'ഈ സിറ്റിയിലെ പ്രധാന മാല മോഷ്ടാവ് നീയല്ലേ'...പുറത്തിറങ്ങാനിരിക്കുന്ന  ചിത്രത്തില്‍ നായകന്റെ ചോദ്യമാണിത്. ഈ ചോദ്യം ചോദിച്ചത് ജീവിതത്തിലെ യഥാര്‍ത്ഥ കള്ളനോടാണെന്ന് ആ സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും അന്ന് അറിഞ്ഞിട്ടുണ്ടാവില്ല. മാല മോഷണക്കേസില്‍ പിടിയിലായ ആറംഗ സംഘത്തിലെ പ്രധാന പ്രതിയായ അജിത് എന്ന തവള അജിത്താണ് സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും കള്ളനായത്. ഇരുപത്തി മൂന്ന് വയസുള്ള അജിത് ഇക്കാലയളവില്‍  കവര്‍ന്നത് 56 സ്ത്രീകളുടെ മാലയാണെന്ന് പോലീസ് പറയുന്നു.

സിനമിയെ വെല്ലും പോലെ മോഷണം നടത്തിയ സംഘമാണ് കഴിഞ്ഞ ദിവസം കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടിയിലായത്. 300 പവനോളം കവര്‍ന്ന സംഘം 136 പേരുടെ മാല പൊട്ടിച്ചതായി സമ്മതിച്ചിട്ടുണ്ട്. ആഡംബര ജീവിത നയിച്ചു വരുന്ന കള്ളന്മാരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

ഇടപ്പള്ളി സ്വദേശികളായ വിഷ്ണു അരവിന്ദ്, അജിത് (തവള അജിത്), അര്‍ജുന്‍ ഹരിദാസ്, മലപ്പുറം സ്വദേശി ഇമ്രാന്‍ഖാന്‍, കാക്കനാട് സ്വദേശി ഷിഹാബ് ,പിറവം സ്വദേശി ദേവരാജന്‍ എന്നിവരാണ് പിടിയിലായത്.
എല്ലാവരും 20 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍.

സിനിമയെ വെല്ലും സ്‌റ്റൈല്‍ മന്നന്മാര്‍

റേസിംഗ് ബൈക്കുകളോടാണ് ഈ കള്ളന്മാര്‍ക്ക് താത്പര്യം. മോഷണ ശേഷം രണ്ടു കിലോമീറ്ററോളം ശര വേഗത്തില്‍ പോകുന്ന ഇവരെ കണ്ടെത്താന്‍ തന്നെ പാടാണ്. ഓരോ കള്ളന്മാരും ഓരോ സ്‌റ്റൈലുകളാണ് മോഷണത്തിന് സ്വീകരിക്കുന്നത്. സ്വന്തം വാഹനം ഉപയോഗിച്ച് ഇവര്‍ മോഷണം നടത്തില്ല. മോഷ്ടിച്ചു വരുന്ന ബൈക്കുകളാണ്  ഉപയോഗിക്കുക. മാലപൊട്ടിച്ച ശേഷം വായുവിലേക്ക് എറിഞ്ഞു പിടിച്ച ശേഷം  വിജയിച്ച ഭാവത്തില്‍ ചൂണ്ടു വിരല്‍ കറക്കിയെടുക്കുക, സ്‌കൂട്ടറില്‍ വരുന്ന സ്ത്രീകളെ പിന്‍തുടര്‍ന്ന് ഹംപുകളില്‍ സ്ലോ ആക്കുമ്പോള്‍ മാല പൊട്ടിക്കുക, വീടിന് മുന്നില്‍ നില്‍ക്കുന്ന സ്ത്രീകളോട് വഴി ചോദിക്കാനെന്ന വ്യാജേന ചെന്നും വെള്ളം ചോദിച്ചും മാലപൊട്ടിക്കുക എന്നതാണ് രീതികള്‍. 


കാക്കനാട്, തൃക്കാക്കര, പാലാരിവട്ടം, എരൂര്‍, തൃപ്പൂണിത്തുറ, അമ്പലമേട്, ചേരാനെല്ലൂര്‍, പനമ്പിള്ളി നഗര്‍, തേവര, കളമശ്ശേരി, കലൂര്‍, തമ്മനം, ഇടപ്പള്ളി, വെണ്ണല, എളംകുളം, പോണേക്കര, വൈറ്റില, പൊന്നുരുന്നി, കടവന്ത്ര, വാഴക്കാല, ഏലൂര്‍, എളമക്കര, ചമ്പക്കര, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലാണ് മാല പൊട്ടിക്കല്‍ കൂടുതല്‍ നടക്കുന്നത്. 

