലികൾ കണ്ടെത്തൽ, ശിശു പരിചരണ പദ്ധതി ഒരുക്കൽ, വനിതാ തൊഴിലാളികൾക്കുള്ള ഗതാഗത പദ്ധതി എന്നിങ്ങനെയുള്ള പദ്ധതികളാണ് സ്വദേശികൾക്കായി ഒടുവിലായി പ്രഖ്യാപിച്ചിരിക്കുന്നത്.

കുവൈത്തിലും നടപടി 

കുവൈത്തിലും വിദേശികളെ കുറയ്ക്കാൻ ശക്തമായ നടപടികളുണ്ട്. സ്വദേശികളെ കൂടുതലായി നിയമിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും കുവൈത്ത് സിവിൽ സർവീസ് കമ്മിഷൻ നിർദേശം നൽകിക്കഴിഞ്ഞു. പൊതുമേഖലയിൽ  ഇപ്പോൾ വിദേശികളുടെ സാന്നിധ്യം പത്ത് ശതമാനമാണ്. ഇത് ഘട്ടം ഘട്ടമായി കുറയ്ക്കും. സ്വകാര്യമേഖലയിലും സ്വദേശിവത്‌കരണം കാര്യമായി നടന്നുവരുന്നു. 

ഖത്തറിൽ സമസ്തമേഖലയിലും സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു. 50 ശതമാനം സ്വദേശിവത്കരണമെന്ന ലക്ഷ്യം കൈവരിക്കാൻ ഊർജ, വ്യവസായ മേഖലകളിൽ നടപടി പുരോഗമിക്കുകയാണ്. ഈ മേഖലയിൽ സ്വദേശിവത്കരണ പദ്ധതി നടപ്പാക്കുന്ന കമ്പനികളുടെ എണ്ണം 18-ൽ നിന്ന് 36 ആയി വർധിച്ചതായി ഊർജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലേഹ് അൽസദ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ സ്കൂളുകളിലും സ്വദേശിവത്കരണം 80 ശതമാനം പൂർത്തിയായി. 10 വർഷത്തിനുള്ളിൽ രാജ്യത്തെ പൊതുമേഖലയിൽ സ്വദേശിവത്കരണം 90 ശതമാനമാക്കുമെന്ന് തൊഴിൽമന്ത്രി ഡോ.ഇസ്സ സാദ് അൽ ജഫാലി അൽ നുഐമി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 

ഗൾഫ് നാടുകളിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ഏറെയുള്ളത് യു.എ.ഇ.യിലും സൗദി അറേബ്യയിലുമാണ്. എണ്ണയുടെ നല്ലകാലം കഴിഞ്ഞെന്ന് എല്ലാ ഗൾഫ് രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെലവ് ചുരുക്കൽ, സബ്‌സിഡി എടുത്തുകളയൽ, ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കൽ എന്നിങ്ങനെയുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. പുതിയ കാലത്തിനനുസരിച്ച തൊഴിലുകളേ ഇനി ഗൾഫ് നാടുകളിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ.

അടുത്തവർഷത്തോടെ എല്ലാ ഗൾഫ് നാടുകളും മൂല്യവർധിത നികുതി കൊണ്ടുവരികയാണ്. ഈ മാസം യു.എ.ഇ. എക്സൈസ് ഡ്യൂട്ടിയും കൊണ്ടുവന്നു. ഇതെല്ലം ഭാവിയിൽ ജീവിതച്ചെലവ് കൂട്ടുമെന്ന ആശങ്കയുണ്ടാക്കുന്നു. 
അതേസമയം ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും അക്കൗണ്ടന്റുമാർക്കും നല്ലകാലമാണ് ഇതെന്നാണ് സംസാരം. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും ഉണർവേറും. എന്നാൽ ഇവയുൾപ്പെടെ പുതിയ തൊഴിൽസങ്കേതങ്ങളിലെ അവസരം കണ്ടെത്താൻ നാം എന്തു മുൻകരുതൽ എടുക്കുന്നുണ്ട് എന്ന് ആലോചിക്കണം.

