റായ്പുര്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സംസ്ഥാനം അന്വേഷണം നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തി ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. 2019ല്‍ സംസ്ഥാനത്തെ വിവിധ ദളിത് അവകാശ പ്രവര്‍ത്തകരുടേയും അഭിഭാഷകരുടേയും ഫോണുകളില്‍ പെഗാസസിന്റെ സാന്നിധ്യമുണ്ടെന്ന് വാട്‌സ്ആപ്പില്‍ നിന്നും വിവരം ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നംഗ കമ്മറ്റി അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റായ്പുരില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി,  റായ്പുര്‍ ഐജി, പബ്ലിക് റിലേഷന്‍ വകുപ്പ് സെക്രട്ടറി എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഭൂപേഷ് ഭാഗേല്‍ പറഞ്ഞു.

കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത്  പെഗാസസ് നിര്‍മാതാക്കളായ ഇസ്രായേല്‍ കമ്പനി എന്‍എസ്ഒ സംസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ടെന്നും  മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ആരോപിച്ചു. എന്തായിരുന്നു സന്ദര്‍ശനത്തിന്റെ  ഉദ്ദേശമെന്നും ആരെയൊക്കെയാണ് കണ്ടതെന്നും വെളിപ്പെടുത്താന്‍ മുന്‍ മുഖ്യമന്ത്രി രമണ്‍സിങ് തയ്യാറാവണമെന്നും ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. ഏകദേശം 300ഓളം ഇന്ത്യക്കാര്‍ ഇതിനോടകം പെഗാസസിന്റെ കുരുക്കില്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. 

content highlights: chhattisgarh governement pegasus allegation first state to probe