ന്യൂഡല്‍ഹി: ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് കോവിഡ് രോഗികള്‍ മരിച്ചിട്ടില്ലെന്ന കേന്ദ്രത്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച ശിവസേന എം.പി. സഞ്ജയ് റാവത്തിന് കടുത്ത ഭാഷയില്‍ മറുപടിയുമായി ബിജെപി. സഞ്ജയ് റാവത്തിന്റേത് മുതലക്കണ്ണീരാണെന്ന് ബിജെപി ട്വീറ്റ്  ചെയ്തു. 

മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓക്സിജന്‍ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞത്. കഴിഞ്ഞ മെയ്മാസത്തില്‍ താക്കറെ സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നത് നാണം കെട്ട രാഷ്ട്രീയമാണെന്നും ബിജെപി ട്വീറ്റില്‍ പറഞ്ഞു. ശിവസേനയുടെ പരാമര്‍ശം അമ്പരപ്പിക്കുന്നതാണെന്നും ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചവരുടെ എണ്ണം കേന്ദ്രസര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കൈമാറാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചവര്‍ തയ്യാറാവണമെന്നും കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. 

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി വലിയ രാഷ്ട്രീയ വാഗ്വാദങ്ങളാണ് ഉണ്ടാക്കുന്നത്. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ ആശുപത്രിയിലും വഴിയരികിലും കിടന്ന്  മരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഇതിനെതിരെയാണ് വിമര്‍ശനവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. 

ഓക്സിജന്‍ കിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനെ കോടതിയില്‍ കയറ്റണമെന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം. ഇന്നലെയും റാവത്ത് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി ആളുകള്‍ ഓക്സിജന്‍ ക്ഷാമം കാരണം മരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്യത്തില്‍ നിന്നും ഒളിച്ചോടുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു

Content Highlights:bjp slams sanjay raut