കുടിയേറ്റം കുറഞ്ഞു

2015-ൽ 43,000 പേരാണ് കേരളത്തിൽനിന്ന് വിവിധ ഗൾഫ് നാടുകളിലേക്ക് തൊഴിൽതേടി പോയത്.  2016-ൽ അത് 25,000 ആയി കുറഞ്ഞു. ഈ വർഷം ഇത് 20,000 മാത്രമായിരിക്കുമെന്നാണ് ഇമിഗ്രേഷൻ രേഖകൾ പറയുന്നത്. മലയാളിയുടെ ഈ പിന്മാറ്റത്തിന് കാരണം ഗൾഫിലെ ചില തൊഴിൽ മേഖലകളോടുള്ള വിമുഖതയാണ്.

നിർമാണരംഗം ഉൾപ്പെടെയുള്ള ബ്ലൂകോളർ വിഭാഗത്തിലാണ് മലയാളികളുടെ പിന്മാറ്റം. മലയാളികളുടെ പിന്മാറ്റംകൊണ്ട് ഉത്തരേന്ത്യൻ തൊഴിലാളികളാണ് നേട്ടമുണ്ടാക്കിയത്. ഈ വർഷം ആദ്യത്തെ ആറ്് മാസം കേരളത്തിൽനിന്ന്  തൊഴിൽ തേടി ഗൾഫിലെത്തിയത് ഒമ്പതിനായിരത്തോളം പേരാണ്.  എന്നാൽ ബിഹാറിൽനിന്ന് 35,000 പേരും യു.പിയിൽനിന്ന് 33,000 പേരുമാണ് എത്തിയത്. 

സർട്ടിഫിക്കറ്റുമായി വിമാനം കയറിവന്ന് തൊഴിൽ തേടുന്നവർക്ക് ജോലികൊടുക്കുന്ന രീതിയിൽനിന്ന് യു.എ.ഇ.യിലെ തൊഴിൽമേഖല ഏറെ മാറി.  മികവ് തെളിയിക്കുന്നവർക്കാണ് ഇനി അവസരം. അധ്യാപകജോലിക്ക് പോലും പുതിയ പരീക്ഷകളാണ് യു.എ.ഇ. ആസൂത്രണം ചെയ്യുന്നത്. ഓരോ തൊഴിലിനും വിദേശവിപണി ആവശ്യപ്പെടുന്ന ചില ചേരുവകളുണ്ട്. നൈപുണ്യം എന്ന് അതിനെ വിശേഷിപ്പിക്കാം. അതിലൊരു പരിശീലനം ഇപ്പോഴും കേരളത്തിൽ വലിയ വിഷയമായിട്ടില്ല എന്നതാണ് ഖേദകരം. 

സ്ത്രീകൾ വണ്ടിയോടിക്കുമ്പോൾ

രണ്ട് സുപ്രധാന മാറ്റങ്ങളാണ് സൗദി അറേബ്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഉണ്ടായത്. വണ്ടി ഓടിക്കാനുള്ള ലൈസൻസ് അടുത്തവർഷം മുതൽ സ്ത്രീകൾക്കും നൽകുന്നു എന്നതാണ് അതിൽ പ്രധാനം. ദേശീയദിനാഘോഷങ്ങൾ കാണാൻ ചരിത്രത്തിലാദ്യമായി സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്ക് അനുമതി നൽകിയതാണ് രണ്ടാമത്തേത്. ലോകമെങ്ങുമുണ്ടാകുന്ന ചലനങ്ങൾ സൗദിയിലെ ഭരണാധികാരികളും ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. ലോകത്തിലെതന്നെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രം പണിയുമെന്നുള്ള സൗദിയുടെ പ്രഖ്യാപനത്തെയും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. 