മോഷണ സംഘത്തിന്റെ ആഡംബര ജീവിതം ഇങ്ങനെ

വിഷ്ണു ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. പൊട്ടിക്കുന്ന സ്വര്‍ണം അച്ഛന്‍ വഴി മറൈന്‍ഡ്രൈവ്, വാഴക്കാല, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് ഇയാള്‍ പണയം വച്ചിരിക്കുന്നത്. ഇമ്രാന്‍ കലൂര്‍ സ്വദേശി ആണെങ്കിലും  താമസിക്കുന്നത്  മലപ്പുറത്താണ്. സ്ത്രീകളില്‍ തത്പരനാണ് ഇമ്രാന്‍. മൂന്നും നാലും മാലകള്‍ ഒരുമിച്ച് പൊട്ടിച്ച ശേഷം ഗോവയിലേക്ക് കടക്കുന്നതാണ് അജിത്തിന്റെ രീതി.

സ്ത്രീകള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കുമായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് യൂറോപ്യന്‍ സ്ത്രീകളുടെ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഡിവൈ.എഫ്.ഐ. നേതാവും പൊതു പ്രവര്‍ത്തകനുമായ ഷിഹാബ് ഇവര്‍ പൊട്ടിക്കുന്ന സ്വര്‍ണം വാങ്ങി വിറ്റിരുന്നു. ദേവരാജന്‍ പിറവത്ത് ഓംകാര്‍ എന്ന ജ്വല്ലറി നടത്തുന്നു.  ഇവര്‍ നല്‍കുന്ന മാല വളകളും മറ്റുമായി മാറ്റുന്നു. വിലകൂടിയ ബൈക്കുകളും  മുന്തിയ ഇനം മദ്യവും സ്വര്‍ണം വിറ്റു കിട്ടുന്ന കാശ് കൊണ്ട് ഇവര്‍ സ്വന്തമാക്കി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയ മയക്കു മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നതും  ഇവരുടെ വിനോദങ്ങളായിരുന്നുവെന്ന് പോലീസ് പറയുന്നു. 

കോലം മാറി കള്ളന്മാര്‍

നാട് മാറുകയാണ്. അതോടൊപ്പം കള്ളന്മാരുടെ വേഷവും ഭാവവും. മോഡേണ്‍ ബൈക്കില്‍ കൂളിങ് ഗ്ലാസും, ചെത്ത് വേഷവുമായി ന്യൂജെന്‍ കള്ളന്മാര്‍ നിങ്ങള്‍ക്ക് മുന്നിലെത്താം. ദിവസങ്ങളോളം നിങ്ങളെ നിരീക്ഷിച്ച ശേഷം തക്കം കിട്ടുമ്പോഴായിരിക്കും അണിഞ്ഞിരിക്കുന്ന മാല പൊട്ടിച്ചു കടന്നു കളയുന്നത്. വിജനമായ നഗര വഴികളിലൂടെ നടന്നു പോകുന്നവരെയും, സ്‌കൂട്ടര്‍ യാത്രക്കാരായ യുവതികളെയും ആണ് ഇവര്‍ കൂടുതല്‍ ഉന്നം വയ്ക്കുന്നത്. വഴി അറിയാതെ വന്നവര്‍ വഴി ചോദിച്ച് വരുന്നതുപോലെ തക്കത്തിന് അടുത്തു കൂടും. ചിലപ്പോള്‍ കൈവശം സൂക്ഷിച്ചിരിക്കുന്ന ഒരു തുണ്ട് പേപ്പര്‍ കാണിച്ച് ശ്രദ്ധ തിരിക്കും. ഈ തക്കത്തിന്  മാലയുമായി കള്ളന്‍ കടന്നിട്ടുണ്ടാകും. ഇക്കൂട്ടത്തില്‍  ചില സംഘങ്ങള്‍ സ്ത്രീകളെ ആക്രമിക്കുക കൂടി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

മോഷണം ആഡംബര ജീവിതത്തിന്

കൊച്ചി നഗരത്തില്‍ ഒരു ദിവസം പട്ടിണി കിടക്കണമെങ്കില്‍ കുറഞ്ഞത് 100 രൂപയെങ്കിലും വേണമെന്നൊരു സിനിമാ ഡയലോഗ് ഓര്‍മ്മയുണ്ടാകും. ജീവിത ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ആഡംബര ജീവിതത്തിനും മയക്കുമരുന്നിനും വേണ്ടി സ്വര്‍ണം വിറ്റു കിട്ടുന്ന പണം മാല മോഷ്ടാക്കള്‍ വിനിയോഗിക്കുന്നു. 

എറണാകുളം നഗരത്തില്‍  2015ല്‍ മാത്രം അമ്പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയില്‍ പ്രതിദിനം നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാതി നല്‍കാന്‍ പേടിച്ച് കേസു കൊടുക്കാതിരുന്നവര്‍ ഇതില്‍ കൂടുതല്‍ ഉണ്ട്.  


