ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ സ്വകാര്യവത്കരണ നടപടികള്‍ എത്രയും വേഗം നടപ്പാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വിജയ് കുമാര്‍ സിംങ് പാര്‍ലമെന്റില്‍ അറിയിച്ചു. സെപ്തംബര്‍ 15ഓടെ ഓഹരി ലേലം പൂര്‍ത്തിയാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും നൂറ് ശതമാനം ഓഹരികളും സംയുക്ത സംരഭമായ എ.ഐ.എസ്.എ.ടിഎസിന്റെ 50 ശതമാനം ഓഹരികളുമാണ് വില്‍ക്കുക.ഓഹരി വില്‍പ്പന ആകര്‍ഷകമാക്കാന്‍ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട 16 വസ്തുക്കളുടെ കരുതല്‍ വിലയില്‍ 10 ശതമാനം ഇളവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവയുടെ ലേലം നേരത്തെ പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തിയുടേയും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ്  പാര്‍ലെമെന്റില്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

എയര്‍ ഇന്ത്യ 60,000 കോടി രൂപ കടത്തിലാണെന്നും ഓഹരി വിറ്റഴിച്ചില്ലെങ്കില്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു. മെയ് ജൂണ്‍ മാസത്തില്‍ സ്വകാര്യവത്കരണം പൂര്‍ത്തിയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധികാരണം നീണ്ടു പോവുകയായിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി കോവിഡ് കാലത്ത് നല്‍കിയ ആനൂകൂല്യങ്ങളെ കുറിച്ചും മന്ത്രി സഭയില്‍ വിശദീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് 17 ദിവസം വേതനത്തോട്  കൂടിയ അവധിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്    10 ലക്ഷം രൂപയുടെ ധനസഹായവും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

content highlights: air india disinvestment