വണ്ടിയോടിക്കാൻ സ്ത്രീകളെ അനുവദിക്കുമെന്ന പ്രഖ്യാപനം രണ്ട് സൗദിവനിതകളുടെ വിജയം കൂടിയായിരുന്നു. 2011 മുതൽ ഈ അവകാശത്തിനായി പോരാടിയ മനാൽ അൽ ഷെറീഫ്,  ലൂജെയിൻ ഹൽത്തോൾ എന്നിവരുടെ വിജയം. ‘അറബ് വസന്തം’ എന്നറിയപ്പെട്ട പ്രക്ഷോഭങ്ങൾ അവകാശങ്ങൾക്കു വേണ്ടിയുള്ള  മുന്നേറ്റമായി ശക്തിപ്പെട്ട 2011-ലാണ് മക്കയിലെ മനാൽ അൽ ഷെറീഫ് എന്ന മുപ്പത്തുരണ്ടുകാരി റോഡിലേക്ക് കാറോടിച്ചെത്തിയത്.

ഈ ‘സമരയോട്ടം’ സുഹൃത്ത് വജേഹ അൽ ഹുവൈദറിന്റെ സഹായത്തോടെ ചിത്രീകരിച്ച് യുട്യൂബിലും ഫെയ്‌സ്ബുക്കിലുമിട്ടു. ശരീഅത്ത് നിയമങ്ങൾ കർശനമായ സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നതിന് വിലക്കുള്ളപ്പോഴായിരുന്നു ഇത്. മതകാര്യ പോലീസ് മനാലിനെ അറസ്റ്റ് ചെയ്തു. ഒന്പത് ദിവസത്തോളം തടവിലാക്കി. പിന്നീട് ഉപാധികളോടെ ജാമ്യം നൽകി.

പിന്നീടങ്ങോട്ട് വനിതകൾക്ക് റോഡിൽ വണ്ടിയോടിക്കാനുള്ള അവകാശത്തിനുവേണ്ടി അവർ പോരാടി. ‘സൗദി ഇനി പഴയ സൗദിയല്ല’ എന്നാണ് പുതിയ പ്രഖ്യാപനത്തോട് മനാൽ പ്രതികരിച്ചത്. ലുജൈയിൻ ഹൽതോൾ മാനാലിനെ പിന്തുടർന്ന സൗദിവനിതയായിരുന്നു. ഭർത്താവിനെ അരികിലിരുത്തിയാണ് ലൂജെയിൻ ഒരുരാത്രി സൗദിയിലെ റോഡ് കൈയടക്കിയത്. പലതവണ ഇതേ കുറ്റത്തിന് അറസ്റ്റിലാവുകയും വിചാരണ ചെയ്യപ്പെടുകയും  ചെയ്തു.

സൗദിവനിതകളുടെ ഈ നേട്ടവും പ്രവാസികൾക്ക് ഭാവിയിൽ തിരിച്ചടിയാവുമെന്ന് ഭയക്കുന്നവരാണ് ഏറെയും. സൗദിയിലെ ഗാർഹിക തൊഴിലാളികളിൽ 60 ശതമാനത്തോളം ഡ്രൈവർമാരാണെന്നാണ് കണക്ക്. 1500 മുതൽ 2200 റിയാൽ വരെ ഡ്രൈവർമാർക്കായി ഒാരോ കുടുംബവും മാസം ചെലവിടുന്നുണ്ട്.

റിക്രൂട്ടിങ് നിയമങ്ങൾ കർക്കശമാക്കിയതിനാൽ ഒരു വിദേശിയെ ഡ്രൈവറായി നിയമിക്കുന്നതിന് സ്വദേശി കുടുംബത്തിന് 45,000 റിയാൽ വരെ ചെലവ് വരും. ഇത് ലാഭിക്കാൻ ഇവിടെ സ്വദേശിവത്‌കരണം കൊണ്ടുവരാനായിരിക്കും സൗദിയിലെ അടുത്തനീക്കം എന്ന് എല്ലാവരും ആശങ്കപ്പെടുന്നുണ്ട്.

അടുത്തവർഷം മുതൽ ടാക്സി കാറുകൾ ഓടിക്കാൻ സ്വദേശിവനിതകളെ അനുവദിക്കുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഇതെല്ലാം ഫലത്തിൽ പ്രവാസികൾക്കും കേരളത്തിനും ഏറെ നഷ്ടമുണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.