സിറ്റിയില്‍ ഇങ്ങനെ

അടുത്തിടെ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പഴയൊരു സുഹൃത്തിനെ കണ്ടുമുട്ടി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് .പാലാരിവട്ടത്ത് ജോലി ചെയ്യുന്ന അവള്‍ കുറച്ചു ദൂരെയുള്ള സ്വന്തം വീട്ടില്‍ പോയി വരികയാണ്. ഒരു ദിവസം സ്വന്തം സഹോദരനൊപ്പം യാത്ര ചെയ്യുകയായിരുന്നു. ബൈക്കില്‍ കാക്കനാട് സിഗ്‌നലിലൂടെ യാത്ര ചെയ്യുമ്പോള്‍ പുറകെ ഒരു ബൈക്ക് പിന്തുടരുന്നത്  ശ്രദ്ധയില്‍പെട്ടിരുന്നു. സമയം ഏകദേശം 7 മണിയോട് അടുത്തിരുന്നു.  എന്നാല്‍ കാക്കനാട് സിഗ്‌നല്‍ കഴിഞ്ഞ് കുറച്ചു നേരത്തേക്ക് ഇയാളെ കണ്ടില്ല. പെട്ടന്നാണ് അയാളുമായി ബൈക്ക് വീണ്ടും കാണുകയും നിമിഷ നേരത്തിനിടെ  മാല പൊട്ടിച്ച് കടന്ന് കളയുകയും ചെയ്തത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നഗരത്തിലെ ജോലിക്കാരായ പെണ്‍കുട്ടികളും, വീട്ടമ്മമാരും ഒക്കെ നേരിടുന്ന പ്രധാന പ്രശ്‌നമാണിത്.

കഴിഞ്ഞ നവംബര്‍ മൂന്നിന് നടന്ന മോഷണം ഇങ്ങനെ: പാലാരിവട്ടത്തെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു റാണി. ഒരാഴ്ചയോളം റാണിയെ നിരീക്ഷിച്ച ശേഷം കള്ളന്‍ മാല പൊട്ടിക്കുകയായിരുന്നുവെന്നാണ് റാണി പറയുന്നത്. റാണിയുടെ സ്‌കൂട്ടറിന് പിന്നില്‍ പിന്‍തുടര്‍ന്ന ഇയാള്‍ റോഡിലെ ഹംപില്‍ വാഹനം സ്ലോ ആക്കിയപ്പോള്‍ മാലപൊട്ടിച്ചു മുങ്ങുകയായിരുന്നു. മാല മുറുകെ പിടിച്ചെങ്കിലും മാല കള്ളന്‍ തന്നെ കൊണ്ടുപോയി. മാല സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറില്‍ നിന്ന് വീണ് ഇടതു കാല്‍ പൊട്ടി. മാസങ്ങളെടുത്തു കാലൊന്നു ശരിയാകാന്‍. റാണി തന്റെ മാല മോഷിടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തൃക്കാക്കരയിലെ വീട്ടില്‍ നിന്ന് തന്റെ ഷോപ്പിലേക്ക് നടന്നു പോകുന്നവഴിയിലാണ് ബീനയുടെ സ്വര്‍ണം കള്ളന്മാര്‍ കൊണ്ടു പോയത്. അഞ്ച് പവനും താലിയുമായിരുന്നു അന്ന് ബീനയ്ക്ക് നഷ്ടമായത്. ഇതു പോലെ നിരവധി കേസുകളാണ് പ്രതിദിനം പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

മോഷണം കൂടുതല്‍ രാവിലെയും രാത്രിയും

മാലക്കള്ളന്മാരെ പിടിച്ച പശ്ചാത്തലത്തില്‍ പൊലീസ് കണ്ടെത്തിയ വിവരങ്ങളിങ്ങനെ: നഗരത്തിലെ മോഷണം കൂടുതലും നടക്കുന്നത് രാവിലെയും വൈകീട്ടുമാണ്. ആറിനും എട്ടിനും ഇടയിലുള്ള സമയമാണ് രാവിലെ തിരഞ്ഞെടുക്കുന്നത്. അമ്പലത്തില്‍ പോകുന്ന സ്ത്രീകളും ഞായറാഴ്ചകളിലും മറ്റും പള്ളിയില്‍ പോയി മടങ്ങുന്ന സ്ത്രീകളുമാണ് ഇത്തരം മോഷണങ്ങളില്‍ ഇരകളാകുന്നത്.  

ഇമ്രാനാണ് രാവിലെ സമയങ്ങളില്‍ മോഷണം നടത്തിയിരുന്നത്.  പകല്‍ സമയങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പിടിവലിയും ആക്രമണവും നടത്തുന്നു.  വിഷ്ണു ഏതു സമയവും മോഷണം നടത്തും.  മദ്യപിച്ച ശേഷമായിരിക്കും പൊട്ടിക്കുക. അതു കൊണ്ട് തന്നെ ഇയാള്‍ നടത്തുന്ന മോഷണങ്ങളില്‍ ആക്രമണം പതിവായിരുന്നു. പ്രതികളിലൊരാളായ അജിത് രാത്രി ഏഴുമണിക്കും ഒന്‍പത് മണിക്കും ഇടയിലാണ് മോഷണം നടത്തിയിരുന്നത്.  ഇരുട്ടത്ത് രക്ഷപ്പെടാന്‍ എളുപ്പമാണ് എന്നതാണ് ഈ സമയം തിരഞ്ഞെടുക്കാന്‍ കാരണം. രാത്രി കാലങ്ങളില്‍ ഇരുട്ടുള്ള ഭാഗത്ത് മോഷണം നടന്നാല്‍ വണ്ടി തിരിച്ചറിയില്ല. ബൈക്ക് മറിഞ്ഞാലും ഇരുട്ടിലേക്ക് ഓടി മറഞ്ഞ് രക്ഷപ്പെടാം.  പകല്‍ സമയത്ത് മോഷണങ്ങള്‍ നടത്തിയാല്‍ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. 

മാല മോഷണം തടയാം 

രാവിലെയും വൈകുന്നേരവും സ്ഥിരമായി യാത്ര നടത്തുന്ന സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ കുറയ്ക്കുക. വിജനമായ റോഡിലൂടെ നടക്കുമ്പോള്‍ അപരിചിതര്‍ വഴി ചോദിച്ചു വന്നാല്‍ പരമാവധി മാറി നടക്കുക. ടൂവിലറില്‍ അപരിചിതര്‍ പിന്‍തുടരുമ്പോള്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ വാഹനം ഓടിക്കുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങളെയും  ശ്രദ്ധിക്കുന്നത് നന്നായിരിക്കും. 


സ്ത്രീകള്‍ക്ക് നേരെ ആക്രമണം

മാല മോഷണ കേസുകളില്‍ കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്. കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ സംഘം 130 ഓളം സ്ത്രീകളുടെ മാലകള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞവയാണ്. എന്നാല്‍ ഇനിയും കേസുകള്‍ തെളിയാനുണ്ട്. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് നേരെയാണ് കൂടുതല്‍ ആക്രമണം. കാരണം ഇവര്‍ സ്ഥിരമായി പോകുന്ന വഴികള്‍ മോഷ്ടാക്കള്‍ക്ക് തിരിച്ചറിയാം.  

തിരിച്ചറിയുക സഹായത്തിന് പൊലീസുണ്ട്

മോഷണത്തിന് വിധേയരാവുന്ന പലര്‍ക്കും; ശേഷം എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. പലരും സംഭവത്തിന് ശേഷം മാനസികമായി തളര്‍ന്നു പോകുന്നു. പേടിച്ച് വെപ്രാളപ്പെടാതെ 100 ല്‍ വിളിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഷാഡോ  എസ്.ഐ വി.ഗോപകുമാര്‍ പറഞ്ഞു. 24 മണിക്കൂറും പട്രോളിങ്ങ് നടത്തുന്ന കൊച്ചിയെ പോലെ ഒരു നഗരത്തില്‍ മോഷണം നടക്കുന്നതിന് കാരണം ക്യത്യമായ സമയത്ത് വിവരം ലഭിക്കുന്നില്ല എന്നതു കൊണ്ടാണ്. ഇത്തരം മാല മോഷണ കേസുകള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ക്ക് ഷാഡോ പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. ഇതില്‍ വാട്‌സ് ആപ്പ് ചെയ്യുകയോ, വിവരം വിളിച്ച് അറിയിക്കുകയോ ചെയ്യാം. ഫോണ്‍: 9497980430

ടീം വര്‍ക്കിന്റെ വിജയം:  എം.പി ദിനേശ്

കഴിഞ്ഞ ദിവസം നഗരത്തിലെ പ്രധാന മാല മോഷണ കേസുകളിലെ പ്രതികളായ ആറംഗ സംഘത്തെ പിടിച്ചത് ടീം വര്‍ക്കിന്റെ വിജയമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് പറഞ്ഞു. മൂന്ന് മാസത്തോളം നീണ്ട ചെയ്ന്‍ സ്‌നാച്ച് ഡിറ്റക്ടിങ് ടീമിന്റെ പരിശ്രമ ഫലമായാണ് പ്രതികളെ പിടിക്കാനായത്. കൊച്ചിയിലെ കുറ്റകൃത്യ കേസുകള്‍ അന്വേഷിക്കുന്നതിന് ഇതു പോലെ ഓപ്പറേഷന്‍ ടീമുകളെ നിയോഗിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.